Thursday, December 26, 2024
Homeഅമേരിക്കഎഴുത്തുകാരനും അരിക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഇ.സി....

എഴുത്തുകാരനും അരിക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഇ.സി. ഹസ്ക്കറലിയുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം. (അഭിമുഖം 5)

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖ പരമ്പര – (ഭാഗം – 5)

മലബാറിലെ മാപ്പിള മുസ്ലിം സമൂഹത്തിലെ ജാതിബോധത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില ചരിത്ര നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള എഴുത്തുകാരനും അരിക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. ഇ.സി. ഹസ്ക്കറലി . അദ്ദേഹം മാപ്പിള വസന്തം: ചരിത്രവും വർത്തമാനവും, ആദിവാസി ഭാഷ തുടങ്ങിയ കൃതികൾ എഡിറ്റുചെയ്തിട്ടുണ്ട്. രണ്ടുവർഷത്തോളം ഇന്ത്യാവിഷൻ ചാനലിൽ റിപ്പോർട്ടറായും ജോലി ചെയ്തിട്ടുണ്ട്. ഡോ. ഇ.സി. ഹസ്ക്കറലിയുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.
( അഭിമുഖം 5 )


” പുതിയകാലത്തെ എഴുത്തും എഴുത്തുകാരും പൊളിറ്റിക്കലാണ്. ” – ഡോ. ഇ.സി. ഹസ്ക്കറലി .

ചോദ്യം 1
മുസ്ലീങ്ങൾക്കിടയിൽ നിലനിൽക്കുന്ന ജാതിവിവേചനത്തെപ്പറ്റി ധാരാളം എഴുതിയിട്ടുണ്ടല്ലോ. അത്തരമൊരന്വേഷണത്തിലേക്ക് എത്തിച്ചേരാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?

പിഎച്ച് .ഡി . ഗവേഷണ കാലഘട്ടത്തിലാണ് , മുസ്ലിംങ്ങൾക്കിടയിലെ ‘ജാതി’ വിവേചനത്തെ കുറിച്ച് അന്വേഷിക്കുന്നത്. എൻ. പി. മുഹമ്മദിന്റെ കൃതികളെ കുറിച്ചായിരുന്നു ഗവേഷണം. ഹിന്ദുക്കൾക്കിടയിലെ വിവേചനത്തിന്റെ അത്രമേൽ തീവ്രമായ അവസ്ഥയിലല്ല മുസ്ലിംകൾക്കടിയിലെ വിവേചനം.മറ്റൊരുവിധത്തിൽ പറഞ്ഞാൽ തരംതിരിവാണ്. അതേസമയം, ലക്ഷദ്വീപിൽ ഇത് കൃത്യമായ വിവേചനത്തിന്റെ തലത്തിലാണ്.

ഉത്തരേന്ത്യയിലെ മുസ്ലിങ്ങളുടെ സാഹചര്യമല്ല കേരളത്തിലേത്. പണത്തിന്റെയും പദവിയുടെയും തലത്തിലുള്ള തരംതിരിവ് പിന്നീട് അങ്ങോട്ട് തുടർന്നുപോന്നു. ഇസ്ലാമിലേക്ക് പുതുതായി കടന്നുവന്നവർ ( പൂസിലാന്മാർ) ഒസ്സാന്മാർ തുടങ്ങിയവരെ രണ്ടാം തരമായി മാത്രമേ സംഘടിതമായി ഇസ്ലാം മതം സ്വീകരിച്ച മുസ്ലിങ്ങൾ പരിഗണിച്ചൊള്ളു. ഇന്നും മറ്റെല്ലാം മേഖലകളിലും പരിഷ്‌കാരങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതൊരു സാമൂഹിക യാഥാർത്ഥ്യമായി ഇന്നും നിലനിൽക്കുന്നു.ഇന്ത്യൻ സാഹചര്യത്തിൽ ജാതി ഒഴിവാക്കാൻ പറ്റാത്ത ഒന്നായിട്ടുണ്ട്.

ചോദ്യം 2
പല വിദേശ സർവ്വകലാശാലകളിലും പ്രഭാഷണങ്ങൾ നിർവ്വഹിച്ചിട്ടുണ്ടല്ലോ. അവിടെ നിന്നും ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

ഇന്ത്യയ്ക്ക് പുറത്തുള്ള ഓരോ കോൺഫെറെൻസുകളിലും പങ്കെടുക്കുമ്പോൾ ലഭിക്കുന്ന അനുഭവങ്ങൾ വളരെയധികം പ്രയോജനമുള്ളതാണ്. പുറത്തുള്ളവർ ഗവേഷണ വിഷയങ്ങളെ എത്രമാത്രം സൂക്ഷ്മമായും ഗൗരവവുമായിട്ടാണ് കാണുന്നതെന്ന് തിരിച്ചറിയാനുള്ള അവസരമാണിത്.മാത്രവുമല്ല,പുതിയ വിഷയങ്ങളെ കുറിച്ച് അറിയാനും അവസരമുണ്ടാകുന്നു. ലോകത്തിലെ വ്യത്യസ്തരായ ആളുകളുമായി ഇടപെടുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ വ്യക്തിപരമായും നമ്മുടെ വിദ്യാർത്ഥികൾക്ക് എപ്രകാരം പ്രയോജനപ്പെടും എന്നും ആലോചിക്കാനുള്ള അവസരമാണ്. ചുരുക്കത്താൽ,ഓരോ വിദേശയാത്രകളും നൽകുന്ന അനുഭവലോകം സവിശേഷമാണ്.

ചോദ്യം 3
സർവ്വകലാശാലകളിലെ പഠന, ഗവേഷണാനുഭവങ്ങൾ താങ്കളിലെ അക്കാദമീഷ്യനെ രൂപപ്പെടുത്തിയിട്ടുണ്ടോ?

തീർച്ചയായും. പഠിച്ചുകൊണ്ടിരിക്കുന്ന ഏതൊരു ഗവേഷണ-അധ്യാപകനെ സംബന്ധിച്ചേടത്തോളം വ്യത്യസ്ത വിഷയങ്ങളിൽ അവഗാഹം ഉള്ള ആളുകളുമായി പരിചയപ്പെടാനും അവരുടെ അനുഭവങ്ങൾ അറിയാനും നമ്മുടെ അനുഭവങ്ങൾ പങ്കിടാനുമുള്ള അവസരമാണ്.നമ്മുടെ ആശയങ്ങളെ രൂപപെടുത്താനുള്ള അവസരമാണിത്.അതുകൊണ്ടുതന്നെ ഗവേഷണ കാലയളവ് എന്നെ സംബന്ധിച്ചേടത്തോളം വളരെയധികം പ്രയോജനമുള്ള കാലയളവായിരുന്നു,അന്നും ഇന്നും. മാത്രമല്ല, ഞാൻ കാലക്കട്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷണ മാർഗ്ഗദർശിയുമാണ്.ഗവേഷണ വിദ്യാർത്ഥികളുമായി അവരുടെ വിഷയങ്ങളിൽ ചർച്ച ചെയ്യാനും പുതിയ മേഖലകളിലുള്ള അവരുടെ അറിവുകൾ മനസ്സിലാക്കാനും പരമാവധി ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ഞാൻ അവരെ പ്രോത്സാഹിപ്പിക്കാറുമുണ്ട്.

ചോദ്യം 4
സർവ്വകലാശാലകളിലെ നിയമനങ്ങളിൽ താങ്കൾ തഴയപ്പെട്ടു എന്നു കരുതുന്നുണ്ടോ?

സർവകലാശാല നിയമനങ്ങൾ-വാസ്തവത്തിൽ എന്നെ പഠിപ്പിച്ച / തിരിച്ചറിയിച്ച കൂറെ കാര്യങ്ങൾ ഉണ്ട്.അക്കാദമിക യോഗ്യതയെക്കാൾ , നമ്മുടെ ഗവേഷണ വിവരത്തെക്കാൾ, യൂണിവേഴ്സിറ്റി പോസ്റ്റുകൾ നിർണ്ണയിക്കുന്ന വേറെ കൂറെ കാര്യങ്ങളുണ്ടെന്ന യാഥാർഥ്യം , വാസ്തവത്തിൽ അതു വളരെയധികം നിരാശപ്പെടുത്തി.

ചോദ്യം 5
താങ്കളുടെ ഗവേഷണ വിഷയത്തിൻ്റെ വർത്തമാനകാല പ്രസക്തി എന്താണ്?

കുറച്ചു കാലമായി സംസ്കാര പഠന മേഖലയുടെ തലത്തിലാണ് ഞാൻ ഗവേഷണം നടത്തുന്നത്. മാത്രവുമല്ല ഗവേഷണ വിദ്യാർത്ഥികളുമായി വിഷയം ചർച്ച ചെയ്യുമ്പോൾ അത്തരം വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിക്കാറുമുണ്ട്.പൊതുവെ മലയാളത്തിൽ ഇത്തരം വിഷയങ്ങളിൽ താല്പര്യം ഉള്ളവർക്ക് മാർഗനിർദേശകർ കുറവാണെന്ന അഭിപ്രായവും കേൾക്കാറുണ്ട്.ഏതായാലും സംസ്കാര പഠന മേഖലയിൽ മലയാളത്തിൽ ഇനിയും ധാരാളം പഠനങ്ങൾ വരേണ്ടതുണ്ട്.

ചോദ്യം 6.
പുതിയ കാലത്തെ എഴുത്തുകളെയും എഴുത്തുകാരെയും എങ്ങനെ വിലയിരുത്തുന്നു ?

സമകാലികകാലത്തു എഴുത്തുകൾ കൂടുതൽ കൃത്യമാണ്. ആവശ്യമില്ലാത്ത ഏച്ചുകെട്ടുലുകളിലാതെ , പലർക്കും കാര്യങ്ങൾ കൃത്യമായി പറയാൻ സാധിക്കുന്നുണ്ട്. മുന്പെങ്ങുമില്ലാത്ത വിധം പൊളിറ്റിക്കലാണ് എഴുത്തും എഴുത്തുകാരും.അതുകൊണ്ടുതന്നെ വായിക്കുന്നവർക്ക് സൗകര്യമാണ്. സെലെക്ടിവ് ആയി കാണുന്നതുപോലെ സെലക്ടിവ് ആയി വായിക്കാനും കഴിയുന്നുണ്ട്.

ചോദ്യം 7
മലബാറിലെ മാപ്പിള മുസ്ലിങ്ങളുടെ ജാതിയെ പറ്റി പഠിക്കുന്ന പുസ്തകത്തെ കുറിച്ച് ഒന്നു വിശദീകരിക്കാമോ?

മുസ്ലിംങ്ങളുടെ വിശേഷിച്ച് മലബാറിലെ മാപ്പിള മുസ്ലിംങ്ങളുടെ ജാതിബോധത്തെ കുറിച്ച് പഠിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്. യു.ജി.സി. യുടെ മൈനർ പ്രൊജക്ട് എന്ന നിലയിൽ തുടങ്ങിയതായിരുന്നു. വിഷയത്തിലേക്ക് ഇറങ്ങി ചെന്നപ്പോഴാണ് ഇനിയും കൂടുതൽ ഗവേഷണം ആവശ്യമുള്ള ഒന്നാണ് എന്ന മനസ്സിലാക്കുന്നത്. ആവശ്യമായ കൂടുതൽ മാറ്റങ്ങളോടെ ഇംഗ്ലീഷ് വിവർത്തനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ചോദ്യം 8
ആദിവാസി ഭാഷയെ പഠിക്കുവാനുണ്ടായ സാഹചര്യം എന്താണ്?

കേന്ദ്രസാഹിത്യ അക്കാദമിയും കാലിക്കറ്റ് സർവ്വകലാശാലയും സംയുക്തമായി വയനാട്ടിലെ ചെതലയത്തെ ITSR ൽ വെച്ച് ആദിവാസി : ഭാഷാ, സംസ്കാരം എന്നി വിഷയങ്ങളെ മുൻനിർത്തി രണ്ടു ദിവസത്തെ സെമിനാർ കോർഡിനേറ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. |ITSR Institute of Tribal Studies and Research )എന്ന സ്ഥാപനത്തിൻ്റെ പ്രത്യേകത അവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും ആദിവാസി വിഭാഗത്തിൽ ഉള്ളവരാണ് എന്നതാണ്. സെമിനാറും അവിടുത്തെ വിദ്യാർത്ഥികളുടെ ഇടപ്പെടലുകളുമാണ് പിന്നീട് പുസ്തക രൂപത്തിൽ ആ സെമിനാർ പ്രബന്ധങ്ങൾ പുറത്തിറക്കാൻ എനിക്കു പ്രേരകമായത്.

ചോദ്യം 9
9 പുതിയ പുസ്തകങ്ങൾ ഉടൻ പ്രതീക്ഷിക്കാമോ ?

എൻ.പി. മുഹമ്മദിനെ കുറിച്ച് മലയാളത്തിലെ ആദ്യത്തെ പിഎച്ച്. ഡി.ഗവേഷണ പ്രബന്ധം എൻ്റേതാണ്. 2009-ൽ എം.ജി. യൂണിവേഴ്സിറ്റിയിലാണ് ആ പ്രബന്ധം സമർപ്പിച്ചത്.
പല കാരണങ്ങളാൽ വൈകിപ്പോയ ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിൽ ഈ വർഷം പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ.

ചോദ്യം 10
പുതിയ ഗവേഷണ പദ്ധതികൾ എന്തൊക്കെയാണ്?

ഇൻ്റർനാഷണൽ ഗവേഷണ പ്രൊജക്ടുകൾ (ഷോർട് ടേം) ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്.

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments