പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരേ
നക്ഷത്രക്കൂടാരത്തിലേക്ക് ഒരിക്കൽക്കൂടെ ഹൃദ്യമായ സ്വാഗതം.
എല്ലാവർക്കും സുഖമെന്നാണ് മാഷ് കരുതുന്നത്. വേനലവധി പകുതിയും കടന്നുപോയി. നിങ്ങൾ എന്തെല്ലാം കളികളിൽ ഏർപ്പെട്ടു? എത്ര പുസ്തകങ്ങൾവായിച്ചു.? ഉല്ലാസയാത്രകൾക്കും സിനിമയ്ക്കുമൊക്കെ പോയില്ലേ? ഇനി അടുത്ത അധ്യയന വർഷത്തിലേക്കുള്ള തയ്യാറെടുപ്പിൻ്റെ നാളുകളാണ് എന്നു മറക്കരുത്. പുതിയ ക്ലാസ്സിലേയ്ക്കുള്ള യാത്ര അവസ്മരണീയമാക്കണം.
ഇന്ന് മെയ് മൂന്ന്. ലോക പത്രസ്വാതന്ത്ര്യദിനമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പൊൻ നാവുകളാണ് പത്രങ്ങൾ. ജനാധിപത്യത്തിൻ്റെ, സാമൂഹ്യ സേവനത്തിൻ്റെ കാവൽക്കാരുമാണ്.
ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും മേയ് മൂന്നിന്
ലോകപത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ ഏർപ്പെടുന്നതിനിടയിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.
ഇന്നേ ദിവസം തന്നെയാണ് ലോകസൗരോർജ്ജ ദിനവും നമ്മൾ കൊണ്ടാടുന്നത്.
സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ
174 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകൾതട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.ഇതിൽ ഏകദേശം മുപ്പത് ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടും. ബാക്കിയുള്ളത് മേഘങ്ങൾ, സമുദ്രങ്ങൾ, കരപ്രദേശങ്ങൾ എന്നിവ ആഗിരണം ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ വർണ്ണരാജിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ദൃശ്യപ്രകാശവും ഇൻഫ്രാറെഡ് രശ്മികളും, അൾട്രാവയലറ്റ് കിരണങ്ങളുടെ ചെറിയൊരു ഭാഗവും ആണ്.
ഭൂമിയിലെ കരപ്രദേശങ്ങളും സമുദ്രങ്ങളും സൗരവികിരണം ആഗിരണം ചെയ്യുമ്പോൾ അവയുടെ ഊഷ്മാവ് വർദ്ധിക്കുന്നു. സമുദ്രങ്ങളുടെ ഉപരിതലത്തിലെ നീരാവി കലർന്ന ചൂടുപിടിച്ച വായു ഉയർന്ന് പൊങ്ങി ഊഷ്മാവ് കുറഞ്ഞ ഭാഗത്തെത്തുമ്പോൾ നീരാവി ഘനീഭവിച്ച് മേഘങ്ങളാവുന്നു. അവ മഴയായി ഭൂമിയിലേക്ക് പതിക്കുന്നു, ഇങ്ങനെ ജലചംക്രമണം പൂർത്തിയാകുന്നതിനിടയയ്ക്കുള്ള മാറ്റങ്ങളാണ് കാറ്റ്, ചക്രവാതം, പ്രതിചക്രവാതം തുടങ്ങിയവയ്ക്ക് കാരണമാകുന്നത്. കരയും സമുദ്ര ഭാഗങ്ങളും സ്വീകരിക്കുന്ന സൗരതാപം ഭൂമിയുടെ ഉപരിതലത്തിന്റെ ശരാശരി താപനില 14° സെൽഷ്യസായി നിലനിർത്തുന്നു. സസ്യങ്ങൾ പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ സൗരോർജം രാസോർജ്ജമായി മാറ്റുന്നു, ഇത് മറ്റ് ജീവികൾക്കുകൂടി ഭക്ഷണസ്രോതസ്സാകുന്നതോടൊപ്പം ജൈവാശിഷ്ടങ്ങളായും മാറുന്നു.ഇതിൽ നിന്നാണ് ഫോസിൽ ഇന്ധനങ്ങൾ രൂപപ്പെടുന്നത്.
ഇങ്ങനെ ജീവൻ്റെ നില്പിനെന്നപോലെ ഇപ്പോൾ മനുഷ്യൻ്റെ ദൈനംദിന ഊർജ്ജോപയാേഗത്തിനും സൗരോർജ്ജം ഭീമമായ പങ്ക് വഹിക്കുന്നുണ്ട് എന്നറിയുക.. പ്രകൃതി സംരക്ഷണത്തിൻ്റെ അനിവാര്യത ഇവിടെയും നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇനി മാഷെഴുതിയ ഒരു ചെറു കവിതയായാലോ?
😿😿😿😿😿😿😿😿😿😿😿
എലിയും പൂച്ചയും
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ
വെട്ടം കണ്ടാലോടുന്നു.
ഞെട്ടിച്ചാടിയെണീറ്റൊരു പൂച്ച –
ക്കുട്ടിയുമങ്ങോട്ടോടുന്നു
ഉറിമേൽ കയറിമറിഞ്ഞിട്ടങ്ങനെ
ഉയിരും കൊണ്ടലിപായുന്നു.
എലിയെകണ്ടൊരു പൂച്ചക്കുട്ടി
കലിയോടങ്ങൊടു ചാടുന്നു
ചട്ടിക്കലവും കറിയും ഉറിയും
പൊട്ടിത്താഴേയ്ക്കെത്തുന്നു
ചാടിയപൂച്ച ചോടുംതെറ്റി
മോന്തേം കുത്തി തരികിട തോം.
കവിത ഇഷ്ടമായോ? എന്നാലിനിയൊരു കഥയാവാം. കഥ പറയാനെത്തുന്ന അധ്യാപിക മലപ്പുറം ജില്ലയി|ൽ മഞ്ചേരിക്കടുത്ത കരിക്കാട്ടുകാരിയാണ് – സത് മ ട്രീസ ടീച്ചർ. ഇപ്പോൾ മലപ്പുറം ഊരകത്തുള്ള സെന്റ് അൽഫോൻസ പബ്ലിക് സ്ക്കൂളിലെ അധ്യാപികയാണ്, വല്ലപ്പോഴുമൊക്കെ കഥയും കവിതയുമെഴുതും. എഴുതാൻ വല്ലാത്ത മടിച്ചിയാണ്. രണ്ടു മിടുക്കിക്കുട്ടികളുടെ അമ്മയായ ടീച്ചർ മലപ്പുറം സെന്റ്. ജെമ്മാസ് ഹയർ സെക്കന്ററി സ്ക്കൂൾ അധ്യാപകനായ ഭർത്താവ് ജസ്റ്റിൻ, മക്കളായ ആൻഡ്രിയ, ഇവാനിയ എന്നിവരുമൊത്ത് മലപ്പുറത്ത് കരിക്കാട്ട് താമസിക്കുന്നു…..
സത് മ ട്രീസ ടീച്ചർ നിങ്ങൾക്കു വേണ്ടി എഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.
💥💥💥💥💥💥💥💥💥💥💥
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
നൂൽപ്പാലം
******************
വെള്ളച്ചാട്ടത്തിനു കുറുകെ കമ്പി വലിച്ചുകെട്ടി അതിനു മേലെക്കൂടി നടക്കുകയാണ് സാഹസികനായ ഒരു അഭ്യാസി. ചുറ്റുംകൂടിയവർ ആകാംക്ഷയോടെ അത് നോക്കി നിന്നു. അയാൾ ഒന്നു ചരിയുമ്പോഴും വഴുതുന്നു എന്ന തോന്നുമ്പോഴുമൊക്കെ ശ്വാസം അടക്കിപ്പിടിച്ചു നില്ക്കുന്ന ജനങ്ങൾ ഭയന്ന് വിളിച്ചുകൂവിപ്പോകും.
എതായാലും നൂൽപാലത്തിലൂടെയുള്ള യാത്ര മറുകരയിലെത്തി അവസാനിച്ചപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.
ആ സമയത്ത് ആൾക്കൂട്ടത്തിൽ നിന്ന് ഒരു ചോദ്യം ഉയർന്നു.
”ഒരാളെക്കൂടെ താേളിലെടുത്തുകൊണ്ട് നൂൽ പാലത്തിലൂടെ നടക്കാമോ?”
സാഹസികനായ ആ മനുഷ്യൻ അതു സമ്മതിച്ചു. അയാൾ വിളിച്ചു പറഞ്ഞു ”ധൈര്യമുള്ളവരാരെങ്കിലും മുന്നോട്ടു വരിക. ”
എന്നാൽ വെല്ലുവിളി സ്വീകരിക്കാൻ കാഴ്ചക്കാരാരും എത്തിയില്ല. വിളിച്ചു ചോദിച്ച വ്യക്തിയെ കാണാൻപോലുമില്ല.
അപ്പോൾ ഒരു കൊച്ചു കുട്ടി മുന്നോട്ടു വന്നു. അവൻ അയാളുടെ തോളിൽ കയറി. കഴുത്തിൽ കെട്ടിപ്പിടിച്ച് ആളുകളേയും നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു.
അഭ്യാസി പഴയതുപോലെ കുട്ടിയെയും തോളിലേറ്റി മറുകരയിൽ എത്തി. അവിടെ ഓടിക്കൂടിയ ആളുകൾ ആ കൊച്ചുകുട്ടിയെ പൊതിഞ്ഞു. ആഘോഷത്തോടെ ആർപ്പുവിളികളോടെ അവനെ പൊക്കിയെടുത്തു.
”നിനക്ക് എങ്ങനെ കിട്ടി മോനേ ഇത്രയും ധൈര്യം?”
” അതിന് ഞാനെന്തിനാ പേടിക്കുന്നത്? ഇതെന്റെ പപ്പയാണ്. ”
കുഞ്ഞ് നിഷ്ക്കളങ്കമായി ചിരിച്ചു.
സ്നേഹത്തിന്റെ നൂൽപ്പാലം വിശ്വസ്തതയുടേതു കുടെയാണ് എന്ന് പ്രഖ്യാപനമായിരുന്നു കുഞ്ഞിൻ്റെ നിഷ്ക്കളങ്കമായ പുഞ്ചിരി.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
സത് മ ട്രീസ പി. യുടെ കഥ നിങ്ങൾക്ക് ഇഷ്ടമായല്ലോ അല്ലേ? ഇനി ഒരു നല്ല കുഞ്ഞിക്കവിതയുമായി വരുന്നത് കുഞ്ഞുങ്ങൾക്കായി ധാരാളമെഴുതിയിട്ടുള്ള
ശ്രീ.എ.ബി.വി. കാവിൽപ്പാട് സാറാണ്. പാലക്കാട് റെയിൽവേ ഡിവിഷൻ ചീഫ് കൺട്രോളറായി വിരമിച്ച അമ്മത്തിൽ ബാലൻ നായരുടെയും കാവിൽപ്പാട് ഗവ: എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപികയായി വിരമിച്ച മുരിങ്ങമല കുന്നത്ത് കമലാക്ഷിയുടെടെയും മകനാണ് ശ്രീ. എബിവി കാവിൽപ്പാട്
17-ാം വയസ് മുതൽ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങി. 1981 മുതൽ പ്രൈമറി അദ്ധ്യാപകനായിരുന്നു. പ്രധാനാദ്ധ്യാപകനായിരിക്കെ 2017ൽ സർവീസിൽ നിന്നും സ്വയം വിരമിച്ചു. ബാഹു സാഹിത്യം, ഹാസ്യസാഹിത്യം, പുരാണം, പുനരാഖ്യാനം, റഫറൻസ് എന്നീ മേഖലകളിലായി നൂറ്റിമുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ കുട്ടികൾക്കുള്ള കുട്ടിക്കുറുമ്പുകൾ മാസികയുടെ പത്രാധിപരായും, മേഴത്തൂർ കെ.കെ.ബുക്സിന്റെ പ്രസാധകനായും പ്രവർത്തിച്ചുവരുന്നു.
വട്ടേനാട് GHSS ലെ സംസ്കൃതം അദ്ധ്യാപികയായ ജയലക്ഷ്മിയാണ് ഭാര്യ.
അധ്യാപികയായ ഡോ.ഐശ്വര്യ വി.ഗോപാൽ,ആരതി വി.ഗോപാൽ എന്നിവരാണ് മക്കൾ.
മാധ്യമപ്രവർത്തകനായശരത്, എഞ്ചിനീയറായ ശ്രീനാഥ് എന്നിവർ മരുമക്കളുമാണ്.
വട്ടേനാട് GHSS ലെ സംസ്കൃതം അദ്ധ്യാപികയായ ഭാര്യ ജയലക്ഷ്മിയാേടൊത്ത് പാലക്കാട് മേഴത്തൂർ ലക്ഷ്മി നിവാസിൽ താമസിക്കുന്നു.
ശ്രീ. എ.ബി.വി. കാവിൽപ്പാട് എഴുതിയ കവിതയാണ് താഴെ കൊടുക്കുന്നത്.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🌲🌲🌲🌲🌲🌲🌲🌲🌲🌲
അമ്മ മലയാളം
അമ്മതൻ ഉമ്മയാം സ്നേഹം പോലെ
ആദ്യാക്ഷരമെനിക്കെന്റെഭാഷ
ഇന്ദ്രിയ നിർവൃതിയേകും ഭാഷ
ഈരടിച്ചിന്തിന്റെതാളഭാഷ
ഉള്ളതു ചൊല്ലട്ടെയെന്റെഭാഷ
ഊഴിയിലെങ്ങുമേ ശ്രേഷ്ഠ ഭാഷ
ഋതുഭേദമാറ്റങ്ങളേല്ക്കാ ഭാഷ
എന്നെന്നുമാശ്രയമെന്റെഭാഷ
ഏറെ പ്രിയമെനിക്കെന്റെഭാഷഐക്യം
വിളക്കുന്ന പൊന്നു ഭാഷ
ഒന്നെന്നുരിയാടുമെന്റെഭാഷ
ഓർമ്മയുണർത്തുമെൻ മാതൃഭാഷ
ഔചിത്യബോധങ്ങളേകും ഭാഷ
അംബരത്തോളമെൻ മാതൃഭാഷ
അറിയുക നമ്മൾ തൻ മലയാളത്തെ
അമ്മതൻ വാത്സല്യ ദുഗ്ദ്ധമതായ്!!
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
നമ്മുടെ മാതൃഭാഷയായ മലയാളത്തെക്കുറിച്ചുള്ള ഈ കവിത രസകരമല്ലേ ? കാവിൽ പ്പാട് സാർ അതിലൊരു സൂത്രം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഓരോവരിയുടെയും ആദ്യാക്ഷരങ്ങൾ മലയാളത്തിലെ സ്വരങ്ങളാണ്. ഇനി നമുക്കൊരു കഥയായാലോ. ഒരു കുഞ്ഞിക്കഥ ? കഥ പറയാനെത്തുന്ന മാമനാരെന്നറിയേണ്ടേ? മാഷിൻ്റെ കൂട്ടുകാരനാണ്. കുട്ടികൾക്കുവേണ്ടി ധാരാളം കഥകളും എഴുതുന്നയാളാണ്. പാലക്കാട്ടുകാരനുമാണ് – ആരെന്നല്ലേ ! നിങ്ങൾ കേട്ടിട്ടുണ്ടാവും തീർച്ച -ശ്രീ. രാമകൃഷ്ണൻകുമരനല്ലൂർ.
പി.വി.ശൂലപാണി വാരിയരുടെയും സി.വി.പത്മാവതി വാരസ്യാരുടെയും മകനാണ്.
ശ്രീ.രാമകൃഷ്ണൻ കുമരനല്ലൂർ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അദ്ദേഹം ജനിച്ചത്..
ജി.എൽ.പി.എസ് – ജി.എച്ച്.എസ്.എസ് കുമരനല്ലൂർ, എസ്.എൻ.ജി.എസ് കോളെജ് പട്ടാമ്പി, എസ്.വി.ജി.ടി.ടി.ഐ ആനക്കര എന്നിവിടങ്ങളിൽ പഠിച്ചു.
ബാലസാഹിത്യ കൃതികൾ : കൊക്കരക്കോ, സ്നേഹപ്പൂവ്, തൂവൽ, കഞ്ഞുകവിതകൾ, ഒരു തുമ്പച്ചെടിയുടെ ആത്മകഥാകാവ്യം ( കഥാകാവ്യം )
ഈച്ചേം പൂച്ചേം,രണ്ടു മുത്തശ്ശിക്കഥകൾ,ചെറിയ മുത്തശ്ശിക്കഥകൾ, മുത്തശ്ശിക്കഥകൾ,ഔട്ട് ഓഫ് കവറേജ് ഏരിയ,തുടച്ചാം പോൽ നക്യാം പോൽ ( കഥ ) കുടയെന്തിനാ?ഒരു ഡയറിക്കുറിപ്പ്,കഷ്ടം !എൻ്റെ വീട്, എൻ്റെ കാക്ക, കൊറ്റിയും കൊതുകും മരങ്കൊത്തിയും ഉപ്പുവിറ്റ കഥ ( ചിത്രപുസ്തകം) കൊച്ചുരാജകുമാരൻ, കിഴവനുംകടലും, പിനോഖോ,മുന്തിരി, കാബൂളിവാലയും മറ്റു കഥകളും , (പുനരാഖ്യാനം) തേൻകുടുക്ക (എഡിറ്റു ചെയ്തത് )തമിഴിൽ മൂന്നു പുസ്തകങ്ങളുടെ വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റു കൃതികൾ : തേയ, അറിയാ പൂമണങ്ങളേ, ചെരിഞ്ഞ കുട.
NCERT ദേശീയ പുരസ്കാരം,കഥയ്ക്കും കവിതയ്ക്കു മുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ,ജോ സഫ് മുണ്ടശ്ശേരി അവാർഡ്, അദ്ധ്യാപകലോകം അവാർഡ്,കുട്ടികളുടെ മികച്ച തിരക്കഥയ്ക്കുള്ള എസ്.ഐ.ഇ.ടി അവാർഡ് – കെ.എഫ്.എ.സി. അവാർഡ്, ഡോ.കെ.ദാമോദരൻ അവാർഡ്, ലേബർ ഇന്ത്യ അവാർഡ് ഇങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
‘യുറീക്ക’ശാസ്ത്ര മാസികയുടെ പത്രാധിപരായിരുന്നു. അദ്ധ്യാപകൻ.
ഭാര്യ കെ.സിന്ധുവിനോടും, മകൻ പി.വി.ഗൗതമിനോടുമൊന്നിച്ച് പാലക്കാട്
കുമരനല്ലൂരിലെ പുത്തൻ വാരിയത്ത് താമസിക്കുന്നു.
ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂർ എഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
കഥ നടന്നത്
ഒരിടത്ത് ഒരു കഥയുണ്ടായിരുന്നു.
ഒരു കുഞ്ഞിക്കഥ.
തന്നെപ്പറ്റി ആരും ആരോടും പറഞ്ഞു കൊടുക്കാത്തതിൽ വി ഷമിച്ചു കഴിയുന്ന ഒരു കഥ,
മനസ്സു മടുത്ത് അതങ്ങനെ ഇറങ്ങി നടക്കാൻ തുടങ്ങി. എല്ലായിടത്തും ബഹളമാണ് ആരും തന്നെ ശ്രദ്ധിക്കുന്നില്ല.
സ്കൂളിലേക്ക് കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന വാഹനങ്ങളിൽനിന്ന് ചില കുഞ്ഞിക്കണ്ണുകൾ മാത്രം ഇടയ്ക്ക് ഒന്ന് എത്തിനോക്കി. ആദ്യം കണ്ട വർണ്ണപ്പകിട്ടുള്ള ഒരു വീട്ടിലേക്ക് കഥ കയറി. ഗേറ്റിനകം മുതൽ വീടിനകം വരെ വല്ലാത്ത മിനുപ്പായിരുന്നു. തനിക്ക് പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് കഥയ്ക്ക് സംശയം തോന്നി. മുറിക്കകത്തെ ടിവിക്ക് മുൻപിൽ കുട്ടികൾ കൂട്ടംകൂടി ഇരിക്കുന്നുണ്ടായിരുന്നു.
ബൊമ്മയെപ്പോലെ അനങ്ങാതെ ഇരിക്കുന്ന ഒരു കുട്ടിയുടെ അടുത്തെത്തി കഥ ചോദിച്ചു..
‘ ഞാൻ കഥയാണ്.എന്നെ വേണ്ടേ?
” കത..വാട്ട് കതാ ?”
അവൻ ഷൂസിട്ട കാലുകൊണ്ട് ഒരു തട്ടു കൊടുത്തു.
അങ്ങനെ കഥ വീണ്ടും തെരുവിലായി. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
പിന്നെയും ഒരുപാടു നടന്നപ്പോൾ തോടിന്റെ കരയിൽ ഒരു ചെറിയ വീട് കണ്ടു.
മുറിക്കുള്ളിൽ അമ്മ ഒരു കുട്ടിയെ ഉറക്കുകയായിരുന്നു. കഥ കേൾക്കാൻ കുട്ടി വാശിപിടിക്കുന്നുണ്ടായിരുന്നു.
“മോന് അറിയാത്ത ഒരു കഥയും ഈ അമ്മയ്ക്ക് പറയാൻ അറിയില്ല. ഉറങ്ങിക്കോളൂ.”
അമ്മ പറഞ്ഞു.
അപ്പോഴാണ് നമ്മുടെ കുഞ്ഞിക്കഥ അവിടെ എത്തിയത്. ആ നല്ല കഥയെ അമ്മ വാരിയെടുത്ത് നെഞ്ചോടു ചേർത്തു..
എങ്ങനെയുണ്ട് രാമകൃഷ്ണൻ കുമരനല്ലൂരിൻ്റെ കഥ?
ഫോണും ടി.വിയും മാത്രം കണ്ട് വായന നഷ്ടപ്പെട്ട ആധുനിക വിദ്യാർത്ഥികളുടെ പ്രതീകമാണ് ബൊമ്മയെപ്പോലെ ഇരിക്കുന്ന കുട്ടി. ഒരുത്തരും വായിക്കാതെ, പറയാതെ, അറിയപ്പെടാതെ അറിവുകളങ്ങനെ ഈ കഥയെപ്പോലെ പുറം കാൽത്തൊഴിയേറ്റ് തെരുവിലാവുന്നു. കഥയെ നെഞ്ചോടു ചേർത്ത അമ്മയെപ്പോലെ നമുക്കും പുസ്തകങ്ങളെ നെഞ്ചോടു ചേർക്കാം.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
നല്ല കവിതയുമായി കടന്നു വരുന്നത് എം.എസ്. റസിലി എന്ന ടീച്ചറാണ്.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമത്തിൽ എം എസ് സോമന്റെയും ബി. ലളിതയുടെയും മകളാണ് റസിലി ടീച്ചർ
കിഴക്കനേല ഗവൺമെന്റ് എൽ.പി.എസ്, പാലക്കോട് ഗവൺമെന്റ് എൽ. പി. എസ്.,വിവേകോദയം യു.പി.എസ്, പൂയപ്പള്ളി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.കൊല്ലം ശ്രീനാരായണ വനിതാ കോളേജ്, മാവേലിക്കര ഗവൺമെന്റ് ടി.ടി.ഐ., ടീച്ചർ എഡ്യൂക്കേഷൻ സെന്റർ കൊല്ലം എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം.
മലപ്പുറംജില്ലയിലാണ് അധ്യാപനജീവിതം ആരംഭിച്ചത്.ഇപ്പോൾ കൊല്ലം ജില്ലയിൽ പൂയപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയാണ്.
തണൽ, പ്രയാണം എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ദേശാനക്കിളി എന്ന കഥാസമാഹാരം അച്ചടിയിലാണ്. ഓൺലൈൻ മാധ്യമങ്ങ ളിൽ എഴുതുന്നു.
ഇപ്പോൾ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായ ഭർത്താവ് എസ്. പ്രതീപ് , മക്കളായ. പ്രസിദ്ധ് പി. പ്രശസ്ത്. പി എന്നിവരൊത്ത് കൊല്ലം, കൊട്ടാരക്കര, വെളിയം വെസ്റ്റിൽ തെങ്ങുവിള പുത്തൻ വീട്ടിൽ താമസിക്കുന്നു
ശ്രീമതി. എം.എസ്. റസിലി എഴുതിയ കവിത വായിക്കൂ.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
ഞാനൊരു വസന്തം
ഇല താളമിടും കുളിർകാറ്റിൽ
ഇതൾ വിരിയും പൂമൊട്ടിൽ
കളകളമൊഴുകും പുഴയിൽ
രാഗസുധയായ് പാറും ഞാൻ.
തെളിനീരിൻ പാൽപ്പുഞ്ചിരിയിൽ
സ്നേഹമൊഴുകിടും കണ്ണിണയിൽ
വെണ്മതുടിക്കും മനസ്സുകളിൽ
കാവൽക്കിളിയായ് ഞാനുണരും.
റസിലി ടീച്ചറെഴുതിയ കവിത
ഇഷ്ടമായല്ലോ. ഭൂമിയിലെ
സുന്ദരങ്ങളായവയൊത്ത് നമുക്കും
ജീവിക്കണം. ഭൂമിയെയും അതിൻ്റെ
സൗന്ദര്യത്തെയും സ്നേഹിക്കണം.
ഈ ലക്കത്തിലെ വിഭവങ്ങൾ
നിങ്ങൾക്കിഷ്ടമായോ? എല്ലാം
ഒന്നിനൊന്നു മികച്ചവയാണ്. എല്ലാ
വിഭവങ്ങളുടെയുടെയും ഉള്ളിലെ ഭാവം
കരുണയും സ്നേഹവുമാണ്.
എല്ലാ ജീവജാലങ്ങളോടും
പ്രകൃതിയോടും നമ്മുടെ
സഹോദരങ്ങളാേടും എപ്പോഴും ഉള്ളിൽ
സൂക്ഷിക്കേണ്ട ഏറ്റവും വിലപ്പെട്ട
നിധിയാണ് സ്നേഹം.
അടുത്ത ആഴ്ചയിൽ പുതിയ വിഭവങ്ങളുമായി നമുക്ക് ഒന്നിച്ചു ചേരാം.
സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം