Sunday, December 22, 2024
Homeസ്പെഷ്യൽശുഭ ചിന്ത - (93) പ്രകാശഗോപുരങ്ങൾ - (69) 'ജീവിതവീക്ഷണം'

ശുഭ ചിന്ത – (93) പ്രകാശഗോപുരങ്ങൾ – (69) ‘ജീവിതവീക്ഷണം’

പി.എം.എൻ.നമ്പൂതിരി

ജീവിതം മുഴുവൻ നാം സുഖം തേടി മാരീചിക കണ്ട് വെള്ളമാണെന്നു കരുതി ഒടുന്ന മൃഗത്തെപ്പോലെയാണ്. പക്ഷെ അത് കിട്ടുന്നുണ്ടോ? ഒരു ശ്മശാനത്തിൻ്റെ മുമ്പിൽ ഒരു ബോർഡ് വെച്ചിരിക്കുന്നു” your search for happiness ends here”” ( നിൻ്റെ സുഖാന്വേഷണം ഇവിടെ അവസാനിക്കുന്നു.)

ഒന്ന് മനസ്സിലാക്കുക, മരണം വിട്ടുമാറാത്ത കൂട്ടുകാരനാണ്.അത് നിഴൽ പോലെ പിറകെ കൂടികൊള്ളും. – സന്തത സഹചാരി. ഓരോ ശ്വാസവും നമ്മെ മരണത്തോടടുപ്പിക്കുന്നു. ഈ ചിന്ത വല്ലപ്പോഴുമെങ്കിലും ഉണ്ടാകുന്നത് നല്ലതാണ്.അങ്ങനെ ചിന്തിച്ചാൽ നമ്മുടെ അഹന്ത കുറയുകയും തലയെടുപ്പു ഒഴിവാക്കാനും കഴിയും. ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടാണ് ജീവിതം സുന്ദരമാക്കുന്നതും വികലമാക്കുന്നതും. അന്യരുടെ കാഴ്ചപ്പാടു മാറ്റാൻ ശ്രമിക്കാതെ സ്വന്തം കാഴ്ചപ്പാടു മാറ്റാൻ ശ്രമിക്കുക.

പണ്ട് ഒരു രാജാവിന് കഠിനമായ തലവേദ അനുഭവപ്പെട്ടു. പല വൈദ്യന്മാർ ശ്രമിച്ചിട്ടും ആ തലവേദന മാറ്റാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു സിദ്ധൻ വനത്തിൽ ഉള്ളതായി അറിയുകയും മന്ത്രി അവിടെ എത്തുകയും ചെയ്തു.മന്ത്രി സിദ്ധ നോട് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ സിദ്ധൻ പറഞ്ഞു ” രാജാവ് നോക്കുന്നയിടങ്ങളിലെല്ലാം പച്ചനിറം അടിക്കുക “ മന്ത്രി അതു കേട്ട് മടങ്ങി സിദ്ധൻ പറഞ്ഞ പ്രകാരം ചെയ്തു.അതോടെ രാജാവിൻ്റെ തലവേന കുറഞ്ഞു. പിന്നീട് ഒരു ദിവസം ആ സിദ്ധൻ മഞ്ഞപ്പട്ടുമുടുത്തുകൊണ്ട് രാജാവിനെ സന്ദർശിച്ചു. അപ്പോൾ രാജാവിന് തലവേദന കൂടി. അപ്പോൾ സിദ്ധൻ രാജാവിനോടു പറഞ്ഞു ” രാജൻ അങ്ങൊരു പച്ചക്കണ്ണട വാങ്ങി ധരിക്കൂ. രാജാവ് അപ്രകാരം ചെയ്തതോടെ രാജാവിൻ്റെ തലവേദന തീർത്തും മാറി. ഈ കഥയിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്?. നമ്മുടെ കാഴ്ചപ്പാട് ശരിയാക്കുക എന്നാണ്. അന്യരുടെ കാഴ്ചപ്പാടിനെ പറ്റി നാം പരാതിപ്പെടാതിരിക്കുക. അതായത് ഒരേ വസ്തുവിനെത്തന്നെ പലരും പലവിധത്തിലാവും കാണുക. ഒരു കറവപ്പശുവിനെ ഒരു കൃഷിക്കാരും സന്ന്യാസിയും ഇറച്ചിവെട്ടുകാരനും കാണുന്നത് മൂന്നു വിധത്തിലായിരിക്കും.

ഭൗതികസമ്പത്തും പദവിയും ഒകെ ഉണ്ടായാൽ ജീവിതം സുഖകരമാക്കാൻ കഴിയുമായിരിക്കാം. ജീവിച്ചിരിക്കുമ്പോൾ ഭാര്യാ പുത്രാദികൾ നമുക്ക് സംരക്ഷകരായി ഉണ്ടായിയെന്നു വരാം.പക്ഷെ ഇവരൊക്കെ നമ്മുടെ മരണശേഷം ശ്മശാനം വരെ മാത്രമേ നമ്മോടൊപ്പം ഉണ്ടാവുകയുള്ളൂ. നമ്മുടെ ആത്മാവിനോടൊപ്പം നമ്മേ അനുഗമിക്കാൻ നാം ചെയ്ത പുണ്യപാപങ്ങൾ മാത്രമേ കാണുകയുള്ളൂ. സമ്പത്തിനും പദവിയ്ക്കും പ്രശസ്തിക്കും നമ്മെ പ്പറ്റിയുള്ള ഓർമ്മകൾക്കും സ്ഥായീഭാവം നൽകാൻ കഴിയുകയില്ല. നാം ചെയ്ത സൽപ്രവർത്തികൾക്കു മാത്രമേ അത് തരുവാൻ കഴിയുകയുള്ളൂ. അതു കൊണ്ട് പ്രശസ്തി മോഹിച്ച് നാം ഒന്നും ചെയ്യരുത്. നാം അറിയാതെത്തന്നെ നമ്മെ തേടിയെത്തേണ്ടതാണ് പ്രശസ്തിയെല്ലാം. കൃത്രിമമായി നേടിയെടുക്കുന്ന പ്രശസ്തി സമ്പത്തിനേക്കാളും പദവിയേക്കാളും നൈമിഷികമാണ്. മനുഷ്യവാസമില്ലാത്ത ഉൾക്കാടുകളിൽപ്പോയി തപസ്സനുഷ്ഠിക്കുന്ന മുനിശ്രേഷ്ഠന്മാർ നമുക്ക് മാതൃകകളാണ്.അതുകൊണ്ടുതന്നെയാണ് വ്യാസനും വാല്മീകിയും ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നത്. ശബരിമല അയ്യപ്പനെത്തേടി കോടാനുകോടി മനുഷ്യർ ആ വനഭൂമിയിൽ വലിയ കഷ്ടപ്പാടുകൾ അനുഭവിച്ച് ചെന്നെത്തുന്നു.എന്നാൽ വനത്തിനുള്ളിൽ വിരിയുന്ന പൂവിൻ്റെ മണമറിഞ്ഞ് തേനുണ്ണാൻ വണ്ടുകൾ ദൂരെ നിന്നും എത്തിക്കൊള്ളും.

തോൽവിയെക്കുറിച്ചുള്ള ഭയത്തെ അതിജീവിക്കാൻ കഴിയുന്നതു തന്നെ ഒരു വലിയ വിജയമാണ്. സമൂഹത്തിൻ്റെ ദൃഷ്ടിയിൽ വിജയി എന്നു തോന്നുന്നവൻ യഥാർത്ഥത്തിൽ പരാജിതനോ വിജയിയോ ആകാം. നമുക്ക് ചുറ്റും ഒരു അതിവേഗ ജീവിതമാണ് കാണുന്നത്. സംഗീതത്തിലെ ദ്രുതഗതി മുതൽ ഫാസ്റ്റ്ഫുഡ് വരെ എങ്ങും ഏതും വേഗത്തിനു പ്രാധാന്യം കല്പിക്കുന്നു. എല്ലാവരും അക്ഷമന്മാർ തന്നെ. ഒരു മിനിട്ടുപോലും കാത്തു നിൽക്കാൻ നാം തയ്യാറാകുന്നില്ല.ആർക്കും സമയമില്ല. ചുരുക്കം പറയുകയാണെങ്കിൽ ഒരു ചായ ആറ്റികുടിക്കുവാൻ പോലും സമയമില്ല. ഒന്നു മനസ്സിലാക്കുക! പ്രയാസവും പ്രതിബന്ധങ്ങളും ജീവിതത്തിൽ ഒഴിവാക്കാനാവില്ല.പക്ഷെ, ആ ഭയങ്ങളെ അതിജീവിക്കാനുള്ള മനശക്തി തരണേ എന്ന് പ്രാർത്ഥിക്കുക! നിസ്സാരമെന്ന് തോന്നുന്ന സഹായങ്ങൾ അന്യർക്കു വേണ്ടി ചെയ്യുന്നതും സേവനമാണ്. സേവനം തന്നെയാണ് യഥാർത്ഥ വിജയം. നന്മയുടെ ഉറവകൾ എല്ലാ മേഖലകളിലും വറ്റി വരുന്ന ഇക്കാലത്ത് തിന്മകൾ എങ്ങും തഴച്ചുവളരുന്നു. മൂല്യത്തെപ്പറ്റിയും ധാർമ്മികതയെപ്പറ്റിയും മറ്റുമുള്ള ചിന്തകൾപോലും പഴഞ്ചനായി മാറികഴിഞ്ഞു. പണ്ട് കപ്പ, തേങ്ങ മുതലായവ ചെറു മോഷണങ്ങളായിരുന്നുവെങ്കിൽ ഇന്ന് കൊള്ള, കവർച്ച, കൊല, വഞ്ചന ഒക്കെ പത്രതാളുകളിൽ സ്ഥിരമായി കാണുന്നു.അതോടെ ജീവിതത്തിനും ജീവിത മൂല്യങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു! ഇന്ന് ജീവിതം ആഡംബരമായി മാറി കഴിഞ്ഞു. മതവും ജാതിയും പണ്ട് ഈശ്വരനിലേയ്ക്കുള്ള മാർഗ്ഗങ്ങളായിരുന്നെങ്കിൽ ഇന്ന് അത് വർഗ്ഗീയതയ്ക്കു തഴച്ചുവളരാനുള്ള വളമായിത്തീർന്നിരിക്കുന്നു. സ്നേഹത്തിൻ്റെ ഉറവകൾ നദികളേക്കാൾ മുമ്പേ വറ്റിയിരിക്കുന്നു. ഇന്ന് ആധുനികജീവിതം ഒരു ഉത്സവമായിരിക്കുകയാണ് – ഒടുങ്ങാത്ത സുഖാനുഭവതൃഷ്ണ, അദ്ധ്വാനിക്കാതെ സുഖമനുഭവിക്കാനുള്ള വീണ്ടുവിചാരമില്ലാത്ത പരക്കംപാച്ചിൽ. സർവ്വോപരി, പിടിക്കപ്പെട്ടാലും ശിക്ഷയില്ലെന്ന ഉറപ്പ്. ശിക്ഷിക്കപ്പെട്ടാലും തടിയൂരിപ്പോരാമെന്ന വിശ്വാസം….. ഇതൊക്കെ നമ്മെ എത്തിച്ചത് എവിടെയാണ്? ശാന്തിയും സമാധാനവും ജീവിതത്തിലെ കാട്ടാക്കനികളായി തീർന്നിരിക്കുന്നു. ഈ താൽക്കാലിക സുഖാന്വേഷണം ശാശ്വത നരകത്തിലേയ്ക്കുള്ള യാത്രാരംഭമാണെന്ന് ഓർക്കുക.

നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ

എന്ന കവിവാക്യവും ഓർക്കുന്നത് നല്ലതാണ്. പക്ഷെ കലിബാധിച്ചിരിക്കുന്ന ഒരു സമൂഹത്തെ, വിവേകികൾ കുറഞ്ഞു വരുന്ന ഒരു കാലഘട്ടത്തെ, തെറ്റുകളിൽനിന്നുയർത്തുവാൻ ഒരു ധനുർദ്ധരൻ ഉണ്ടായേ തീരൂ. ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും. ജീവിതത്തിൽ സുഖത്തിനു മീതേയാണ് ശാന്തിയുടെ സ്ഥാനം

പി.എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments