തിരുവനന്തപുരം: കലോത്സവ സ്വാഗതഗാന വിവാദത്തിൽ വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി.
സ്‌കൂൾ കലോത്സവത്തിനുമുൻപ് വിവാദങ്ങളും ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നതിന് ഒരു നടി പണം ആവശ്യപ്പെട്ടെന്നും ഇവർക്ക് അഹങ്കാരവും പണത്തോട് ആർത്തിയുമാണെന്നുമാണു നേരത്തെ മന്ത്രി വിമര്‍ശിച്ചത്.ജനുവരി നാലു മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം ചിട്ടപ്പെടുത്താൻ വേണ്ടി നടി പണം ആവശ്യപ്പെട്ടെന്നു പറഞ്ഞായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വിമർശനം.
ഇന്നലെ വെഞ്ഞാറമൂട്ടിൽ നടന്ന ഒരു പൊതുപരിപാടിക്കിടയാണ് മന്ത്രി നടിക്കെതിരെ ആഞ്ഞടിച്ചത്. കലോത്സവത്തിന്റെ അവതരണഗാനം ചിട്ടപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഒരു നടിയെ സമീപിച്ചു.ഗാനം ചെയ്യാമെന്ന് ഏറ്റ അവർ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.കലോത്സവത്തിലൂടെ വളർന്നു താരമായ നടിക്ക് അഹങ്കാരവും പണത്തോട് ആർത്തിയുമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.