തിരുവനന്തപുരം; ലോഡ്‌ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് പോകാതെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോഡിലേക്ക് കുതിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ വൈദ്യുതി വിതരണം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
പുതിയ 500 മെഗാവാട്ടിന്റെ ദീർഘകാല കരാറിനുള്ള സാധ്യത തേടും. ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കും. ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ 500 കോടിരൂപ കടമെടുക്കാൻ കെഎസ്‌ഇബിക്ക് അനുമതി നൽകാനും യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറി, സെക്രട്ടറിമാർ, കെഎസ്‌ഇബി ചെയർമാൻ എന്നിവരുൾപ്പെടുന്ന ഉന്നതാധികാര സമിതി, വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനും കുടിശ്ശികപ്രശ്‌നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിനുമായി പ്രവർത്തിക്കും.
തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 10 കോടി യൂണിറ്റിന് മുകളിലാണ്. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലാണ് ആവശ്യകത വലിയതോതിൽ ഉയരാറുള്ളതെങ്കിലും മാർച്ചിൽത്തന്നെ വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം വീണ്ടും റെക്കോഡ് ഭേദിച്ചു. ബുധൻ വൈകിട്ട് ആറുമുതൽ രാത്രി 11വരെ 5066 മെഗാവാട്ടാണ് ഉപയോഗം. തിങ്കളാഴ്‌ചത്തെ 5031 മെഗാവാട്ട് ഉപയോഗമെന്ന റെക്കോഡാണ് ഒരുദിവസത്തെ ഇടവേളയിൽ മറികടന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 18ലെ 5024 മെഗാവാട്ടായിരുന്നു ഇതിനു മുമ്പത്തെ ഉയർന്ന ഉപയോഗം. ഒരുദിവസത്തെ ആകെ വൈദ്യുതി ഉപയോഗം തിങ്കൾമുതൽ തുടർച്ചയായ 10 കോടി യൂണിറ്റിനു മുകളിലാണ്. ബുധൻ ഇത് 10.184 കോടിയായി. കഴിഞ്ഞ ഏപ്രിൽ 19നുണ്ടായ 10.299 കോടി യൂണിറ്റ് ഉപയോഗമാണ് നിലവിൽ ഒരു ദിവസത്തെ റെക്കോഡ്.