Sunday, December 8, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ:- അദ്ധ്യായം: ഇരുപത്തി രണ്ട്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ:- അദ്ധ്യായം: ഇരുപത്തി രണ്ട്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

”ശ്രീയേട്ടാ…. എന്തു പറ്റി”

ജയയുടെ ചോദ്യത്തിൽ ചിന്തയിൽ നിന്നും ഞട്ടിയുണർന്നു ശ്രീകുമാർ.

പതിവുള്ള ആ ചിരിയുമായി മുന്നിൽ ജയ.രാവിലെ മുതൽ ഒരു നിമിഷമൊഴിവില്ലാതെ ഓട്ടവും രോഗികളെ പരിശോധനയുമാണ്. അത് കഴിഞ്ഞിറങ്ങി വരുന്ന വഴിയാണവൾ.
ജയയ്ക്ക് ഇങ്ങനെ ടെൻഷനില്ലാതെ നടക്കാനും ചിരിക്കാനുമൊക്കെ എങ്ങനെ കഴിയുന്നു. ശ്രീകുമാർ അതും ചിന്തിക്കാതിരുന്നില്ല.

“കുളിച്ചു വരൂ ജയേ
എനിക്ക് കുറേ സംസാരിക്കാനുണ്ട്.”

“എന്തേ പ്രാക്ടിക്കൽ കച്ചവടം പാളിയോ?
എൻ. ആറിനു മൊത്തത്തിലൊരു വാട്ടം.”
ജയ പിന്നേയും ചിരിച്ചു .

ശ്രീകുമാറിന് ദേഷ്യം വരാഞ്ഞിട്ടല്ല. പക്ഷേ ഒന്നും മിണ്ടിയില്ല. ജയയുമായി വിഷമം പങ്കുവെച്ചാൽ ടെൻഷൻ കുറയും എന്ന വിശ്വാസത്തിലിരിക്കുകയാണല്ലോ അയാൾ.
രാവിലെ ശങ്കരേട്ടനെ കണ്ടതു മുതൽ ആ മനസ്സു വിങ്ങുകയാണ്. നേരെ മുന്നിൽ ചെന്നു നിന്ന് ആ പേര് വിളിക്കുകയായിരുന്നു. ശങ്കരൻ കിഴക്കേതിൽ എന്ന്. എന്താണീ കിഴക്കേതിൽ .ഉഷയുടെ വിലാസമാവും.ആ വിലാസമായതുകൊണ്ടു
തന്നെയാണ് ഫയൽ മുഴുവൻ പരിശോധിച്ചിട്ടും ഒരു സംശയം പോലും തോന്നാതിരുന്നത് .ചോലാട്ടുപുരക്കൽ എന്നോ പാടാക്കര എന്നോ കണ്ടിരുന്നെങ്കിൽ പെട്ടന്ന് തന്നെ മനസ്സിലാവുമായിരുന്നു.

ആ ഒരു അവസ്ഥയിൽ അവിടെ ആ മുറിയിൽ കൂടുതൽ സമയം നിൽക്കാനോ സംസാരിക്കാനോ വിശേഷങ്ങൾ തിരക്കാനോ പോലും കഴിഞ്ഞില്ല. ഉടൻ കൺസൾട്ടിങ്ങ് റൂമിലേക്ക് പോരുകയായിരുന്നു. ശരിയല്ല എന്നറിഞ്ഞിട്ടും. അത്രമേൽ അസ്വസ്ഥനായിരുന്നു ശ്രീകുമാർ. പിന്നെ ഹോസ്പിറ്റലിൽ ചെയ്യേണ്ടിയിരുന്ന പ്രധാന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു .കഴിഞ്ഞ ബുധനാഴ്ചയും ശനിയാഴ്ചയും ഓപ്പറേഷൻ ചെയ്ത രോഗികളെ സന്ദർശിച്ചു. അതിൽ ഡിസ്ചാർജ് ചെയ്യേണ്ടവരെ ഡിസ്ചാർജ് ചെയ്യാൻ നിർദ്ദേശിച്ചു.അങ്ങനെ കുറേ കാര്യങ്ങൾ. എല്ലാം യാന്ത്രികം. കുറേ നേരം മുറിയിൽ വന്ന് വെറുതെയിരുന്നു. അനൂപിനോട് ശങ്കരേട്ടന്റയെടുത്ത് ചെന്ന് സംസാരിക്കാനും കൂടുതൽ ശ്രദ്ധ കൊടുക്കാനും നിർദ്ദേശിച്ചു. ശങ്കരേട്ടനെ കാണാൻ നാലഞ്ച് തവണ ആ മുറിയുടെ അടുത്ത് വരെ ചെന്നതാണ്. പക്ഷേ വേണ്ടെന്നു വെച്ചു. നാളെ ചെല്ലാം വിശദമായി പറയാം എന്ന് ധാരണയിൽ തിരിച്ചു പോന്നു.

ശങ്കരേട്ടനെ കുറിച്ച് ശ്രീകുമാറിന്റെ മനസ്സിലൂടെ കടന്നുപോയ ചിത്രങ്ങളിൽ പറഞ്ഞു കേട്ടവയുണ്ട്. അനുഭവിച്ചവയുണ്ട്.

ഞവരത്തോട്ടിലെ കുത്തൊഴുക്കിൽ ഒലിച്ചുപോയ ജീവൻ തിരിച്ചെടുത്തു കൊടുത്തയാൾ, പാമ്പുകടിയേറ്റെന്ന സംശയത്തിൽ നെഞ്ചോട് ചേർത്ത് പിടിച്ച് ഒന്നര കിലോമീറ്റർ ദൂരം പാടത്തു കൂടെ വിഷവൈദ്യന്റ വീട്ടിലേക്കോടിയയാൾ, ഒന്നുമില്ലെന്നു സമാധാനിപ്പിച്ചയാൾ, ഒരു ബാല്യകാലം മുഴുവൻ ഏറ്റിനടന്നയാൾ ,ആ തോളിലിരുന്നാണ് അയാൾ കാഴ്‌ചകൾ കണ്ടുതുടങ്ങിയത്. ലോകം കണ്ടുതുടങ്ങിയത്.
ശങ്കരേട്ടനോട് പറഞ്ഞാൽ തീരാത്ത കടപ്പാടുകൾ ഉണ്ട് ശ്രീക്കുട്ടന്.ആ വലതുകാൽ മറ്റന്നാൾ…. എന്തൊരു പരീക്ഷണമാണിത്… ആ മുഖം .ദയനീയമായ കരച്ചിൽ കാൽ
മുറിക്കാതിരിക്കാൻ പറ്റില്ലേ ശ്രീക്കുട്ടാ എന്നചോദ്യം അയാളുടെ .മനസ്സിൽ നിന്നും പോവുന്നില്ല.കണ്ണടച്ചാലും കണ്ണു തുറന്നാലും.

ജയകുളി കഴിഞ്ഞ് വരാൻ പതിവിലധികം വൈകുന്നുണ്ടോയെന്ന് ശ്രീകുമാറിനു തോന്നി.

ശങ്കരേട്ടനെ അന്വേഷിക്കാനും ചെന്ന് കാണാനും ജയ പല തവണ പറഞ്ഞതാണ്.

എന്ത് കാര്യമുണ്ടെങ്കിലും ശങ്കരേട്ടനോട് വരാൻ കാര്യമായി തന്നെ പറഞ്ഞിട്ടുണ്ട് എന്നും ആവശ്യമുണ്ടെങ്കിൽ തീർച്ചയായും വരാം എന്ന് ശങ്കരേട്ടനും പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു ശ്രീകുമാറിന്റെ മറുപടി.
പിന്ന ജയ പറഞ്ഞ മറ്റൊരു കാര്യമാണ് വല്യച്ഛനെ ഇടക്കൊക്കെ ഒന്നു വിളിക്കണമെന്ന് .എപ്പോഴെങ്കിലുമൊക്കെ പോയി കാണേണ്ടതാണ് നമ്മൾ എന്നും.

“ജയേ നീ നിന്റെ ജോലി നോക്ക് ”
എന്ന മറുപടിയാണ് ശ്രീകുമാർ അതിന് കൊടുത്തത്.

ഒടുവിൽ ശ്രീകുമാറിന്റെ ഫോണിൽ ആ നമ്പർ വല്യച്ഛൻ എന്ന പേരിൽ സേവ് ചെയ്തു വെച്ചു ജയ.

“വല്യച്ഛൻ എന്നാണോ ഫോണിൽ ഒരാളുടെ പേര് സേവ് ചെയ്യുന്നത് ” എന്ന ചോദ്യത്തിന് “നിങ്ങൾക്ക് വേറെ വല്യച്ഛനുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്തോളൂ” എന്നായിരുന്നു മറുപടി.

“ഒരു വല്യച്ഛൻ വന്നിരിക്കുന്നു.
ഞവരക്കാട് തറവാടിന്റെപൂമുഖത്തിരുന്ന് അയാൾ എന്റെ അച്ഛനോട് പറഞ്ഞതൊന്നും ഞാൻ മറക്കില്ല “എന്ന് പറഞ്ഞപ്പോൾ.

“ആരോടാ ശ്രീയേട്ടാ ഈ വാശി. സ്വന്തം ചോര എന്ന് പറയാൻ ഈ ലോകത്ത് ബാക്കിയുള്ളയാളാണ്. അതും പ്രായമായി ഇരിക്കുന്നു .മറക്കാനും പൊറുക്കാനാവാത്ത എന്ത് മഹാപരാധമാണ് ആ മനുഷ്യൻ നിങ്ങളോടൊക്കെ ചെയ്തിട്ടുള്ളത്. എന്റെ നോട്ടത്തിൽ ഒന്നുമില്ല. പിന്നെ അല്പം പ്രാക്ടിക്കലാണ്. അതിപ്പൊ ശ്രീയേട്ടനോ .മോശമുണ്ടോ.ഏതായാലും ഇത്രയൊന്നും കച്ചവട കണ്ണുണ്ടായിരുന്നില്ല വല്യച്ഛന്. ”
എന്നാണ് ജയ എടുത്തടിച്ച പോലെ പറഞ്ഞത്.
എന്തു പറയുമ്പോഴും അത് അല്പം കടുപ്പിച്ചു തന്നെയാണെങ്കിലും ജയ ശാന്തഭാവം കൈവിടാറില്ല. ഇത് പറയുമ്പോഴും അങ്ങനെ തന്നെ. ഒരു ചെറു ചിരിയുമുണ്ടാവും ആ മുഖത്ത്.

“ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുക. പിന്നേക്കു വെക്കരുത്. പിന്നെയാവാം എന്ന് കരുതിയാൽ പലതും പിന്നെ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ പറ്റില്ലട്ടൊ ”
എന്ന് പറഞ്ഞാണവൾ അന്ന്സംസാരം നിർത്തിയത്.

“ജയേ ഇക്കാര്യത്തിൽ ഉപദേശം വേണ്ട.”
എന്ന് തീർത്ത് പറഞ്ഞതോടെ അവൾ നിർത്തി. പിന്നെ അക്കാര്യം പറഞ്ഞിട്ടില്ല.

ജയ വരാൻ വൈകുന്നു എന്ന തോന്നൽ ശക്തമായപ്പോൾ ശ്രീകുമാർ ഫോൺ എടുത്ത് വല്യച്ഛൻ എന്ന് അവൾ സേവ് ചെയ്തു വെച്ച നമ്പർ നോക്കി. വിളിക്കണോ ഒരു നിമിഷം സംശയിച്ചിരുന്നു .പിന്നെ വിളിച്ചു. വെറുതെ …..

ഫോൺ എടുത്തത് വല്യമ്മയാണ്. ശ്രീക്കുട്ടനാണെന്നറിഞ്ഞതും
“നിനക്ക് സുഖമല്ലേ. ശ്രീക്കുട്ടാ. എത്ര കാലമായി നിന്നെയൊക്കെ കണ്ടിട്ട് ഇനി അങ്ങോട്ട് വന്ന് കാണലൊന്നും ണ്ടാവുംന്ന് തോന്നുന്നില്ല. വയ്യ. രണ്ടാൾക്കും. അറിയാലോ ഫ്ലാറ്റിലാണ് ഇപ്പോൾ. വീടൊകെ വാടകയ്ക്ക് കൊടുത്തു. കൊണ്ടുനടക്കാൻ ആരാ.ആരുമില്ല .ഇപ്പോൾഈ ഒരു ഫ്ലാറ്റിലിങ്ങനെ.വല്യച്ഛന് ഒട്ടും വയ്യ. പുറത്തു പോയകാലം മറന്നു. അടുത്തുള്ള ഒരു സ്ത്രീ വന്ന് ഭക്ഷണമുണ്ടാക്കി തരും ഫ്ലാറ്റ് ഒന്ന് അടിച്ചു വാരും. . ഉണ്ടാക്കി വെച്ച ഭക്ഷണം അതെടുത്ത് വല്യച്ഛന് വിളമ്പി കൊടുക്കാനും വിളമ്പി കഴിക്കാനും കഷ്ടി വല്യമ്മയ്ക്ക് പറ്റും. അത്ര തന്നെ. വെളിച്ചാവുന്നു ഇരുട്ടാവുന്നു.അങ്ങനെ ദിവസം കഴിയുന്നു. ജയ ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്. എല്ലാ വിശേഷങ്ങളും പറയും .ചോദിക്കും .നിന്റെ കാര്യവും തിരക്കുമൊക്കെ പറയും. അവൾ വിളിക്കുമ്പോൾ വലിയ സന്തോഷം. നിങ്ങൾക്കൊക്കെ തിരക്കല്ലേ അതാ അങ്ങോട്ട് വിളിക്കാത്തത്. നമ്മൾക്ക് ഇവിടെ പണീം തെരവുമില്ലാതിരിക്കുയാണ് എന്ന് കരുതി അവരെയൊക്കെ വിളിച്ച് ബുദ്ധിമുട്ടിക്കരുത് എന്നാ ഇവിടത്തെ നിയമം.”
ശൈല നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.

“നോക്ക് ഞാൻ വല്ല്യച്ഛനു കൊടുക്കാം ട്ടൊ സാധാരണ നേരത്തേ കിടക്കാറുണ്ട്. ഇന്ന് മുറിയിലിരിക്കുന്നുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും ഉറങ്ങാതങ്ങനെ കുറേ നേരം ഇരിക്കും. അതാ സ്വഭാവം. കാര്യമായി ഒരു വികാരവും പ്രകടിപ്പിക്കില്ല. ഒന്നും പറയുകയുമില്ല.ഇന്നിപ്പോൾ അതാണ് മട്ട് .അറിയാലോ ഹരിഗോവിന്ദന് വിവാഹം കഴിഞ്ഞ് ഇത്ര കാലം കഴിഞ്ഞാ ഒരു കുട്ടിയുണ്ടായത്. പെൺകുട്ടി. അവൻ അവിടെ തന്നെ അമേരിക്കയിൽ .കുറച്ചു മുമ്പ് വിളിച്ച് സംസാരിച്ചു. ഞങ്ങൾക്ക് ഫോണിലൂടെ കുട്ടിയെ കാണിച്ചു തന്നു. “ആര്യ ” എന്നാണ് പേരിടുന്നത് എന്നും പറഞ്ഞു. ഇന്ന് ആസന്തോഷം കൊണ്ട് വല്യച്ഛൻ ഉറങ്ങാതങ്ങനെ ഇരിക്കും. കുറേ നേരം.എന്നാൽ അവനോട് ഒന്നും പറയുകയുമില്ല.
തറവാട്ടിൽ ഓരോ മരണം കഴിഞ്ഞു വന്നാലും ഇവിടെ വന്ന് കുറേ നേരം ഈ ഇരുത്തം തന്നെ ഞാൻ ഫോൺ കൊണ്ടു പോയി കൊടുക്കാം ട്ടൊ.”

“ഇതാ ശ്രീക്കുട്ടൻ ”
എന്ന് പറഞ്ഞ് ശൈല ചെന്ന് ഫോൺ ദേവാനന്ദനു കൈമാറി.

“എന്താ ശ്രീക്കുട്ടാ വിശേഷിച്ച് ” എന്ന് ചോദിച്ച് സംസാരം തുടങ്ങിയ ദേവാനന്ദന്റെ ശബ്ദമൊക്കെ പഴയ പോലെ തന്നെ. ഒരു ഇടർച്ചയുമില്ലാതെ. ദേവാനന്ദനും ശ്രീക്കുട്ടനോട് ജയയെ കുറിച്ച് ചോദിച്ചു. ഫോൺ വെക്കാൻ നേരം “വല്യച്ഛന് നിന്നെ ഒന്നു കാണണം എന്നുണ്ട്. തിരക്കില്ലാത്തപ്പോൾ പറ്റിയാൽ ഒന്നു വാ” എന്നു പറഞ്ഞു. തൻ്റെ അസുഖത്തെ കുറിച്ചൊ ശരീരാവസ്ഥയെക്കുറിച്ചോഒരു വാക്ക് പോലും പറഞ്ഞില്ല.

എന്നാൽ ഫോൺ വെച്ച ശേഷം ദേവാനന്ദൻ പതിവില്ലാത്ത വിധം അസ്വസ്ഥനായി. കുറച്ചു നേരം അയാൾ താഴേക്ക് നോക്കിയിരുന്നു. ഒരു പാട് ചിന്തകൾ ആ മനസ്സിലൂടെ കടന്നുപോയതാവാം.

ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകൾ ഓരങ്ങളിലുപേക്ഷിച്ച് അതതു നേരത്തെ നേരുകളിലൂടെ നേരേ നടന്നു പോയവനാണയാൾ. തിരിച്ചു കിട്ടാനായി ആരോടും ചിരിച്ചു കാണിക്കാത്തയാൾ. പിന്നിട്ട വഴികളിൽ ഇതുവരേയും ഒരു കുറ്റബോധവും അയാളെ വേട്ടയാടിയിട്ടില്ല. എന്നും അയാൾക്ക് ശരിയെന്നു തോന്നിയതേ അയാൾ ചെയ്തിട്ടുള്ളൂ പറഞ്ഞിട്ടുള്ളൂ.
എങ്കിലും വിജയങ്ങളുടെ വിശാലമായ ലോകം ഒരു മുറിയിലേക്ക് ചുരുങ്ങിയ സമയത്ത് ആദ്യമായി ഒരു ചിന്ത ദേവാനന്ദനിലുണ്ടായി. ഈ ജന്മത്ത് ഈ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചതാരാവും ഉത്തരമായി ഒരു മുഖം മാത്രമേ തെളിയുന്നുള്ളൂ.. തൻ്റെ രാമൻ. അവനോട് താൻ നീതി പുലർത്തിയോ. അവൻ്റെ കാര്യത്തിൽ തനിക്ക് പിഴച്ചു പോയോ. വളരെ പെട്ടന്നു തന്നെ അയാൾ ഉത്തരവും കണ്ടെത്തി. ഇനി അഥവാ ഇല്ലെങ്കിലും അവന് തന്നോട് പരാതിയുണ്ടാവില്ല.
ഇപ്പോൾ കുറേ കാലത്തിനുശേഷം ശ്രീകുമാറിൻ്റെ വല്യച്ഛാ വിളിയിലും അയാൾ കേട്ടത് രാമൻ്റെ ശബ്ദമാണ് കണ്ടത് ആ രൂപമാണ് .ആ ഏട്ടാ വിളികൾ എവിടെ നിന്നെല്ലാമോ മുഴങ്ങുന്നു.

താമസിയാതെ വന്നു കാണാമെന്ന് പറഞ്ഞ് ഫോൺ വെച്ച ശ്രീകുമാറും ദേവാനന്ദനെ കുറിച്ചാണ് ചിന്തിച്ചത്.
പൊറുക്കാനാകാത്ത വലിയ തെറ്റുകൾ വല്യച്ഛൻ ആരോടെങ്കിലും ചെയ്തിട്ടുണ്ടോ? എവിടെയോ വെച്ച് പകയുടെ ഒരു ചെറുതരി മനസ്സിൽ വീണു പോയത് താൻ സ്വയം ഊതി കത്തിക്കുകയായിരുന്നോ?

അപ്പോഴേക്കും ജയ കുളി കഴിഞ്ഞ് വന്നു .നേരെ ശ്രീകുമാറിന് അടുത്ത് വന്നിരുന്നു. അയാൾ ആശുപത്രിയിൽ ഉണ്ടായ തെല്ലാം വിവരിച്ചു.

”ഞാനെന്തു ചെയ്യും ജയാ ആകെ തളർന്നു പോയി. ”

ശ്രീകുമാർ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട ജയ ആ മുഖത്തേക്ക് നോക്കി ഒരു ചോദ്യം ചോദിച്ചു. തീർത്തും ലളിതമായ ഒരു ചോദ്യം. ഒട്ടും തന്നെ ആലോചിക്കാതെ ഉത്തരം പറയാവുന്ന ചോദ്യം പെട്ടെന്ന് തന്നെ ശ്രീകുമാർ ആ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകി.
കേട്ടതും ജയ അടുത്ത ഒരു ചോദ്യം ചോദിച്ചു . ശ്രീകുമാർ മുഖമുയർത്തി ജയയെ നോക്കി.

ഒട്ടും ഭാവവ്യത്യാസമില്ലാതെയിരിക്കുന്ന ജയ ശ്രീകുമാറിനോട് ആവശ്യപ്പെട്ടു.

“മറുപടി പറയൂ.”

അത് ലളിതമെങ്കിലും ഒരു ശക്തമായ ചോദ്യമായിരുന്നു. ശ്രീകുമാറിനെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രാപ്തമായ ചോദ്യം.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments