Monday, July 22, 2024
HomeUS Newsസർവ്വ നാശത്തിലേക്ക് നീങ്ങുന്ന പരിസ്ഥിതി ആഘാതം - ഐക്യരാഷ്ട്ര സഭ (കാലികം)

സർവ്വ നാശത്തിലേക്ക് നീങ്ങുന്ന പരിസ്ഥിതി ആഘാതം – ഐക്യരാഷ്ട്ര സഭ (കാലികം)

ജിത ദേവൻ✍

നവംബർ മാസത്തിൽ നടന്ന സി ഒ പി 28 ഉച്ചകോടിക്ക് മുന്നോടിയായി പുറത്തു വിട്ട ദി ഇന്റർ കണക്റ്റഡ് ഡിസാസ്റ്റർ റിസ്ക്സ് റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് ലോകം ഗുരുതരമായ പരിസ്ഥിതി നാശത്തിന്റെ വക്കിലാണ്. കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള ജീവൻ രക്ഷാ സംവിധാനങ്ങൾക്കെല്ലാം വെല്ലുവിളിയാകുന്ന പരസ്പര ബന്ധിതമായ നാശ നഷ്ടങ്ങളിലേക്കാണ് ലോകം പോകുന്നത്. കാലാവസ്ഥാ വ്യത്തിയാനാവും പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണവും പരസ്പര ബന്ധിതമായ ആറു പ്രകൃതി വിനാശത്തിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾക്ക് ഭീഷണിയാകുകയും സമൂഹത്തിന്റെ അടിത്തറയിളകുകയും ചെയ്യുമെന്ന് പഠനത്തിന് നേതൃത്യം നൽകിയ യു എൻ ന്റെ യൂണിവേഴ്സിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര് എൻവയോൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി ചൂണ്ടികാട്ടുന്നു

ഭക്ഷണം, പരിസ്ഥിതി, ആവാസ വ്യവസ്ഥ, ജലവിതരണം, ഇവയെല്ലാം പരസ്പര പൂരകങ്ങളാണ്. ഏതെങ്കിലും ഒന്നിന് നേരിടുന്ന തകർച്ച മറ്റു എല്ലാത്തിനെയും ബാധിക്കും. ഇത് സർവ്വ നാശത്തിന് വഴിവയ്ക്കും. അടിസ്ഥാനപരമായ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ ത്വരിതഗതിയിലുള്ള വംശനാശം. ഭൂഗർഭ ജല ശോഷണം, പർവ്വത ഹിമാനികളുടെ ഉരുകൽ, ബഹിരാകാശ അവശിഷ്ടങ്ങൾ, അസഹനീയമായ ചൂട്, ഉറപ്പില്ലാത്ത ഇൻഷുറൻസ് പരിരക്ഷ തുടങ്ങി പരസ്പരം ബന്ധപ്പെട്ട് ഉണ്ടാകാൻ പോകുന്ന നാശനഷ്ടങ്ങളാണ് വരും തലമുറയെ കാത്തിരിക്കുന്നതെന്ന് റിപ്പോർട്ട്‌ മുന്നറിയിപ്പ് നൽകുന്നു.

ഗുരുതരമായ പാരിസ്ഥിതീക പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന തരത്തിൽ വരുന്ന ഒരു പതിറ്റാണ്ടിനിടയിൽ 10 ലക്ഷം സസ്യങ്ങളും ജന്തുക്കളും ഭൂമിയിൽ നിന്നും ഇല്ലാതാകും. ഒരു പ്രത്യേക വിഭാഗങ്ങളിൽ ഉണ്ടാകുന്ന വംശനാശം അതിനെ ആശ്രയിച്ചു ജീവിക്കുന്ന ജന്തുക്കളെയും സസ്യങ്ങളെയും ഇല്ലാതാക്കും
ഇന്ത്യ, സൗദി,US തുടങ്ങിയ രാജ്യങ്ങൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങൾ മഞ്ഞു പാളികളിൽ ഉണ്ടാകുന്ന അതിദ്രുതമായ മഞ്ഞുരുകൽ കാരണമാണ്. അമിതമായ ചൂട് ഭൂർഗർഭ ജലത്തിന്റെ അമിതമായ ഉപയോഗത്തിലേക്ക് നയിക്കും. ഹിമാലയം ഉൾപ്പെടെയുള്ള മഞ്ഞുപാളികളിൽ നിന്നാണ് നദികളിലേക്കും ഭൂഗർഭ ജലാശയങ്ങളിലേക്കും വെള്ളം എത്തുന്നത്. മഞ്ഞു പാളികൾ ഇല്ലാതാകുന്നത്തോടെ ഈ ജലവും ഇല്ലാതാകും, നദികൾ വരണ്ടുണങ്ങും.

ബഹിരാകാശ അവശിഷ്ടങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും ചെറുതല്ല. ഉത്തരം അവശിഷ്ടങ്ങൾ നിറയുന്നത് കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തെ ഉപയോഗ ശൂന്യമാക്കുകയും പാരിസ്ഥിതീക വെല്ലുവിളികൾ ഉൾപ്പെടെ നിരീക്ഷിക്കാനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ വർദ്ധിച്ചു വരുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന പ്രളയം, വരൾച്ച,ഉരുൾ പൊട്ടൽ മേഖ വിസ്‌പോടനം മറ്റു ദുരന്തങ്ങൾ ഒക്കെ ഇൻഷുറൻസ് പരിരക്ഷ അസാധ്യമാക്കി തീർക്കുന്നു.2030 ൽ ഓസ്ട്രേലിയയിൽ മാത്രം 5ലക്ഷം വീടുകളുടെ പരിരക്ഷ നഷ്ടപ്പെടും എന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. ഇത്തരം അവസ്ഥയിൽ എത്തിയാൽ അത് ഗുരുതരമായ. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല.

നമ്മുടെ ഭൂമി മനുഷ്യവാസത്തിനും മറ്റ് ജീവജാലങ്ങളുടെ നിലനിൽപ്പിനും അനുയോജ്യമല്ലാതായി കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം ആസന്നമരണത്തിലേക്കു നീങ്ങുന്ന നമ്മുടെ ഭൂമിയെ സംരെക്ഷിക്കാൻ കടമയുള്ളവരാണ് നാം ഓരോരുത്തരും. പരിസ്ഥിതി ദിനാചാരണവും ഭൗമ ദിനവുമൊക്കെ ആചരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നു പരിസ്ഥിതി സംരക്ഷണം. മണ്ണും. ജലവും, വായുവുംമലിനമാക്കപ്പെട്ടിരിക്കുന്നു. ഉപയോഗിക്കുക, അവശിഷ്ടങ്ങൾ വലിച്ചെറിയുക എന്നതായി നമ്മുടെയൊക്കെ ശീലം. വീടുകളിൽ നിന്നും ആശുപത്രികളിൽ നിന്നും വ്യാപാരം സ്ഥാപനങ്ങളിൽ നിന്നും ഒക്കെ വലിച്ചെറിയുന്ന മാലിന്യങ്ങൾ, രസകീടനാശിനികൾ, പ്ലാസ്റ്റിക്, ഇ -മാലിന്യങ്ങൾ എന്നിവ മൂലം നമ്മുടെ മണ്ണ് നിർജീവമാകുന്നു, കൃഷിയിടങ്ങൾ, ഫാക്ടറികൾ, വാഹനങ്ങൾ, കപ്പലുകൾ എന്നിവ പുറംതള്ളുന്ന എണ്ണ മറ്റു രസവസ്തുക്കൾ, പ്ലാസ്റ്റിക് ഇവയെല്ലാം ജലമലിനികരണത്തിന് ഇടയാക്കുന്നു. വാഹനങ്ങൾ പുറംതള്ളുന്ന കാർബൻ മോണോക്സൈഡ്, പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ, ഇലട്രിക് ഉപകാരങ്ങൾ പുറംതള്ളുന്ന അപകടകരമായ വാതകങ്ങൾ, എന്നിവ മൂലം വായു മലിനമാകുന്നു. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിക്ക് വലിയ ഭീഷണിയുയർത്തുന്നുണ്ട്.പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കൊണ്ട് മണ്ണ് നിർജീവമാകുന്നു. ജലാശയങ്ങൾ നശിക്കുന്നു

ഇതുമാത്രമല്ല മരങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും ,പാറ പൊട്ടിച്ചും, പുഴ കൈയ്യേറിയും വയലുകൾനിരത്തിയും വനങ്ങൾ ഇല്ലാതാക്കിയും നാം പ്രകൃതിയുടെ സന്തുലനാവസ്ഥ ഇല്ലാതാക്കി. ഇതിന്റെ ഫലമോ ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങളായ പ്രളയവും, വരൾച്ചയും ഉരുൾ പൊട്ടലുമൊക്കെയാണ് . പ്രകൃതിയെ നശിപ്പിക്കാത്ത വികസനം മാത്രമേ അഭികാമ്യമായിട്ടുള്ളു. കതിരിൽ വളം ഇട്ടിട്ട് കാര്യമില്ലയെങ്കിലും പരിസ്ഥിതി സംരക്ഷണം അതീവ ജാഗ്രതയോടെ നടത്തിയില്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ നാം വലിയ വില നൽകേണ്ടി വരും. “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ“ എന്ന് കവി ആശങ്ക പ്പെട്ടത് വെറുതെയാവില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ..

ജിത ദേവൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments