Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കശ്രീ കോവിൽ ദർശനം (50) 'ചിന്മുദ്രയും പട്ടബന്ധനവും'

ശ്രീ കോവിൽ ദർശനം (50) ‘ചിന്മുദ്രയും പട്ടബന്ധനവും’

സൈമശങ്കർ മൈസൂർ.

ഭക്തരെ… 🙏
ചിന്‍മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയില്‍ സ്ഥിതിചെയ്യുന്ന അയ്യപ്പ രൂപത്തെ കുറിച്ചറിയാം.

എന്താണ് മറ്റു വിഗ്രഹങ്ങളിൽ കാണാത്ത അപൂർവ്വമായ ഈ പ്രതിഷ്ഠയുടെ രഹസ്യമെന്നറിയണ്ടേ..?

ചിന്മുദ്രയോടും പട്ടബന്ധനത്തോടും കൂടിയ അയ്യപ്പവിഗ്രഹമാണു പരശുരാമന്‍ ശബരിമലയില്‍ പ്രതിഷ്ഠിച്ചത് എന്ന് ഭൂതനാഥോപാഖ്യാനത്തില്‍ പറയുന്നു. 1950ലെ അഗ്നിബാധയ്ക്കുശേഷം പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമാണു ഇന്നു നാം കാണുന്നത്. ചിന്‍മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയില്‍ സ്ഥിതിചെയ്യുന്ന രൂപത്തിലാണു ശബരിമല ശാസ്താവിന്റെ വിഗ്രഹം. നരസിംഹമൂര്‍ത്തിയുടെ യോഗനരസിംഹ സങ്കല്‍പ്പത്തിലുള്ള വിഗ്രഹങ്ങളിലും യോഗപട്ടബന്ധനം കാണാം.യോഗപട്ടബന്ധത്തോടു കൂടിയ യോഗദക്ഷിണാമൂര്‍ത്തിയുടെയും അഗസ്ത്യമഹര്‍ഷിയുടേയും വിഗ്രഹങ്ങള്‍ ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും കാണാം.


ഉത്കുടികാസനം എന്നാണു ഈ ആസനത്തിനു പേര് എന്ന് വൈഖാനസാഗമം (ഉത്കുടികാസനമസൈ്യത ഊരുമധ്യേ വസ്‌ത്രേണ ബന്ധ്യ). യോഗപട്ടബന്ധനത്തോടു കൂടിയ രൂപത്തിന്റെ പ്രാധാന്യം എന്താണ് എന്നു നോക്കാം.

മുട്ടിനുമുകളിലൂടെ ശരീരം ചുറ്റി ബന്ധിച്ചിരിക്കുന്ന വസ്ത്രഖണ്ഡമാണു യോഗപട്ടം. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ ശരീരമനസ്സുകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണം സാധ്യമാകുന്ന യോഗാസനമാണു യോഗപട്ടബന്ധം.
ശത്രുനിഗ്രഹം നടത്തിയശേഷം സമസ്തചിന്തകളേയും അടക്കി സമാധിഅവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മഹായോഗിമാരാണു ശാസ്താവും യോഗനരസിംഹമൂര്‍ത്തിയും. ലൈംഗികവികാരങ്ങളുടെ സമ്പൂര്‍ണ്ണനിരോധനവും ഇതിലൂടെ സിദ്ധിക്കുന്നു. ശബരിമലയില്‍ മഹായോഗിയായ ശാസ്താവാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കാലുകള്‍ പിണച്ചുവെച്ച് യോഗപട്ടബന്ധനത്തോടെ ഇരിക്കുന്ന ചതുര്‍ബാഹുവായ വിഗ്രഹങ്ങളാണു യോഗനരസിംഹസ്വാമിയുടേത്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തില്‍ യോഗനരസിംഹപ്രതിഷ്ഠ കാണാം. മിക്ക യോഗനരസിംഹസ്വാമീ ക്ഷേത്രങ്ങളും മലമുകളില്‍ ആണ് എന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ജില്ലയിലെ പെരിയമലൈയില്‍ ഉള്ള തിരുക്കഡിഗൈ (ശോലിംഗപുരം) ക്ഷേത്രം, മധുരയ്ക്കടുത്തുള്ള നരസിംഹം യാനമലൈ ഗുഹാക്ഷേത്രം, കര്‍ണ്ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ടൈ(യാദുഗിരി) ക്ഷേത്രം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ചിന്മുദ്രയോടുകൂടിയാണു ശബരിമല ശാസ്താവ് നിലകൊള്ളുന്നത്. വലതുകയ്യിലെ ചൂണ്ടുവിരല്‍ തള്ളവിരലിനോടു ചേര്‍ത്തു വൃത്താകാരമാക്കിയും ചെറുവിരല്‍ , മോതിരവിരല്‍, നടുവിരല്‍ എന്നിവ നിവര്‍ത്തിയും പിടിക്കുന്നതാണു ചിന്മുദ്ര. നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂന്നുവിരലുകള്‍ ജാഗ്രത്, സ്വപ്‌ന,സുഷുപ്തി അവസ്ഥകളേയും, വൃത്താകാരത്തില്‍ പിടിച്ചിരിക്കുന്ന ഇരുവിരലുകള്‍ തുരീയാവസ്ഥയേയും ദ്യോതിപ്പിക്കുന്നു. ചിന്മുദ്ര, ജ്ഞാന മുദ്ര, വ്യാഖ്യാന മുദ്ര എന്നിവയാണു വിദ്യാപ്രദായകനായ യോഗദക്ഷിണാമൂര്‍ത്തിയുടെയും വിഗ്രഹങ്ങളില്‍ കാണാനാവുക.

ചിന്മുദ്രാങ്കിതനായ ദേവന്‍ ആത്മവിദ്യ അരുളുന്ന ജഗദ്ഗുരുവാണ്. ചിന്മുദ്രയുടെ കായികമായ പ്രവര്‍ത്തനം മൂലം കുണ്ഡലിനീശക്തി ഉണര്‍ന്നു ഷഢാധാരചക്രങ്ങള്‍ കടന്നു യോഗിമാര്‍ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. ഏകാഗ്രത കൂട്ടുവാനും ശരീരത്തില്‍ സവിശേഷമായ ഊര്‍ജ്ജപ്രവാഹം ഉണ്ടാക്കുവാനും ചിന്മുദ്ര സഹായിക്കുന്നു. ചിന്മുദ്രയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച സ്വാമി വിവേകാനന്ദന്‍ ‘കീദൃശീ ചിന്മുദ്ര?’ എന്ന് ചട്ടമ്പി സ്വാമികളോടു ചോദിച്ചുവെന്നും അതിനു ചട്ടമ്പി സ്വാമികള്‍ പ്രമാണഗ്രന്ഥങ്ങളെ ഉദ്ധരിച്ചു മറുപടി നല്‍കിയെന്നും ചരിത്രം.

കേരളത്തിലെ പുരാതന ശാസ്താക്ഷേത്രങ്ങളില്‍ നില്‍ക്കുന്ന രൂപത്തിലും ഇരിക്കുന്ന രൂപത്തിലും സ്വയം ഭൂലിംഗരൂപത്തിലും രൂപമില്ലാത്ത ശിലാഖണ്ഡരൂപത്തിലും ഒക്കെയുള്ള ശാസ്താ വിഗ്രഹങ്ങള്‍ കാണാം. ഇരുകരങ്ങളോടു കൂടിയ വിഗ്രഹങ്ങളാണു ബഹുഭൂരിപക്ഷവും. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രങ്ങളില്‍ വില്ലും അമ്പും ധരിച്ച രൂപമാണു കാണുന്നത് (എരുമേലി, തിരുവുള്ളക്കാവ്). ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹങ്ങളില്‍ ഒരു കാല്‍ മടക്കി വീരാസനത്തില്‍ ഇരുന്ന് ഇടതു കൈ കാല്‍മുട്ടിനു മുകളില്‍ വെച്ച് വലതുകയ്യില്‍ അമൃതകലശം, താമരപ്പൂവ്,ചുരിക, ഗ്രന്ഥം, ശിവലിംഗം, അഭയ മുദ്ര, വരദ മുദ്ര എന്നിവയില്‍ ഏതെങ്കിലും ധരിച്ച് ഇരിക്കുന്ന വിധമാണു കൂടുതലും.

യോഗപട്ടബന്ധനവും വിഗ്രഹങ്ങളില്‍ കാണാം. ശബരിമലയിലെ അതേ മാതൃക പിന്തുടര്‍ന്നാണു ഇപ്പോള്‍ ബഹുഭൂരിപക്ഷം ശാസ്താക്ഷേത്രങ്ങളിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നത്.താരതമേൃന ആധുനിക കാലഘട്ടത്തില്‍ നിര്‍മ്മിക്കുകയോ പുനഃപ്രതിഷ്ഠ നടത്തുകയോ ചെയ്തക്ഷേത്രങ്ങളിലാണു ശബരിമലയിലെ വിഗ്രഹത്തിനു സമാനമായ വിഗ്രഹങ്ങള്‍ കാണുന്നത്.

അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments