Sunday, November 24, 2024
Homeകേരളംഇനിയില്ല ചൂരൽമല ; ഒരു ഗ്രാമമാകെ തുടച്ചുനീക്കപ്പെട്ടു.

ഇനിയില്ല ചൂരൽമല ; ഒരു ഗ്രാമമാകെ തുടച്ചുനീക്കപ്പെട്ടു.

കോഴിക്കോട്‌; ഏത്‌ ഉരുൾപൊട്ടലിലും സുരക്ഷിതമായിരുന്നു ചൂരൽമലയെന്ന മലയടിവാരം. കാലവർഷക്കെടുതികളിൽ എത്രയോവട്ടം നൂറുകണക്കിന്‌ കുടുംബങ്ങൾക്ക്‌ അഭയമായിരുന്നു ചൂരൽമലയിലെ വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്‌. മിക്ക കാലവർഷങ്ങളിലും മഴകനത്താലും ഉരുൾപൊട്ടൽ ഭീതി പരന്നാലും ക്യാമ്പ്‌ തുറക്കുന്നത്‌ ഇവിടെയായിരുന്നു. ടൗണിനോട്‌ ചേർന്നൊഴുകിയ പുഴ ഉരുൾപൊട്ടലിൽ ഗതിമാറി ഒഴുകിയതോടെ ഒരു ഗ്രാമമാകെ തുടച്ചുനീക്കപ്പെട്ടു. മുണ്ടക്കൈ ഒന്നാകെ ഒഴുകിയെത്തി മിനിറ്റുകൾക്കകം ചൂരൽമലയെന്ന നാടിനെ വിഴുങ്ങി. വെള്ളാർമല സ്‌കൂളിന്റെ മൂന്ന്‌ നിലകളിൽ താഴത്തെ നില മണ്ണും ചെളിയും മൂടിപ്പോയി. ചൂരൽമലയിൽ വെള്ളം കുത്തിയൊലിച്ചെത്തുമ്പോഴും വീണുപോകാതെ തലയുയർത്തി നിൽക്കുന്നത്‌ ഈ സ്‌കൂൾ കെട്ടിടമായിരുന്നു. ഇത്തവണ ഉരുൾവെള്ളത്തിൽ അലച്ചെത്തിയ മരങ്ങളും വാഹനങ്ങളും കെട്ടിട അവശിഷ്ടങ്ങളും പാറക്കല്ലുകളും വന്നടിഞ്ഞത്‌ ഇവിടെയാണ്‌. ദുരന്തത്തിന്റെ യഥാർഥചിത്രം ഇവിടെനിന്നുള്ള കാഴ്‌ചകൾ പറയും.

മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചൂരൽമലയിലെ കോൺക്രീറ്റ്‌ പാലം ഒലിച്ചുപോയതാണ്‌ രക്ഷാദൗത്യം ദുഷ്‌കരമാക്കിയത്‌. ടൗണിന്റെ ഇടതുഭാഗത്തെ അമ്പതോളം വ്യാപാരസ്ഥാപനങ്ങൾ തകർന്നു. ചൂരൽമല ക്ഷേത്രം അടയാളംപോലും അവശേഷിപ്പിക്കാതെ മണ്ണോടുചേർന്നു.

മിനിറ്റുകൾക്കുള്ളിൽ ഉയർന്ന്‌ മരണസംഖ്യ.
നാട്‌ വിറങ്ങലിച്ച ദുരന്തത്തിൽ ഒന്നിനുപിറകെ ഒന്നായി ചൂരൽമല ടൗണിൽനിന്നും ചാലിയാറിലെ പോത്തുകല്ലിൽനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. അധികം ഇരകളില്ലാത്ത ദുരന്തമായിരിക്കുമെന്ന പ്രത്യാശകളെ അപ്പാടെ തകർത്ത്‌ മിനിറ്റുകൾവച്ചാണ്‌ മരണസംഖ്യ ഉയർന്നത്‌. ചൊവ്വ നേരംപുലർന്നതോടെ രക്ഷാപ്രവർത്തനത്തിന്‌ സന്നാഹങ്ങളൊരുങ്ങി. അപ്പോഴാണ്‌ കൂടുതൽ വീടുകൾ തകർന്നതും ചിലരെ കാണാനില്ലെന്നും ചിലർ വീടുകളുടെയും കൂറ്റൻ മരങ്ങൾ കടപുഴകിയതിന്റെയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അറിഞ്ഞത്‌.

അതീവ സാഹസികമായിരുന്നു രക്ഷാദൗത്യം. ഉച്ചയോടെ 25 മൃതദേഹങ്ങൾ കണ്ടെത്തി. വൈകിട്ട്‌ അഞ്ചോടെ ചൂരൽമലയിൽനിന്ന്‌ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 62 ആയി. പുറമേ നിലമ്പൂർ പോത്തുകല്ലിൽ ചാലിയാറിലൂടെ ഒഴുകിയെത്തിയ നാലുവയസ്സുകാരന്റെ മൃതദേഹം ആദ്യം കണ്ടെടുത്തു. കലങ്ങിമറിഞ്ഞൊഴുകിയ ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ എണ്ണം, നോക്കിനിൽക്കേ കൂടിവന്നു. ശരീരഭാഗങ്ങൾ വേർപെട്ട നിലയിലായിരുന്നു പലതും. ചൂരൽമലയിൽനിന്ന്‌ സൂചിപ്പാറ വഴി നിലമ്പൂർ ചാലിയാറിലേക്ക്‌ പിഞ്ചുകുഞ്ഞുങ്ങളുടേതുൾപ്പെടെ ജീവനുകൾ ഒഴുകിപ്പോകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments