ലോക്സഭ തെരഞ്ഞടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഗൗരവകരമായ തിരുത്തൽ നടപടികൾ വേണമെന്ന് അഭിപ്രായം ഉയർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ, സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീളുന്ന കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് പരാജയം മുഖ്യ അജണ്ടയാകും.
തോൽവി പഠിക്കാനുള്ള കമ്മിഷൻ രൂപീകരണത്തിൽ അന്തിമ തീരുമാനമെടുക്കും. ഇരുപത് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സെക്രട്ടേറിയറ്റ് വിശദമായി വിലയിരുത്തിയിരുന്നു. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായെന്നായിരുന്നു വിലയിരുത്തൽ. എൽഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് പോയ വോട്ടുകൾ തിരികെ വരുമെന്നും എന്നാൽ ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ വരില്ലെന്നുമാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായം.
സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷമാകും തിരുത്തൽ നടപടികൾക്ക് അന്തിമ തീരുമാനം എടുക്കുക. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. അതേസമയം തെരഞ്ഞടുപ്പ് തോൽവിയിൽ സർക്കാരിനെതിരെ സിപിഐയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.