എരുമേലി – ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനോടനുബന്ധിച്ച് ഭഗവാൻ ശ്രീ അയ്യപ്പന് ഏഴുന്നെള്ളാൻ അഖില ഭാരത അയ്യപ്പ സേവാ സംഘം പൊൻകുന്നം യൂണിയന് പഞ്ചലോഹ നിർമ്മിതമായ തിടമ്പ് മൂന്നാർ സ്വദേശികൾ സമർപ്പിച്ചു. മൂന്നാർ സ്വദേശിയും അയ്യപ്പ ഭക്തരുമായ ശിവാ – റ്റി. പാണ്ടി ,അയ്യപ്പ സേവാ സംഘം 146 ാം നമ്പർ മൂന്നാർ ശാഖയും സംയുക്തമായാണ് തിടമ്പ് സമർപ്പിച്ചത്. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി വിനോദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ മാല ചാർത്തി ആരതി ഉഴിഞ്ഞ് തിടമ്പ് അയ്യപ്പ ഭക്തരുടെ അകമ്പടിയോടെ എരുമേലി അഖില ഭാരത അയ്യപ്പ സേവാ സംഘം ക്യാമ്പ് ഓഫീസിലേക്ക് ഘോഷയാത്രയായി ആനയിച്ചു.
ക്യാമ്പ് ഓഫീസർ ചെന്നൈ രാജാറാം സ്വാമിയുടെ നേതൃത്വത്തിൽ തിടമ്പ് വഹിച്ച ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ പൊൻകുന്നം യൂണിയനു വേണ്ടി തിടമ്പ് ഏററുവാങ്ങി . സംസ്ഥാന ഭാരവാഹികളായ സുരേഷ് അടിമാലി, അനിയൻ എരുമേലി, സുരേന്ദ്രൻ കൊടിത്തോട്ടം, പളനി ദക്ക്ഷിണാ മൂർത്തി സലിമോൻ അടിമാലി, മുരളി കുമാർ , അഭിലാക്ഷ് മുക്കാലി , അനിൽ റാന്നി, എന്നിവർ സന്നിഹിതരായിരുന്നു.