ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി മെയിൽ സന്ദേശമയച്ചത് പതിമൂന്നുകാരൻ. ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്ക് പുറപ്പെടേണ്ട എസി043 വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു കുട്ടിയുടെ വ്യാജ സന്ദേശം. ഇതുമൂലം മണിക്കൂറുകളോളമാണ് വിമാനം വൈകിയത്.
ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്കുള്ള എയർ കാനഡ വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം ജൂൺ നാല് രാത്രി രാത്രി 11.25നാണ് ലഭിച്ചത്. 301 യാത്രക്കാരും 16 ക്രൂ അംഗങ്ങളുമുള്ള വിമാനത്തിലാണ് ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിമാനം സുരക്ഷാ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എയർ കാനഡയുടെ പരാതിയെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഭീഷണി സന്ദേശം അയക്കാൻ ഉപയോഗിച്ച ഇമെയിൽ അക്കൗണ്ട് അതേ ദിവസം തന്നെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതായും മീററ്റ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നാണ് മെയിൽ ലഭിച്ചതെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ വ്യാജ സന്ദേശമയച്ചത് 13കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബാലനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡിയിലെടുത്തതായും സംഭവത്തിന് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഐജിഐ എയർപോർട്ട്) ഉഷാ രംഗ്‌നാനി പറഞ്ഞു.
ചോദ്യം ചെയ്യലിലാണ് വ്യാജ സന്ദേശം അയക്കാനുണ്ടായ വിചിത്രമായ കാരണം പതിമൂന്നുകാരൻ വെളിപ്പെടുത്തിയത്. മുംബൈ വിമാനത്താവളത്തിൽ സമാനമായ തട്ടിപ്പിനെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിന് ശേഷമാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഇത്തരം ഭീഷണികൾ കണ്ടെത്താനുള്ള പോലീസിൻ്റെ കഴിവ് പരിശോധിക്കാനാണ് വ്യാജ സന്ദേശം അയച്ചത്. തൻ്റെ മൊബൈൽ ഫോണിൽ അമ്മയുടെ വൈഫൈ ഉപയോഗിച്ചാണ് ഇ മെയിൽ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കുട്ടി പറഞ്ഞു.
അടുത്ത ദിവസം ഡൽഹി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയെന്ന വാർത്ത കണ്ടപ്പോൾ കുട്ടി വളരെ ആവേശഭരിതനായെങ്കിലും ഭയം മൂലം മാതാപിതാക്കളോട് വിവരങ്ങളൊന്നും പറഞ്ഞില്ലെന്നും ഡിസിപി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ കസ്റ്റഡി മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് അധികൃതർ അറിയിച്ചു.