Saturday, November 23, 2024
HomeUS Newsഈ ഗാനം മറക്കുമോ.... (ഭാഗം - 4) "ഡോക്ടർ" എന്ന സിനിമയിൽ പി സുശീല...

ഈ ഗാനം മറക്കുമോ…. (ഭാഗം – 4) “ഡോക്ടർ” എന്ന സിനിമയിൽ പി സുശീല പാടിയ “കിനാവിൻറെ കുഴിമാടത്തിൽ…” എന്ന ഗാനം.

നിർമല അമ്പാട്ട്

പ്രിയമുള്ളവരേ ,
ഒരു ഇടവേളക്കുശേഷം നമ്മൾ വീണ്ടും കാണുകയാണ്.
മലയാളി മനസ്സിന്റെ വായനക്കാർക്ക് പുതുവത്സരാശംസകൾ!

അറുപത് കാലഘട്ടങ്ങൾ മലയാളചലച്ചിഗാനങ്ങളുടെ വസന്തകാലമാണ്. ഏതാണ്ട് മൂന്ന് ദശാബ്ദത്തോളം നമുക്ക് ഈ ഭാഗ്യം ലഭിച്ചു. ഇത് അറുപത് കാലഘട്ടത്തിന്റെ മാത്രം പുണ്യമാണ്.

പുണ്യം പിറന്ന ചില കവികൾ നമുക്കുണ്ടായി. നെഞ്ചിൽ സംഗീതത്തോട് കൂടി ജന്മംകൊണ്ട സംഗീതസംവിധായകർ നമുക്കുണ്ടായി. ഏറ്റുപാടാൻ പി. ലീല സുശീല മാധുരി, എസ് ജാനകി തുടങ്ങിയ ഗാനകോകിലങ്ങൾ നമുക്കുണ്ടായി. യേശുദാസ് എന്നൊരു ഗാനഗന്ധർവ്വൻ നമുക്കുണ്ടായി. പിന്നെ പേരെടുത്ത പറയാത്ത പലരും. ഇതൊക്കെ ഒരു കാലഘട്ടത്തിൻറെ പുണ്യമാണ്. ഈ സംഗീതധാരകളിൽ ആവോളം തുടിച്ച് മുങ്ങിനീരാടാൻ നമുക്കും ഭാഗ്യമുണ്ടായി. അതുകൊണ്ടുതന്നെ ഏറ്റുപാടാൻ ഭാഗ്യം ലഭിച്ച നമ്മൾ പുണ്യം ചെയ്തവർ.

1963 ലെ ഏറ്റവും നല്ല ശോകസാന്ദ്രഗാനമായ “കിനാവിൻറെ കുഴിമാടത്തിൽ” എന്ന ഗാനമാണ് ഇന്നിവിടെ ഞാൻ പരിചയപ്പെടുത്തുന്നത്. ഡോക്ടർ എന്ന സിനിമയിൽ പി. ഭാസ്‌കരന്റെ വരികൾക്ക് ദേവരാജൻ സംഗീതം നൽകി സുശീല പാടിയ കിനാവിൻറെ കുഴിമാടത്തിൽ എന്ന ഗാനം.

ആദ്യത്തെ രണ്ടുവരികൾ തന്നെ നോക്കുക:-

“കിനാവിൻറെ കുഴിമാടത്തിൽ
നിലാവത്ത് നിൽപ്പോളേ…. ”
പടത്തിനേക്കാൾ, അതിലെ കഥയേക്കാൾ ഒരു പാട് ഉയരത്തിലാണ് ഈ പാട്ട് നിൽക്കുന്നത്. പാട്ടിൻറെ വരികളിലൂടെ അതിൻറെ അർത്ഥവും വ്യപ്തിയും സംഗീതത്തിലെ ഈണത്തിൻറെ സാന്ദ്രതയും വരികൾക്ക് ഭാവം കൂടി നൽകി സുശീല കൊടുത്ത ശബ്ദത്തിൻറെ ദീപ്തിയും എന്തുകൊണ്ടും ഈ പാട്ട് ഏറ്റവും ഉയരത്തിൽ നിന്ന് വിതുമ്പുന്നു. മലയാളത്തിലെ മറ്റു ഗായികമാർ ഈ ഗാനത്തെ നെഞ്ചേറ്റി വേദികളിൽ പാടിത്തകർത്തു. ബുദ്ധിയും ബോധവും ആസ്വാദനശേഷിയുംഉള്ളിടത്തോളം ഈ ഗാനം നില നിൽക്കും.

കിനാവിന്റെ കുഴിമാടത്തില്‍
നിലാവത്തു നില്‍പ്പോളേ
ഒരുതുള്ളിക്കണ്ണീരില്‍ നിന്‍
കദനക്കടലൊതുങ്ങുമോ
കിനാവിന്റെ കുഴിമാടത്തില്‍
നിലാവത്തു നില്‍പ്പോളേ
പദങ്ങളില്‍ ചോരയൊലിക്കേ
പാടിയാടി നിന്നു നീ
തീ പിടിച്ചു ചിറകെന്നാലും
പാട്ടുപാടി രാക്കിളീ..
രാക്കിളീ… രാക്കിളീ
കിനാവിന്റെ കുഴിമാടത്തില്‍
നിലാവത്തു നില്‍പ്പോളേ
സ്വര്‍ഗ്ഗീയഗാനത്താല്‍ നിന്‍
ഗദ്ഗദങ്ങള്‍ മൂടിനീ
മന്ദഹാസ മൂടുപടത്താല്‍
കണ്ണുനീര്‍ മറച്ചു നീ
കണ്ടതില്ല നിന്റെ ദുഖം
കണ്‍കുളിര്‍ത്ത കാണികള്‍
കണ്ണുനീര്‍ തുടച്ചതില്ല
കൈകൊട്ടും പാണികള്‍
പാണികള്‍… പാണികള്‍
കിനാവിന്റെ കുഴിമാടത്തില്‍
നിലാവത്തു നില്‍പ്പോളേ
ഒരുതുള്ളിക്കണ്ണീരില്‍ നിന്‍
കദനക്കടലൊതുങ്ങുമോ
കിനാവിന്റെ കുഴിമാടത്തില്‍
നിലാവത്തു നില്‍പ്പോളേ…

എത്ര ആർദ്രമധുരമായ വരികൾ!
“ഒരു തുള്ളി കണ്ണീരിൽ നിൻ
കദനക്കടലൊതുങ്ങിമോ..”

ഒരു കദനക്കടൽ അപ്പാടെ രണ്ടുവരികളിൽ അല്ലെങ്കിൽഒരു ഗാനത്തിൽ ഒതുക്കാനുള്ള മാസ്മരിക സാഹിത്യം വിരൽത്തുമ്പിൽ വഴങ്ങുന്ന ഏറെ പേർ ഇല്ലത്രെ. അന്നും ഇന്നും. ഇനിയുള്ള തലമുറക്ക് അത് സാദ്ധ്യവുമല്ല..

പോയകാല വസന്തങ്ങളിൽനിന്ന് നുള്ളിയെടുത്ത ഒരു നോവിന്റെ പൊന്നിതൾപ്പൂ നിങ്ങൾക്കായി സമർപ്പിക്കുന്നു മലയാളി മനസ്സ്.

നിങ്ങൾ ഇഷ്ടപ്പെടുന്ന ഹൃദയരാഗങ്ങളുമായി വീണ്ടും വരാം
സ്നേഹപൂർവ്വം

നിർമല അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments