Saturday, January 11, 2025
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 19 | വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 19 | വെള്ളി

കപിൽ ശങ്കർ

🔹പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. നാല് കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.

🔹വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം. ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിക്കും. പതിനൊന്നരയ്ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവ്. ഉച്ചക്ക് രണ്ടോടെയാണ് തേക്കിന്‍കാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടില്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. ആറോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകല്‍പ്പൂരത്തിന്റെ സമാപനത്തില്‍ ശ്രീമൂലസ്ഥാനത്ത് നടക്കുന്ന വിട പറയല്‍ ചടങ്ങോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും.

🔹മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് അരവിന്ദ് കെജ്രിവാള്‍ പ്രമേഹം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇഡിയുടെ വാദം.

🔹ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന. പ്രമേഹബാധിതനായ കെജ്രിവാളിന് ഇന്‍സുലിന്‍ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കുന്നില്ല. പ്രമേഹം കൂടാന്‍ കെജ്രിവാള്‍ ജയിലില്‍ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

🔹ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചു റാണി. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യും. രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

🔹ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് താന്‍ പറഞ്ഞെന്ന് പ്രചരിപ്പിച്ച വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . ഇങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നുമാണ് വിഡി സതീശന്‍ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

🔹സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 20, 21 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

🔹പാനൂര്‍ ബോംബ്സ്ഫോടനകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മടപ്പളളി സ്വദേശി ബാബു, കതിരൂര്‍ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോംബ് നിര്‍മിക്കാനുളള വെടിമരുന്ന് ബാബുവാണ് കൊടുത്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്.

🔹യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി നാളെ യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലേക്ക് പോകും.

🔹ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലെ മലയാളി ആന്‍ ടെസ്സ ജോസഫ് നാട്ടില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ എത്തിയത്. കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുണ്ടായിരുന്നത്. ഇവരില്‍ 4 പേര്‍ മലയാളികളാണ്. മറ്റുള്ള പതിനാറ് പേരെയും ഉടന്‍ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്.

🔹ഏപ്രില്‍ 19, ലോക കരള്‍ ദിനം.
ശരീരത്തിന്റെ നിശബ്ദ സംരക്ഷകന്‍ എന്ന് വിളിക്കപ്പെടുന്ന കരള്‍, രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചെടുക്കുന്നു. അവശ്യ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുക, ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക തുടങ്ങി അശ്രാന്തമായി നിരവധി ജോലികള്‍ ചെയ്യുന്ന അവയവമാണ് കരള്‍. നമ്മുടെ ആരോഗ്യത്തില്‍ കരള്‍ വഹിക്കുന്ന സുപ്രധാന പങ്കിന്റെയും വിവിധ രോഗങ്ങളില്‍ നിന്ന് അതിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെയും നിര്‍ണായക ഓര്‍മ്മപ്പെടുത്തലാണ് ഏപ്രില്‍ 19- ലോക കരള്‍ ദിനം നമുക്ക് നല്‍കുന്നത്.

🔹കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അണ്ണാമലൈയുടെ ബന്ധുക്കള്‍ ഗൂഗിള്‍ പേ വഴി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി ഡിഎംകെയുടെ പരാതി . നേരത്തേ ട്രെയിനില്‍ കടത്തിയ കോടിക്കണക്കിന് രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം ചെന്നൈയില്‍ പിടിയിലായിരുന്നു.

🔹പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്വാതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

🔹 ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെൻട്രൽ ട്രെയിൻ നിർത്താറായപ്പോഴാണ് ട്രെയിനിൽ നിന്നും വീണത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചിരുന്നു. പുലർച്ചെയോടെ ആണ് അന്ത്യം.

🔹 ഉത്തർപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിൽ വൻ ലഹരിവേട്ട. എംഡിഎംഎ നിർമാണ ലാബ് നടത്തിയ നാല് നൈജീരിയൻ പൗരന്മാർ പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 150 കോടി വില വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
നോയിഡ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര സംഘത്തെ കുടുക്കിയത്. ഏകദേശം രണ്ടാഴ്ച മുമ്പ് ഒമൈക്രോൺ-1 ലെ ഒരു വീടിന്റെ ഉടമയും രണ്ട് വിദേശ പൗരന്മാരും തമ്മിലുള്ള വാടക കരാറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, വീട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിലേക്ക് സംശയാസ്പദമായ ലഗേജുകൾ നീക്കുന്നതായി കണ്ടെത്തി. തുടർന്നായിരുന്നു റെയ്ഡ്. നാല് നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി നോയിഡ പൊലീസ് അറിയിച്ചു. ഇഫിയാനി ജോൺബോസ്‌കോ, ചിഡി, ഇമ്മാനുവൽ, ഒനെകെച്ചി എന്നിവരാണ് പിടിയിലായത്. 30 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്.

🔹നാലു പതിറ്റാണ്ടു കാലം മദീനയിലെത്തുന്ന തീർഥാടകർക്ക് ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ അബൂ അൽ സബാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം (96) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ‘സിറിയൻ ശൈഖ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.കഴിഞ്ഞ റമദാനിലും ഇദ്ദേഹം മദീനയിൽ എത്തിയ സന്ദർശകർക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു.ഇസ്‌ലാമിക ചരിത്രത്തിൽ മദീനയിലെത്തിയ വിശ്വാസികൾക്ക് പ്രവാചക കാലത്ത് സേവന സന്നദ്ധരായ വിശ്വാസികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈ പ്രതിനിധിയായും അബൂ അൽ സബായെ ആളുകൾ വിശേഷിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ കുറിച്ചും പ്രവർത്തിയെ കുറിച്ചുമുള്ള ശ്രദ്ധേയമായ കുറിപ്പുകളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു.
50 വർഷങ്ങൾക്ക് മുമ്പാണ് അബൂ അൽ സബാ മദീനയിൽ സ്ഥിര താമസം ആരംഭിച്ചത്. മദീനയിലെത്തിയത് മുതൽ അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. മുടക്കമില്ലാതെ 40 വർഷം വിവിധ ഭക്ഷണങ്ങൾ ഇദ്ദേഹം ആളുകൾക്കായി വിതരണം ചെയ്തു.

🔹ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ പരിക്ക് കാരണം പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കില്ല. ചൊവ്വാഴ്ചയാണ് പരിശീലനത്തിനിടെ ലോങ്ജംപ് താരമായ ശ്രീശങ്കറിന് കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്ക് പരിശോധിച്ച ഡോക്ടര്‍മാര്‍, കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസം വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഒളിംപിക്സില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയത്.

🔹ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. 77 ന് 6 എന്ന നിലയിലായിരുന്ന പഞ്ചാബിനെ 25 പന്തില്‍ 41 റണ്‍സെടുത്ത ശശാങ്ക് സിംഗും 28 പന്തില്‍ 61 റണ്‍സെടുത്ത അഷുതോശ് ശര്‍മയും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

🔹പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്ത ചിത്രമാണ് അല്ലു അർജുൻ നായകനായ ‘പുഷ്‌പ’. പുഷ്‌പയുടെ രണ്ടാം ഭാഗത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ പുഷ്‌പ 2 വിന്റെ ഒടിടി ഡീൽ തുകയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പോർട്ട് പ്രകാരം പുഷ്പ 2 നെറ്റ്ഫ്ലിക്സ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.ഇന്ത്യയിലെ ഒരു ചിത്രത്തിനും ലഭിക്കാത്തത്ര തുക മുടക്കിയാണ് ഒടിടി റൈറ്റ്സ് പുഷ്പ 2 സ്വന്തമാക്കാനൊരുങ്ങുന്നത്. 250 കോടിരൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വിന്റെ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിയേറ്ററിലെ വിജയമനുസരിച്ച് ഈ തുക ഉയരും.

🔹ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് കോമ്പോയില്‍ റിലീസ് ചെയ്യുന്ന ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ പ്രമോ സോംഗ് റിലീസ് ചെയ്തു. വാര്‍ത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കന്‍ എന്നയാള്‍ ഒപ്പിക്കുന്ന ഗുലുമാലുകളുടെ കാഴ്ച്ചകളുമായാണ് ഗാനം എത്തിയിരിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വര്‍മ്മയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍, രേണു എ, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായണ്‍ ആണ്. ഫാമിലി- കോമഡി ജോണറില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രന്‍ , ലിജോ മോള്‍, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തിയറ്ററുകളില്‍ എത്തും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments