പത്തനംതിട്ട –പത്തനംതിട്ട നഗരത്തിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്തി അതിലൂടെ വികസനത്തിലേക്ക് വഴി തുറക്കുന്ന വിവിധ പദ്ധതികളുമായി 2024-25 സാമ്പത്തിക വര്‍ഷത്തെ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണും നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണുമായ ആമിന ഹൈദരാലി ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ നയപ്രഖ്യാപനം നടത്തി.
പരിമിതികളില്‍ നിന്നുകൊണ്ട് പുതിയ സാധ്യതകള്‍ തേടുകയും നഗരത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി വരുന്ന 30 വര്‍ഷത്തെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രായോഗികവും യുക്തിസഹവുമായ ഇടപെടലുകളിലൂടെ വികസനത്തെ മുന്നോട്ടു നയിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് അനിവാര്യമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
ആധുനിക കാലത്തിന്റെ സാങ്കേതികവിദ്യയായ നിര്‍മിത ബുദ്ധിയെ നഗരവികസനത്തില്‍ ഉപയോഗപ്പെടുത്തുന്ന എഐ ടെക് ടവര്‍, ശബരിമല ഇന്റര്‍നാഷണല്‍ ട്രാന്‍സിറ്റ് ഹബ് ആന്‍ഡ് ശ്രീ അയ്യപ്പ ഹൈടെക് കണ്‍വെന്‍ഷന്‍ സെന്റര്‍, ജസ്റ്റിസ് ഫാത്തിമ ബീവിക്കും കെ കെ നായര്‍ക്കും സ്മാരകം ഒരുക്കുന്ന സെന്‍ട്രല്‍ സ്‌ക്വയര്‍ കം ഹാപ്പിനസ് പാര്‍ക്ക്, നഗരസഭബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ പുതിയ ഘട്ടം, നഗര സൗന്ദര്യവല്‍ക്കരണം രണ്ടാം ഘട്ടം തുടങ്ങി അതിഥി തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ ലേബര്‍ കാര്‍ഡ് നല്‍കുന്നത് ഉള്‍പ്പെടെ 99,72,38,142 രൂപയുടെ ബജറ്റാണ് ഭരണസമിതി മുന്നോട്ടുവച്ചത്.
* ഐ ടി പാര്‍ക്ക് & എഐ ടെക് ടവര്‍
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ലോകം കീഴടക്കുന്ന കാലത്ത് അതിന്റെ സാധ്യതകളെ നഗരവികസനത്തില്‍ പ്രയോജനപ്പെടുത്തുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നഗരസഭാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഐടി എഐ അധിഷ്ഠിത സംരംഭങ്ങളില്‍ തൊഴില് തേടി വിദേശത്തേക്ക് പോകുന്ന ലക്ഷക്കണക്കിന് പ്രൊഫഷണലുകള്‍ക്ക് ജന്മനാട്ടില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണിത്. നഗരസഭയുടെ പഴയ ബസ് സ്റ്റാന്‍ഡില്‍ എ ഐ ടെക് ടവര്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് അനുമതി നേടുകയാണ് ലക്ഷ്യം.
* സെന്‍ട്രല്‍ സ്‌ക്വയര്‍ കം ഹാപ്പിനസ് പാര്‍ക്ക്
രാജ്യത്തിന്റെ പ്രഥമ സുപ്രീംകോടതി വനിത ജഡ്ജിയും പത്തനംതിട്ടയുടെ അഭിമാനവുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്കും ജില്ലയുടെ പിതാവായ കെ കെ നായര്‍ക്കും സ്മാരകം ഉള്‍പ്പെടുത്തിയും സാമൂഹ്യ ജീവിതത്തില്‍ പൊതു ഇടത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ടുമാണ് സെന്‍ട്രല്‍ സ്‌ക്വയര്‍ കം ഹാപ്പിനസ് പാര്‍ക്ക് പ്രഖ്യാപിക്കുന്നത്. അബാന്‍ ജംഗ്ഷനില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലത്ത് ഒരുക്കുന്ന സെന്‍ട്രല്‍ സ്‌ക്വയറില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പൊതുയോഗങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ഇടവും ഉണ്ടാകും. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
* ശബരിമല ഇന്റര്‍നാഷണല്‍ ട്രാന്‍സിറ്റ് ഹബ്ബ് ആന്‍ഡ് ശ്രീ അയ്യപ്പ ഹൈടെക് കണ്‍വെന്‍ഷന്‍ സെന്റര്‍
ജില്ലയുടെ തീര്‍ഥാടന – ടൂറിസം മേഖലകളിലെ പ്രാധാന്യം കണക്കിലെടുത്ത് നഗര വികസനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്ന പദ്ധതികളില്‍ ഒന്നായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ളതാണ് ട്രാന്‍സിറ്റ് ഹബ്ബ്. തീര്‍ഥാടന ലക്ഷങ്ങള്‍ സംഗമിക്കുന്ന നഗരത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ടൂറിസം രംഗത്തെ സാധ്യതകളും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയുടെ തിലകക്കുറിയായി മാറുന്ന ശബരിമല ഇന്റര്‍നാഷണല്‍ ട്രാന്‍സിറ്റ് ഹബ്ബ് ആന്‍ഡ് ശ്രീ അയ്യപ്പ ഹൈടെക് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിക്ക് 100 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് നഗരത്തിന്റെ വലിയ ചുവടുവെപ്പായി മാറുന്ന ചുട്ടിപ്പാറ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി രണ്ട് കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി.
* ദേശീയ അംഗീകാരം നേടിയ ശുചിത്വ മാലിന്യമുക്ത പദ്ധതികളുടെ തുടര്‍ച്ച
സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് ഗതി വേഗം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. ലോകബാങ്ക് വിഹിതമായ രണ്ടുകോടി രൂപയ്ക്ക് പുറമേ മാലിന്യസംസ്‌കരണത്തിന് സ്ഥലം വാങ്ങി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ കൂടി വകയിരുത്തി. നിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന എം സി എഫ്, ആര്‍ആര്‍എഫ് ബയോഗ്യാസ് പ്ലാന്റുകള്‍, റിംഗ്/ബിന്‍ കമ്പോസ്റ്റ് യൂണിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം ആവശ്യമായ ഇലക്ട്രിക് വാഹനങ്ങളും സാങ്കേതിക ഉപകരണങ്ങളും വാങ്ങി നല്‍കി ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലുകളും ഇതോടൊപ്പം ഭരണ സമിതി മുന്നോട്ടുവെക്കുന്നു.
* അമൃത് 2.0 കുടിവെള്ള പദ്ധതി
മലയോര പ്രദേശമായ നഗരസഭയില്‍ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കുടിവെള്ള ദൗര്‍ലഭ്യം. ഇത് പരിഹരിക്കാന്‍ നിലവില്‍ നടപടികള്‍ ആരംഭിച്ച 13 കോടി രൂപ ചെലവു വരുന്ന പത്ത് ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണശാല, മൂന്നരക്കോടി രൂപ ചെലവഴിച്ചു നടത്തുന്ന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കല്‍ പ്രവൃത്തികള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി. സുബല പാര്‍ക്ക് അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
* നഗര സൗന്ദര്യവല്‍ക്കരണം രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പത്ത് കോടി രൂപക്ക് പിഡബ്ല്യുഡി വകുപ്പുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും.
* ഹാജി സി മീരാസാഹിബ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനും മൂന്ന്, നാല് നിലകളുടെ നിര്‍മ്മാണത്തിനുമായി 10 കോടി രൂപ വകയിരുത്തി.
* കുമ്പഴയിലെയും പത്തനംതിട്ടയിലെയും മത്സ്യ മാര്‍ക്കറ്റ് ആധുനികവല്‍ക്കരണത്തിന് 50 ലക്ഷം രൂപ, അറവുശാല ആധുനികവല്‍ക്കരണത്തിന് ഒരു കോടി രൂപ.
* പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും അനുബന്ധ മേഖലയ്ക്കും രണ്ടുകോടി രൂപ.
* കായിക മേഖലയുടെ വികസനത്തിന് കളിസ്ഥലങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം, സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് കോച്ചിങ്ങുകള്‍ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം എന്നിവയ്ക്കായി 25 ലക്ഷം രൂപ വകയിരുത്തി.
* ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഷെല്‍ട്ടര്‍ ഹോം, തൊഴില്‍ പരിശീലനം തുടങ്ങിയവയ്ക്കായി 15 ലക്ഷം രൂപ, ദരിദ്രര്‍ക്കുള്ള മൈക്രോ പ്ലാന്‍ പദ്ധതിക്കായി 10 ലക്ഷം രൂപ തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
* സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങല്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി ആധുനികവല്‍ക്കരണം, മാലിന്യ സംസ്‌കരണം, എന്നിവ ഉള്‍പ്പെടെ ഒരു കോടി രൂപ വകയിരുത്തി.
* വനിതാ മള്‍ട്ടി ജിം , അതിഥി തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ ലേബര്‍ കാര്‍ഡ്, മെഡിക്കല്‍ ക്യാമ്പ്, കൃഷി സ്ഥലങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ്, കാര്‍ഷിക മേഖലയ്ക്ക് വിത്തും വളവും, വിവിധ റോഡുകള്‍, പാലങ്ങള്‍, നദീതീര സംരക്ഷണം, കോളനികളുടെ സമഗ്ര വികസനം, തൊഴിലധിഷ്ഠിത കോച്ചിംഗ് സെന്ററുകള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, തുടങ്ങി നഗരത്തിലെ ജനങ്ങളുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സമഗ്ര പദ്ധതിയാണ് പുതിയ ബജറ്റില്‍ നഗരസഭ മുന്നോട്ടുവയ്ക്കുന്നത്.