മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ’ എന്ന പംക്തി യിലേക്ക് എല്ലാവർക്കും സ്വാഗതം. 🙏🙏
പി.എം.എൻ.നമ്പൂതിരി, തൃശൂർ.
പ്രസിദ്ധ എഴുത്തുകാരിയായിരുന്ന ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിൻ്റെ പേരമരുമകനായ ശ്രീ പി. എം. എൻ. നമ്പൂതിരിയാണ് ഇന്നത്തെ നമ്മുടെ അതിഥി.
തൃശ്ശൂർ ജില്ലയിൽ ഒല്ലൂക്കരയിൽ പടിഞ്ഞാറെതടത്തിൽ മാധവൻ നമ്പൂതിരിയുടേയു ഉമാദേവി അന്തർജ്ജനത്തിൻ്റേയും മകനായി 1950ൽ ജനിച്ചു.ഭാര്യ ലളിത.
മെക്കാനിക്കൽ എഞ്ചിനീയറായി ബോംബെയിലും, ഗുജറാത്തിലെ വൾസാഡിലും, ബാംഗ്ലൂരിലും ജോലി ചെയ്തിരുന്ന അദ്ദേഹം ജോലിത്തിരക്കുമൂലം ആ കാലഘട്ടത്തിൽ എഴുത്തിലും വായനയിലും ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന വിവരം പറയുകയുണ്ടായി.
എന്നാൽ 2015ൽ, സർവ്വീസിൽനിന്നും വിരമിച്ചശേഷം വായനയിലേക്കും എഴുത്തിലേക്കും കൂടുതൽ സമയം വിനിയോഗിച്ചു. തുടർന്ന് 50ൽ പരം കവിതകളും 25 ഓളം ചെറുകഥകളും രചിച്ചിട്ടുണ്ട്. അതിൽ പലതും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ മാഗസീനുകളിലും ഇതിനകം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വർഷമായി എല്ലാ ദിവസവും സുഭാഷിതങ്ങൾ തയ്യാറാക്കി ശ്രീമതി ഗീത.കെ.നമ്പൂതിരിയുടെ ആലാപനത്തിൽക്കൂടി സാമൂഹ്യമാധ്യമങ്ങളിൽ അറിയപ്പെടുന്നു.
സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട എഴുത്തുകാരിയായ ശ്രീമതി നിർമ്മല അമ്പാട്ട് വഴിയാണ് താൻ ആദ്യമായി മലയാളി മനസ്സ് എന്ന ഈ പത്രത്തെക്കുറിച്ച് അറിയുന്നത് എന്ന് അദ്ദേഹം പങ്കു വയ്ക്കുകയുണ്ടായി. സ്ഥിരമായി ഫെയ്സ് ബുക്കിൽ ലേഖനങ്ങൾ എഴുതിയിരുന്ന തന്നോട് മലയാളി മനസ്സ് ഓൺലൈൻ പത്രത്തിൽ ലേഖനങ്ങൾ എഴുതിക്കൂടെ എന്ന് ശ്രീമതി നിർമ്മല ചോദിക്കാറുണ്ടായിരുന്നു. അവർ വഴി മലയാളി മനസ്സ് എന്ന പത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. അങ്ങിനെ പത്രത്തിൻ്റെ ചീഫ് എഡിറ്റർ ബഹുമാന്യനായ രാജു ശങ്കരത്തിലിനെ പരിചയപ്പെടുകയും അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് എല്ലാ ആഴ്ചയിലും രണ്ടു വ്യത്യസ്ത ലേഖനങ്ങൾ (ശുഭചിന്ത, അറിവിൻ്റെ മുത്തുകൾ) കഴിഞ്ഞ രണ്ടു വർഷമായി താൻ തയ്യാറാക്കിക്കൊടുക്കുകയും അത് മലയാളി മനസ്സ് ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്യുന്നു. – നമ്പൂതിരി സാർനമ്മുടെ പത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദീകരിച്ചു.
വായനക്കാർ വളരെ ഇഷ്ടപ്പെട്ട ‘അറിവിൻ്റെ മുത്തുകൾ’ എന്ന ലേഖനം നല്ല ലേഖനമായി തിരഞ്ഞെടുക്കുകയും പാരിതോഷികം തന്ന് പത്രം തന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞപ്പോൾ മലയാളി മനസ്സും ആ സന്തോഷത്തിൽ പങ്ക് ചേരുന്നു.
മലയാളി മനസ്സ് എന്ന പത്രത്തിൽ തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വന്നതിന് ശേഷം പല മാഗസീനുകളിലും തന്റെ കഥകളും കവിതകളും പ്രസിദ്ധീകരിക്കാൻ അവസരം കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന സാറിന്റെ എളിമയോടെയുള്ള ആ ഒരൊറ്റ തുറന്നു പറച്ചിൽ മാത്രം മതി സാർ എത്രയോ വലിയ മനുഷ്യൻ ആണെന്ന് നമുക്കറിയാൻ.
കഴിഞ്ഞ മൂന്നു വർഷമായി വേദങ്ങൾ,ഉപനിഷത്ത്,തന്ത്രങ്ങൾ, സംസ്കൃതം, ഭഗവദ് ഗീത,എന്നീ വിഷയങ്ങൾ ഓൺലൈൻ ക്ലാസ്സുകളായി നടത്തി വരുന്നു.
തന്റെ ഓൺലൈൻ ക്ലാസ്സിൽ പഠിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ള പഠിതാക്കളും കൽക്കത്തയിലുള്ള ഓൾ ഇന്ത്യ ഉപനിഷത്ത് അസോസിയേഷനും സംയുക്തമായി കഴിഞ്ഞ മാർച്ചുമാസത്തിൽ ഗുരുവായൂരിൽ വച്ച് തന്നെ പൊന്നാടയണിച്ച് ആദരിച്ച സന്തോഷം സാർ പങ്ക് വച്ചു.
തന്നെ ഒരു എഴുത്തുകാരനായി വായനക്കാർ അംഗീകരിക്കാൻ അവസരം നൽകിയ മലയാളി മനസ്സ് എന്ന പത്രത്തിനോടും അതിൻ്റെ ചീഫ് എഡിറ്റർ ബഹുമാന്യനായ രാജു ശങ്കരത്തിലിനോടും സാർ വീണ്ടും വീണ്ടും നന്ദി പറഞ്ഞു.
പത്രത്തിന്റ എഡിറ്റോറിയൽ ബോർഡ് അംഗമായ നമ്പൂതിരി സാറിന് നമ്മെ കരുത്തോടെ നയിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
നന്ദി! നമസ്കാരം!