🔹കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
🔹കണ്ണൂരിൽ സൂര്യാഘാതമേറ്റ് ഒരു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വെള്ളിയാഴ്ച കിണർ പണിക്കിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് വിശ്വനാഥന്റെ മരണം.
🔹കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തർക്കമുണ്ടായി. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് , ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാൽ കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും പോലീസിന് പരാതി നൽകി.
🔹ആറ് വർഷം മുൻപ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചെന്നും തിരുത്താൻ തയാറെന്നും മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കടെശിന്റെ തുറന്നു പറച്ചിൽ. ജഡ്ജി ആയി ചുമതലയെറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ഹർഷ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടായ സിവിൽ കേസിലെ വിധിയെ കുറിച്ചായിരുന്നു പരാമർശം. അടുത്തിടെ വായിച്ച ചില ലേഖനങ്ങളിൽ നിന്നാണ് വസ്തുത ബോധ്യപ്പെട്ടതെന്നും പുതിയ ജഡ്ജിയെന്ന നിലയിലെ അമിതാവേശമാണ് പിഴവിന് കാരണമായതെന്നും മദ്രാസ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ ജസ്റ്റിസ് ആനന്ദ് വെങ്കടേശൻ വ്യക്തമാക്കി.
🔹ഒന്നു മുതൽ 30 ലൈസൻസ് മാത്രം ഒരു ദിവസം കൊടുത്താൽ മതിയെന്നാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശം. എന്നാൽ പ്രതിദിനം 100 ലൈസൻസിന് മുകളിൽ കൊടുക്കുന്ന മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരുടെ പരസ്യ ടെസ്റ്റ് നാളെ നടക്കും. ഇവര്‍ എങ്ങനെയാണ് ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെന്നറിയാനാണ് ഇവര്‍ക്കായി പ്രത്യേകമായി ടെസ്റ്റ് നടത്തുന്നത്.
🔹മെയ് ഒന്നുമുതൽ താൽക്കാലിക അടിസ്ഥാനത്തിൽ വേണാട് എക്‌സ്‌പ്രസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തി യാത്ര നടത്തും. എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ എറണാകുളം നോർത്ത് ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 15 മിനിട്ടോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.
🔹അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയിൽ പാപ്പാത്ത് രജീവിന്റെ പറമ്പിലെ വാഴകൾ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെൻസിങ് തകർത്ത ആന പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.അതോടൊപ്പം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
🔹പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫിസിലെ മുറിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
🔹അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷാണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിൽ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം കൂട്ടുകാരനായ അജിത്തിന്റെ കൂടെ ബൈക്കിൽ മടങ്ങുന്ന വഴിക്കായിരുന്നു അപകടം.
🔹പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് അമ്പലപ്പുഴ സ്വദേശി ഷിബിന മരിച്ചു. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. പ്രസവത്തെ തുടർന്ന് ഷിബിനയ്ക്ക് അണുബാധയേററ്റിരുന്നു ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
🔹കോഴിക്കോട്: ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് പതിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം. ന്യൂമാഹി തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കെപി ശ്രീനികേതാണ് മരിച്ചത്. വലിയ മാടാവില്‍ സ്‌കൂള്‍ അധ്യാപികയായ കെ സുനിലയുടെയും പാലയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പാറാല്‍ ചൈത്രം വീട്ടില്‍ കെപി മഹേഷിന്റെയും മകനാണ്.
🔹കോട്ടയം: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. അപകടത്തില്‍ ആളപായമില്ല.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമൺ സന്ദർശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയും ആയിരുന്നു.
വാഹനത്തിലുള്ളവര്‍ ഉടൻ തന്നെ പുറത്തിറങ്ങിയതിനാലാണ് വൻ ദുരന്തമൊഴിവായത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. അപ്പോഴേക്ക് ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സുമെത്തി. എങ്കിലും വാഹനം ഭാഗികമായി കത്തിനശിച്ചു.
എന്തുകൊണ്ടാണ് അപകടം സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല.
🔹തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്‌ഡിക്കൊപ്പം റോഡ് ഷോ നടത്തി. അനാരോഗ്യം ചൂണ്ടികാട്ടി തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് നേരത്തെ ഖുഷ്ബു പിന്മാറിയിരുന്നു. ഡോക്ടർമാരുടെ കർശന നിർദേശം ഉണ്ടെന്നായിരുന്നു വിശദീകരണം.
🔹മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ തമിഴിലെ പ്രശസ്ത നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി. ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയുടെ മകളാണ് നിർമാതാവിനെതിരെ രംഗത്തെത്തിയത്. ഇല്ലാത്ത മോഷണക്കുറ്റമാണ് തന്റെ അമ്മയുടെമേൽ ചുമത്തിയതെന്ന് അവർ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.റിലീസിനൊരുങ്ങുന്ന സൂര്യ നായകനാവുന്ന കങ്കുവ ഉൾപ്പെടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് കെ.ഇ.ജ്ഞാനവേൽ രാജ. സ്റ്റുഡിയോ ഗ്രീൻ എന്ന ബാനറിലാണ് ഇദ്ദേഹം ചിത്രങ്ങൾ നിർമിക്കാറ്. ജ്ഞാനവേൽ രാജയുടെ ചെന്നൈ ടി നഗറിലെ വീട്ടിൽ നിന്ന് ഭാര്യ നേഹയുടെ സ്വർണാഭരണങ്ങൾ കാണാതെപോയിരുന്നു. ഇതിനുപിന്നിൽ വീട്ടുജോലിക്കാരിയാണെന്നാരോപിച്ച് രാജ മാമ്പലം പോലീസിൽ പരാതിനൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ ജോലിക്കാരി ആരോപണങ്ങൾ നിഷേധിച്ചു.അന്വേഷണവുമായി സഹകരിക്കണമെന്നും വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിച്ചേക്കും എന്നും പറഞ്ഞാണ് പോലീസ് അന്ന് മടങ്ങിയത്. ഇതിൽ മനംനൊന്ത അവർ അരളി വിത്തുകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ടവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ചെന്നൈ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണവർ.
🔹കര്‍ണാടകയിലെ ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കേസെടുത്ത് പൊലീസ്. പ്രജ്വലും അച്ഛന്‍ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നല്‍കിയ പരാതിയിലാണ് ഹൊലെനരസിപൂര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സംഭവം വന്‍ വിവാദമായതോടെ പ്രജ്വല്‍ രാജ്യം വിട്ടു.
🔹മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക. കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു.
🔹റിയാദ്: തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം (54) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. മൂന്ന് പതിറ്റാണ്ടു കാലമായി സൗദിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ഇദ്ദേഹം ഖമീസ് മുശൈത്ത് മുനിസിപ്പാലിറ്റിയിൽ 25 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു. ശേഷം ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.
അടുത്ത കാലത്താണ് ഖമീസ് മുശൈത്തിൽ നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്. അസീറിൽ ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കും. തുടർ നടപടികൾക്കായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുന്ന മകൻ സാബിർ ഖാൻ ജിദ്ദയിലെത്തിയിട്ടുണ്ട്. മാതാവ്:സുബൈദ, ഭാര്യ: ബീവി ജഹാൻ കുട്ടികൾ: സാബിർ ഖാൻ, സാബിറ, മിർസ.
🔹റിയാദിൽ ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 27 പേര്‍ തീവ്രപഹരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
🔹ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. 49 പന്തില്‍ 84 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും 30 പന്തില്‍ 58 റണ്‍സെടുത്ത് ഷാരൂഖ് ഖാന്റേയും മികവില്‍ ഗുജറാത്ത് 200 റണ്‍സ് അടിച്ചെടുത്തു. വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്കായി 41 പന്തില്‍ 100റണ്‍സെടുത്ത വില്‍ ജാക്സും 44 പന്തില്‍ 70 റണ്‍സെടുത്ത വിരാട് കോലിയും ചേര്‍ന്ന് നാല് ഓവറുകള്‍ ശേഷിക്കേ വിജയലക്ഷ്യത്തിലെത്തി.
🔹സുധീര്‍ ബാബു നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഹരോം ഹര’. സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് നീണ്ടുപോയിരുന്നു. എന്തായാലും ഹരോം ഹര എന്ന സിനിമ മെയ് 31ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയിലെ ഹരോം ഹരോം ഹര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നേരത്തെ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‌മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതന്‍ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു. മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു.