Saturday, November 23, 2024
Homeകേരളംമുനമ്പം ഭൂമി തർക്കം: ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും

മുനമ്പം ഭൂമി തർക്കം: ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു.

ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർ നടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. കമ്മീഷൻ നടപടികൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments