Thursday, September 19, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (19) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (19) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

കരുമന

“കരുമന തിന്നൊരു കഥയോർക്കെ”

“കരുമന പൂണ്ടിവൾ കാട്ടി ലൗകികം”
തുടങ്ങിയ കാവ്യോക്തികളിൽ ആവർത്തിക്കുന്ന ‘കരുമന’ എന്താണ്?

പല ആസ്വാദകരും ദുഃഖം എന്ന അർത്ഥം എടുക്കും; അത് ശരിയുമാണ്.സാദാ വ്യസനത്തെക്കാൾ പൊള്ളുന്ന ദുഃഖം, തീവ്രദു:ഖം എന്നൊക്കെയുള്ള അർത്ഥത്തിലായിരിക്കണം കരുമന ഉപയോഗിച്ചിട്ടുള്ളത്.

കരു എന്ന പദം നാനാർത്ഥ സമ്പന്നമാണ്.കരുവിന് അക്കൂട്ടത്തിൽ കഠിനം എന്ന അർത്ഥമുണ്ട്.

കരുവായിമനഞ്ഞത് ( ഉണ്ടാക്കിയത് ) കരുമന.

നൃത്തം നൃത്യം നാട്യം ,

ഇവയുടെ മേളനമാണ് അതുല്യ ദൃശ്യകലയായ കഥകളിയിലുള്ളത്.ഭാരതത്തിലെ പല കലാരൂപങ്ങളിലും ഏറിയും കുറഞ്ഞും നൃത്തനൃത്യനാട്യങ്ങൾ കാണാം.

നൃത്തം

ആർക്കും നൃത്തം നടത്താം!

കൊട്ടിനും പാട്ടിനുമൊത്ത് കരചരണങ്ങൾ ചലിപ്പിക്കുന്നത് നൃത്തം.

കൊട്ട് പാട്ട് ആട്ടം ഇതല്ലൊ തൗര്യത്രികം.കൊട്ടിനും പാട്ടിനുമൊത്ത് ആടുകയേ വേണ്ടു ! അങ്ങനെ ചെയ്തില്ലെങ്കിൽ നൃത്തം അതിൻെറ പാട്ടിനു പോകും!

നൃത്യം

പാട്ട് അല്ലെങ്കിൽ സാഹിത്യത്തിന്റെ അർത്ഥം മുദ്രകളിലൂടെ കാണിക്കുന്നത് നൃത്യമെന്ന് ലളിതമായി പറയാം.പദത്തിൻെറ അർത്ഥം തന്നെ പദാർത്ഥം.പദാർത്ഥം മുദ്രകളിലൂടെ കാട്ടേണ്ടതുണ്ട്.നൃത്തത്തിൻെറ ഉപരി മേഖലയാണിത്. പദാർത്ഥാഭിനയം അറിയാവുന്നവർക്ക്, മുദ്രകളും അവയുടെ അർത്ഥവും വെടിപ്പായി പഠിച്ച് പരിശീലനം കഴിഞ്ഞവർക്ക് ,അവർക്കു മാത്രം
കരഗതമായിട്ടുള്ളതാണ് നൃത്യം !

നാട്യം

നൃത്തനൃത്യങ്ങളിലൂടെ അവതരിപ്പിക്കുന്ന കാര്യങ്ങൾക്ക് അനുഗുണമായി മുഖാവയങ്ങൾ കൊണ്ടുള്ള ഭാവപ്രകടനമാണ് നാട്യം.

മുഖപേശികൾ കണ്ണ് മൂക്ക് പുരികം ചുണ്ട് പല്ല് നാക്ക് ചെവി … എന്തിന് ശിരസ്സു തന്നെ നാട്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

നാടാകാഭിനയത്തിനും നാട്യം എന്നാണ് പറഞ്ഞിരുന്നത്.

” ദേവാനാം അസുരാണാം ച
രാജ്ഞാമഥച കുടുംബിനാം വൃത്താനുകരണം ലോകേ
നാട്യമിത്യഭിധീയതേ ”
(ഭരതമുനി ,നാട്യശാസ്ത്രം)

ദേവാസുരരുടെയും രാജാക്കന്മാരുടെയും കുടുംബസ്ഥരുടെയും ജീവിതത്തെ ഭംഗ്യന്തരേണ അനുകരിക്കുന്നത് നാട്യം.

” അവസ്ഥാനുകൃതിർ നാട്യം”

അവസ്ഥയുടെ അനുകരണം.അത് രസനീയമാവണം.വികാര വിമലീകരണം നടക്കണം.ആത്യന്തികമായി ഈശ്വരസാക്ഷാത്കാരം നടക്കണം.ഇതിന് നാട്യം രസഭരിതമാകേണ്ടതുണ്ട്.

ശൃംഗാരം കരുണം വീരം രൗദ്രം ഹാസം ഭയാനകം ബീഭത്സം അദ്ഭുതം ശാന്തം എന്നിങ്ങനെ ഒൻപതു രസങ്ങൾ.
ഇവ അനുഭൂതമാകുന്നതു കണ്ടെത്തിയ ഭാരതമനീഷികൾക്ക്,ആ പ്രതിഭാപ്രസരത്തിന്, ഗവേഷണത്തിന് നമസ്കാരം നമസ്കാരമേ….

അവളും അവനും എന്നല്ല ആരും നവരസ നാടകം! “ആനന്ദക്കവിതതന്നാലയം”
ഇത്ര വരെ പറഞ്ഞതൊക്കെ നാട്യപ്രവേശികയുടെ കൈചൂണ്ടികൾ മാത്രം !

” നാട്യപ്രധാനം നഗരം ദരിദ്രം” എന്നു പാടിയത് കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ്.

അദ്ദേഹം ശുദ്ധഹൃദയൻ! ഗ്രാമീണൻ.
ഇന്ന് ഗ്രാമങ്ങൾ നഗരങ്ങളായിത്തീരാൻ മത്സരിക്കുകയും നഗരത്തിൻെറ വെച്ചുകെട്ടുകൾ ആർത്തിയോടെ വാരിയണിയുകയും ചെയ്യുന്ന ചാരിത്ര്യം നഷ്ടപ്പെട്ട ഗ്രാമങ്ങൾ
നാട്യതമരായി പരിണമിച്ചിരിക്കുന്നു.

” ലോകം നിത്യചലം”എന്ന് കുമാരനാശാൻ പാടിയത് ഈ പരിണതി കണ്ടിട്ടു കൂടിയാവാം .

മേദിനി

ഭൂമിയുടെ പര്യായങ്ങളിൽ ഒന്ന്.
മേദസ്സ് അഥവാ നല്ല മാംസപുഷ്ടി ഉള്ളവൾ മേദിനി.മാംസത്തോടു ചേർന്നുള്ള കൊഴുപ്പ്,അത് അടിഞ്ഞു കൂടുമ്പോഴുള്ള തടിപ്പ് – ; ഇതാണ് മേദസ്സ്.
ആ മേദസ്സിലെ പോഷകങ്ങൾ വലിച്ചെടുത്താണ് ജീവവർഗ്ഗം വളരുന്നത്.
ആദിപരാശക്തിയായ ദേവിയാണ് ഭൂസൃഷ്ടി നടത്തിയത്.

മധു, കൈടഭൻ
ഹാ! നല്ല നാമങ്ങൾ!

അവർ ഒന്നാന്തരം അസുരന്മാർ.അവരെ ദേവി ആദി പരാശക്തി നിഗ്രഹിച്ചു.അവരുടെ മേദസ്സിൽ നിന്ന് ഉരുത്തിരിഞ്ഞതത്രെ മേദിനി.ഭൂഗോളം ഉരുത്തിരിഞ്ഞു വരുന്ന കാലത്തെ കഥയാണേ…

മധു കൈടഭന്മാർ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു !!!!

ദുർമേദസ്സ് ആധുനിക നാഗരികത നേരിടുന്ന തീഷ്ണമായ ആരോഗ്യപ്രശ്നമാണ്.
ദുർമേദസ്സ് കൂടുന്നു.അനാരോഗ്യം വർദ്ധിക്കുന്നു.ആശുപത്രികൾ കെട്ടാൻ സ്ഥലം കിട്ടാഞ്ഞ് ആതുരസേവകർ നെട്ടോട്ടവട്ടോട്ടങ്ങൾ നടത്തുന്നു!
അതായത് മധുകൈടഭന്മാരുടെ ക്ളോണിങ് അതിദ്രുതം മുന്നേറുന്നു.അഭിനവ അസുരജന്മരസികത്വമാണല്ലൊ വാർത്തകളായി മാദ്ധ്യമങ്ങൾ വിളമ്പുന്നത്!
ദേവീ , രക്ഷയ….രക്ഷയ…..

സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments