ആമ്പല്ലൂർ: അളഗപ്പനഗർ എൻ.ടി.സി. മിൽ മൈതാനത്ത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ബി ഡിവിഷൻ മത്സരത്തിൽ ഒരു ഇരട്ട സെഞ്ചുറി പിറന്നപ്പോൾ രണ്ടാമനായത് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പെരുമ്പിലാവ് സ്വദേശി പ്രിൻസ് ആലപ്പാട്ട് എന്ന 35 കാരനാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകൃത ട്വന്റി-20 മത്സരത്തിൽ ഇരട്ട സെഞ്ചുറിയെന്ന അപൂർവനേട്ടം കരസ്ഥമാക്കിയത്. തൃശ്ശൂർ ഒക്ടോപാൽസ് ക്ലബ്ബും ഉദ്‌ഭവ് സ്പോർട്‌സ് ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു പ്രിൻസിന്റെ പ്രകടനം.
ഒക്ടോപാൽസിനു വേണ്ടി ഓപ്പണറായി ബാറ്റു ചെയ്യാനിറങ്ങിയ പ്രിൻസ് 73 പന്തിൽ 15 സിക്സും 23 ഫോറുമുൾപ്പെടെ 200 റൺസ് നേടി. 19 -ാം ഓവറിൽ രണ്ടാംപന്തിലാണ് പ്രിൻസ് ഇരട്ട സെഞ്ചുറി തികച്ചത്. മത്സരം ഒക്ടോപാൽസ് 122 റൺസിനു വിജയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ നേടിയ 175 റൺസാണ് നിലവിൽ അംഗീകൃത ട്വന്റി-20യിലെ ഉയർന്ന വ്യക്തിഗത സ്കോർ. പ്രിൻസിന്റെ പ്രകടനത്തോടെ ഗെയ്‌ലിന്റെ റെക്കോഡ് പഴങ്കഥയായി.
വെസ്റ്റിൻഡീസ് താരം റഹിം കോൺവാൾ അറ്റ്‌ലാന്റ ഓപ്പണിൽ ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും അംഗീകൃത ടൂർണമെന്റ് അല്ലാതിരുന്നതിനാൽ ക്രിക്കറ്റ് റെക്കോഡുകളിൽ രേഖപ്പെടുത്തിയിട്ടില്ല.
12 വർഷമായി തൃശ്ശൂർ ദേവമാതാ സ്കൂളിലെ ക്രിക്കറ്റ് പരിശീലകനായ പ്രിൻസ് എട്ടു വർഷമായി ഒക്ടോപാൽസിനു വേണ്ടി കളിക്കുന്നു. ക്ലബ്ബിനു വേണ്ടി മുമ്പും സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും ഇരട്ട സെഞ്ചുറി ആദ്യമാണ്. സ്വന്തമായി മികച്ച പരിശീലകനെ കിട്ടാതിരുന്നതിൽ നിരാശയുണ്ടെന്ന് പറയുന്ന പ്രിൻസ് നല്ല കോച്ചായി തുടരാനാണ് താൽപര്യം എന്നു പറയുന്നു. ഭാര്യ നർത്തകി കൂടിയായ ആഗ്നസ്. മക്കൾ എബ്രഹാം, ഐസക്, ഇമാക്വിലിൻ.