ന്യൂഡൽഹി: ബിജെപിയിൽ ചേരുമെന്ന് വ്യക്തമായ സൂചന നൽകി നടിയും മാണ്ഡ്യ എംപിയുമായ സുമലത അംബരീഷ്. 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച സുമലത ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. മാണ്ഡ്യയിലെ ഒരു പൊതു പരിപാടിയിലായിരുന്നു പ്രഖ്യാപനം.
ഈ വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ മാണ്ഡ്യ വിടുകയാണെന്നല്ല അർത്ഥം. ഇനി ഒരു സ്വതന്ത്രയായിട്ടല്ല 2047-ഓടെ വികസിത ഇന്ത്യ വിഭാവനം ചെയ്യുന്ന ഒരു പാർട്ടിയുടെ പിന്തുണയുള്ളയാളായി ജനങ്ങൾ തന്നെ കാണുമെന്ന് ബിജെപിയിൽ ചേരുന്നതിൻ്റെ സൂചന നൽകികൊണ്ട് അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ഒരു സ്വതന്ത്ര എംപിയായിരുന്നിട്ടും മാണ്ഡ്യയ്ക്ക് 4000 കോടി രൂപ അനുവദിച്ചുവെന്നും സുമലത പറഞ്ഞു. പണ്ട് കോൺഗ്രസിന് സുമലതയെ ആവശ്യമില്ലായിരുന്നു, ഇപ്പോൾ തനിക്ക് അവരുടെ ആവശ്യമില്ല. ഭാവിയിലും ആവശ്യമില്ല. അവർ കൂട്ടിചേർത്തു.
2019 ലെ തിരഞ്ഞെടുപ്പിൽ സുമലതയെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് മാണ്ഡ്യയിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. മാത്രമല്ല 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുമലത ബിജെപിയെ പിന്തുണച്ചിരുന്നു.
സുമലത ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയും ചെയ്യുന്നതോടെ കോൺഗ്രസും ജെഡിഎസും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് മാണ്ഡ്യ സാക്ഷ്യം വഹിക്കുന്നത്.ഇത്തവണ ബിജെപി പിന്തുണയിൽ ജെഡി(എസ്) സ്ഥാനാർത്ഥി എച്ച്‌ഡി കുമാരസ്വാമിയാണ് മാണ്ഡ്യയിൽ മത്സരിക്കുന്നത്.ഇതോടെ കുമാരസ്വാമിക്ക് വേണ്ടി മാണ്ഡ്യയില്‍ സുമതല പ്രചാരണത്തിനിറങ്ങിയേക്കും.