Sunday, November 17, 2024
Homeസിനിമ' എൺപതുകളിലെ വസന്തം ' പൂർണ്ണിമ ജയറാം ✍അവതരണം: ആസിഫ അഫ്രോസ്

‘ എൺപതുകളിലെ വസന്തം ‘ പൂർണ്ണിമ ജയറാം ✍അവതരണം: ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

പൂർണ്ണിമ ജയറാം ❤️

1960 ജൂലൈ 18 ന് മുംബൈയിൽ ശ്രീ. ജയറാമിന്റെയും ശ്രീമതി. സുബ്ബലക്ഷ്മി ജയറാമിന്റെയും ഏക മകളായിട്ടായിരുന്നു പൂർണ്ണിമ ജനിച്ചത്. ഇന്നും മലയാളികളുടെ മനസ്സിന്റെ കോണിൽ ഒരു മഞ്ഞുതുള്ളിയുടെ നൈർമല്യത്തോടെ മാത്രം ഓർമ്മിക്കപ്പെടാൻ ഭാഗ്യം നേടിയ അഭിനേത്രിയാണ് പൂർണ്ണിമ.

1980 മുതൽ 85 വരെയുള്ള കാലഘട്ടത്തിൽ മലയാളത്തിലും തമിഴിലും ചെയ്ത അവിസ്മരണീയ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

1980 ലെ മലയാളം റൊമാന്റിക് ത്രില്ലർ സിനിമയായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ആണ് പൂർണ്ണിമയുടെ ആദ്യ മലയാള ചിത്രം.മോഹൻലാലിന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. തന്റെ ഭൂതകാലത്തിൽ വേദനിക്കുന്ന ഒരു സ്ത്രീയുടെ വേഷം ചെയ്ത പൂർണ്ണിമ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കൊടൈക്കനാലിലെ ഷൂട്ടിങ്, ക്ലാസ്സുകളിൽ നിന്നുള്ള ഒരു ബ്രേക്ക് ആയിട്ടേ കരുതിയിരുന്നുള്ളു. മലയാളം ഡയലോഗ്കൾ ഹിന്ദിയിൽ എഴുതിയെടുത്താണ് പഠിച്ചത്. പൂർണ്ണിമയും മോഹൻലാലും ശങ്കറും ഏകദേശം സമപ്രായക്കാരായിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇന്നും ഓർക്കപ്പെടുന്ന ഒരു സിനിമയായി മാറിയത് പല പല കാരണങ്ങൾ കൊണ്ടാണ്.
ഫിലിം വൻ വിജയമായി 200 ദിവസം തുടർച്ചയായി ഓടി.
മോഹൻലാലിനും ഫാസിലിനും jerry അമൽദേവിനും പൂർണ്ണിമ ജയറാമിനും ശങ്കറിനും നവോദയ അപ്പച്ചനും ഒരുപോലെ ഒരു ബ്രേക്ക് നൽകിയ സിനിമ എന്ന ഖ്യാതി മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്.
പൂർണ്ണിമയുടെ ഭാഗ്യനക്ഷത്രം ഒന്നുകൂടി തിളങ്ങി. അഹിംസ, മുന്താണൈ മുടിച്ച്, പ്രശ്നം ഗുരുതരം, ഊതിക്കാച്ചിയ പൊന്ന്, ആ രാത്രി, ഞാൻ ഏകനാണ്, പടയോട്ടം, ഇത്തിരിനേരം ഒത്തിരി കാര്യം, കാര്യം നിസ്സാരം തുടങ്ങി നിരവധി ചിത്രങ്ങളിൽ തകർത്തഭിനയിച്ചു.

ഓളങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടി.അതേവർഷം ‘പയനങ്ങൾ മുടിവതില്ലൈ’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനും അവാർഡ് ലഭിച്ചു. ഹിന്ദിയിലും തെലുങ്കിലും തന്റെ കഴിവ് തെളിയിച്ച പൂർണ്ണിമ മലയാളത്തിൽ നാല്പതോളം സിനിമകൾ ചെയ്തു.

1980 കളുടെ മധ്യത്തിൽ വിവാഹിതയായി. തമിഴ് സിനിമാരംഗത്ത് സംവിധായകൻ, നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഭാഗ്യരാജിനെയാണ് പൂർണ്ണിമ വിവാഹം കഴിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് ‘ എന്ന സിനിമയിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. തമിഴിൽ മോഹനും മലയാളത്തിൽ ശങ്കറും ആയിരുന്നു പൂർണ്ണിമയുടെ ഭാഗ്യജോഡികൾ.
പൂർണ്ണിമ – ഭാഗ്യരാജ് ദമ്പതികൾക്ക് രണ്ട് മക്കൾ. ശരണ്യയും ശന്തനുവും. ഇരുവരും തമിഴ്‌ സിനിമകളിൽ വളരെ സജീവമാണ്. നർത്തകി കിക്കി വിജയ് മരുമകളാണ്.
വിവാഹ ശേഷം അഭിനയം നിർത്തിയെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചുവന്നു. ടീവി സീരിയലുകളും സിനിമകളും ചെയ്തു.
80 കളിലെ തെന്നിന്ത്യൻ സിനിമകളുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായ്മയായ ‘എവെർഗ്രീൻ ക്ലബ് 80’ ലെ അംഗങ്ങളാണ് പൂർണ്ണിമയും ഖുശ്ബുവും രാധികയുമെല്ലാം.സിനിമയ്ക്ക് പുറത്തും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണിവർ.

ഫാമിലി ടൈം ഹോബി ആയി കാണുന്ന പൂർണ്ണിമ ഇപ്പോൾ ചെന്നൈയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

✍അവതരണം: ആസിഫ അഫ്രോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments