വിനയ വഴി വിജയ വഴി
———————————————
വർഷങ്ങളായി ആശ്രമത്തിൽ, ഗുരുവിനൊപ്പമായിരുന്നു ശിഷ്യൻ്റെ താമസം. പഠനമെല്ലാം പൂർത്തിയാക്കി യാത്ര പറയാനെത്തിയപ്പോൾ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: ”കൂടുതൽ ഉയരങ്ങളിലെത്താൻ ഇനി ഞാൻ എന്തു ചെയ്യണം?” ഗുരു പുഞ്ചിരിച്ചുകൊണ്ട് ശിഷ്യൻ്റ മുമ്പിൽ മുട്ടുകുത്തി!
വളർന്നവർക്കു മാത്രമേ, സ്വയം ചെറുതാകാനാകൂ. സ്വയം ചെറുതാകാനാവശ്യമായ വളർച്ച, അവരിൽ അനുദിനം സംഭവിക്കുന്നുണ്ടാകും. ആരെങ്കിലും ശുഷ്കിച്ച്, ശക്തി ക്ഷയിച്ചു നിൽക്കുന്നുണ്ടെങ്കിൽ, അത് ഇടുങ്ങിയ മന:സ്ഥിതിയും ഗർവ്വും മൂലം, മനസ്സിൻ്റെ സാദ്ധ്യതകൾ മങ്ങിയതുകൊണ്ടാണ്. ഒരറിവും ഒരിക്കലും പൂർണ്ണമാകുന്നില്ല. അറിയുംതോറും, ആഴത്തിലേക്കാണ് അറിവിൻ്റെ വേരുകൾ പോകുന്നത്. ഒരു പഠനവും ഒരിക്കലും പൂർണ്ണമാകുന്നില്ല. ഒന്നു മറ്റൊന്നിലേക്കു നയിക്കുക മാത്രമാണു ചെയ്യുക. പൂർത്തിയാകുന്നത്, പാഠപുസ്തകവും, പരീക്ഷയും മാത്രമാണ്. അറിവിന് അവസാനമില്ല; ആരംഭം മാത്രമേ ഉള്ളൂ.
വിനയമാണ് വിജയത്തിലേക്കുള്ള വഴി. വിവരമുള്ളവരുടെ പാണ്ഡിത്യം ബഹുമാനിക്കപ്പെടും. വിനയവുള്ളവരുടെ ജീവിതം സ്നേഹിക്കപ്പെടും. അറിവില്ലെങ്കിലും ജീവിക്കാം. എന്നാൽ, അനുസരണയും, ഔചിത്യവുമില്ലെങ്കിൽ, ജീവിതം അനാകർഷകമായിരിക്കും. വിനയവും വിധേയത്വവുമില്ലാത്തവർക്ക് ഒന്നും പൂർണമായി മനസ്സിലാക്കാനോ, സ്വാംശീകരിക്കാനോ സാധിക്കില്ല. സ്വന്തം വ്യാഖ്യാനങ്ങളും, പദ്ധതികളുമായി മാത്രം നടക്കുന്നവരെ, ആരു വിലമതിക്കാൻ?
ഉയരങ്ങളിലെത്താൻ, ആദ്യം
താഴ്വാരമെന്തെന്ന് അറിയണം; താഴെ നിലയുറപ്പിക്കണം. താഴ്വാരമില്ലാതെ കൊടുമുടിയില്ല.
സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.