ന്യൂഡൽഹി; രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വാദ്ര പറഞ്ഞു. അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ അവർക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹം. താൻ രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കിൽ അമേഠി തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും വാദ്ര പറഞ്ഞു. ആദ്യ രാഷ്ട്രീയ പ്രചാരണം 1999ൽ പ്രിയങ്കയ്‌ക്കൊപ്പം അമേഠിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബർട്ട് വദ്ര പറഞ്ഞു. അമേഠിയിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റോബർട്ട് വദ്രയുടെ പ്രതികരണം.