വ്യാജ വെബ്സൈറ്റുകൾക്കെതിരേ ജാഗ്രതപാലിക്കുക
:പാസ്‌പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക
പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും അധിക ചാർജുകൾ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വ്യാജ വെബ്‌സൈറ്റുകളിൽ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്‌നിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളിൽ സൂചിപ്പിച്ച വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദേശിച്ചു.
പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകർക്ക് ഔദ്യോഗിക മൊബൈൽ ആപ്പായ mPassport Seva ആൻഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.