ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ (ഐഐഎസ്) മുതിര്‍ന്ന ഉദ്യോഗസ്ഥനായ ധീരേന്ദ്ര കെ ഓജയെ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ വക്താവായി നിയമിച്ചു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ 1990-ബാച്ചിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഡയറക്ടറിന്റെ ചുമതല കൂടി വഹിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഷെയ്ഫാലി ബി ശരണ്‍ ആയിരുന്നു നേരത്തെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ടിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 1നാണ് ഇവരെ ഈ സ്ഥാനത്ത് നിയമിച്ചത്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥ കൂടിയാണ് ഷെയ്ഫാലി ബി ശരണ്‍. ഇവര്‍ക്ക് പിന്നാലെയാണ് ഓജ തല്‍സ്ഥാനം ഏറ്റെടുത്തത്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍(സിബിസി) വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ആയും ഓജ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. പിഐബി ഡയറക്ടര്‍ ജനറല്‍ വെ.കെ ബവേജയായിരുന്നു സിബിസിയിലെ ഓജയുടെ പിൻഗാമി. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കുവേണ്ടിയും പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും സര്‍ക്കാരിന് മാധ്യമ ഇടപെടലുകളില്‍ ഉപദേശം നല്‍കുകയും ചെയ്യുന്ന സമിതിയാണ് സിബിസി.