സഹിഷ്ണത ഏറെ ആവശ്യം? (എബ്രാ.10:32 – 37)
” ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ, സഹിഷ്ണത ഏറെ ആവശ്യം” (വാ. 36).
ക്രിസ്തീയ ജീവിതതിൽ, ഏറെ ആവശ്യമായിരിക്കുന്ന ഒരു സദ്ഗുണമാണ്, സഹിഷ്ണത. ഒരു കഴുതയുടെ കഥ വായിച്ചത് ഓർക്കുന്നു: ഒരു കൃഷിക്കാരന്റെ വകയായിരുന്ന വയസ്സൻ കഴുത, പുരയിടത്തിലുണ്ടായിരുന്ന പൊട്ടക്കിണറിന്റെ ചുറ്റുമതിൽ പൊളിഞ്ഞു കിടക്കുകയായിരുന്നതിനാൽ, അതിൽ വീണു. പൊട്ടക്കിണറ്റിൽ കിടന്നു കരയുന്ന കഴുതയുടെ അവസ്ഥയിൽ കൃഷിക്കാരനു അല്പമൊക്കെ സഹതാപം തോന്നിയെങ്കിലും, ഏറെ നാളായി ഒരു പ്രയോജനവുമില്ലാതിരുന്ന അതിനെ രക്ഷപെടുത്തുന്നതിനു പകരം, മണ്ണിട്ടു മൂടുന്നതിനാണ്, അയാൾ തീരുമാനിച്ചത്. എന്നാൽ, ഓരോ കുട്ട മണ്ണ് തന്റെ മേൽ പതിക്കുമ്പോഴും, മണ്ണു കുലുക്കിക്കളയാനും, അതിന്മേൽ ചവുട്ടി പൊങ്ങുവാനുമാണ്, വയസ്സൻ കഴുത ശ്രമിച്ചത്. ഓരോ കുട്ട മണ്ണു തന്റെ മേൽ വീഴുമ്പോഴും, ‘കുലുക്കിക്കളയുക, ചവിട്ടി ഉയരുക’ എന്ന തന്റെ തന്ത്രം, കഴുത വിജയകരമായി ഉപയോഗിച്ചു കൊണ്ടിരുന്നു. അവസാനം, മണ്ണു, കിണറിന്റെ വക്കോളമെത്തിയപ്പോൾ, അതു ചാടി കരയ്ക്കു കയറി എന്നാണു കഥ! കഴുത പ്രകടിപ്പിച്ച സഹിഷ്ണതയ്ക്കു ഫലമുണ്ടായി എന്നു ചുരുക്കം.
പീഡനങ്ങളുടെ നടുവിൽ കൂടി കടന്നു പോയ്ക്കൊണ്ടിരുന്ന ഒന്നാം നൂറ്റാണ്ടിലെ എബ്രായ സഭാ സമൂഹത്തിനു ലേഖന കർത്താവ്, അവർ ജീവിതത്തിൽ, സഹനങ്ങളുടെ മദ്ധ്യേ സഹിഷ്ണത നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചു കൊണ്ടെഴുന്ന വചനങ്ങളാണു നമ്മുടെ ധ്യാന ഭാഗം. ധൈര്യത്തോടും, വിശ്വാസത്തോടും, പ്രത്യാശയോടും കൂടെ, പ്രതികൂലങ്ങളോടു പ്രതി കരിക്കുമ്പോൾ മാത്രമേ, “ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ”, അവർക്കു കഴിയൂ എന്നാണ് അപ്പൊസ്തലൻ അവരെ ഓർമ്മിപ്പിക്കുന്നത്. അതിനു സഹിഷ്ണത ഏറെ ആവശ്യമാണെന്നും, താൻ അവരെ ഓർമ്മിപ്പിക്കുന്നു.
നമുക്കു എന്തു ഭവിക്കുന്നു എന്നതിനേക്കാൾ, നമ്മിലൂടെ എന്തു നിർവ്വഹിക്കപ്പെടു
ന്നു എന്നതാണ്, കൂടുതൽ പ്രധാനം. ഇയ്യോബ് സഹിഷ്ണയുടെ മകുടവും, പ്രതീകവുമായി, ഒരു പ്രത്യാശാ ഗോപുരം പോലെ, നമ്മുടെ മുമ്പിൽ നിൽക്കുന്നു. ജീവി തത്തിൽ, സഹിഷ്ണതാ മനോഭാവം വളർത്തിയെടുത്ത്, ക്രീയാത്മക ക്രിസ്തീയ ജീവിതം നയിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: സഹിഷ്ണതയുള്ളവർക്കേ, സഹനങ്ങളെ സങ്കീർത്തനങ്ങളാക്കി
മാറ്റുവാൻ കഴിയൂ..