വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. അദ്ദേഹം നൽകിയ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവീസ് കാലാവധി 2025 ഓഗസ്റ്റ് വരെ ബാക്കി നിൽക്കെയാണ് അദ്ദേഹം സ്വയം വിരമിച്ചത്. അമേരിക്കയില്‍ അധ്യാപകനായി പോകാനാണ് ജോലി ഉപേക്ഷിച്ചത്.
അമേരിക്കയിലെ നോർത്ത് കരോലീന സർവകലാശാലയിലെ പ്രൊഫസറായാണ് അദ്ദേഹം പോകുന്നത്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എം ഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.
1992 ഐപിഎസ് ഉദ്യോഗസ്ഥനായ വിനോദ് കുമാർ കണ്ണൂർ ജില്ലക്കാരനാണ്. സംസ്ഥാന ഇന്റലിജൻസ് മേധാവിയായി ആറുവർഷം പ്രവർത്തിച്ച വിനോദ് കുമാർ, മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 30 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം സ്വയം വിരമിക്കുന്നത്. കഴിഞ്ഞ വർഷം ടോമിൻ ജെ തച്ചങ്കരി വിരമിച്ചതിന് പിന്നാലെയാണ് ഡിജിപിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്.
നേരത്തെ ഇന്ത്യാന സർവകലാശാല സൗത്ത് ബെന്‍ഡില്‍ ക്രിമിനല്‍ ജസ്റ്റിസ് വിഭാഗം അസി. പ്രൊഫസറായി വിനോദ് കുമാര്‍ സേവനം ചെയ്തിരുന്നു. 2013ൽ അദ്ദേഹത്തിന്റെ പബ്ലിക്ക് ഈവന്റ്‌സ് ആന്‍ഡ് പൊലീസ് റെസ്‌പോണ്‍സ് എന്ന പുസ്തകം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയത് മികച്ച വിൽപന നേടിയിരുന്നു.