പോര്‍ച്ചുഗലിലെ പ്രധാന ചലച്ചിത്രമേളയില്‍ മികച്ച നടനായി ടൊവിനോ; മലയാള സിനിമയ്ക്ക് അഭിമാനമായത് ഡോ ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തില അഭിനയം; അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി നടന്‍
പോര്‍ച്ചുഗല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പുരസ്‌കാര നിറവില്‍ ടൊവിനോ തോമസ്. 44ാം ഫന്റാസ്പോര്‍ട്ടോ ചലച്ചിത്ര മേളയിലാണ് മികച്ച നടനായി ടൊവിനോ തോമസിനെ തിരഞ്ഞെടുത്തത്. ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങള്‍’ എന്ന സിനിമയിലെ അഭിനയത്തിനാണ് ടൊവിനോയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫന്റാസ്പോര്‍ട്ടോ മേളയിലാദ്യമായാണ് ഒരു ഇന്ത്യന്‍ നടനെ മികച്ച നടനായി തിരഞ്ഞെടുക്കുന്നത്.
ഫന്റാസ് പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 44-ാമത് പതിപ്പിലാണ് ടൊവിനോയെ മികച്ച നടനായി തിരഞ്ഞെടുത്തത്.ഏഷ്യന്‍ സിനിമകള്‍ക്കായുള്ള പ്രധാന മത്സര വിഭാഗത്തിലും ഓറിന്റ് എക്‌സ് പ്രസ് വിഭാഗത്തിലും മാര്‍ച്ച് 7 നായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈവര്‍ഷം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും അദൃശ്യ ജാലകത്തിനുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം തേടി എത്തിയ വിവരം ടൊവിനോ തോമസ് ആരാധകരുമായി പങ്കുവച്ചു.
അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിലെ വേഷത്തിന്, പോര്‍ച്ചുഗലില്‍ നടന്ന ഫന്റാസ്‌പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടാനായതില്‍ അങ്ങേയറ്റം ആദരവും അഭിമാനവും തോന്നുന്നു. അവരില്‍ നിന്ന് വളരെ ദൂരെയായിരുന്നിട്ടും ഈ ചിത്രത്തിന് ഊഷ്മളമായ സ്വീകരണവും അംഗീകാരവും ലഭിച്ചത് ശ്രദ്ധേയമാണ്. ‘അദൃശ്യ ജാലകങ്ങള്‍’ എത്ര മഹത്തായ അദ്ധ്യായമാണ്. എനിക്ക് ആ കഥാപാത്രം നല്‍കിയതിന് സിനിമയുടെ ഭാഗമായ എല്ലാവരോടും, പ്രത്യേകിച്ച് എന്റെ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ഈ സിനിമയുടെ വിജയം തുടരട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും,’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.
400 ലധികം ചിത്രങ്ങളാണ് ഈവര്‍ഷത്തെ ഫന്റസ്പോര്‍ട്ടോ ഫിലിം ഫെസ്റ്റിവലില്‍ മത്സരിച്ചത്. അതില്‍ 32 രാജ്യങ്ങളില്‍നിന്നുള്ള 90 ഫീച്ചര്‍ ഫിലിമുകളാണ് തിരഞ്ഞെടുത്തത്.