Friday, November 22, 2024
Homeസ്പെഷ്യൽശുഭ ചിന്ത (74) പ്രകാശഗോപുരങ്ങൾ - (50) 'മായ'

ശുഭ ചിന്ത (74) പ്രകാശഗോപുരങ്ങൾ – (50) ‘മായ’

പി.എം.എൻ.നമ്പൂതിരി

‘മായ’

“ബ്രഹ്മസത്യം ജഗന്മിഥ്യ” ശങ്കരാചാര്യ സ്വാമികൾ പറഞ്ഞിട്ടുണ്ട് ” ഈ ജഗത്ത് മുഴുവനും മായയാണെന്ന് ഇല്ലാത്തതാണെന്ന് പറഞ്ഞാൽ അതു നമുക്കു ബോധ്യമാകുകയില്ല. മായ എന്താണെന്ന് നിർവ്വജിക്കാൻ പ്രയാസമാണ്. എന്നാൽ ശ്രീരാമകൃഷ്ണദേവൻ ഇതിന് ലളിതമായി ഒരു നിർവചനം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നത് “ഞാൻ എന്നും എൻ്റേത്” എന്നുമുള്ള ഭാവമാണ് മായ എന്നാണ്. അതിനെ “അഹം മമകൾ എന്നും പറയാം. അദ്ദേഹം പറയുന്നത് ആ വിചാരംതന്നെ തെറ്റാണ് ഇല്ലാത്തതാണ് എന്നാണ്. ആവിചാരം തന്നെയാണ് എല്ലാദു:ഖങ്ങൾക്കും കാരണമാകുന്നതും. എൻ്റെ ഭാര്യ, എൻ്റെ കുട്ടി, എൻ്റെ സമ്പത്ത് എന്നിങ്ങനെ എൻ്റേതായി കൂടുതൽ വസ്തുക്കൾ സമ്പാദിക്കുമ്പോൾ കൂടുതൽ ദു:ഖത്ത നാം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.. എൻ്റേതായ വസ്തുക്കൾ എത്രമാത്രം കുറയുന്നുവോ, ഞാൻ എന്നഭാവം എത്ര ഇല്ലാതാകുന്നുവോ അത്രത്തോളം ദുഃഖവും കുറയുന്നു. ഇതിന് ചെറിയ ഒരു ഉദാഹരണം താഴെ വിവരിക്കാം.

“ഒരുദിവസം രാവിലെ ഗോപാലകൃഷ്ണപിള്ള വീടിൻ്റെ വരാന്തയിൽ പത്രം വായിച്ചിരിക്കുകയായിരുന്നു ആ സമയത്ത് അയൽപക്കത്തെ തോമസ് ഓടി വന്ന് ഗോപാലകൃഷ്ണപിള്ളയോടു പറഞ്ഞു “ചേട്ടനറിഞ്ഞില്ലേ? ചേട്ടൻ്റെ ടൗണിലുള്ള തുണിക്കടയ്ക്ക് ഇന്ന് രാവിലെ തീ പിടിച്ചു.നാട്ടുകാരും ഫയർ എൻജിനും ചേർന്ന് തീ അണക്കാൻ ശ്രമിച്ചതുകൊണ്ട് മറ്റു കടകൾക്ക് ശല്യമുണ്ടായില്ല”ഇത് കേട്ട് ഗോപാലകൃഷ്ണപിള്ള പറഞ്ഞു “ഞാൻ അറിഞ്ഞു “അതു കേട്ട് തോമസ് ചോദിച്ചു ” എന്നിട്ടാണോ താങ്കൾ പത്രവും വായിച്ചിരിക്കുന്നത് “അപ്പോൾ ഗോപാലകൃഷ്ണപിള്ള പറഞ്ഞു”ഞാൻ ഇന്നലെ ആ വസ്തുവും കയും കിഴക്കേതിലെ കേശവൻ പിള്ളയ്ക്ക് തീറുവിറ്റിരുന്നു. ഇപ്പോൾ ആ വസ്തു എൻ്റെ അല്ല “ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാനുള്ളത് ദു:ഖദായകവസ്തു കടയല്ല എൻ്റെ എന്ന ബോധമാണ് എന്ന്.

വൈരാഗ്യം എന്നാൽ ഭൗതികവസ്തുക്കളിലുള്ള രാഗം ഇല്ലാതാവലാണ്.അതായത് ഒന്നിലും എൻ്റേതെന്ന ബോധം ഇല്ലാതിരിക്കൽ. സത്യത്തിൽ വിരക്തന് മണ്ണും പൊന്നും ഒരു പോലെയാണ്. നിത്യവിവേകം കൊണ്ട് അനിത്യവും അസുഖകരവുമായ ലോകത്തിൽ നിന്ന്മനസ്സിനെ പിൻവലിച്ച് നിത്യവും ആനന്ദ സ്വരൂപവുമായ സർവ്വേശ്വരഭാവത്തിൽ മാത്രം മനസ്സൂനിയവരുടെ വൈരാഗ്യമാണ് തീവ്രമായിട്ടുള്ളത്. അത്തരക്കാർക്ക് പൂർണ്ണമായ ശാന്തിയും സമാധാനവും അനുഭവപ്പെടുന്നു.

പരമമായ ചൈതന്യത്തെ മറച്ചുവെയ്ക്കുന്ന ഒന്നാണ് മായ. അഗ്നിയിൽനിന്നുണ്ടാകുന്ന പുക അഗ്നിയുടെ ചൂടും വെളിച്ചവും മറച്ചുവെയ്ക്കുകയും കരി പരത്തുകയും ചെയ്യുന്നതു പോലെ മായാശക്തി ആത്മീയശക്തിയുടെ സവിശേഷതകളെയെല്ലാം മനസ്സിൽനിന്നു മറച്ച് മനുഷ്യനെ സത്യത്തിൽനിന്നും സർവ്വേശ്വരനിൽ നിന്നും അകറ്റി കൊണ്ടു പോകുന്നു. ഒരു കാര്യം മനസ്സിലാക്കുക!പരമാത്മാവിൽ നിന്നും ഈ പ്രപഞ്ചമുണ്ടായി. എന്നാൽ മായ മനുഷ്യമനസ്സിനെ പ്രപഞ്ചത്തിൻ്റെ നാനാത്വത്തിൽ ഭ്രമിപ്പിച്ച് വ്യാമോഹിപ്പിക്കുകയും ദു:ഖത്തിലാഴ്ത്തുകയും ചെയ്യുന്നു. സത്യമെന്തെന്നറിയാതെ മിഥ്യാസങ്കല്പങ്ങളിൽ ഭ്രമിക്കുന്നു.

ഉള്ളതിനെ മറച്ചുവയ്ക്കുവാനുള്ളമായാശക്തിയെ “ആവരണം ” എന്നും ഇല്ലാത്തതിനെ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മായാശക്തിയെ “വിക്ഷേപം” എന്നുമാണ് പറയുക.

ഒരാൾ സന്ധ്യാസമയത്ത് മങ്ങിയവെളിച്ചത്തിൽ ഇടവഴിയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് മുമ്പിൽ വളഞ്ഞു പുളഞ്ഞു കിടക്കുന്ന എന്തോ കണ്ടു.ഉടനെ അയാൾ “അയ്യോ പാമ്പ്” എന്ന് വിളിച്ചു കൂവി. ശബ്ദം കേട്ട് അയൽപക്കത്തുകാരൻ ടോർച്ചുമായി വന്ന് നോക്കിയപ്പോൾ ആ കിടക്കുന്നത് പമ്പല്ലന്നും കയറാണെന്നും മനസ്സിലായി. അപ്പോൾ ഇവിടെ സംഭവിച്ചത് സത്യമായ കയറിനെ മറച്ച ശക്തി (ആവര ണം), ഇല്ലാത്ത പാമ്പിനെ ഉണ്ടെന്ന് തോന്നിപ്പിച്ച മായാശക്തി (വിക്ഷേപം) അറിവാകുന്ന വെളിച്ചത്തിൽ സത്യം മനസ്സിലാകുന്നു.

ഒന്ന് മനസ്സിലാക്കുക! ഇന്ദ്രിയ തലത്തിലുണ്ടാകുന്ന അനുഭവങ്ങൾ പലതും അസത്യങ്ങളാണ്. ജലാശയങ്ങൾതോറും ഓരോരോ സൂര്യനെ കാണുന്നു. എന്നാൽ ആകാശത്തിൽ നോക്കുമ്പോൾ അവിടെ ഒരു സൂര്യൻ മാത്രമേയുള്ളൂ എന്ന സത്യം ബോദ്ധ്യമാകും. സുഖവും ദു:ഖവും ജയപരാജയങ്ങും ജനന മരണങ്ങൾ പോലും മായാശക്തിനിമിത്തമുണ്ടാകുന്ന മിഥ്യാധാരണകളാണെന്ന് ജ്ഞാനികൾ പറയുന്നുണ്ട്. “മ മ മായാ ദുരത്യയ”എന്ന്ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്. മായാശക്തിയെ ജയിക്കുക ദുസ്സാദ്ധ്യമാണെങ്കിലും അസാദ്ധ്യമല്ല. എവിടെ വെളിച്ചമുണ്ടാകുന്നുവോ അവിടെ ഇരുട്ടുണ്ടാവുകയില്ല.ആത്മസൂര്യൻ്റെ ഉദയത്തിൽ മായാന്ധകാരം നീങ്ങി, സത്യസ്വരൂപം കണ്ടറിയാമെന്നാണ്ഭഗവാൻ അർജ്ജുനനോട്പറഞ്ഞിട്ടുള്ളത്.

കനൽ ജനലത്താലാകൃഷ്ടരായി ദാഹം ശമിപ്പിക്കാൻ ഓടിയെത്തുന്ന മൃഗങ്ങളെപ്പോലെ ഭൗതിക വസ്തുക്കളുടെ ആകർഷണവലയത്തിൽപ്പെട്ട് സാധാരണജനങ്ങൾ സുഖാനുഭവങ്ങൾ ലഭിക്കുമെന്ന മിഥ്യാധാരണയിൽ അവയെ സമീപിക്കുകയാണ്. ഇവരെയാണ് “മായാപഹൃതജ്ഞാനാ” എന്ന് ഭഗവാൻ വിശേഷിപ്പിച്ചിട്ടുള്ളത്. മനസ്സിൽ ജ്ഞാനത്തിൻ്റെ വെളിച്ചം ഇല്ലാതായി അജ്ഞാനത്തിൻ്റെ കൂരിരുൾ പരക്കുമ്പോൾ മനുഷ്യൻ സുഖലബ്ധിക്കു വേണ്ടി പല ദുഷ്ട പ്രവർത്തികളും ചെയ്യാൻമടിക്കുന്നില്ല. അങ്ങനെ ലഭിക്കുന്ന സുഖങ്ങളും നേട്ടങ്ങളും മഴവില്ലുപോലെ ക്ഷണികമാണെന്ന കാര്യം അവനറിയുന്നില്ല. സുഖങ്ങളെല്ലാം തന്നെ ശോകപര്യവസായികളാണെന്നും ആ ദുഃഖം പെരുമ്പാമ്പിനെപ്പോലെ വളരെ പതുക്കെ ഇഴഞ്ഞു നീങ്ങുകയേയുള്ളൂ എന്ന സത്യവും മായാവലയത്തിൽപ്പെട്ട അവന് മനസ്സിലാവുകയില്ല. ഒടുവിൽ ചെയ്ത പാപങ്ങളുടെ ഫലമനുഭവിക്കാൻ വിധിക്കപ്പെടുന്നു. വിവേക ബുദ്ധി നശിച്ച, ധർമ്മവും അധർമ്മവും തമ്മിൽ തിരിച്ചറിയാനാവാത്ത ഇവർ അസത്യത്തിൻ്റെ ഇരുണ്ടപാതയിലൂടെ സഞ്ചരിക്കുന്നു. ഇങ്ങനെയുള്ള മൂഢന്മാർക്ക് ദൃശ്യപ്രപഞ്ചത്തിനപ്പുറം അദൃശ്യമായ ഒരു ശക്തിവിശേഷം ഒളിഞ്ഞിരിപുണ്ടെന്ന സത്യം അംഗീകരിക്കാൻ കഴിയുകയില്ല. നദിയുടെ ഒഴുകുന്നവെള്ളത്തിനടിയിൽ സ്ഥിരമായ ഒരു അടിത്തട്ടുള്ളപോലെ ചലനാത്മകമായ, മിനിമറയുന്ന, ഈപ്രപഞ്ചത്തിൻ്റെ പിറകിൻ അചഞ്ചലമായ ബ്രഹ്മശക്തി ഉണ്ടെന്ന വസ്തുത നിരീശ്വരവാദികൾക്കു സ്വീകാര്യമാവുകയില്ല.

എവിടെയൊക്കെ എപ്പോഴെല്ലാം ഭഗവൽസ്മരണ കുറയുന്നുവോ അപ്പോഴൊക്കെ മായ പ്രവർത്തനനിരതയാകുന്നു. വിരഹികളുടെവിയോഗ ദു:ഖം അവൾ വിസ്മരിപ്പിക്കുന്നു. ചെറിയ ചെറിയ സന്തോഷങ്ങൾ മഹാഭാഗ്യമെന്നു തോന്നിപ്പിച്ചു പലപ്പോഴും ദു:ഖിപ്പിക്കുന്നു.

മായ ഓരോ വീട്ടിലും ഓരോരുത്തരുടേയും അടുത്തുണ്ട്. പക്ഷെ അവളുടെ സാന്നിധ്യം നമുക്കറിയാൻ കഴിയുന്നില്ലെന്ന് മാത്രം.

പി.എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments