Sunday, December 22, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (84) തന്ത്രസമുച്ചയത്തിൻ്റെ അനുബന്ധമായ ശേഷസമുച്ചയം

അറിവിൻ്റെ മുത്തുകൾ – (84) തന്ത്രസമുച്ചയത്തിൻ്റെ അനുബന്ധമായ ശേഷസമുച്ചയം

പി. എം.എൻ.നമ്പൂതിരി.

തന്ത്രസമുച്ചയത്തിൽ ശിവൻ, വിഷ്ണു, ദുർഗ്ഗ, ഗണപതി, സുബ്രഹ്മണ്യൻ, ശങ്കരനാരായണൻ, ശാസ്താവ് എന്നീ ഏഴു ദേവന്മാരുടെ ക്രിയകൾ മാത്രമേ പ്രതിപാദിയ്ക്കുന്നുള്ളൂ. അവരുടെ ക്ഷേത്രനിർമ്മാണരീതികളെ ഭൂപരിഗ്രഹം മുതൽ പ്രതിഷ്ഠ, നിത്യപൂജ, ഉത്സവം, കലശാഭിഷേകങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളെ സംബന്ധിച്ച ക്രിയാദികളും സമഗ്രമായി, അടുക്കോടും ചിട്ടയോടുംകൂടി ശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ശാസ്ത്രീയ – സാങ്കേതിക രീതിയനുസരിച്ചുതന്നെ വിവരിച്ചിട്ടുണ്ട്. എങ്കിലും സാധാരണ കർമ്മികൾക്ക്, മനസ്സിലാക്കാൻ ആ ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനം വേണ്ടിവരും. അതിന് സംസ്കൃതത്തിൽത്തന്നെ വിമർശിനി എന്നും വിവരണം എന്നും രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.വിമർശിനീകാരൻ സമുച്ചയത്തിൻ്റെ ഗ്രന്ഥകർത്താവിൻ്റെ മകൻ ശങ്കരൻ നമ്പൂതിരിപ്പാട് തന്നെയാണ്. കൊല്ലവർഷം 10-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ജീവിച്ചിരുന്ന കുഴിക്കാട്ടില്ലത്ത് മഹേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രസമുച്ചയത്തിൻ്റെ ഒരു മലയാള വ്യാഖ്യാനമെഴുതിയത് തിരുവിതാംകൂർ ഹസ്തലിഖിതഗ്രന്ഥശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്ത്രസമുച്ചയവിഷയങ്ങളെ പുരസ്കരിച്ചു കുഴിക്കാട്ടുപച്ച, തൊഴാനൂരനുഷ്ഠാനം, പരമേശ്വരാനുഷ്ഠാനം, തുടങ്ങിയ അനുഷ്ടാന പദ്ധതികൾ അഥവാ പ്രായോഗികപദ്ധതികൾ നാട്ടിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് തരണനല്ലൂർ പാരമ്പര്യം ഒഴിച്ച് മറ്റെല്ലാ തന്ത്രിമാരുടേയും അംഗീകാരം ലഭിച്ച കൃതിയാണ് തന്ത്രസമുച്ചയം. അതു കൊണ്ടുതന്നെ കേരളത്തിലെ ക്ഷേത്രാചാരങ്ങളുടെ മൂലഗ്രന്ഥവും തന്ത്രസമുച്ചയം തന്നെയായിത്തീർന്നു.

മേൽപറഞ്ഞ ദേവന്മാർക്കു പുറമെ, ഒട്ടനേകം മറ്റു ദേവന്മാരേയും ആരാധിച്ചു വരുന്നുണ്ട്. അവരുടേതും കൂടിയാലെ വിഷയപൂർത്തി വരുകയുള്ളൂ എന്നതുകൊണ്ട് തന്ത്രസമുച്ചയകാരൻ്റെ പുത്രനും ശിഷ്യനുമായ ശങ്കരൻ നമ്പൂതിരിപ്പാട് എഴുതിയ അനുബന്ധ ഗ്രന്ഥമാണ് ശേഷസമുച്ചയം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, ഗോപാലകൃഷ്ണൻ, സരസ്വതി, ശ്രീഭഗവതി, ശ്രീപാർവ്വതി, ജ്യേഷ്ഠഭഗവതി, ഭദ്രകാളി, വീരഭദ്രനും ഗണപതിയും ചേർന്ന സപ്തമാതൃക്കൾ, ക്ഷേത്രപാലൻ, അനന്തരം രുരുജിത്ത് വിധാനമുള്ള രുരുജിത്ത് എന്ന ഭഗവതിയോടു കൂടിയ ഭൈരവശിവൻ, അവിടുത്തെ മാതൃക്കൾ, ഇന്ദ്രാദിപരിവാരങ്ങൾ, തുടങ്ങിയവരുടെ പ്രതിഷ്ഠാ – പൂജാദി ക്രിയകളെയാണ് ശേഷ സമുച്ചയ കർത്താവ് പ്രതിപാദിക്കുന്നത്. അതിനു ശേഷം പ്രതിഷ്ഠിക്കപ്പെട്ട മുഖ്യവിഗ്രഹത്തിനു പുറമെ ഏകവേര – ബഹുവേ രാദി വിശേഷാൽ ബിംബങ്ങൾ ഉണ്ടെങ്കിൽ അതുകളിലെ സാമാന്യ ക്രിയകളേയും അദ്ദേഹം പരാമർശിയ്ക്കുന്നുണ്ട്. തന്ത്രസമുച്ചയ കർത്താവ് പറയാത്ത ദേവതകളേയും അവയുടെ സമുച്ചയത്തിൽ സൂചിപ്പിക്കാത്ത കർമ്മങ്ങളേയും പറ്റി മാത്രമേ താൻ പ്രതിപാദിയ്ക്കുന്നുള്ളൂ എന്ന് ശേഷ സമുച്ചയത്തിലെ മൂന്നാം ശ്ലോകത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഇനിയും നരസിംഹം, രക്തേശ്വരി മുതലായി അസംഖ്യം ദേവീദേവന്മാർ കേരള പ്രതിഷ്ഠകളിൽ ഉൾപ്പെട്ടിട്ടുള്ളതിന് സമഗ്രമായ ഒരു ഗ്രന്ഥ നിർമ്മതിയും ഇതുവരെ ഉണ്ടായിട്ടില്ല. അവയെല്ലാം അതതു തന്ത്രിമാരുടെ ഗ്രന്ഥവരികളിൽ ഇരിയ്ക്കുന്നതേയുള്ളൂ. അവയെ എല്ലാം സംഗ്രഹിച്ച് ഒരു ബൃഹത്ഗ്രന്ഥം രചിക്കാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. തന്ത്രവിദ്യാപീഠം അധികൃതരിൽ നിന്നും ഈ കാര്യം ആദ്ധ്യാത്മിക കേരളം പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ സന്ദർഭത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നു.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments