Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കമിശിഹായുടെ സ്നേഹിതർ (7) 'വിശുദ്ധ ഗീവറുഗീസ് സഹദാ' ✍ അവതരണം: നൈനാൻ വാകത്താനം

മിശിഹായുടെ സ്നേഹിതർ (7) ‘വിശുദ്ധ ഗീവറുഗീസ് സഹദാ’ ✍ അവതരണം: നൈനാൻ വാകത്താനം

നൈനാൻ വാകത്താനം

വിശുദ്ധ ഗീവറുഗീസ് സഹദാ എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. റോമൻ പടച്ചട്ട ധരിച്ച കുതിരപ്പുറത്തിരിക്കുന്ന ധീരനായ ഒരു യോദ്ധാവ്, കൈയ്യിലുള്ള നീണ്ടു കൂർത്ത കുന്തം, രൗദ്രതയോടെ വായ് പിളർന്നു നിൽക്കുന്ന ഒരു വ്യാളിയുടെ വായിൽ കുത്തിയിറക്കി കൊണ്ടുള്ള ആ ചിത്രം. ഇംഗ്ലണ്ടിന്റെ നാണയമായ പവനിലും (പൗണ്ട്) ഈ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഗീവർഗ്ഗീസ് സഹദാ വിഖ്യാതനായിത്തീർന്നിട്ടുള്ളത് സർപ്പഘാതകനായിട്ടാണ്. അതുകൊണ്ട് പാമ്പുബാധയിൽ നിന്നുള്ള സംരക്ഷണത്തിന് അനേകർ അദ്ദേഹത്തിന്റെ മധ്യസ്ഥത തേടുന്നു.

വിശുദ്ധനെക്കുറിച്ചുള്ള ചരിത്രം ആധികാരികമായും വ്യക്തമായും നമുക്കു ലഭ്യമല്ല. പാരമ്പര്യങ്ങളിലും, എതെിഹ്യങ്ങളിലും ഉറഞ്ഞു കിടക്കുന്നവയാണ് പലതും.

കപ്പദോക്യയിലെ ഒരു പ്രഭു കുടുംബത്തിൽ ക്രിസ്തീയ മാതാപിതാക്കളിൽ നിന്ന് ക്രിസ്തുവർഷം 283—ൽ ഗീവറുഗീസ് ഭുജാതനായി എന്നാണ് വിശ്വസനീയമായ പാരമ്പര്യം. അതല്ല, പാലസ്തീനിൽ ലിദ്ദ, അഥവാ ഡിയോസ്പോലീസ് എന്ന സ്ഥലത്താണ് ജനിച്ചതെന്നും വ്യത്യസ്ത ഭാഷ്യമുണ്ട്. പിതാവ് ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. പിതാവിന്റെ മരണശേഷം മാതാവിനോടൊന്നിച്ചു പാലസ്തീനിലേക്കു താമസം മാറ്റി.

അരോഗദൃഢഗാത്രനായ ഈ യുവാവ് ചെറുപ്പത്തിൽ തന്നെ സൈനികസേവനത്തിനായി സ്വയം അർപ്പിച്ചു. കർമ്മനൈപുണ്യം കൊണ്ടും വിശിഷ്ടസേവനം കൊണ്ടും, സ്വഭാവത്തിൽ തെളിഞ്ഞുനിന്ന ശ്രേഷ്ഠത കൊണ്ടും സൈന്യത്തിൽ പടിപടിയായി ഉയർച്ച നേടി. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കീഴിൽ ഈ യുവസൈനികമേധാവി ഉന്നതമായ പല ഉത്തരവാദിത്തങ്ങളും വഹിച്ചു. വിദേശരാജ്യങ്ങളിൽ പലയിടത്തും നയതന്ത്രബന്ധങ്ങൾ നടത്താൻ നിയുക്തനായി. ഈ സന്ദർശനങ്ങളും ദൗത്യനിർവഹണങ്ങളും ക്രിസ്തീയ സാക്ഷ്യം വഹിക്കുവാൻ അദ്ദേഹം ഉപയോഗപ്പെടുത്തി. ഊർമിയായിൽ (ഇന്നത്തെ ഇറാൻ) എത്തിയപ്പോൾ അവിടുത്തെ സഭയെ സംഘടിപ്പിക്കാൻ അദ്ദേഹം യത്നിച്ചു.

ഇംഗ്ലണ്ടും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. അവിടെ വച്ചാണ് ഡയോക്ലീഷ്യൻ ചക്രവർത്തി പ്രസിദ്ധീകരിച്ച ‘ക്രിസ്തീയ വിരുദ്ധ വിളംബരം‘ ഗീവർഗീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണത കത്തിജ്വലിച്ചു. അദ്ദേഹം മടങ്ങിപ്പോയി. യാതൊരു സങ്കോചവും കൂടാതെ തന്റെ ക്രിസ്തീയ വിശ്വാസബോധത്തെക്കുറിച്ച് ചക്രവർത്തിയെ അറിയിച്ചു. അതുമാത്രമല്ല രാജകീയ വിളംബരത്തിന്റെ കോപ്പിവലിച്ചു കീറി തന്റെ പ്രതിഷേധം പ്രകടമാക്കുകയും ചെയ്തു. തന്റെ സൈനിക സ്ഥാനമാനങ്ങൾ എല്ലാം വലിച്ചെറിഞ്ഞു. ചക്രവർത്തിയുടെ നയത്തിനും നിയമത്തിനുമെതിരായി സംസാരിച്ചു.

നാലാം നൂറ്റാണ്ടിൽ ജീവിച്ച കൈസര്യയിലെ യൗസേബിയോസ് തന്റെ ചരിത്രകൃതിയിൽ നടത്തുന്ന പരാമർശം ശ്രദ്ധേയമാണ്. ഒരു സൈനികോദ്യോഗസ്ഥൻ ചക്രവർത്തിയുടെ പീഡനത്തിനെതിരായി സംസാരിക്കുകയും രക്തസാക്ഷി മരണം വരിക്കുകയും ചെയ്തു എന്നു പരാമർശിക്കുന്നു. പേരു വെളിപ്പെടുത്താത്ത ഈ സൈനികൻ ഗീവർഗീസായിരുന്നു എന്നാണ് പണ്ഡിത നിഗമനം.

എന്നാൽ ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. പൗരസ്ത്യ പാശ്ചാത്യ സഭാപാരമ്പര്യങ്ങളിൽ എല്ലാം ഇദ്ദേഹം സ്ഥാനം പിടിക്കുന്നു. മാത്രമല്ല, ഇദ്ദേഹത്തിന്റെ ഓർമ തിരുനാൾ കിഴക്കും പടിഞ്ഞാറുമുള്ള സഭകളും ആചരിക്കുകയും ചെയ്യുന്നു. കുസ്തന്തീനോപ്പോലീസിൽ ഒരു കാലത്ത് അഞ്ചോ, ആറോ ദേവാലയങ്ങൾ ഇദ്ദേഹത്തിന്റെ നാമത്തിൽ ഉണ്ടായിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പഴക്കമുള്ള ദേവാലയം കുസ്തന്തീനോസ് ചക്രവർത്തി തന്നെ നിർമ്മിച്ചതായി പറയപ്പെടുന്നു.

ആറാം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി അർമ്മിനിയായിലെ ബിസുനെസ് എന്ന സ്ഥലത്ത് ഇദ്ദേഹത്തിന്റെ നാമത്തിൽ ഒരു ദേവാലയം നിർമ്മിക്കുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളിൽ കുരിശുയുദ്ധങ്ങൾക്കു ശേഷം പതിനൊന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഗീവറുഗീസിനോടുള്ള ആദരവും അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള വിശ്വാസവും വളരെയേറെ വർധിക്കുവാനിടയായി. പടയാളിയായ പരിശുദ്ധന്റെ മധ്യസ്ഥത മൂലമാണ് യുദ്ധങ്ങളിൽ വിജയം വരിക്കാൻ കാരണമായത് എന്നുള്ള വിശ്വാസം സൈനികരിൽ വേരുറച്ചു. അങ്ങനെ അദ്ദേഹം സൈനികരുടെ പ്രത്യേക മധ്യസ്ഥനായിത്തീരുകയും ചെയ്തു.

സ്വന്തം സ്ഥാനമാനങ്ങളേക്കാൾ വലുതായി ക്രിസ്തീയ വിശ്വാസത്തെ പരിഗണിച്ച പരിശുദ്ധനാണ് ഗീവർഗീസ് എന്നു തെളിയുന്നു. ക്രിസ്തീയസാക്ഷ്യം വഹിക്കുന്നതിനുവേണ്ടി പദവികളും ലൗകികനേട്ടങ്ങളും അദ്ദേഹം പരിത്യജിച്ചു. കഷ്ടതയുടെയും സഹനത്തിന്റെയും പാത അദ്ദേഹം തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ധീരോദാത്തതയും, ക്രിസ്തീയ വിശ്വാസത്തോടുള്ള പ്രതിബദ്ധതയുമാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ക്രുദ്ധനായ ചക്രവർത്തി ഗീവർഗീസിനെതിരെ തിരിഞ്ഞു; അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. പീഢനമുറകൾ ഒന്നൊന്നായി അഴിച്ചു വിട്ടു. പക്ഷേ, ഗീവർഗീസ് അചഞ്ചലനായി, പാറ പോലെ ഉറച്ചു നിന്നു.

അദ്ദേഹത്തിന്റെ രക്തസാക്ഷി മരണത്തെക്കുറിച്ച് വ്യത്യസ്തപാരമ്പര്യങ്ങൾ സഭയിലുണ്ട്. ഒരു ചക്രത്തിനുമേൽ മൂർച്ചയുള്ള അനേകം കത്തികൾ ഘടിപ്പിച്ച് ഗീവർഗീസിനെ അതിൽ ബന്ധിച്ചശേഷം, ചക്രം ശക്തിയായി കറക്കി. “എന്റെ ദൈവം വലിയവൻ“ എന്നു സാക്ഷിച്ചു കൊണ്ട് നിരപായം അദ്ദേഹം ചക്രത്തിൽ നിന്നും എഴുന്നേറ്റു വന്നു. പിന്നീട് അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞു. അവിടെനിന്നും, വങ്ങൽ പോലും ഏശാതെ പ്രസന്നവദനനായി പുറത്തുവന്നു. ഒടുവിൽ അദ്ദേഹത്തെ വാൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ക്രിസ്തുവർഷം 303 ഏപ്രിൽ 23—ന് ആയിരുന്നു അതെന്നും ചരിത്രം സൂചിപ്പിക്കുന്നു. അന്ത്യനിമിഷത്തിൽ അദ്ദേഹം മുട്ടുകുത്തി ഉയരങ്ങളിലേക്കു മിഴികളുയർത്തി പ്രാർഥിച്ചു: “എന്റെ മധ്യസ്ഥതയിൽ ശരണപ്പെടുന്നവർക്ക് രക്ഷകനായ യേശുവേ, അങ്ങ് എക്കാലവും അവർക്ക് ആശ്വാസദായകനായിരിക്കേണമേ“.

വിശുദ്ധ ഗീവർഗീസിന്റെ പിതാവ് ക്രൈസ്തവനായ പലസ്തീനിയൻ ഷേയ്ക്കായിരുന്നു.
പിതാവ് മരിച്ചപ്പോൾ റോമൻ ഗവർണറെ കാണാൻ ഗീവർഗീസ് പുറപ്പെട്ടു. പിതാവിന്റെ ഉദ്യോഗം സമ്പാദിക്കണമെന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ഈ യാത്രയിലാണ് അദ്ദേഹം ബീഭത്സസത്വത്തെ കൊന്ന് രാജകുമാരിയെ രക്ഷിക്കുന്നത്. സത്വത്തെ കൊന്ന സ്ഥലം ബേറൂട്ടിൽ കാണാം. ആറു ചതുരശ്ര മീറ്റർ വിസ്താരമുള്ള കിണറ്റിൽനിന്ന് ഇടയ്ക്കിടെ കയറിവന്ന് ആ ജീവി ആക്രമണങ്ങൾ നടത്തിയിരുന്നു.
തൽക്ഷണം കുതിരപ്പുറത്തിരുന്നുകൊണ്ട് തന്റെ കയ്യിലിരുന്ന കൂർത്തകുന്തം സർപ്പത്തിന്റെ പിളർന്ന വായിൽ കുത്തിയിറക്കി അതിനെ വകവരുത്തി. അങ്ങനെ രാജകുമാരിയെ ആ വ്യാളിയുടെ ആക്രമത്തിൽനിന്ന് അദ്ദേഹം രക്ഷപ്പെടുത്തി. നഗരത്തിന്റെ വടക്കേ അതിർത്തിയിലുള്ള ഈ കിണർ തീർത്ഥാടകർ ഇന്നും സന്ദർശിക്കാറുണ്ട്.

സഭയിൽ സഹദേൻമാരായും പരിശുദ്ധൻമാരായും പരിഗണിക്കപ്പെടുന്നവരും ആദരിക്കപ്പെടുന്നവരും വൈദികരോ സന്യാസി സമൂഹത്തിൽപെട്ടവരോ ആണ്. എന്നാൽ വൈദികശ്രേണിയിൽ എങ്ങും എത്തിച്ചേരാതെ ഒരു അൽമായക്കാരൻ അതും ഒരു പട്ടാളമേധാവി, പരിശുദ്ധനായും സഹദാ ആയും അംഗീകരിക്കപ്പെടുന്നത് അപൂർവമാണ്. ജീവിതത്തിന്റെ ഏതു തുറയിൽ പ്രവർത്തിച്ചാലും ക്രിസ്തീയ മൂല്യങ്ങളെ മുറുകെപ്പിടിക്കാനും, ക്രിസ്തീയ സാക്ഷ്യം ധീരതയോടെ വഹിക്കാനും കഴിയുമെന്ന് വി. ഗിവർഗീസ് തെളിയിച്ചു. ചക്രവർത്തിയുടെ മുമ്പിലെത്തി, തന്റെ ക്രിസ്തീയ വിശ്വാസവും, അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ സന്നദ്ധനുമാണെന്ന് തെളിയിക്കുകയും ചെയ്തു.

കേരളത്തിൽ പുരാതനമായ പല ദേവാലയങ്ങളും സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ്. വിശുദ്ധ ഗീവർഗീസിന്റെ പേരിലുള്ള അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്. ഇടപ്പള്ളി, പുതുപ്പള്ളി, എടത്വാ, അരുവിത്തുറ, ചന്ദനപ്പള്ളി മുതലായ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയങ്ങളും തിരുനാളുകളും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ. ഇതിനു പുറമേ, ഒട്ടേറെ തൊഴിലുകളുടേയും, വിവിധതരം രോഗാവസ്ഥകളിലുള്ളവരുടേയും മദ്ധ്യസ്ഥനായും ഈ വിശുദ്ധനെ കണക്കാക്കപ്പെടുന്നു.

അവതരണം: നൈനാൻ വാകത്താനം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments