സ്വതന്ത്ര ഇന്ത്യയിൽ 1951 – 52 ൽ ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോൾ മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പൊന്നാനി. മലബാർ ജില്ലയിൽ പൊന്നാനിയെ കൂടാതെ മലപ്പുറം, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെ അഞ്ച് ലോക്സഭാ മണ്ഡലങ്ങൾ. നാല് ഏകാംഗ മണ്ഡലങ്ങളും ഒരു ദ്വയാംഗവും. പൊന്നാനി ദ്വയാംഗ മണ്ഡലമായതിനാൽ പൊന്നാനിയിലെ സമ്മതിദായകർക്ക് രണ്ട് തവണ വോട്ട് രേഖപ്പെടുത്താം. കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്ക് (കെ.എം.പി.പി) വേണ്ടി പോരാട്ടത്തിനിറങ്ങി ജനറൽ വിഭാഗത്തിൽ പൊന്നാനിയിൽ നിന്ന് വിജയിച്ച് ഡൽഹിയിലേക്ക് വണ്ടി കയറിയത് കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ. കേളപ്പൻ. സംവരണ വിഭാഗത്തിലെ വിജയി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വെള്ള ഈച്ചരനും….
1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായി. തൊട്ടടുത്ത വർഷം തെരഞ്ഞെടുപ്പും നടന്നു. പൊന്നാനിക്കാരുടെ രണ്ടാമത്തെ മെമ്പർ ഓഫ് പാർലമെൻറ് ആരാണെന്ന് കൗതുകപൂർവ്വം നോക്കിയപ്പോൾ എം.പിയുടെ പേര് എവിടെയും പരാമർശിക്കുന്നില്ല. 57ൽ പൊന്നാനിയിൽ സംഭവിച്ചത് എന്താണന്നറിയാൻ ഉറക്കമില്ലാതെ തലപുകച്ചു. കിട്ടാവുന്ന രേഖകൾ മുഴുവനും ആവേശത്തോടെ കൈക്കലാക്കി പരിശോധിച്ചപ്പോൾ നിരാശയായിരുന്നു ഫലം….
ഓർമ്മയിൽ നിന്ന് ചില അറിവുകൾ ഒരുകാലത്തും മായാതിരിക്കാൻ സ്വയം നിർമ്മിത കോഡിലൂടെ മെമ്മറിയാക്കുന്ന ശീലമുണ്ടെനിക്ക്. അങ്ങനെ ഞാനുണ്ടാക്കിയ 1957ൽ നിലവിൽ വന്ന ജില്ലകളുടെ കോഡ് പെട്ടന്ന് മനസ്സിലേക്ക് പാഞ്ഞടുത്തു…
“57ക്കാരൻ കോഴികണാരൻ കാമുകി ആലിസുമൊത്ത് പാലക്കാടെത്തി”
കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, പാലക്കാട് എന്നിവയാണ് ആ ജില്ലകൾ.
1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല പിറവിയെടുത്തത്. പാലക്കാട് നിലവിൽ വരുമ്പോൾ ആ ജില്ലയ്‌ക്ക് കടൽത്തീരമുണ്ട്. പാലക്കാടിന് കടലിന്റെ അത്ഭുത കാഴ്ച സമ്മാനിച്ചത് പൊന്നാനിയും….
പാലക്കാട് ജില്ല നിലവിൽ വന്ന വർഷം തന്നെയാണ് പാലക്കാട് പാർലമെൻറ് മണ്ഡലവും രൂപപ്പെട്ടത്. 1957ൽ പാലക്കാട് ദ്വയാംഗ മണ്ഡലമായിരുന്നു. വെള്ള ഈച്ചരനാണ് സംവരണ വിഭാഗത്തിൽ വിജയിച്ചത്. വെള്ള ഈച്ചരൻ ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ചിന്തിച്ചപ്പോൾ സമയം ഒട്ടും പാഴാവാതെ ആളെ പിടികിട്ടി. മ്മടെ പൊന്നാനിയുടെ ആദ്യ എം.പി. അപ്പോഴാണ് എനിക്ക് ഒരുകാര്യം കത്തിയത് 57ൽ പൊന്നാനി ലോക്സഭാ മണ്ഡലം ഇല്ല. പാലക്കാട് പാർലമെൻറ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു പൊന്നാനി….
ഈ അറിവ് സ്വയം കണ്ടെത്തിയതോടെ എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. സ്വന്തം പ്രയത്നത്താൽ കണ്ടെത്തുന്ന എന്തുകാര്യത്തിനും സന്തോഷമുണ്ടാവുക സ്വാഭാവികമാണല്ലോ, അതെനിക്കല്ല ഏതു വ്യക്തിക്കും അങ്ങനെ തന്നെ….
പൊന്നാനി ഉൾപ്പെട്ട 57ലെ പാലക്കാട് മണ്ഡലത്തിൻ്റെ ഭൂപടത്തിന് വേണ്ടിയായിരുന്നു പിന്നീടെൻ്റെ പരക്കം പാച്ചിൽ. ഏറെ കഷ്ടതകളനുഭവിച്ച് ഒടുക്കം കണ്ടെത്തി…
പാലക്കാട്, പൊന്നാനി, ചിറ്റൂർ താലൂക്കുകളും ഒറ്റപ്പാലം, പട്ടാമ്പി ഫർക്കകളും മണ്ണാർക്കാട് ഫർക്കയിൽ ഉൾപ്പെട്ട ഭൂരിഭാഗം വില്ലേജുകളും കൂടിച്ചേർന്നതാണ് 1957ലെ പാലക്കാട് ലോക്സഭാ മണ്ഡലം. മണ്ണാർക്കാട് ഫർക്കയിലെ ശേഷിക്കുന്ന വില്ലേജുകൾ മഞ്ചേരി പാർലമെൻ്റ് സീറ്റിലും…
ജില്ലയുടെയോ താലൂക്കിന്റെയോ ഒരു ഭാഗത്തെയാണ് ഫർക്ക എന്ന് പറയുന്നത്. ഏകദേശം ഒരു അസംബ്ലി മണ്ഡലത്തിന്റെയോ അല്ലെങ്കിൽ അതിനേക്കാൾ വലിപ്പമോ ഫർക്കയ്ക്ക് ഉണ്ടായിരുന്നു…
1961ൽ ദ്വയാംഗ മണ്ഡലങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും ഇല്ലാതാക്കി..
1962 ൽ പൊന്നാനിയും പാലക്കാടും രണ്ട് പാർലമെൻറ് സീറ്റുകളായി വിഭജിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) സ്ഥാനാർത്ഥി ഇ.കെ. ഇമ്പിച്ചി ബാവയാണ് 62 ൽ പൊന്നാനിയിൽ വിജയരഥത്തിലേറിയത്. 57799 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇമ്പിച്ചിബാവക്ക് പൊന്നാനിയിലെ സമ്മതിദായകർ സമ്മാനിച്ചത്…
“”നാട്ടിക, ഗുരുവായൂർ, അണ്ടത്തോട്, പട്ടാമ്പി ഒറ്റപ്പാലം, പൊന്നാനി””
മേലെക്കുറിച്ച ആറ് അസംബ്ലികൾ അടങ്ങിയതായിരുന്നു 1962ലെ പൊന്നാനി ലോക്സഭാ മണ്ഡലം. അന്ന് 114 അസംബ്ലി സീറ്റും പതിനെട്ട് പാർലമെൻ്റ് മണ്ഡലങ്ങളും. അന്ന് ഓരോ ലോക്സഭാ മണ്ഡലത്തിലും ഇന്നത്തെ പോലെ കൃത്യം ഏഴ് അസംബ്ലിയില്ല. ചില മണ്ഡലങ്ങളിൽ ആറും ചിലതിൽ ഏഴും….
ഏകദേശ കണക്ക് പ്രകാരം പന്ത്രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ ആറ് അസംബ്ലി വെച്ച് കൂട്ടിയാൽ 72 ആണ്. ആറ് ലോക്സഭയിൽ നിന്ന് ഏഴ് നിയമസഭാ മണ്ഡലങ്ങൾ കൂട്ടിയാൽ 42 ഉം…. 72 + 42 = 114 ഇങ്ങനെയാവാൻ സാധ്യത ഏറെ കാണുന്നു 1962ലെ കണക്ക്… എൻ്റെ സൂക്ഷ്മ പരിശോധനയിൽ ആറു നിയമസഭാ മണ്ഡലങ്ങൾ മാത്രമാണ് പൊന്നാനിയിൽ തെളിഞ്ഞ് കണ്ടത്. ഈ പോസ്റ്റ് വായിച്ചിട്ട് 62ൽ പൊന്നാനി പാർലമെൻ്റിൽ ഏഴ് അസംബ്ലി ഉണ്ടെന്ന് ആരെങ്കിലും വ്യക്തമായ രേഖയുടെ അടിസ്ഥാനത്തിൽ ഉറപ്പ് തന്നാൽ ഏഴാമത്തെ മണ്ഡലം കൂട്ടിച്ചേർക്കാം….
1967ൽ നിലവിലെ എം.പിയായ ഇമ്പിച്ചിബാവയെ സി.പി.ഐ.(എം) എന്തുകൊണ്ട് പൊന്നാനിയിൽ മത്സരിപ്പിച്ചില്ല എന്നത് എൻ്റെയുള്ളിൽ ചോദ്യചിഹ്നമായി ???
1967ൽ സി.കെ. ചക്രപാണിയും 1971ൽ എം. കെ. കൃഷ്ണനും പൊന്നാനിയിൽ ചെങ്കൊടി നാട്ടി…
ചരിത്ര വസ്തുതകൾ അറിയാൻ ആഴങ്ങളിലേക്ക് മുങ്ങിയിറങ്ങുന്നതെനിക്ക് ലഹരിയാണ്. അറിവ് ശേഖരിക്കാനുള്ള ആ മുങ്ങിത്തപ്പലിൽ ഇമ്പിച്ചിബാവയ്ക്ക് സി.പി.ഐ.(എം) പൊന്നാനിയിൽ ടിക്കറ്റ് കൊടുക്കാത്തതിരുന്നതിൻ്റെ രേഖയുമായാണ് പൊങ്ങിയത്.
1967ലും 71ലും പൊന്നാനി ലോക്സഭ സംവരണ സീറ്റായിരുന്നു. അതാണ് ഇമ്പിച്ചിബാവ പൊന്നാനിയിൽ മത്സരിക്കാതിരുന്നത്…
1971ലെ അസംബ്ലി സെഗ്മെന്റ്സ് താഴെ
“‘”ചേലക്കര, തൃത്താല, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, പട്ടാമ്പി, പെരിന്തൽമണ്ണ, പൊന്നാനി “”
1967ലും 71ലും പൊന്നാനി സംവരണ മണ്ഡലമാണ് എന്നതിലേക്ക് എങ്ങനെയെത്തി എന്ന ചോദ്യം വരാം. അതിനുള്ള ഉത്തരത്തിലേക്ക്
1967ൽ എം.കെ. കൃഷ്ണൻ കുന്നത്ത്നാട്ടിലും 1982ൽ സി.കെ. ചക്രപാണി ചേലക്കരയിലും എംഎൽഎ ആകുമ്പോൾ ഈ രണ്ടു മണ്ഡലങ്ങളും സംവരണം ചെയ്യപ്പെട്ടതായിരുന്നു. ജനറൽ സീറ്റിൽ ആർക്കുവേണമെങ്കിലും മത്സരിക്കാം പക്ഷേ, 67ലും 71ലും പൊന്നാനി സംവരണ മണ്ഡലമായതിനാലാണ് ഈ രണ്ടുപേർക്കും മത്സരിക്കാൻ വഴിയൊരുങ്ങിയത്…
1969 ജൂൺ 16ന് മലപ്പുറം ജില്ല ജന്മമെടുക്കുകയും 1976ൽ ഡിലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മണ്ഡല പുനർനിർണയം നടത്തുകയും ചെയ്തപ്പോൾ പൊന്നാനിക്ക് അടിമുടി മാറ്റം സംഭവിച്ചു….
കുറ്റിപ്പുറം, തിരൂർ, താനൂർ, തിരൂരങ്ങാടി, മങ്കട, പെരിന്തൽമണ്ണ, പൊന്നാനി തുടങ്ങിയ അസംബ്ലി സെഗ്മൻസുകളടങ്ങിയ പൊന്നാനി മണ്ഡലം വന്നതോടെ മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായി പൊന്നാനി മാറുന്നതാണ് നാം പിന്നീട് കണ്ടത്…
1977 മുതൽ 1999 വരെ ഒരു തവണ ഒഴിച്ച് മഹാരാഷ്ട്രക്കാരൻ ജി.എം. ബനാത്ത് വാലയായിരുന്നു പൊന്നാനിയുടെ ജനപ്രതിനിധി. 1991ൽ മുസ്ലിംലീഗിന്റെ തന്നെ ഇബ്രാഹിം സുലൈമാൻ സേട്ടുവും…
കോൺഗ്രസ് പിളർന്ന് കരുണാകരന്റെ നേതൃത്വത്തിൽ ഇന്ദിരാ കോൺഗ്രസും (ഐ) ആൻറണിയുടെ നേതൃത്വത്തിൽ ആന്റണി കോൺഗ്രസും (എ) രണ്ട് തട്ടിലാവുകയും എ ഗ്രൂപ്പിൻ്റെ സ്ഥാനാർത്ഥിയായി 1980ൽ ആര്യാടൻ മുഹമ്മദ് പൊന്നാനിയിൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പിന്തുണയോടെ മത്സരിച്ചിട്ടും ലീഗിന് ഒരു കുലുക്കവും സംഭവിച്ചില്ല. അമ്പതിനായിരത്തിലധികം ഭൂരിപക്ഷം നേടിയാണ് ബനാത്ത് വാല പൊന്നാനിയെ പച്ചപ്പുതപ്പിച്ചത്…..
2004ൽ അതിശക്തമായ ഇടതു തരംഗം കേരളത്തിൽ ആഞ്ഞടിച്ചിട്ടും യുഡിഎഫിന് ലഭിച്ച ഏക സീറ്റും പൊന്നാനിയായിരുന്നു…
2008ൽ വീണ്ടും മണ്ഡല പുനർനിർണ്ണയം…
പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്സഭാ മണ്ഡലത്തിനൊപ്പം കൂടിച്ചേരുകയും കുറ്റിപ്പുറം ഇല്ലാതാവുകയും കോട്ടക്കൽ, തവനൂർ അസംബ്ലി സീറ്റുകൾ പുതുതായി വരുകയും1977ൽ പൊന്നാനിയെ ഉപേക്ഷിച്ച തൃത്താല പിണക്കം മാറി പൊന്നാനിയോട് ഇണങ്ങുകയും ചെയ്തപ്പോൾ സ്ഥിതി ഇങ്ങനെയായി
തവനൂർ, തിരൂർ, താനൂർ, തിരൂരങ്ങാടി, കോട്ടക്കൽ, തൃത്താല, പൊന്നാനി
2009, 2014, 2019 തുടങ്ങിയ വർഷങ്ങളിൽ ഇ. ടി. മുഹമ്മദ് ബഷീറിനെയാണ് പൊന്നാനിക്കാർ തിരഞ്ഞെടുത്തത്…
2024ൽ അബ്ദുസമദ് സമദാനി ഉജ്ജ്വലവിജയം കരസ്ഥമാക്കിയപ്പോൾ അത് പൊന്നാനിയുടെ ചരിത്രത്തിലെ യമണ്ടൻ ഭൂരിപക്ഷമായി…
നല്ല അവലോകനം