മലയാളി മനസ്സ് ൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കു
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ പതിനേഴാം ഭാഗത്തിലേയ്ക്ക് സ്വാഗതം
കേരള വ്യാസൻ എന്നറിയപ്പെടുന്ന ശ്രീ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ആണ് ഇന്നത്തെ മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കളിലെ നക്ഷത്രപൂവ്
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (
)
(18/09/1864 – 22/01/1913 )
വെണ്മണി അച്ഛൻ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടെയും മകനായി 1864 സെപ്റ്റംബർ 18ാം തീയതി കൊടുങ്ങല്ലൂർ കോവിലകത്തു ജനിച്ചു. ‘രാമവർമ്മ’ എന്നായിരുന്നു യഥാർത്ഥ പേര്. കുഞ്ഞിക്കുട്ടൻ എന്നത് ഓമനപ്പേരായിരുന്നു. പിൽക്കാലത്ത് ഈ പേരിനാണ് പ്രസിദ്ധി ലഭിച്ചത്!
വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കവിതാരചന ആരംഭിച്ചു. പ്രായമാകുംതോറും അതൊരുതരം ഭ്രമമായിത്തീർന്നു. കത്തുകൾപ്പോലും കവിതയിൽ എഴുതുവാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. ദ്രുതകവിതാരചനാ മസരങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രസംഗത്തിനു ക്ഷണിച്ചാൽ, പ്രസംഗം ഗദ്യത്തിൽ വേണോ, പദ്യത്തിൽ വേണോ എന്നു ചോദിക്കുമായിരുന്നു. പദ്യത്തിൽ വേണമെന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. വിദ്യാവിനോദിനി തുടങ്ങിയ പത്രങ്ങളിൽ ധാരാളം കവിതകൾ പ്രസിദ്ധപ്പെടുത്തി. സംസ്കൃതത്തിൽ അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു! സഞ്ചാരപ്രിയൻ ആയിരുന്നതുകൊണ്ട് ‘പകിരി’ എന്നൊരു കളിപ്പേര് തമ്പുരാന് ഉണ്ടായിരുന്നു.
ദ്രുത കവനത്തിലുള്ള സാമർത്ഥ്യം കൊണ്ട് ‘സരസദ്രുതകവി കിരീടമണി’ എന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചിരുന്നു! സാധാരണ സംസാരം പോലും കവിതയിലാക്കുവാനായിരുന്നു അദ്ദേഹത്തിന് താല്പര്യം!
തൻ്റെ ഒരു സുഹൃത്തിന് ജോലി കൊടുക്കുവാൻ വേണ്ടി തമ്പുരാൻ നല്കിയ ശുപാർശക്കത്ത് ഇപ്രകാരമായിരുന്നു.
‘കവി. കേ. പരമേശ്വരക്കുറുപ്പെ- ന്നിവിടെപ്പേർ പറയുന്നൊരീ മനുഷ്യൻ,
ഭൂവി കേവല നിത്യവൃത്തി കാംക്ഷി-
ച്ചവിടേയ്ക്കുണ്ടു വരുന്നു ജീവനാർത്ഥം’
അറിയാം ചിലതാംഗലേയ ഭാഷ മുറിവാക്യങ്ങൾ പഠിപ്പിതിത്രമാത്രം
ശരിയായ് മലയാള ഭാഷയായാലുരിയാടാമെഴുതാം കവിത്വമാകാം.
ഒരുമാതിരി കൈയ്യെഴുത്തു നന്നെന്നൊരു ഭള്ളിവനില്ലയെന്നുമില്ല,
പെരുമാറ്റിവഴിക്കു കൊണ്ടുപോയാ-
ലൊരു
ഭാഷയ്ക്കിവനും
കഴിഞ്ഞുകൂടും!
പന്ത്രണ്ട് മണിക്കൂർ കൊണ്ട് എഴുതിത്തീർന്ന സന്താന ഗോപാലം നാടകം, ഒരു രാത്രി കൊണ്ട് രചിച്ച നളചരിതം, ഭാഷാപോഷിണി നടത്തിയ ദ്രുത കവിതാ പരീക്ഷയിൽ അരമണിക്കൂർകൊണ്ട് എഴുതി സമ്മാനം നേടിയ ഗംഗാവതരണം നാടകം തുടങ്ങിയവ അദ്ദേഹത്തിന് ദ്രുത കവിതാ രചനയിലുള്ള സാമർത്ഥ്യത്തിന് ഉദ്ദാഹരണങ്ങളാണ്
‘ലക്ഷണാസംഗം’ നാടകമാണ് ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച തെന്നു കരുതപ്പെടുന്നു. സ്യമന്തകം, സീതാസ്വയംവരം ചരിത്ര വിഷയത്തിൽ കേരളത്തിലെ ആദ്യത്തെ നാടകമെന്ന് വിശേഷിപ്പിക്കാവുന്ന മാനവിക്രമവിജയം, മാർത്താണ്ഡവർമ്മ വിജയം തുടങ്ങിയവയാണ് തമ്പുരാൻ എഴുതിയ പ്രധാന നാടകങ്ങൾ.
സ്വതന്ത്രകൃതികളെക്കാൾ വിവർത്തനങ്ങളുടെ കാര്യത്തിലാണ് തമ്പുരാൻ്റെ
രചനാപാടവം കൂടുതൽ പ്രകടമാകുന്നത്. മഹാഭാരതം, ശ്രീമദ്ഭാഗവതം, കാദംബരീ കഥാസാരം, ശൂകസന്ദേശം, കോകിലസന്ദേശം, വിക്രമോർവശീയം, ആശ്ചര്യചൂഡാമണി, അഭിജ്ഞാന ശാകുന്തളം തുടങ്ങി പല സംസ്കൃത കൃതികളും അദ്ദേഹം തർജ്ജമ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കാര്യമായ പാണ്ഡിത്യമില്ലാതിരുന്നിട്ടും മറ്റു പലരുടേയും സഹായത്തോടു
കൂടി ഷേക്സ്പിയറിൻ്റെ ഒഥല്ലോ, ഹാംലറ്റ് എന്നീ കൃതികൾ പരിഭാഷപ്പെടുത്തി
കവികളെ പാണ്ഡവന്മാരും കൗരവന്മാരുമായി സങ്കല്പിച്ചു കൊണ്ട് എഴുതിയിട്ടുള്ള കൃതിയാണ് ‘കവിഭാരതം’. തമ്പുരാൻ എഴുതിയ ‘മദിരാശിയാത്ര’ എന്ന കൃതി മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണകാവ്യമായി കണക്കാക്കപ്പെടുന്നു. പച്ച മലയാള പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട കൃതികളാണ്
‘നല്ല ഭാഷ’ ‘പാലുള്ളി ചരിതം’ എന്നിവ .
‘ഹംസസന്ദേശം’ എന്ന സന്ദേശകാവ്യം ‘കംസൻ’ എന്ന
ഖണ്ഡകാവ്യം എന്നിവയും തമ്പുരാൻ എഴുതിയിട്ടുണ്ട്. തമ്പുരാൻ രചിച്ച ഹാസ്യക്കവിതയാണ്’ തുപ്പൽ ക്കോളാമ്പി’
കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ കൃതികളിൽ ഏറ്റവും പ്രശസ്തമായതും അദ്ദേഹത്തിന് ‘കേരളവ്യാസൻ’ എന്ന ബഹുമതി നേടിക്കൊടുത്തതും മഹാഭാരതം തർജ്ജമയാണ്. ഒന്നേകാൽ ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ മഹാഭാരതം ചുരുങ്ങിയ കാലം കൊണ്ട് വൃത്താനുവൃത്തം പദാനുപദം തർജ്ജമ ചെയ്തു.
തനിച്ചു മുവ്വാണ്ടിട കൊണ്ടു സാക്ഷാൽ ശ്രീഭാരതം തർജ്ജമ ചെയ്ത വീരൻ എന്ന് വള്ളത്തോൾ അദ്ദേഹത്തെ പുകഴ്ത്തുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ 874 ദിവസം കൊണ്ടാണ് തർജ്ജമ പൂർത്തീകരിച്ചത് എന്ന് പറയപ്പെടുന്നു.
പൈതൃകമായി ലഭിച്ച കവിത വാസനയോടൊപ്പം ആത്മവിശ്വാസവും അക്ഷീണപരിശ്രമവും കൂടിച്ചേർന്നപ്പോൾ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരളവ്യാസൻ ആയി തീർന്നു!
1913 ജനുവരി 22 ന് തൻ്റെ നാല്പത്തിയെട്ടാമത്തെ വയസ്സിൽ അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് അദ്ദേഹം അന്തരിച്ചത്
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
മലയാളി മനസ്സേ! നന്ദി
♥️
നല്ല അവതരണം
സന്തോഷം…നന്ദി ഡിയർ


മികച്ച വായനാനുഭവം
സന്തോഷം…നന്ദി മാഡം
സന്തോഷം…നന്ദി ഡിയർ


കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനെ കുറിച്ച് പഠിച്ചത് ഇപ്പോൾ ഓർമ്മ വരുന്നു..
അദ്ദേഹത്തിൻറെ നാൾവഴികൾ മനോഹരമായി എഴുതി..