ആലപ്പുഴ: മാറ്റി വെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ശനിയാഴ്ച നടത്താൻ നിശ്ചയിച്ച സാഹചര്യത്തിൽ ശനിയാഴ്‌ച ആലപ്പുഴ ജില്ലയ്ക്ക് കളക്ടർ പൊതു അവധി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് പത്തിനാണ് വള്ളംകളി നടത്താനിരുന്നത്. എന്നാൽ വയനാട് ദുരന്തത്തെതുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വള്ളംകളി. സെപ്‌തംബർ 28ന് നടത്താൻ തീരുമാനിച്ചത്.
നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് യോഗം ചേർന്നാണ് വള്ളംകളി ഈ മാസം 28ന് നടത്താൻ തീരുമാനം എടുത്തത്. ഉച്ചയ്‌ക്ക് രണ്ട്മണിയോടെയാകും മത്സരം ആരംഭിക്കുക.
ഈ മാസം 28ന്വള്ളംകളി നടത്തിയില്ലെങ്കിൽ മത്സരം ബഹിഷ്‌ക്കരിക്കുമെന്ന മുന്നറിയിപ്പുമായി ബോട്ട് ക്ലബുകൾ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. അസോസിയേഷൻ യോഗ തീരുമാനം ഭാരവാഹികൾ ആലപ്പുഴ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു. പരിശീലനതുഴച്ചിലിന് രണ്ടാഴ്ചയെങ്കിലും വേണം. 26വരെ ഓണക്കാലത്തോടനുബന്ധിച്ച് മറ്റ് വള്ളംകളികൾ നടക്കുന്ന സാഹചര്യത്തിലാണ് 28 ന്ന് നെഹ്രുട്രോഫി നടത്തണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത മാസമാണ് സർക്കാർ നടത്തുന്നതെങ്കിൽ ബഹിഷ്‌ക്കരിക്കുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു.
ബോട്ട് ക്ലബുകളുടെയും വള്ളംകളി പ്രേമികളുടെയും പ്രതിഷേധം ശക്തമായതോടെ നെഹ്രു ട്രോഫി നടത്തുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്,വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവർ നൽകിയിരുന്നു. എന്നാൽ തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ബോട്ട്ക്ലബ് ഭാരവാഹികൾ നിലപാട് കടുപ്പിച്ചത്. തുടർന്നാണ് തീരുമാനമുണ്ടായത്.
എല്ലാ വർഷവും വിവിധ കലാപരിപാടികൾ വള്ളംകളിയോടനുബന്ധിച്ച് നടത്തി വരാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും നടത്തേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.
➖️➖️➖️➖️➖️➖️➖️➖️