മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ പതിനൊന്നാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം🙏🙏
മലയാളത്തിൻ്റെ ഭക്തകവിയായ പൂന്താനം നമ്പൂതിരി യെ കുറിച്ചാണ് ‘മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ’ എന്ന പംക്തിയിലൂടെ ഇന്ന് അവതരിപ്പിക്കുന്ന നക്ഷത്രപ്പൂവ്!
പൂന്താനം നമ്പൂതിരി (1️⃣1️⃣) (AD 1545 – 1640)
പഴയ വള്ളുവനാടു താലൂക്കിൽ പെരിന്തൽ മണ്ണയ്ക്ക് അടുത്ത് നെന്മിനി അംശത്തിൽ പൂന്താനം ഇല്ലത്ത് ജനിച്ച ഇദ്ദേഹത്തിൻ്റെ യഥാർത്ഥ പേര് എന്താണെന്ന് അറിയില്ല .
ബ്രഹ്മദത്തൻ എന്നായിരുന്നു എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
A.D. 1545 – 1640 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് എന്നു കരുതപ്പെടുന്നു.
ഭക്തകവിയായ പൂന്താനം ഭക്തിയോടൊപ്പം അക്കാലത്തെ സാമൂഹിക വ്യവസ്ഥകൾക്കെതിരെ വിപ്ലവകരമായ ചിന്തകൾക്കും അദ്ദേഹം തൻ്റെ കൃതികളിൽ സ്ഥാനം നൽകിയിട്ടുണ്ട്. മനുഷ്യമനസ്സിൻ്റെ ചാപല്യങ്ങളും സമ്പത്തിനോടുള്ള അത്യാർത്തിയും ജീവിതത്തിൻ്റെ അസ്ഥിരതയും നിഷ്ഫലതയും ഒക്കെ സാധാരണക്കാർക്കു മനസ്സിലാകത്തക്ക വിധം ലളിതമായ പച്ചമലയാളത്തിൽ അവതരിപ്പിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഗുരുവായൂരപ്പനെ അകമഴിഞ്ഞ് ആരാധിച്ചിരുന്നു പൂന്താനം. അതുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. കൊള്ളക്കാരുടെ ആക്രമണത്തിൽ നിന്നും മങ്ങാട്ടച്ഛനായി വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചെന്നാണ് ഒരു ഐതീഹ്യം! ഇത് അടിസ്ഥാനമാക്കി മഹാകവി വള്ളത്തോൾ രചിച്ച സുന്ദരമായ കവിതയാണ്
“ആ മോതിരം”
‘കേവലനൊരു നമ്പൂതിരിയല്ലിതു
കേരള ഭാഷയാകിയ ഗോപിയാൾ
കേശവൻ്റെ പൊന്നോടക്കുഴൽ വിളി….
കേട്ടതീത്തിരു വക്ത്രത്തിൽ നിന്നത്രേ…’ എന്നാണ് മഹാകവി വള്ളത്തോൾ പൂന്താനത്തെ വിശേഷിപ്പിക്കുന്നു.
ഗുരുവായൂരപ്പനെ ഭജിച്ച് വാതരോഗം മാറ്റിയ മേല്പത്തൂർ നാരായണ ഭട്ടതിരിയും പൂന്താനവും സമകാലികരായിരുന്നു. സംസ്കൃത പണ്ഡിതനായ മേല്പത്തൂരിൻ്റെ അടുത്ത് തൻ്റെ ‘ശ്രീകൃഷ്ണകർണ്ണാമൃതം ‘ തെറ്റ് തിരുത്തുവാൻ പൂന്താനം ആവശ്യപ്പെട്ടു എന്നും മലയാള കവിതയാണെങ്കിൽ അതു മറ്റാരെയെങ്കിലും കാണിച്ചാൽ മതി എന്നു പറഞ്ഞ് ഭട്ടതിരി ആ ആവശ്യം നിഷേധിച്ചു എന്നും അന്നുരാത്രി ഭട്ടതിരിയുടെ വാതരോഗം വർദ്ധിച്ചു എന്നും പൂന്താനത്തിൻ്റെ സങ്കടം തീർത്തെങ്കിലേ രോഗം മാറൂ എന്നു ഗുരുവായൂരപ്പൻ സ്വപ്നത്തിൽ ഭട്ടതിരിയോടു പറഞ്ഞു എന്നും അതനുസരിച്ചു തെറ്റ് തിരുത്തിക്കൊടുക്കുകയും രോഗം മാറുകയും ചെയ്തു എന്നാണ് മറ്റൊരു ഐതീഹ്യം!
ഈ കഥ അടിസ്ഥാനമാക്കി വള്ളത്തോൾ രചിച്ച മനോഹരമായ കവിതയാണ് ‘ഭക്തിയും വിഭക്തിയും’
‘മേല്പത്തൂരിൻ്റെ വിഭക്തിയെക്കാളിഷ്ടം
പൂന്താനത്തിൻ ഭക്തിയാണെനിക്കിഷ്ടം ‘ എന്ന് ഗുരുവായൂരപ്പൻ പറയുന്നതിൽ നിന്നും പൂന്താനത്തിൻ്റെ നിഷക്കളങ്കമായ ഭക്തിയുടെ മഹത്വം മനസ്സിലാക്കുവാൻ കഴിയും.
പൂന്തേനാം പല കാവ്യം കണ്ണനു നിവേദിച്ച പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ്കോകിലം എന്നാണ് വള്ളത്തോൾ പൂന്താനത്തെ വിശേഷിപ്പിക്കുന്നത് . പൂന്താനം തെറ്റ് തിരുത്തുവാൻ ആവശ്യപ്പെട്ടത് സന്താനഗോപാലം കൃതിയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിഷ്ണു സഹസ്രനാമത്തിലെ പത്മനാഭ്യോ/ മരപ്രഭു എന്ന ഭാഗം പത്മനാഭോ അമര പ്രഭു എന്നു ചൊല്ലേണ്ടതിനു പകരം ‘പത്മനാഭോ മരപ്രഭു’ എന്ന് പൂന്താനം ചൊല്ലി എന്നും ഇത് കേട്ട സംസ്കൃത പണ്ഡിതന്മാർ പൂന്താനത്തെ കളിയാക്കി എന്നും അപ്പോൾ ശ്രീകോവിലിൽ നിന്നും അമരപ്രഭു മാത്രമല്ല മരപ്രഭുവും ഞാൻ തന്നെയാണ് എന്ന അശരീരി ഉണ്ടായി എന്നും അങ്ങനെ ഭഗവാൻ പൂന്താനത്തിന്റെ അഭിമാനം രക്ഷിച്ചു എന്നുമാണ് വേറൊരു ഐതീഹ്യം!
ഇങ്ങനെ ഭക്തിയുടെ പരിവേഷം കൊണ്ട് മലയാളികളുടെ മനസ്സിൽ സർഗ്ഗപ്രതിഷ്ഠ നേടിയ പൂന്താനത്തിൻ്റെ പ്രധാനകൃതികൾ ജ്ഞാനപ്പാന, സന്താനഗോപാലം, ശ്രീകൃഷ്ണകർണാമൃതം , നൂറ്റെട്ടുഹരി , ഘനസംഘം തുടങ്ങിയവയാണ്.
പൂന്താനത്തിൻ്റെ ജ്ഞാനപ്പാനയിലെ രണ്ടു വരികളെങ്കിലും അറിയാത്ത ഒരു മലയാളിയും ഉണ്ടായിരിക്കുകയില്ല. ഈ കാവ്യത്തിൻ്റെ രചനക്കു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. പൂന്താനത്തിന് ആദ്യമായി ഉണ്ടായ ഉണ്ണിയുടെ ‘ചോറൂണ് ‘ ദിവസം കട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ മുകളിലേക്ക് ചടങ്ങിന് വന്ന ബന്ധുക്കളിൽ ആരോ അറിയാതെ വസ്ത്രങ്ങൾ ഊരിയിട്ടു. പിന്നാല വന്നവരും ഇത് ആവർത്തിച്ചു . ചുരുക്കത്തിൽ അങ്ങനെ ശ്വാസം മുട്ടി ആ കുഞ്ഞു മരിച്ചു ത്രേ!
ഇതിൽ മനം നൊന്താണ് അദ്ദേഹം ഭക്തിയും തത്വചിന്തയും ശോകവും നിറഞ്ഞുനില്ക്കുന്ന ‘ജ്ഞാനപ്പാന’ രചിച്ചത് എന്നാണ് ചില പണ്ഡിതന്മാർ പറയുന്നുണ്ട്.
‘ഇന്നലെയോളമെന്തന്നറിഞ്ഞില
ഇനി നാളെയുമെന്തന്നറിഞ്ഞീല
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതു മറിഞ്ഞീല
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയ മന്നൻ്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ!’
മനുഷ്യൻ്റെ ആർത്തി ഒരിക്കലും അവസാനിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ!’
അർത്ഥശൂന്യമായ ജീവിതത്തെ ഇങ്ങനെ അർത്ഥ ഗർഭങ്ങളായ വരികളിലൂടെ പൂന്താനം അവതരിപ്പിക്കുന്നു.
ജീവിതത്തെക്കുറിച്ചു ശരിയായി മനസ്സിലാക്കിയ അദ്ദേഹം പരമഭക്തിയുടെ ഭാഗത്തിലെത്തിച്ചേർന്ന്
‘ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്!
എന്ന് തൻ്റെ ജീവിതത്തിലെ ദുരന്തത്തെ മനസ്സിൽ ഒതുക്കുന്നു…
അവസാന കാലത്ത് അദ്ദേഹത്തിന് ഗുരുവായൂരിലേക്ക് പോകുവാൻ കഴിയാതെ വന്നപ്പോൾ പൂന്താനം ഇല്ലത്തിൻ്റെ വടക്കുഭാഗത്തു ഗുരുവായൂരപ്പൻ പ്രത്യക്ഷപ്പെട്ടെന്നും അങ്ങനെ അവിടെ ‘വടക്കും പുറത്തപ്പൻ’ എന്ന ക്ഷേത്രം നിർമിച്ച ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചു എന്നും പറയപ്പെടുന്നു.
ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ച് ദാർശനിക മാനത്തിലുള്ള പാനകളെഴുതി അനശ്വരനായി തീർന്ന ഭക്തകവിയായ പൂന്താനം നമ്പൂതിരി AD1640 ൽ വിടവാങ്ങി🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടു മുട്ടാം❤️💕💕💕