ക്രിസ്തുമസ്, ദേവാദിദേവനായ യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ഒരു പുണ്യ ദിനമാണ്. ലോകത്തെ രക്ഷിക്കാനായി മാനവ രൂപം ധരിച്ച ദൈവത്തെ വരവേൽക്കുന്നതിന്റെ സന്തോഷം കൊണ്ട് നിറഞ്ഞ ഈ സുദിനം വിശ്വാസികളുടെ ഹൃദയങ്ങളിൽ കരുണയും സ്നേഹവും നിറയ്ക്കുന്നു.
ക്രിസ്തുമസ് നാളുകൾ കുഞ്ഞു സത്പ്രവർത്തികൾ നിറച്ചുകൊണ്ട് ഈശോയ്ക്ക് മനസ്സിൽ പുൽക്കൂട് ഒരുക്കുവാൻ കോൺവെൻറ് സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ ഞങ്ങളെ ഓർമിപ്പിക്കുമായിരുന്നു. അതോടൊപ്പം ഈ നാളുകളിൽ
ദൈവം ഈ ജന്മത്തിൽ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുക, യേശുവിന്റെ ജീവിതം ആദർശമാക്കി സഹജീവികളോട് കരുണയും സ്നേഹവും കാണിക്കുക. ദരിദ്രർക്കും സങ്കടത്തിലായവർക്കും സഹായം നൽകുക, യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങൾ വായിക്കുക, കീർത്തനങ്ങൾ പാടി ദൈവത്തെ മഹത്വപ്പെടുത്തുക,ദൈവിക സമാധാനം നിറഞ്ഞ ഹൃദയത്തോടെ ദൈവ പുത്രനെ വരവേൽക്കുക. കുടുംബവുമായി കൂടിചേർന്ന് ക്രിസ്തുമസ് ആഘോഷിച്ചു കൊണ്ട് ആത്മ ബന്ധങ്ങൾ മുറുക്കുക എന്നിവയെല്ലാം നമുക്ക് ചെയ്യാൻ ശ്രമിക്കാം.
2000ത്തിൽ പരം വർഷങ്ങൾക്ക് മുമ്പേ ജനിച്ച യേശുവിന്റെ ജനനം നാം ആഘോഷമാക്കുമ്പോൾ യേശു ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്, നമ്മുടെ ചുറ്റുമുള്ള സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പരിചിതരുടെയോ ജന്മദിനത്തിൽ പരസ്പരം ആശംസകൾ അർപ്പിക്കുക എന്നത്. ഓരോ മനുഷ്യനെയും സൃഷ്‌ടിച്ച ദൈവം ഓരോ സൃഷ്ടിയ്ക്കും ഓരോ നിയോഗം കല്പിച്ചിരിക്കുന്നു. ആകയാൽ ഓരോ ജനനവും ബഹുമാനിക്കപ്പെടേണ്ടതും ആശംസിക്കപ്പെടേണ്ടതുമാണെന്ന് ക്രിസ്തുമസ് നാളുകളിൽ നമുക്ക് ഓർക്കാം
ക്രിസ്തുമസിനെക്കുറിച്ചുള്ള ബൈബിൾ പരിച്ഛേദങ്ങളിൽ, ഹെറോദേസിന്റെ ശിശുവധം എന്ന സംഭവം ക്രിസ്തുമസിന്റെ പശ്ചാത്തലത്തിൽ ഒരു വേദനാഭരിതമായ അനുസ്മരണമായി നിലകൊള്ളുനന്നു ഹെറോദേസ് രാജാവിന്റെ ഉത്തരവുപ്രകാരം, ബെത്ലഹെമിലും അതിന്റെ പരിസരപ്രദേശങ്ങളിലും 2 വയസ്സിനു താഴെയുള്ള എല്ലാ ആൺകുട്ടികളും കൊല്ലപ്പെട്ടു. അവരിലെ രക്തം ദൈവത്തിന് സാക്ഷ്യമായ അവ്യക്തമായ പ്രാർത്ഥനയായി കരുതപ്പെടുന്നു.
ഇതിലൂടെ ദൈവത്തിന്റെ രക്ഷാപദ്ധതിയിൽ യേശുവിന്റെ ജീവിതം എങ്ങനെ ബലിയായി മാറുമെന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ബലി സൂചന നൽകുന്നു. യേശുവിന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും സന്ദേശം ഇവിടെ മുൻകൂട്ടി വ്യക്തമാക്കപ്പെടുന്നു.
ക്രിസ്തുമസിന്റെ പ്രധാന സന്ദേശം സ്നേഹവും കരുണയും ആയിരുന്നിട്ടും, ഈ സംഭവങ്ങൾ പാപത്തിന്റെ വേദനകളും ലോകത്തിൽ നിന്നുള്ള പീഡനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യരാശിയുടെ പാപത്തെ പൊറുക്കുവാൻ ദൈവ സുതൻ പിറന്നപ്പോൾ ,യേശുവിന്റെ ജനനം പ്രകാശത്തിന്റെ വരവ് എന്നതിനൊപ്പം അതിനെതിരെയുള്ള ഇരുണ്ട ശക്തികളുടെ പ്രവർത്തികൾ മൂലം ഇന്നും ലോകത്തിൽ നിരവധി “നിഷ്കളങ്കരായ ശിശുക്കൾ” അസമത്വത്തിന്റെയും ദ്രോഹത്തിന്റെയും ഇരയാകുന്നു. അവരെ സംരക്ഷിക്കുക നമ്മുടെ ഒരു ആത്മീയ ബാധ്യത കൂടിയാകുന്നു. ക്രിസ്തുമസിനോടനുബന്ധിച്ചുള്ള നിഷ്കളങ്ക രക്തം, ദൈവത്തിന്റെ വലിയ രക്ഷാ പദ്ധതിയിലുള്ള ദൈവമക്കളുടെ പങ്ക് വ്യക്തമാക്കുന്നു
കാലിക സംഭവങ്ങൾ ഓർത്തെടുക്കുമ്പോൾ നമ്മുടെ നാട്ടിൽ ഈയടുത്ത നാളുകളിൽ അടിക്കടി ഉണ്ടായ വാഹന അപകടങ്ങൾ സൂചിപ്പിക്കുന്നത് മറ്റുള്ളവരെ ഒട്ടും ശ്രദ്ധിക്കാത്ത അവരുടെ ജീവന് വില കല്പിക്കാത്ത ഒരു സമൂഹമായി നാം മാറുകയാണ് എന്നതല്ലേ..മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ ജീവിതത്തിന്റെ കരുത്താണ്, മനുഷ്യരുടെ ബന്ധങ്ങൾക്ക് വേരാണത്. ഹൃദയങ്ങൾക്ക് ശാന്തിയുടെ അങ്കണമായി കരുതൽ മാറുന്നു. ക്രിസ്തുമസിലെ സന്തോഷത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ തിന്മകളെ തിരിച്ചറിയാനും അതിനെതിരേ സ്നേഹവും സമാധാനവും പ്രചരിപ്പിക്കാനും ശ്രമിക്കുന്നവരാകാം.
ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം സ്നേഹവും സമാധാനവും ലോകത്തിനു പകരുക എന്നതാണെന്നു തിരിച്ചറിയുമ്പോൾ ഈ ദിനം കൂടുതൽ പരിശുദ്ധമാകുന്നു. സ്നേഹം പകരാം. മനസ്സ് തൊടുന്ന ഒരു പുഞ്ചിരിയിൽ
ഹൃദയത്തിലേക്ക് അലിഞ്ഞുചേരുന്നൊരു മഞ്ഞു തുള്ളി പോലെ…. ദേവാദിദേവനെ വരവേൽക്കാം , ക്രിസ്തുമസിൽ സ്നേഹത്തിന്റെ വെളിച്ചം പരത്താം.
എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ