രതീഷ് – അഴകേറിയ അഭിനയ ശൈലി.
……………………………..
മലയാള സിനിമയിൽ എൺപതുകളുടെ ആദ്യ പകുതിയിലെ നായകസങ്കൽപ്പത്തിന് രൂപം കൊണ്ടും ഭാവം കൊണ്ടും ചന്തം ചാർത്തിയവരിൽ പ്രമുഖൻ തന്നെയായിരുന്നു രതീഷ് എന്ന നടൻ. ഇരുനിറത്തിൽ ഒത്ത ഉയരത്തിൽ നല്ല ശരീരമുള്ള സുമുഖനും സുന്ദരനുമായ യുവാവ് .1954 സെപ്തംബർ 11 ന് ആലപ്പുഴ ജില്ലയിലെ കലവൂരിലാണ് രതീഷിൻ്റെ ജനനം .പിതാവ് പുത്തൻപുരയിൽ ഏ .വി .രാജഗോപാൽ മാതാവ് പത്മാവതി അമ്മ. ഷേർലി, ലൈല എന്നീ രണ്ട് സഹോദരിമാർ. സിനിമയിൽ നായകനായി വെട്ടിത്തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഡയാനയുമായുള്ള അദ്ദേഹത്തിൻ്റെ വിവാഹം ..പാ ർവതി രതീഷ്, പത്മരാജ് രതീഷ്, പത്മരതീഷ്, പ്രണവ് രതീഷ് എന്നീ നാലു മക്കൾ. 2002 ഡിസംബർ 23ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആക്ഷൻ രംഗങ്ങൾക്ക് പുതിയ മികവുകൾ പകർന്ന രതീഷ് വിട വാങ്ങിയത്.
ഇന്നും മലയാള സിനിമയിലെവിടെയൊക്കെയോ ഈ നടൻ അവശേഷിപ്പിച്ചു പോയ ചില ധന്യമുഹൂർത്തങ്ങളുണ്ട്. അവിടെ രാജാവിൻ്റെ മകനിലെ വിൻസെൻ്റ് ഗോമസിസ് തുല്യം നിന്ന ശക്തനായ എതിരാളി കൃഷ്ണദാസുണ്ട്, കമ്മീഷണറിലെ ശാന്തഗംഭീരനായ വില്ലൻ മോഹൻ തോമസുണ്ട്, കാശ്മീരത്തിലെ പട്ടാള ഓഫീസറുണ്ട്, ആയിരം കണ്ണുകളിലെ മാനസിക രോഗിയുണ്ട്, വഴിയോര കാഴ്ചകളിലെ ഐ.പി.എസ് ഓഫീസറുണ്ട്, ഈ നാടിലെ തന്ത്രശാലിയായ രാഷ്ടീയക്കാരനുണ്ട്, അടിമകൾ ഉടമകളിലെ തൊഴിലാളി നേതാവ് സുധാകരനുണ്ട്, അബ്കാരിയിലെ ചാക്കോ എന്ന വാസ്കോ ചാക്കോയുണ്ട്, യുവതുർക്കിയിലെ യുവജന നേതാവ് ധർമ്മനുണ്ട് പ്രേക്ഷകർ രതീഷിലൂടെ കണ്ടതും മറ്റൊരാളെ ആ വേഷത്തിൽ വെറുതെയൊന്നു സങ്കൽപ്പിക്കുക പോലും ചെയ്യാൻ കഴിയാത്ത വിധം അദ്ദേഹം ശ്രദ്ധേയമാക്കിയതുമായ വേറെയും നിരവധി കഥാപാത്രങ്ങളുണ്ട്. അക്കച്ചീടെ കുഞ്ഞുവാവ, ആനയ്ക്കൊരുമ്മ തുടങ്ങി കേരളത്തിലെ കുടുംബങ്ങൾ ആവേശത്തോടെ ഏറ്റെടുത്ത ചിത്രങ്ങൾ ധാരാളമുണ്ടായ കാലവുമുണ്ടായിരുന്നു രതീഷിന്.
തൻ്റെ തട്ടകം അങ്ങ് ഡൽഹിയാണെന്നും പഴയ ഡൽഹിയല്ല എന്ന് പഴയ ഡൽഹിയെ വിവരിച്ച് പുതിയ ഡൽഹിയെ ഉശിരാർന്ന വാക്കുകളിൽ അവതരിപ്പിച്ച് മോഹൻ തോമസ് എന്ന കരുത്തനും അതിബുദ്ധിമാനുമായ വില്ലൻ നായകൻ ഭരത് ചന്ദ്രൻ ഐ.പി. എസിനോട് ശാന്തനായി പറയുന്നു.
“മിസ്റ്റർ ഭരത് ചന്ദ്രൻ ഈ കേരളമെന്ന ഇട്ട വട്ടത്തിൽ കിടന്ന് താങ്കളെപോലെ ഒരു സാധാ പോലീസ് ഓഫീസറോട് തായം കളിക്കാൻ മോഹൻ തോമസിന് സമയമില്ലെന്നല്ല താൽപര്യമില്ല നീയെന്നെ ഒഴിവാക്കിയേക്ക് ”
കമ്മീഷണറിലെ ഈ രംഗം ഒരാളും മറന്നു കാണില്ല. ഭരത് ചന്ദ്രനെ പോലെ തന്നെ മോഹൻ തോമസും അന്ന് ആസ്വാദക മനസ്സിൽ നിറഞ്ഞാടിയതാണല്ലോ . ഇത്രമേൽ ഭംഗിയായി സൗമ്യമായി മലയാള സിനിമയിൽ അതു വരെ ഒരു വില്ലനും നായകനോട് സംസാരിച്ചു കാണില്ല.
ആയുധമെടുത്ത് അട്ടഹസിച്ച് ഗർജ്ജിക്കേണ്ടതില്ല വില്ലൻ എന്ന് നമുക്കും തോന്നിപോയില്ലേ? അതേ ശാന്ത ഭാവത്തിൽ മോഹൻ തോമസ് ഭരത്ചന്ദ്രന് ഒരു താക്കീത് കൂടി നൽകുന്നു.
” ഒരു ചെറിയ വാണിങ്ങുണ്ട് മോഹൻ തോമസുമായി ഒരു യുദ്ധത്തിനാണ് പുറപ്പാടെങ്കിൽ അതിന് ഭരത് ചന്ദ്രൻ ഇന്നു വരെ ശേഖരിച്ചു വെച്ച ആയുധങ്ങളൊന്നും ഒരു പക്ഷേ മതിയായില്ലെന്നു വരും ” ഭരത് ചന്ദ്രൻ അലറി വിളിച്ച്
ഗറ്റൗട്ട് അടിക്കുമ്പോഴും മോഹൻ തോമസ് ഒന്നു പുഞ്ചിരിച്ചു. സത്യം ആ വില്ലൻ പുതുമ തന്നെയായിരുന്നു.
1977 ൽ സ്റ്റാൻലി ജോസ് സംവിധാനം ചെയ്ത “വേഴാമ്പൽ ” എന്ന സിനിമയിലൂടെ രംഗത്തെത്തിയ രതീഷ് 78-ൽ പുറത്തു വന്ന കെ.ജി ജോർജിൻ്റെ ഉൾക്കടലിലൂടെ ശ്രദ്ധിക്കപ്പെട്ടു.മലയാള സിനിമയിൽ പുതു തരംഗം തീർത്ത് ഉദിച്ചുയർന്ന ജയൻ്റെ അകാല വിയോഗത്തിനു ശേഷം ആ സ്ഥാനത്തേക്ക് കടന്നു വന്ന ആക്ഷൻ ഹീറോയായി രതീഷിനെ ഒരു തലമുറ നെഞ്ചേറ്റി. ജയൻ ചെയ്യേണ്ടിയിരുന്ന ഐ.വി.ശശിയുടെ തുഷാരം എന്ന ആക്ഷൻ ചിത്രത്തിൽ രതീഷാണ് ആ വേഷം ചെയ്തത്. പിന്നീട് നായകനായി തന്നെ ധാരാളം സിനിമകൾ പോലീസ് വേഷങ്ങൾ ഈ നടനിൽ ഭദ്രം എന്നൊരു ധാരണ തന്നെ അക്കാലത്തുണ്ടായിരുന്നു. മമ്മുട്ടിക്കൊപ്പമോ ഒരു പണത്തൂക്കം മുന്നിലോ ആയിരുന്നു തുടക്കത്തിൽ ജനപ്രീതി. രതീഷ്, മമ്മുട്ടി എന്ന് സ്ക്രീനിൽ എഴുതി കാണിച്ചിരുന്ന ഒരു കാലം. പക്ഷേ ആ സ്ഥാനം നിലനിർത്തുന്നതിൽ രതീഷ് പരാജയപ്പെട്ടു .പരാജയപ്പെട്ടു എന്ന് പറയുന്നതിനേക്കാൾ അതിനൊന്നും അദ്ദേഹം ശ്രമിച്ചില്ല അല്ലെങ്കിൽ താൽപ്പര്യപ്പെട്ടില്ല എന്ന് പറഞ്ഞാലും തെറ്റില്ല. മമ്മുട്ടിക്ക് അഭിനയം, സിനിമ എല്ലാം ഹരമായിരുന്നു, ആവേശമായിരുന്നു, പ്രതീക്ഷയും സമർപ്പണവും ജീവിതം തന്നെയുമായിരുന്നു. എന്നാൽ
രതീഷിനാകട്ടെ അങ്ങനെയായിരുന്നില്ല എന്നും എല്ലാം ഒരു തമാശ പോലെയായിരുന്നു എന്നു വേണം കരുതാൻ. ദീർഘവീക്ഷണമില്ലായ്മ, കഥയും കഥാപാത്രങ്ങളും, തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയില്ലായ്മ, കൃത്യനിഷ്ഠയില്ലായ്മ, ഒന്നിനേയും ഗൗരവത്തിലെടുക്കാതെയുള്ള ജീവിതം എല്ലാം രതീഷിൻ്റെ കരിയറിനെ നന്നായി ബാധിച്ചു. എൺപതുകളുടെ ആദ്യ പകുതിയിലെ നായകന് രണ്ടാം പകുതിയോടെ പതിയേ മങ്ങലേൽക്കാൻ തുടങ്ങി. മികച്ച സംവിധായകരുടെ സിനിമകളിലൂടെ മികച്ച വേഷങ്ങളിലൂടെ തൊഴിലിനോടുള്ള അർപ്പണബോധത്തിലൂടെ മമ്മൂട്ടി എന്ന നടൻ മലയാള സിനിമയിൽ തിളക്കം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു യാത്ര തുടർന്നു കൊണ്ടിരുന്നു.രതീഷാകട്ടെ രംഗത്ത് നിന്ന് പതിയേ പിന്തള്ളപ്പെട്ടു. അതിലൊന്നും രതീഷിന് വിഷമമുണ്ടാകാനിടയില്ല. അദ്ദേഹം അക്കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് സങ്കടപ്പെട്ടിട്ടുമുണ്ടാവില്ല. സൗഹൃദങ്ങൾ ഏറെ പ്രിയമായിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു രതീഷ് എന്നും എക്കാലത്തും മമ്മുട്ടിയുൾപ്പെടെയുള്ള സഹപ്രവർത്തർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹമെന്നും എവിടെയെല്ലാമോ വായിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലെ തിരക്കുകളിൽ നിന്നകന്ന് തമിഴ്നാട്ടിലെ തേനിയിൽ സ്ഥലം വാങ്ങി രതീഷ് കർഷകനായി. വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നു .അപ്പോഴേക്കും വേഷങ്ങൾ മാറി മറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷേ എക്കാലത്തും മലയാളിക്ക് ഓർത്തുവെക്കാൻ വിധം കാമ്പുള്ള വില്ലൻ വേഷങ്ങൾ ഏറെയും പിറന്നത് ആ രണ്ടാം വരവിലാണ്. ഏത് കാലത്തും ആർക്കൊപ്പം നിന്നാലും പല പ്രത്യേകതകൾ കൊണ്ട് രതീഷ് വേറിട്ട് തന്നെ നിൽക്കുമായിരുന്നു. രതീഷിനെ പ്രേക്ഷകർ ശ്രദ്ധിക്കുമായിരുന്നു രതീഷിലെ അഭിനേതാവിന് എന്തൊക്കെയോ പ്രത്യേകതയും വശ്യതയും ഉണ്ടായിരുന്നു. അക്കാലത്ത് സ്വന്തമായി ആരാധകവൃന്ദമുള്ള നായകരിൽ മുൻപന്തിയിൽ തന്നെ അദ്ദേഹം സ്ഥാനമുറപ്പിക്കുകയും ചെയ്തിരുന്നു. തൻ്റെ മക്കളേയും കൊണ്ടുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന രുചികരമായ ഭക്ഷണം അവർക്കൊപ്പം അത് റോഡരികിലെ ചെറിയ കടകളിൽ നിന്നു പോലും കഴിക്കാനിഷ്ടപ്പെട്ടിരുന്ന രതീഷിനെ കുറിച്ച് മക്കളുൾപ്പെടെ പലരും അഭിമുഖങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട്. നടൻ ജോണി ഒരു അഭിമുഖത്തിൽ രതീഷിനെ കുറിച്ച് പറഞ്ഞത് ഓർമയിൽ വരുന്നു. അവനൊന്നിനേയും മുഖവിലക്കെടുക്കുമായിരുന്നില്ല കടുത്ത പ്രമേഹരോഗിയായിരുന്നപ്പോഴും യാത്രകളിൽ ഞാലി പൂവൻ പഴവും മുന്തിരിയുമൊക്കെ ധാരാളം വാങ്ങി കഴിച്ചു കൊണ്ടേയിരിന്നുവെന്ന്. അനുഭവത്തിൽ നിന്നു തന്നെയാവുമല്ലോ ആ വാക്കുകൾ.
ഒന്നിനെ കുറിച്ചും അമിത ആശങ്കകളില്ലാതെ രതീഷ് തൻ്റെയിഷ്ടം പോലെ ജീവിച്ചു.അതിനിടയിൽ നാൽപ്പത്തെട്ടാം വയസ്സിൽ ജീവിതത്തിൽ നിന്നു യാത്രയും പറഞ്ഞു. സമ്പന്ന കുടുംബത്തിൽ ജനിച്ച് നല്ല പ്രായത്തിൽ തന്നെ സിനിമയിലെത്തി നല്ല തുടക്കം ലഭിച്ച് നായകനായി തിളങ്ങി ഒരു തലമുറയെ നന്നായി സ്വാധീനിച്ച് നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച് ആരാധകർക്ക് പ്രിയങ്കരനായി ,ലഭിച്ച കഥാപാത്രങ്ങൾക്കെല്ലാം തൻേറതായ ശൈലിയിൽ മിഴിവു പകർന്ന് പടിയിറങ്ങി പോയ ആ നടനെ ഇന്നും ഉള്ളിൻ്റെയുള്ളിൽ കൊണ്ടു നടക്കുന്നവരുണ്ട്. നല്ല ഓർമ്മകളിൽ അദ്ദേഹത്തിൻ്റെ അഭിനയ മികവിനെ സൂക്ഷിക്കുന്നവരുണ്ട്. അതി മനോഹരമായ പുഞ്ചിരിയും ആരേയും ആകർഷിക്കുന്നു പൂച്ച കണ്ണുകളും ആരുമായും സാമ്യമില്ലാത്ത സ്വന്തം അഭിനയശൈലിയുമായി മലയാള സിനിമയിലെ നായകരൂപത്തിനും ആക്ഷൻ ഹീറോ സങ്കൽപ്പത്തിനും ഒരു കാലഘട്ടത്തിൽ മാറ്റുകൂട്ടിയ ഈ നടൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം .
നല്ല അവതരണം
മലയാളി ഏറെ സ്നേഹിച്ച വില്ലൻ അതായിരുന്നു രതീഷ്
മനോഹരം
