പത്തനംതിട്ട —പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോര്‍ന്ന സംഭവം: കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് യദുകൃഷ്ണനെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു: പ്രിന്റ് അടിക്കാന്‍ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം
പത്തനംതിട്ട: ഇന്ന് മാത്രം പുറത്തു വരേണ്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോര്‍ന്ന സംഭവത്തില്‍ കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി. ക്ലാര്‍ക്ക് യദുകൃഷ്ണനെ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പരാതി പ്രകാരം അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോന്നി മണ്ഡലം ഉപവരണാധികാരിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയതിന് ശേഷമാണ് യദുകൃഷ്ണനെ സസപെന്‍ഡ് ചെയ്തിരിക്കുന്നത്.
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസര്‍മാരും അവര്‍ക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും സംബന്ധിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഓരോ ഉദ്യോഗസ്ഥനും തങ്ങള്‍ ഡ്യൂട്ടി ചെയ്യേണ്ടത് ഏത് പോളിങ് സ്‌റ്റേഷനിലാണ് എന്നറിയേണ്ടത്.
ഓരോ പോളിങ് സ്‌റ്റേഷനിലേക്കും പോകേണ്ട പാര്‍ട്ടികള്‍ക്ക് കോഡ് നമ്പര്‍ കൊടുത്തിട്ടുണ്ട്. ഈ കോഡ് നമ്പരിലുള്ളവരെ ഏത് പോളിങ് സ്‌റ്റേഷനിലേക്കാണ് നിയോഗിച്ചിട്ടുള്ളതെന്നും അവര്‍ ഏത് കൗണ്ടറില്‍ നിന്നാണ് ഉപകരണങ്ങള്‍ ഏറ്റു വാങ്ങേണ്ടത് എന്നുമാണ് പുറത്തായ പട്ടികയിലുള്ളത്. പോസ്റ്റിങ് ഉത്തരവ് ചോര്‍ന്നത് അതീവ ഗൗരവകരമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത് അനുകൂല യൂണിയനുകള്‍ ശ്രമിക്കുന്നുവെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. തന്ത്രപ്രധാനമായ തസ്തികകളില്‍ ജോയിന്റ് കൗണ്‍സിലിന്റെയും എന്‍.ജി.ഓ യൂണിയന്റെയും നേതാക്കളെയും സജീവ പ്രവര്‍ത്തകരെയും നിയമിച്ചത് ചൂണ്ടിക്കാട്ടി എന്‍.ജി.ഓ സംഘ് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും എടുത്തില്ല. അതേ സമയം, വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ പതിക്കുന്നതിന് വേണ്ടി പ്രിന്റ് ചെയ്യാന്‍ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നത് എന്നാണ് യദുകൃഷ്ണന്റെ വിശദീകരണം.
രണ്ട് ദിവസം മുന്‍പേ പോളിങ് ഉദ്യോഗസ്ഥരുടെ പോളിങ് സ്‌റ്റേഷനും മറ്റു വിശദാംശങ്ങള്‍ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോര്‍ന്നു എന്ന ആരോപണവുമായി പത്തനംതിട്ട പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. നടപടി ആവശ്യപ്പെട്ട് കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
പോളിംഗ് സാമഗ്രികള്‍ക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസര്‍മാരുടെ പട്ടിക രണ്ടുദിവസം മുന്‍പേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാരാണ് ചോര്‍ത്തി എന്നതാണ് ആരോപണം. ലിസ്റ്റ് വാട്‌സാപ്പില്‍ പ്രചരിക്കുന്നു എന്നും ഇടതുപക്ഷ നേതാക്കള്‍ ഈ പട്ടികയുടെ വിശദാംശങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുത്തു കള്ളവോട്ടിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഗുരുതര ആരോപണമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്.
പോളിംഗ് ഓഫീസര്‍മാരുടെ പട്ടിക പോളിംഗ് സാമഗ്രികള്‍ കൈമാറുന്നതിനൊപ്പം മാത്രമാണ് പോളിംഗ് ഓഫീസര്‍മാരെ അറിയേണ്ടത്. കളക്ടറുടെ ഓഫീസില്‍ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോര്‍ന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പര്‍ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം രണ്ടുദിവസം മുന്‍പേ ഇടതുപക്ഷ അനുകൂല സംഘടന ചോര്‍ത്തുന്നതിന്റെ ഫലമായി കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മുന്‍കൂട്ടി കിട്ടിയ ഇടതുപക്ഷ നേതാക്കന്മാരെ അവരുടെ പ്രവര്‍ത്തകരോട് കള്ളവോട്ടിനുള്ള ആഹ്വാനമാണ് ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥന്മാരുടെ പട്ടികയില്‍ 85 ശതമാനം ആളുകളും ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളെ ആണെന്നും അതുകൊണ്ടുതന്നെ അതാത് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യാന്‍ യാതൊരു തടസ്സവുമില്ല എന്ന് ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ചട്ടലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പറഞ്ഞു. തുടക്കം മുതലേ ഗുരുതരമായ ആരോപണങ്ങളും പരാതികളും നല്‍കിയിട്ടും ഇലക്ഷന്‍ കമ്മീഷനും, ജില്ലാ വരണാധികാരിയും യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകള്‍ സഹിതമാണ് ആന്റോ ആന്റണി ആരോപണം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് കളക്ടര്‍ സമ്മതിച്ചുവെന്ന് യുഡിഎഫ് പറയുന്നു. സസ്‌പെന്‍ഷനില്‍ കുറഞ്ഞ ഒരു നടപടിയും അംഗീകരിക്കില്ല എന്നും യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ അറിയിച്ചു.
ഒരു മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് നടപടിയെടുക്കാം എന്ന് ജില്ലാ കളക്ടര്‍ യുഡിഎ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. നടപടി സ്വീകരിക്കുന്നത് വരെ ആന്റോ ആന്റണി എംപിയും യുഡിഎഫ് നേതാക്കന്മാരും കളക്ടറേറ്റില്‍ കുത്തിയിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വന്നത്.