പത്തനംതിട്ട —ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തുമ്പമണ്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ച് ഒപി ബ്ലോക്കും ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനയോഗിച്ചാണ് ഡെന്റല്‍ ഒപിയും നവീകരിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ആരോഗ്യ കേന്ദ്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതിയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലി ജോണ്‍, രേഖ അനില്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, സന്തോഷ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ അംജിത്ത് രാജീവന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.