Thursday, December 26, 2024
HomeUS Newsഎന്‍റെ  മലേഷ്യൻ യാത്ര - (ഭാഗം 1) 🎂സി. ഐ . ജോയ്  തൃശൂർ 

എന്‍റെ  മലേഷ്യൻ യാത്ര – (ഭാഗം 1) 🎂സി. ഐ . ജോയ്  തൃശൂർ 

സി. ഐ . ജോയ്  തൃശൂർ

തൃശൂർ ജനിച്ച്, തൃശൂർ   ജീവിച്ച് അവിടെത്തന്നെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ തൃശ്ശൂർക്കാരന്റെ  മനസ്സാണ് എന്‍റേത് .ഫ്ലാറ്റിലെ വൈകുന്നേരങ്ങളിലെ വെടിവട്ടങ്ങളിൽ സുഹൃത്തുക്കൾ കേരളത്തിനു പുറത്തു നടത്തിയ യാത്രകളെ പറ്റിയും  വിദേശ അനുഭവ യാത്രകളും പങ്കു വെക്കുമ്പോൾ ഇവർക്കൊന്നും വേറെ പണി ഇല്ലേ  ഈ വയസ്സുകാലത്ത് നാട് തെണ്ടാൻ നടക്കുന്നു എന്നാണ് മനസ്സിൽ തോന്നുകയെങ്കിലും അതൊന്നും പുറത്തു പ്രകടിപ്പിക്കാതെ എല്ലാം തലയാട്ടി കേട്ടിരിക്കും. വർഷത്തിലൊരിക്കൽ ഏക മകളുടെ വിവാഹം കഴിയുന്നത് വരെ ഉറ്റ ചങ്കുകളുമായി  ഊട്ടി, കൊടൈക്കനാൽ,മൈസൂർ, ബാംഗ്ലൂർ, ഹൈദരാബാദ്….. അങ്ങനെ സുഹൃത്തുക്കളുടെ കുടുംബമായി ട്രാവലറുകളിൽ  യാത്ര പോകാറുണ്ടായിരുന്നു.പുതിയ സ്ഥലങ്ങൾ ഒക്കെ കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ മോഹിച്ചിരുന്നത്  സുഹൃത്ത് ബന്ധം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുള്ള ഒരു അവസരം ആയിട്ടാണ് ഞാൻ അതിനെ കരുതിയിരുന്നത്.

അങ്ങനെ ഇരുന്നപ്പോഴാണ് മോള് പപ്പയുടെയും അമ്മയുടെയും പാസ്പോർട്ട് എടുക്കണമെന്ന് ആവശ്യപ്പെടുന്നത്.എന്തിന്? എവിടേക്ക് പോകാൻ? എന്നൊക്കെ ചോദിച്ചെങ്കിലും ഉത്തരം കിട്ടാത്തതുകൊണ്ട് എന്തേലും കാണിക്കട്ടെ മോളുടെ ആഗ്രഹമല്ലേ എന്ന് കരുതി ഞാൻ അത്ര ശ്രദ്ധിച്ചില്ല.

6 ദിവസത്തേക്ക് മലേഷ്യക്ക്ഒരു ട്രിപ്പ്‌ പോകാൻ മോൾക്കും മരുമകനും രണ്ടു പേരക്കുട്ടികൾക്കും എനിക്കും എന്റെ ഭാര്യക്കും  ടിക്കറ്റ് എടുത്തു എന്നും തലേ ദിവസം ഉച്ചയോടെ നിങ്ങൾ എറണാകുളത്തെ അവരുടെ വീട്ടിൽ എത്തണം എന്നും അറിയിച്ചപ്പോഴാണ് ഇവൾ ഇത്ര സീരിയസ് ആയി പറഞ്ഞതായിരുന്നോ എന്ന് ഞാൻ ആലോചിക്കുന്നത്. നിനക്ക് അത്ര മോഹമാണെങ്കിൽ അമ്മയെ  മാത്രം കൊണ്ടു    പൊയ്ക്കോ,എനിക്ക് ഈ കാഴ്ചകൾ ഒന്നും കാണാൻ താൽപര്യമില്ല.6 ദിവസത്തേക്കുള്ള ഫുഡ് ഫ്രിഡ്ജിൽ ഉണ്ടാക്കി വെച്ചാൽ മതി. ഞാനത് മൈക്രോവേവിൽ ചൂടാക്കിയും ഹോട്ടൽ ഫുഡുമായി  അഡ്ജസ്റ്റ് ചെയ്തോളാം എന്നൊന്നും പറഞ്ഞിട്ട് ഒരു രക്ഷയുമില്ല.ടിക്കറ്റ് എടുത്തു കഴിഞ്ഞു. ക്യാൻസൽ ചെയ്താൽ കാശു മുഴുവൻ പോകും എന്ന് പറഞ്ഞായി അടുത്ത ഭീഷണി. ഏതായാലും കൊച്ചുമക്കളുടെയും മോൾടെയും മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി ഞാൻ അർധസമ്മതം മൂളി.

 സ്കൂൾ കാലഘട്ടത്തിൽ ഉച്ചകഴിഞ്ഞുള്ള ഹിസ്റ്ററി ക്ലാസുകളിൽ സാർ മലേഷ്യയെ പറ്റി പറഞ്ഞതായിട്ടുള്ള ചെറിയൊരു ഓർമ്മയുണ്ട്. ഇതൊക്കെ ഒരു ഭാഗ്യമല്ലേ മകളെ അമേരിക്കയിൽ കെട്ടിച്ചു വിട്ടു ആദ്യപ്രസവം നോക്കാനോ വെള്ളം വീഴ്ത്താൻ പോകുന്ന ഭാര്യയ്ക്ക് കൂട്ടു പോകാനോ അല്ലല്ലോ മോള് വിളിക്കുന്നത്, ജോയ് പോയേ പറ്റൂ എന്ന സുഹൃത്തുക്കളുടെ നിർബന്ധം കൂടിയപ്പോൾ പിന്നെ എനിക്ക് പിടിച്ചുനിൽക്കാൻ വയ്യാതായി. ചിലരൊക്കെ വിദേശയാത്രകൾ കഴിഞ്ഞു വരുമ്പോൾ എൻറെ സ്വപ്നം സാക്ഷാത്കരിച്ചു എന്നൊക്കെ പറഞ്ഞ് ‘തള്ള് ‘ തുടങ്ങാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായി സ്കൂളിലേക്ക് പോകുന്ന ചില മടിപിടിച്ച കുട്ടിയുടെ മനസ്സായിരുന്നു.മറ്റു കുടുംബാംഗങ്ങളുടെ ഉത്സാഹം കണ്ടപ്പോൾ  പിന്നെ ഞാനും  അവരോടൊപ്പം കൂടി. എന്നോ ഉപേക്ഷിച്ച   ജീൻസും  പാൻറും എല്ലാം പൊടി തട്ടിയെടുത്ത് അടുക്കലും ഒതുക്കലും ഒക്കെ തുടങ്ങി. തലേദിവസം തന്നെ തൃശ്ശൂർ നിന്ന് എറണാകുളത്തുള്ള മകളുടെ വീട്ടിലെത്തി.രാത്രി ഏഴരയോടെ ഞങ്ങളെല്ലാവരും വീട്ടിൽനിന്നിറങ്ങി എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.

 

പതിനൊന്നരക്കായിരുന്നു എയർ ഏഷ്യ വിമാനം.ചെക്കിംഗ് കഴിഞ്ഞു

ലോഞ്ചിൽ റസ്റ്റ്‌ എടുക്കാൻ പോയി. ഒന്നുകൂടി എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു, ഞാനൊരു രണ്ട് പെഗ്ഗ് അകത്താക്കി ടെൻഷൻ കുറച്ചു. 😜ഒരു മുക്കാൽ മണിക്കൂറിനു മുമ്പേ താഴേക്ക് ഇറങ്ങി ചെന്നു.ഏതായാലും വിമാനം പറന്നു പൊങ്ങി തുടങ്ങിയതോടെ കൊച്ചുമക്കളെക്കാൾ ഉത്സാഹമായി എനിക്ക്.

ആകാശത്ത് പൊങ്ങി പറക്കുമ്പോൾ ഭൂമിയിലേക്ക് നോക്കി, തീപ്പെട്ടി കൂട് പോലുള്ള വീടുകളിൽ ചിലയിടത്ത് വെളിച്ചമുണ്ട്. ദൈവമേ! ഈ യാത്രയിൽ എൻറെ കുടുംബത്തെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിച്ചു.

“നിനക്ക് ഒരു തിന്മയും ഭവിക്കയില്ല. നിന്റെ വഴികളിൽ നിന്നെ കാത്തു പാലിക്കാൻ അവിടുന്ന് തൻറെ ദൂതന്മാരോട് കല്പിക്കും.രാത്രിയുടെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും  നീ ഭയപ്പെടേണ്ട. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. “ (സങ്കീർത്തനം-91) മനസ്സിൽ വീണ്ടും ഒന്നുകൂടി ഉറപ്പിച്ച് ആവർത്തിച്ചു പറഞ്ഞു. ഏകദേശം വെളുപ്പിന് മൂന്ന് മണിയോടെ മലേഷ്യയിൽ എത്തി.

 വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ കഴിഞ്ഞു പുറത്തു കടന്നപ്പോൾ മണി നാലര ആയെങ്കിലും മലേഷ്യ യിൽ 7 മണിയായി കഴിഞ്ഞിരുന്നു. രണ്ടരമണിക്കൂർ മുമ്പോട്ട് ആണല്ലോ അവിടത്തെ സമയക്രമം. ഞങ്ങളെ കാത്ത് മരുമകൻ ഏൽപ്പിച്ചിരുന്ന കാറും ഡ്രൈവർ കം ഗൈഡ് ശരവണൻ  അവിടെ  ഉണ്ടായിരുന്നു.ട്രാവലറിലേക്ക് എല്ലാവരും കയറിക്കോളൂ. നമുക്ക്  ബേർഡ്സ് പാർക്ക് കാണാൻ പോകാം എന്നായിരുന്നു ശരവണൻ പറഞ്ഞത്.

 ഹോട്ടലിലെത്തി പെട്ടിയൊക്കെ വെച്ച് ഒന്ന് നീണ്ടുനിവർന്നു കിടന്നു റസ്റ്റ് എടുത്തിട്ടല്ലേ കാഴ്ചകാണാൻ പുറപ്പെടുക എന്നല്ലേ  നമ്മൾ സാധാരണഗതിയിൽ ചിന്തിക്കുക.അപ്പോഴാണ് മരുമകൻ പറയുന്നത്.  ശരവണൻ ഇന്നത്തെ പരിപാടി പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ടത്രേ!നമ്മൾ അനുസരിക്കുകയ വേണ്ടൂ. ലാലേട്ടൻറെ ദിവസങ്ങൾ ആൻറണി പെരുമ്പാവൂരും മമ്മൂക്കയുടെത്  ജോർജും തീരുമാനിക്കുന്നത് പോലെ ഞങ്ങൾ ആറു പേരും  അദ്ദേഹത്തിൻറെ ആജ്ഞകൾക്കായി  കാത്തുനിന്നു.

 ഒന്ന് ഫ്രഷ് ആകാൻ എല്ലാവരും അവിടെ തന്നെയുള്ള ഫൈവ്സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന എയർപോർട്ട് ലോഞ്ചിലേക്ക് കയറി. അപ്പോൾ എൻറെ മനസ്സ് ഒരു 40 വർഷം പുറകോട്ട് പാഞ്ഞു.അന്ന് ഞാൻ ഒരു ഇരുപത് വയസ്സുകാരൻ പയ്യൻ.

പോളേട്ടൻ(എന്റെ മൂത്ത ജേഷ്ഠൻ സിനിമ നടൻ സി. ഐ. പോൾ) ചെന്നൈയിൽനിന്ന്  അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനായി  നിന്ന് നേരെ തിരുവനന്തപുരം പോവുകയാണ്, വീട്ടിൽ ഇറങ്ങുന്നില്ല അതുകൊണ്ട് അമ്മയുടെ നിർദ്ദേശപ്രകാരം പോളേട്ടന് കൊടുക്കാനുള്ള കുറെ അലക്കിത്തേച്ച മുണ്ടും ഷർട്ടും അമ്മയുടെ ചില സ്പെഷ്യൽ ഫുഡുമായി ഞാൻ റെയിൽവേ സ്റ്റേഷനിൽ വെളുപ്പിന് സുഹൃത്തുമായി കാത്തുനിൽക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്.റെയിൽവേ സ്റ്റേഷന്റെ വാഷ്റൂമിൽ കുളിയും പല്ലുതേപ്പും തുണി മാറലും കണ്ട് അന്തംവിട്ട്   സുഹൃത്തിനോട് പറഞ്ഞു. അയ്യോ ഇവരെന്താ ഈ കാണിക്കുന്നത്? ഇവർക്ക് ഇതൊക്കെ വീട്ടിൽ നിന്ന് ചെയ്തിട്ടു വന്നാൽ പോരെ എന്ന്. അപ്പോൾ ആണ് സുഹൃത്ത് പറയുന്നത്. ഇവരൊന്നും ഈ നാട്ടുകാരല്ല. ഒറ്റ ദിവസത്തേക്ക് തൃശ്ശൂർ എന്തെങ്കിലും ആവശ്യത്തിന് വന്നവർ ആയിരിക്കും. ഇവരുടെ കൈവശമുള്ള ബാഗുകൾ ക്ലോക്ക് റൂമിൽ വെച്ച് പൂട്ടി താക്കോലുമായി ഇവർ കാര്യം കഴിഞ്ഞു ഇന്ന് തന്നെ അവർ വൈകുന്നേരം തിരിച്ചു പോകുമായിരിക്കുംഎന്ന്.

ഹോട്ടലിൽ വെറുതെ മുറിയെടുത്ത് കാശ് കളയാതിരിക്കാൻ റെയിൽവേ ചെയ്തു കൊടുക്കുന്ന ഒരു സേവനം ആണ് ഇതെന്ന്. അത്രയൊന്നും യാത്രകൾ ചെയ്യാത്ത അന്ന് എനിക്ക് അതൊരു പുതിയ  അറിവായിരുന്നു. ഇപ്പോഴാണ് അതിൻറെ ഗുട്ടൻസ് പിടികിട്ടിയത്.

ഞങ്ങളെല്ലാവരുംകൂടി ഇന്ത്യൻ റസ്റ്റോറന്റിൽ  ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോയി.ഇഡലിയും ദോശയും സാമ്പാറും ഒക്കെ ആവശ്യത്തിന് അകത്താക്കി കഴിഞ്ഞപ്പോൾ എല്ലാവരും ഉന്മേഷം വീണ്ടെടുത്തു. രാത്രിയിലെ ഉറക്ക ക്ഷീണം ഒക്കെ പമ്പ കടന്നു.ടൂർ ഓപ്പറേറ്റർ ശരവണന്റെ നിർദ്ദേശപ്രകാരം കോലാലമ്പൂർ ബേർഡ്സ് പാർക്ക് കാണാനായി ഞങ്ങൾ പുറപ്പെട്ടു. നിങ്ങളും എന്റെ കൂടെ പോരുകയല്ലേ 😜

സി. ഐ . ജോയ്  തൃശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments