കോടമഞ്ഞ് പുതച്ച താഴ് വരകൾ , ചെറിയ ചാറ്റൽ മഴയും, അടിമാലി കഴിഞ്ഞതേയുള്ളൂ. രാവിലെ പതിനൊന്ന് മണിയായിട്ടും സൂര്യരശ്മികൾക്ക് തെളിച്ചമായിട്ടില്ല , നീലേശ്വരത്ത് നിന്ന് ഇന്നലെ പോന്നത് നന്നായി ,എറണാകുളത്ത് തങ്ങിയത് കൊണ്ട് രാത്രി യാത്ര ഒഴിവായി , എത്ര നാളായീ ഈ അന്വേഷണം തുടങ്ങിയിട്ട് , ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല , ഉറപ്പായും കണ്ടെത്തുക തന്നെ ചെയ്യും , വീണ മനസിൽ ആശ്വസിച്ചു.
അമ്മയില്ലാത്ത കുട്ടിയായത് കൊണ്ടാകും അച്ഛൻ തന്നെ വളരെ ലാളിച്ചാണ് വളർത്തിയത്. വീണ പഴയ ഓർമ്മകളിലേക്ക് പോയി .അച്ഛനെ തനിക്ക് ജീവനായിരുന്നു .അച്ഛൻ മീനാക്ഷിയമ്മയെ വിവാഹം കഴിച്ചപ്പോൾ ഏഴ് വയസുകാരിയായ തനിക്ക് ആ വിവാഹം ഒരു കൗതുകമായിരുന്നു . വിവാഹത്തിൻ്റെ അന്ന് രാവിലെ അച്ഛൻ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. വിവാഹ ദിവസവും പിന്നീടങ്ങോട്ടുള്ള കുറച്ച് നാളുകളും അച്ഛൻ വല്ലാതെ സങ്കടപ്പെടുന്നതായി തനിക്ക് തോന്നിയിട്ടുണ്ട്. അച്ഛൻ്റെ കണ്ണ് നിറയുന്നത് കാണാറുള്ളത് താൻ അമ്മയെപ്പറ്റി ചോദിക്കാറുള്ളപ്പോഴായിരുന്നു. മാനത്തെ നക്ഷത്രങ്ങളെ ചൂണ്ടി അമ്മയെ കാണിച്ച് തരുമ്പോൾ തൻ്റെ കണ്ണും നിറയാറുണ്ട്.
ആ വിഷമം മാറിയത് മീനാക്ഷിയമ്മ വന്നപ്പോഴാണ് ,തന്നെ അവർ ചേർത്തണക്കുമ്പോൾ അമ്മയുടെ സ്നേഹം താൻ അറിഞ്ഞിരുന്നു. മീനാക്ഷിയമ്മയുടെ സഹോദരൻ സർക്കിൾ ഇൻസ്പെക്ടറായിരുന്നു ,അയാളെ അച്ഛൻ വല്ലാതെ ഭയപ്പെട്ടിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ട് ,അയാളോട് ഭാര്യയുടെ സഹോദരനോടുള്ള സ്നേഹമെന്നതിലുപരി ഒരുതരം ഭയം കലർന്ന ഭവ്യതയാണ് അച്ഛനുണ്ടായിരുന്നത് .
മീനാക്ഷിയമ്മയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തിൽ അച്ഛനും പതിയെപ്പതിയെ സന്തോഷവാനായി. വീട്ടിൽ കളി ചിരികൾ നിറഞ്ഞു. തനിക്ക് ഒരു അനുജനെക്കൂടി കിട്ടിയപ്പോൾ വീണ ഏറെ സന്തോഷിച്ചു.
അറിവാകും തോറും ബന്ധുക്കളും അയൽക്കാരും എന്തോ തന്നോട് ഒളിക്കുന്നതായി വീണക്ക് തോന്നിയിരുന്നു. ഒരിക്കൽ തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി ജമീലയാണ് ആ വലിയ രഹസ്യം പറഞ്ഞത് , ജയിലിൽ കഴിയുന്ന ഒരു കൊലപാതകിയാണെന്ന് തൻ്റെ അമ്മയെന്ന്. അമ്മയെക്കുറിച്ച് അവളിൽ നിന്നും കേട്ട കഥകൾ തന്നെ വല്ലാതെ വേദനിപ്പിച്ചു. അതോടെ അച്ഛനോട് തനിക്ക് സഹതാപമായി , മീനാക്ഷിയമ്മയോട് കൂടുതൽ സ്നേഹവും .
താൻ നന്നായി പഠിച്ച് നല്ല ഒരു സർക്കാർ ജോലി ലഭിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മീനാക്ഷിയമ്മയായിരുന്നു. ആദ്യമായി കിട്ടിയ ശമ്പളം അച്ഛന് നൽകി അനുഗ്രഹം വാങ്ങിയപ്പോൾ അച്ഛൻ പൊട്ടിക്കരഞ്ഞു. കൂടെ ജോലി ചെയ്യുന്ന കിരണിൻ്റെ ആലോചന വന്നപ്പോൾ അച്ഛന് ഭയമായിരുന്നു അമ്മയുടെ കഥകളറിഞ്ഞ് തൻ്റെ വിവാഹം മുടങ്ങിപ്പോകുമോ എന്ന് .പക്ഷെ കിരണിന് തന്നെ അത്രക്ക് ഇഷ്ടമായിരുന്നു ,അവൻ്റെ വീട്ടുകാരും നന്മയുള്ളവരായിരുന്നു. വിവാഹം കഴിഞ്ഞ് തന്നെ കിരണിൻ്റെ വീട്ടിലേക്ക് യാത്രയയക്കുമ്പോൾ ഏറെ വേദനിച്ചത് മീനാക്ഷിയമ്മയാണ്.
ഒരു ദിവസം രാത്രി വളരെ വൈകി സഹോദരൻ മനുവിൻ്റെ ഫോൺ വന്നു ,അച്ഛന് നെഞ്ച് വേദന വന്ന് വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് അവൻ പറഞ്ഞപ്പോൾ ദേഹം തളരുന്നത് പോലെ തോന്നി ,ആശുപത്രിയിലെത്തിയപ്പോൾ മനുവും മീനാക്ഷിയമ്മയും പൊട്ടിക്കരഞ്ഞു. ICU വിൽ നിന്ന് റൂമിലേക്ക് മാറ്റിയതും അച്ഛൻ വിമലാമ്മയുടെ സഹോദരനെ കാണണമെന്ന് ആശ്യപ്പെട്ടു, വിവരമറിഞ്ഞ് അമ്മാവനെത്തി. അച്ഛൻ അമ്മാവനേയും തന്നേയും അരികിൽ വിളിച്ചു ,അച്ഛൻ ആകെ പരവശനായിരുന്നു.
വിറക്കുന്ന ശബ്ദത്തോടെ അച്ഛൻ പറഞ്ഞു , ” നിങ്ങൾ എന്നോട് ക്ഷമിക്കണം , വിമല നിരപരാധിയാണ് ,നാട്ടിൽ അവളേക്കുറിച്ച് പറഞ്ഞ് കേൾക്കുന്നതൊന്നും സത്യമല്ല ,സത്യത്തിൽ ഞാനാണ് മധുവിനെ കൊന്നത് ,ഞാനും മധുവും തമ്മിൽ കടയിലെ കണക്കിനെച്ചൊല്ലിയുണ്ടായ കശപിശയിൽ സംഭവിച്ചതാണ് ,വിമലക്ക് അതിൽ യാതൊരു പങ്കുമില്ല , കേസിൻ്റെ ബലം കുറക്കാൻ വിമലയെ പ്രതി ചേർത്തത് മീനാക്ഷിയുടെ സഹോദരനാണ് ,പക്ഷെ പിന്നീട് പല കള്ളക്കഥകളും നാട്ടിൽ പ്രചരിച്ചു. ആരോടും ഒന്നും പറയേണ്ടെന്നും കേസിൽ നിന്ന് വിമല രക്ഷപ്പെടുമെന്നും മീനാക്ഷിയുടെ സഹോദരൻ എനിക്ക് ഉറപ്പ് നൽകിയിരുന്നതാണ് ,പക്ഷെ വിമല ശിക്ഷിക്കപ്പെട്ടു , നിസ്സഹായനായ ഞാൻ മോളെ നന്നായി വളർത്തി ” ,
ഇത്രയും പറഞ്ഞപ്പോഴേക്കും അച്ഛൻ വല്ലാതെ അവശനായിരുന്നു.
” വേണൂ നമുക്ക് പിന്നീട് സംസാരിക്കാം , ഇപ്പോൾ അധികം സംസാരിക്കണ്ട ” ,അമ്മാവൻ പറഞ്ഞത് കേൾക്കാതെ അച്ഛൻ തുടർന്നു .
” പോരാ , ഇനി എല്ലാം തുറന്ന് പറയാൻ എനിക്ക് സാധിച്ചില്ലെങ്കിലോ ? മീനാക്ഷിയുടെ സഹോദരൻ്റെ ഭീഷണിക്ക് വഴങ്ങിയാണ് ഞാൻ മീനാക്ഷിയെ വിവാഹം ചെയ്തത്. മോൾ അച്ഛനോട് ക്ഷമിക്കണം അമ്മയെ മോൾ കണ്ടിട്ടുണ്ട് ,ജയിലിൽ നിന്ന് അമ്മ നേരെ വന്നത് നമ്മുടെയടുത്തേക്കാണ് ,മോൾ അന്ന് അമ്മയെക്കണ്ട് പിച്ചക്കാരിയാണെന്ന് തെറ്റിദ്ധരിച്ചു. മീനാക്ഷിയുടെയും നിങ്ങൾ രണ്ട് മക്കളുടെയും കൂടെ സന്തോഷത്തോടെ കഴിഞ്ഞപ്പോൾ പലപ്പോഴും ഞാൻ വിമലയെ മറന്നു. എനിക്ക് അവളെ കണ്ട് മാപ്പ് പറയണം ,എങ്ങിനെയെങ്കിലും നിങ്ങൾ വിമലയെ കണ്ടെത്തണം ” .
ഇത്രയും പറഞ്ഞപ്പോഴേക്കും അച്ഛന് ശ്വാസമെടുക്കാൻ വല്ലാതെ പ്രയാസമായി . അച്ഛനെ വീണ്ടും ICU ലേക്ക് മാറ്റി. രണ്ട് ദിവസം കഴിഞ്ഞ് അച്ഛൻ മരിച്ചപ്പോൾ തൻ്റെ മനസിന് വല്ലാത്ത നിസംഗതയായിരുന്നു. മനസ് മുഴുവൻ തിരസ്കരിക്കപ്പെട്ട അമ്മയുടെ ദയനീയമായ മുഖം മാത്രമായിരുന്നു. അന്ന് തുടങ്ങിയതാണ് അമ്മയെ അന്വേഷിച്ചുള്ള യാത്രകൾ ,എത്രയോ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അമ്മയെ അന്വേഷിച്ചു ,അവസാനം പത്രത്തിൽ ഫോട്ടോ വച്ച് പരസ്യമിട്ടു , രണ്ട് ദിവസം മുമ്പ് ഫോണിൽ കിട്ടിയ ഒരു വിവരമാണ് ലീവുമെടുത്തുള്ള തൻ്റെ ഈ യാത്രയുടെ കാരണം .കൂടെ മനുവുള്ളത് നന്നായി ,കാർ കൈമാറിയോടിക്കാനൊരാളായല്ലോ …
മൂന്നാറിനും മറയൂരിനുമിടയിലുള്ള ഒരു ആശ്രമത്തിൽ ഫോട്ടോയിലേത് പോലെ ഒരു സ്ത്രീയുണ്ടത്രെ. ഫോണിൽ പറഞ്ഞ ആ ആശ്രമത്തിലേക്ക് ഇനി ഏകദേശം രണ്ട് മണിക്കൂർ യാത്ര ,മൂന്നാറിലിറങ്ങി ഭക്ഷണം കഴിച്ചു , യാത്ര തുടർന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണ് മൂന്നാർ ,മൂന്നാല് വട്ടം ഇവിടെ വന്ന് താമസിച്ചിട്ടുമുണ്ട് ,പക്ഷെ ഇത്തവണത്തെ യാത്രയിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളോ പ്രകൃതി ഭംഗിയോ ,വെള്ളച്ചാട്ടങ്ങളോ മനസിനെ സ്പർശിച്ചില്ല .മനസ് ആകെ കലുഷിതമായിരുന്നു .
ആശ്രമത്തിലെത്തി മുന്നിലുള്ള കവാടത്തിൽ അഡ്രസ് കൊടുത്തു ,വണ്ടി അകത്തേക്ക് കയറ്റി വിട്ടു. അകത്ത് വിശാലമായ പാർക്കിംഗ് , നിറയെ മരങ്ങൾ ,പൂച്ചെടികൾ ,അവിടവിടായി ഓടിട്ട പല കെട്ടിടങ്ങൾ ,എങ്ങും ഉയർന്ന് കേൾക്കുന്ന നാമജപമന്ത്രങ്ങൾ .വണ്ടി പാർക്ക് ചെയ്തപ്പോൾ ഒരു സ്വാമി അടുത്തെത്തി ,ആശ്രമത്തിലെ ഒരു അന്തേവാസിയെക്കുറിച്ചറിയാനാണ് വന്നതെന്നറിഞ്ഞപ്പോൾ സ്വാമിനിയമ്മയുടെ അനുവാദം വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് 4 മണിക്ക് സ്വാമിനിയമ്മ ഹാളിലെത്തുമ്പോൾ വിവരം ധരിപ്പി ക്കാമെന്ന് സ്വാമി സമ്മതിച്ചു.
ഇനിയും ഒന്നേകാൽ മണിക്കൂർ കാത്തിരിക്കണം , അക്ഷമയോടെ സ്വാമിജിയുടെ പുറകേ നടന്നു ,വിശാലമായ ഒരു ഹാളിൽ ഞങ്ങളെ ഇരുത്തി സ്വാമി പോയി. ഹാളിൽ നിറയെ ചില്ലലമാരകളിൽ പുസ്തകങ്ങൾ നല്ല ചിട്ടയോടെ അടുക്കി വച്ചിരിക്കുന്നു , എല്ലാം മഹത് ഗ്രന്ഥങ്ങൾ ,ഓരോന്നെടുത്ത് മറിച്ച് നോക്കി .ഹാളിലെ ക്ലോക്കിൽ മൂന്നേ മുക്കാലായതും സ്വാമിജി ഹാളിലെത്തി , എല്ലാ ജനലുകളും തുറന്നിട്ടു , ഫാനുകൾ ഓണാക്കി , നിലത്ത് പായകൾ വിരിച്ചു. സ്വാമിനിയമ്മക്കുള്ള കസേര വലിച്ച് നീക്കിയിട്ടു , ക്ലോക്കിൽ നാലടിച്ചതും കുറേ സന്യാസിനിമാരും സ്വാമിമാരും അന്തേവാസികളും ഹാളിലെത്തി . ഓരോ മുഖങ്ങളിലും വീണ തൻ്റെ അമ്മയുടെ മുഖം തിരഞ്ഞു . ഹാളിൻ്റെ വാതിൽക്കൽ സ്വാമി നിയമ്മയെത്തിയതും എല്ലാവരും ആദരവോടെ എഴുന്നേറ്റു .
സ്വാമിനിയമ്മ തൻ്റെ ഇരിപ്പിടത്തിലിരുന്നു .സ്വാമിജി വീണയുടെ കയ്യിലെ ഫോട്ടോ വാങ്ങി സ്വാമിനിയമ്മയുടെയടുത്തെത്തി വിവരം പറഞ്ഞു .സ്വാമിനിയമ്മ ഫോട്ടോ നോക്കി , ഏതോ കാന്തികവലയത്തിലകപ്പെട്ടത് പോലെ വീണ സ്വാമിനിയമ്മയുടെ അടുത്തേക്ക് നീങ്ങി ,ഏതോ ഒരു അഭൗമ പ്രകാശം അവരുടെ മുഖത്ത് കാണാനായി ,അവരുടെ അടുത്തെത്തിയതും വീണ പെട്ടെന്ന് നിന്നു , ഇത് തൻ്റെ അമ്മയല്ലേ , വീണ മുട്ട് കുത്തി സ്വാമിനിയമ്മയുടെ അടുത്തിരുന്നു ,വീണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി , സ്വാമിനിയമ്മ വീണയുടെ തലയിൽ വാത്സല്യത്തോടെ തലോടി ,…. വീണയുടെയും സ്വാമിനിയമ്മയുടെയും കണ്ണുകൾ തമ്മിൽ പലതും സംസാരിച്ചു.
പ്രാർത്ഥന കഴിഞ്ഞ് സ്വാമിനിയമ്മയുടെ അനുഗ്രഹവും വാങ്ങിയിറങ്ങുമ്പോൾ വീണ യുടെ മനസ് ശാന്തമായിരുന്നു. ഹാളിൽ അപ്പോഴും സ്വാമിനിയമ്മയുടെ തേജസ്സ് നിറഞ്ഞ് നിന്നിരുന്നു.