യുനെസ്‌ക്കോ 1999 മുതൽ മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു.കാവ്യരചനയും കവിതാ വായനയും ഒപ്പം ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ ദിനാഘോഷം.
പല രാജ്യങ്ങളിലും ഈ ദിനം കൊണ്ടാടുന്നത് എക്ളോഗ്വസ്, ജിയോർജിക്സ്, ഈനിഡ് തുടങ്ങിയ പുസ്തക ത്രയങ്ങളുടെ കർത്താവായ വിർജിലിന്റെ ജന്മ ദിനമായ ഒക്ടോബർ 15 നു ആണ് . “അനര്‍ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത”എന്ന വര്‍ഡ്‌സ് വര്‍ത്തിന്റെ വിശേഷണം ആണ് കവിതയെ സംബന്ധിച്ചു എടുത്തു പറയേണ്ടത്.
രാമായണം മുതൽ ലോകത്തു മലയാളത്തിലടക്കം ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് കവിതകളാണ് . വൃത്താലങ്കാരവും,ശബ്ദാലങ്കാരവും അര്‍ത്ഥാലങ്കാരവും എല്ലാം ഒത്തിണങ്ങിയ ആശയാവിഷ്‌കാരമാണു കവിതകൾ .അതിന്റെ ആഴങ്ങളിലേക്കിറങ്ങുന്പോൾ ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു.ഭാഷയുടെ സൗന്ദര്യവും ആസ്വാദനവും കവിതയോളം മറ്റൊന്നിനുമില്ല.
മുൻപ് ചമത്കാരങ്ങളോടെ എഴുതിയ കവിതകളിൽ നിന്നും ഗദ്യ കവിതയായും സകല ചട്ടക്കൂടുകളും വലിച്ചെറിഞ്ഞു വാക്കുകൾ നിരത്തി ഒന്നിനെയും വകവെക്കാതെ എഴുതുന്ന സമൂഹ മാധ്യമ കൂട്ടായ്മകളിലെ കവിതകൾ വരെ എത്തി നിൽക്കുമ്പോൾ കവിതയുടെ വസന്ത കാലം തിരിച്ചെത്തി എന്ന് നിസംശയം പറയാം .എന്നാൽ വർത്തമാന കാല കേരളത്തിൽ ഒരു വീട്ടിൽ ഒരു കവി എന്ന് പരിഹാസ്യ രൂപേണ പറയുമ്പോഴും പ്രതിഭ വിസ്ഫോടനത്തിന്റെ കൊറോണ കാലം വിവിധ ഭാഷകളിൽ കവിതാ രചനയും ദൃശ്യാവിഷ്കാരങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പലപ്പോഴും അത് സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ കലാസൃഷ്‌ടികളായി മാറി എന്നതും പ്രതീക്ഷ നൽകുന്നുണ്ട്.
കവിത മനുഷ്യര്‍ക്കും പ്രകൃതിക്കുമിടയിലെ അതിരുകള്‍ ഇല്ലാതാക്കുന്നു “നാടകാന്തം കവിത്വം” എന്ന ആപ്തവാക്യം ഭാരത സംസ്കാരത്തിൽ കവിതക്കുള്ള സ്ഥാനം
വരച്ചു കാട്ടുന്നു. “അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി: യഥാസ്മൈരോചതേ വിശ്വം തഥേദം പരിവർത്തതേ” എന്ന വരികളിൽ അതിരില്ലാത്ത കാവ്യ ലോകത്തിലെ പ്രജാപതി കവിയാണെന്നും കവിയുടെ അഭിരുചിക്കൊത്ത് ഈ പ്രപഞ്ചം രൂപംകൊണ്ടു എന്നും പറയുന്നു ..
ഏതായാലും ലളിതമായി പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ കുറഞ്ഞ വാക്കിൽ അനുവാചകരിലെത്താൻ കവിതയോളം മറ്റൊന്നില്ല. പ്രതിഭാധനരായ കവി കൂട്ടം മലയാളത്തോളം വേറൊരു ഭാഷയിലുമില്ല എന്നതും കവിതാ ദിനത്തെ മലയാളികൾ നെഞ്ചിലേറ്റി ആഘോഷിക്കുന്നതിനൊരു കാരണം കൂടിയാണ് .
ഹിമകണങ്ങളെ പുൽത്തട്ടിലെന്നപോൽ കവിതയാത്മാവില്‍ ഇറ്റിറ്റു വീഴുന്നു. .(നെരൂദ)
ഏവർക്കും കവിതാ ദിന ആശംസകൾ …