ആസ്വാദനത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാകും ഓരോ സഞ്ചാരിയും കടന്നുപോകുക. സ്ഥലങ്ങളോടും യാത്രകളോടുമുള്ള ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും സമീപനങ്ങളും വ്യത്യസ്തവുമായിരിക്കും. ചിലർ ചരിത്രം അന്വേഷിച്ചുപോകുമ്പോൾ ചിലർ സൗന്ദര്യം ആസ്വദിക്കുന്നു. എന്നാൽ മറ്റുചിലരോ തിരക്കുപിടിച്ച ജീവിതത്തിന്റെ വിരസതയിൽ നിന്നുള്ള ഒരു മോചനം മാത്രമായിരിക്കും യാത്രകൊണ്ട് ഉദ്ദേശിക്കുക.
എന്റെ യാത്രകളെല്ലാം അപ്രതീക്ഷിതമായി വീണുകിട്ടുന്നവയാണ്. അങ്ങനെ വളരെ വിരളമായി ചില സ്ഥലങ്ങളിലേയ്ക്കുള്ള സഞ്ചാരം മാത്രം നടത്തിയിട്ടുള്ള എനിക്ക് ഈയിടെ ഹംബിയിലേയ്ക്കൊരു യാത്രപോകാൻ സാഹചര്യമൊരുങ്ങിയതും അപ്രതീക്ഷിതമായിട്ടായിരുന്നു.
തുംഗഭദ്രാ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഏതാണ്ട് അഞ്ഞൂറ് വർഷം പഴക്കമുള്ള ഹംബിയിലെ വിജയനഗരസാമ്രാജ്യത്തിന്റെ പ്രത്യക്ഷമായ അവശേഷിപ്പുകൾ കാണുക എന്നത് ചരിത്രം പഠിച്ചിട്ടുള്ള ഓരോ ഭാരതീയന്റെയും സ്വപ്നമായിരിക്കും. ഹംബിയെക്കുറിച്ചുള്ള യാത്രാവിവരണങ്ങൾ പലവിധത്തിൽ കാഴ്ചപ്പാടുകളിൽ ഓരോരുത്തരും എഴുതിയിട്ടുമുണ്ട്. എങ്കിലും കണ്ട കാഴ്ചകളുടെ ഒരു കുറിപ്പ് തയ്യാറാക്കിയില്ലെങ്കിൽ ഈ യാത്ര പൂർണ്ണമാവില്ല.
ബാംഗ്ലൂർ ജോലി ചെയ്യുന്ന മകളോടൊപ്പം കുറച്ചുദിവസം താമസിക്കുക എന്ന ഉദ്ദേശ്യത്തോടെ അവിടെയെത്തി. കുശലങ്ങൾക്കിടയിൽ മരുമകൻ അഭിജിത് ഹംബിയുടെ അടുത്തുള്ള ഹോസ്‌പെട്ട് എന്ന സ്ഥലത്തെ
ജോബ്‌സൈറ്റിനെക്കുറിച്ചും പരാമർശിച്ചപ്പോൾ ഞാൻ വെറുതേ ഒരഭിപ്രായം പറഞ്ഞു. നമുക്ക് ഹംബിയിലേയ്ക്കൊരു യാത്രപോയാലോ എന്ന്. ആയ്ക്കോട്ടെ അടുത്ത വീക്കെന്റിൽ പോകാമെന്ന് പറഞ്ഞു അപ്പോൾത്തന്നെ ട്രെയിൻ ടിക്കറ്റും ഹോംസ്റ്റേയും ബുക്ക് ചെയ്തു.
ജൂലായ് 26 വെള്ളിയാഴ്ച്ച വൈകിട്ടത്തെ ട്രെയിനിൽ ബാംഗ്ലൂര് നിന്നും ഏഴര മണിക്കൂർ യാത്രചെയ്ത് രാവിലെ ഏഴുമണിക്ക് ഹോസ്‌പെട്ട് എത്തി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നിൽക്കുമ്പോൾ ഒരു ഓട്ടോക്കാരൻ പിന്നാലെ കൂടി. ഓട്ടോ ഒഴിവാക്കി കുറച്ചുനേരം ഹോം സ്റ്റേയിലെത്താനുള്ള മറ്റുവഴികൾ ആലോചിച്ചു നിന്നു. അയാൾ പിന്നാലെ നടക്കുകയാണ്. ഒടുവിൽ ആ ഓട്ടോയിൽത്തന്നെ കയറി. അവിടെ ടാക്സി കാറുകൾ ഇല്ല. ഓട്ടോറിക്ഷകളാണ് യാത്രക്കാർ ഉപയോഗിക്കുക. ഇല്ലെങ്കിൽ വലിയ ഹോട്ടലുകളുടെ കാറുകൾ അവിടെ റൂം ബുക്ക് ചെയ്തർക്കായി ഉണ്ടെന്നും ഡ്രൈവർ പറഞ്ഞു.
പോകുന്ന വഴിക്ക് ഓട്ടോഡ്രൈവർ ഓരോ സ്ഥലങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. വൃത്തിയുള്ള ഹൈവേയിൽ ഇരുവശത്തും നിറയെ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. നാലുവരിപാതയിൽ മധ്യഭാഗത്തായി ചെടികളും നട്ടു പരിപാലിക്കുന്നു. അതിമനോഹരമായ വലിയൊരു ബംഗ്ളാവിന്റെ മുന്നിലെത്തിയപ്പോൾ ഡ്രൈവർ പറഞ്ഞു അത് സ്ഥലം എം എൽ എ യുടെ വസതിയാണെന്ന്. വലിയ മതിലും ഗേറ്റും മതിലിനുമുന്നിൽ റോഡിനോട് ചേർന്നു വിശാലമായ പുൽത്തകിടിയും. കണ്ടാൽ ഏതോ റിസോർട്ട് ആണെന്നേ പറയൂ. ഈ വസതിയുടെ പ്രാന്തപ്രദേശം കഴിഞ്ഞപ്പോൾ പൂച്ചെടികൾ അപ്രത്യക്ഷമായി. പിന്നെ സാധാരണ റോഡ്.
ചെറിയ വീടുകൾ അടത്തടുത്ത് സ്ഥിതിചെയ്യുന്ന തനി നാടൻ ഗ്രാമപ്രദേശമാണ് ഹമ്പി. കൃഷി ,പശു വളർത്തൽ ആടുവളർത്തൽ ഒക്കെയാണ് അവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം. ഈ ഗ്രാമങ്ങളുടെ ഇടയ്ക്ക് പട്ടണം എന്നു പറയാൻ കുറച്ചു കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും മെയിൻ റോഡ് സൈഡിലുണ്ട്. ഭൂവിസ്തൃതി ഏറെയുണ്ടെങ്കിലും ഗ്രാമങ്ങൾ പ്രധാന റോഡിൽ നിന്നും ഉള്ളിലേയ്ക്കുള്ള റോഡിന് ഇരുവശങ്ങളിലുമായി ഒന്നിനോടൊന്നു തൊട്ടുതൊട്ടാണ് നിമ്മിച്ചിരിക്കുന്നത്.
ഈ ഗ്രാമത്തിലെ ഇടതിങ്ങിയ വീടുകൾക്കിടയിലാണ് ഹോംസ്റ്റ ഉള്ളത്. ഒരു ചെറിയ മൂന്നുനിലക്കെട്ടിടം. ഓരോ ഫ്ലോറിലും നേരെ എതിർവശത്തേയ്ക്ക് തുറക്കുന്ന വാതിലുകളുള്ള ഈരണ്ടു മുറികൾ. തെരുവ് ആണെങ്കിലും വൃത്തിയും വെടിപ്പുമൊക്കെയുണ്ട്. ഒരുദിവസത്തെ വാടക ഭക്ഷണമില്ലാതെ എണ്ണൂറ് രൂപ. ഒരു മുറിയിൽ ഹീറ്റർ ഉണ്ട്. മറ്റേ മുറിയിൽ സോളാർ പാനലിൽ നിന്നുള്ള ഹീറ്റർ ആണ്. വെയിലില്ലാത്തത് കൊണ്ട് അത് പ്രവർത്തിക്കുന്നില്ല. മഴ ചെറുതായി ഇടയ്ക്കിടെ ചാറുന്നുണ്ട് അതിനാൽ സുഖമുള്ള കാലാവസ്ഥയാണ്.
ജ്യേഷ്ഠനും അനുജനും കൂടി നടത്തുന്ന ഹോംസ്റ്റയിൽ അനുജനാണ് സഞ്ചാരികളുടെ യാത്രയുടെ ഉത്തരവാദിത്തം. അവർ യാത്രയ്ക്കായി ഓട്ടോറിക്ഷ ഏർപ്പാടുചെയ്തു തന്നു. ഡ്രൈവർ അനുജൻ തന്നെ. ഒരുദിവസത്തെ മുഴുവൻ ഓട്ടത്തിന് ആയിരത്തി എണ്ണൂറു രൂപയാണ് ചാർജ്. നമ്മുടെ നാട്ടിലെ ഓട്ടോചാർജ് വെച്ചുനോക്കുമ്പോൾ ലാഭകരം.
കുളിച്ചു ഫ്രഷ് ആയി വന്നപ്പോളേയ്ക്കും ഓട്ടോ റെഡി. കഴുകിവെടിപ്പാക്കി നല്ല വൃത്തിയിലാണ് വാഹനം. രാവിലത്തെ ഭക്ഷണത്തിനായി ഞങ്ങളുടെ ഡ്രൈവർ തൊട്ടടുത്തുള്ള പുതിയ റെസ്റ്റോറന്റിൽ വാഹനം നിർത്തിത്തന്നു. പുറത്തു ചെരിപ്പൂരിവെച്ചിട്ട് വേണം അകത്തു പ്രവേശിക്കാൻ. പൂരിയും വെജിറ്റബിൾ കറിയും ഓർഡർ ചെയ്തു കാത്തിരിപ്പായി. ഒരു മണിക്കൂർ അവിടെ വെയിറ്റ് ചെയ്തു ഭക്ഷണം കിട്ടാൻ. ഭക്ഷണം കഴിക്കാനുള്ളവരുടെ ബാഹുല്യമല്ല കാരണം. അവിടെയും ഇവിടെയും ഒന്നോരണ്ടോ പേർ മാത്രമാണ് ആ കടയിൽ ഉണ്ടായിരുന്നത്. അടുക്കളയിൽ പാചകത്തിന് ഒറ്റയൊരാളും സെർവ് ചെയ്യാൻ മറ്റൊരാളും. പിന്നെയെങ്ങനെ താമസിക്കാതിരിക്കും. മറ്റൊന്നുള്ളത് അവിടെ ഒരു സ്ഥലത്തും ചായ കിട്ടില്ല എന്നുള്ളതാണ്. ഞങ്ങൾക്ക് രാവിലെ ഒരു ചായ നിർബ്ബന്ധമായിരുന്നത് കൊണ്ട് അവരോട് ആവശ്യപ്പെട്ടപ്പോൾ അയലത്തുള്ള ഒരു വീട്ടിൽ പോയി പാൽ വാങ്ങിക്കൊണ്ടുവന്നു ചായ വെച്ചുതന്നു. തീരെ ചെറിയ കപ്പിൽ നൂറുമില്ലി കഷ്ടിച്ചുണ്ട്. കിട്ടിയതും കൊണ്ട് തൃപ്തിപ്പെട്ടു ഞങ്ങൾ യാത്ര തുടർന്നു. കാറിനെക്കാൾ അസ്വാദ്യകരമായിരുന്നു ആ യാത്ര എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഡ്രൈവർ ഗൈഡിന്റെ ജോലി കൂടി ചെയ്യുന്നുണ്ട്.
ഈ ചെറിയ ഗ്രാമം പിന്നിട്ടപ്പോൾ മുതൽ ഇരുവശങ്ങളിലും വിശാലമായ നെൽപ്പാടങ്ങൾ. അതിരിട്ടുനിൽക്കുന്ന തെങ്ങുകൾ. ഈ കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാണെന്നോണം ഭീമാകാരങ്ങളായ ഉരുളൻ പാറകൾ കൂട്ടിയിട്ടത് പോലെയുള്ള കുന്നുകൾ പർവ്വതങ്ങൾ. റോഡിന് വശങ്ങളിൽ കരിങ്കല്ലിൽ ഉയർന്നുനിൽക്കുന്ന വഴിയമ്പലങ്ങളുടെ അവശിഷ്ടങ്ങളെന്നു തോന്നുന്ന
വിജയനഗരസാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ കണ്ടു തുടങ്ങി. ഡ്രൈവർ കന്നഡയിൽ ഓരോ സ്ഥലങ്ങളെക്കുറിച്ചും വിവരിക്കുന്നത് മരുമകന് മാത്രം മനസ്സിലാകുന്നുണ്ട്. അവൻ അത് ഞങ്ങൾക്ക് പറഞ്ഞുതരുന്നു..
കർണാടകയിലെ ബെല്ലാരി ജില്ലയിലാണ് ഹമ്പി സ്ഥിതിചെയ്യുന്നത്. ഇതിന് വിജയനഗര എന്നുകൂടി പേരുണ്ട്. വഴിയിൽ വളരെ വിശാലമായ ഒരു തടാകം കണ്ടപ്പോൾ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. മഴപെയ്യുമ്പോൾ മാത്രം നിറഞ്ഞുകിടക്കുന്ന കമലാപൂർ തടാകമാണത്. വെള്ളം കലങ്ങിക്കിടക്കുന്നു. ശക്തമായ കാറ്റിൽ ജലം കടലിലേതിന് സമാനമായി തിരയിളക്കുന്നതും മനോഹരമായ കാഴ്ച്ചയായിരുന്നു. നേരത്തെ ഇവിടെ വട്ടത്തോണിയിൽ യാത്രയുണ്ടായിരുന്നു എന്നതിന് തെളിവായി പഴകിപ്പൊടിഞ്ഞ വട്ടത്തോണികൾ കരയിൽ ഇരിപ്പുണ്ട്. അധികം കീറിപ്പോകാത്ത ഒരു തോണി കുടപോലെ ചെരിച്ചു കമിഴ്ത്തി വെച്ചതിനടിയിൽ തടാകത്തിൽ നിന്നും പിടിച്ച മീനുമായി ദമ്പതികൾ ഇരിക്കുന്നു. വലിയ മീനൊന്നിന് നൂറുരൂപ!
തടാകത്തിന്റെ ഭംഗി അസ്വദിച്ചുനിൽക്കുമ്പോൾ ആട്ടിൻപറ്റവുമായി ഒരു ഇടയനും ഒന്നുരണ്ടു നായ്ക്കളും ആ വഴി വന്നു. അവ ഞങ്ങളുടെ ഇരുവശത്തുകൂടെയും കടന്നുപോയി. റോഡിന് ഇരുവശവും പച്ചനെൽപ്പാടങ്ങൾ കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചസൗഭഗം നൽകുന്നു. കർഷക കുടുംബങ്ങൾ കുട്ടികളടക്കം വയലിൽ പണിയെടുക്കുന്നത് കാണാമായിരുന്നു. നല്ല വസ്ത്രം ധരിച്ച ആരെയും അവിടെക്കണ്ടില്ല. ദരിദ്രകർഷകരാണെന്നു അവരുടെ രൂപഭാവങ്ങളിൽനിന്നും മനസ്സിലാകും. പിടിച്ചടക്കപ്പെട്ട രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട പ്രജകളെപ്പോലെയാണ് ആ കാർഷകരെക്കണ്ടപ്പോൾ എനിക്ക് തോന്നിയത്.
സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ വഴിയുടെ ഇരുവശങ്ങളിലും നിരന്നു കിടക്കുന്നത് കാണുമ്പോൾ മനസ്സിലാകും അതെത്ര വിശാലവും പ്രൗഢവുമായിരുന്നെന്ന്.. എത്രകണ്ടാലും തീരാത്ത ഗാംഭീര്യവും മനോഹാരിതയുമുണ്ട് ഓരോന്നിനും.
വിജയനഗര സാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായ വിത്താല ക്ഷേത്രത്തിനുമുന്നിലെ എൻട്രൻസിൽ അവിടേക്കാണാനാവുന്ന കാഴ്ചകളെക്കുറിച്ചു ഒരു വിശദീകരണം തന്നു ഡ്രൈവർ ഞങ്ങളെ ഇറക്കിവിട്ടു. അവിടെയാണ് എൻട്രി ഫീസ് അടയ്ക്കേണ്ടത്. എൻട്രി ഫീസ് വളരെ തുച്ഛമാണ്. കവാടത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് പോകണം കരിങ്കല്ലിൽ പണിത അത്ഭുതലോകത്തിലേയ്ക്കെത്താൻ. അവിടെനിന്നും പ്രധാനപ്പെട്ട സ്ഥലമായ വിത്താല ക്ഷേത്രത്തിലേക്ക് ബഗ്ഗി സൗകര്യമുണ്ട്. ഒരാൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കൂടി ഇരുപതു രൂപയാണ് ഫീസ്. ഞങ്ങൾ ബഗ്ഗി ഒഴിവാക്കി നടക്കാൻ തീരുമാനിച്ചു.
എങ്ങോട്ടുനോക്കിയാലും കല്ലുകൾ മാത്രം. എളുപ്പത്തിൽ ലഭ്യമാകുന്ന അസംസ്‌കൃത വസ്തു കൊണ്ട് നിർമ്മിതികൾ ഉണ്ടാക്കുകയാണല്ലോ ലാഭകരവും എളുപ്പവും. ഒരുപക്ഷേ അതാകാം വിജയനഗരസാമ്രാജ്യത്തിന്റെ ശിൽപികൾ കരിങ്കല്ല് തെരഞ്ഞെടുത്തത്. അതിനാലാണ് കല്ലിന്മേൽ കല്ലു ശേഷിക്കാത്തവിധം തകർത്തുകളഞ്ഞിട്ടും ഇന്നും ചരിത്രത്തിന്റെ അവശേഷിപ്പുകൾ
ഇത്രയെങ്കിലുമൊക്കെ ബാക്കി നിക്കുന്നതും.
ഹംബിയിൽ സന്ദർശകർ കരിഞ്ഞുപോകുന്ന വെയിലും ചൂടുമാണെന്നാണ് പറഞ്ഞുകേട്ട അറിവ്. അതുപ്രതീക്ഷിച്ചാണ് പോയതെങ്കിലും നല്ല സുഖദമായ കാലാവസ്‌ഥയായിരുന്നു മഴമേഘങ്ങൾ ഉള്ളതുകൊണ്ട് ഒട്ടും ചൂടില്ല. കൂട്ടിന് തണുത്ത കാറ്റും വീശുന്നുണ്ട്. ഞങ്ങൾ നടപ്പ് തുടങ്ങി. ഏകദേശം ഇരുനൂറുമീറ്റർ പിന്നിട്ടപ്പോൾ നിരവധി തൂണുകളുള്ള ആദ്യത്തെ കൽ മണ്ഡപം കണ്ടു. ഒരു പ്രായമായ സ്ത്രീ അതിനുചുറ്റുമുള്ള പുല്ല് ചെത്തി വൃത്തിയാക്കുന്നു. ആ ചെറിയ മണ്ഡപത്തിനു പോലും എത്ര മനോഹാരിതയാണ്. തൂണുകളിൽ നിറയെ ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നു.
നടപ്പുവഴിയുടെ ഇരുവശങ്ങളിലും ഇതേപോലെ വ്യത്യസ്ത ആകൃതിയിലും രൂപത്തിലുമുള്ള കൽ മണ്ഡപങ്ങൾ കാണാം. കുറ്റിക്കാടുകൾക്കുള്ളിലും പാറക്കെട്ടുകൾക്കിടയിലും നിറയെ സ്തൂപങ്ങളും മണ്ഡപങ്ങളും അന്നത്തെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നുണ്ട്. എത്രകണ്ടാലും തീരാത്ത കാഴ്ചകളാണ് നിറയെ. ഇടയ്ക്കിടെ കുളങ്ങളും ചില മണ്ഡപങ്ങളോടുചേർന്നു കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇവയെ പൊതുവെ പുഷ്കർണ്ണികൾ എന്നു വിളിക്കുന്നു.
കല്ലുകൾ കഥപറയുന്ന ഹമ്പി മുഴുവൻ കണ്ടുതീർക്കാൻ മൂന്നോ നാലോ ദിവസങ്ങൾതന്നെ വേണ്ടിവരും. അതിനാൽ പ്രധാനപ്പെട്ട ഇടങ്ങൾ മാത്രമാണ് സന്ദർശനത്തിൽ യാത്രികർ ഉൾപ്പെടുത്തുന്നത്. ഭാഗികമായി നിലനിൽക്കുന്നതിൽ കൂടുതലും ക്ഷേതസമുച്ചയങ്ങളാണ്. ഇവിടേക്ക് കടക്കുന്നത് വിത്തല ക്ഷേത്രത്തിന്റെ കവാടത്തിലൂടെയാണ്. ശില്പചാതുരി നിറഞ്ഞ അതിമനോഹരമായ വലിയൊരു ഗോപുരമാണത്. ഇത് ചെയ്തുതീർക്കാൻ എത്രവർഷങ്ങളുടെ അദ്ധ്വാനവും സമയവും വേണ്ടിവന്നിരിക്കാം. തകർക്കാനും നന്നേ കഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ശിഷ്ടങ്ങളിൽ നിന്നും മനസ്സിലാകും. കവാടം കടന്നാൽ ചുറ്റുപാടും കല്ലിൽ വിരിഞ്ഞ കവിതകളുടെ ഒരു മേളനം തന്നെയാണ്. കരിങ്കല്ല് പാകിയ നടവഴികൾ. കൽത്തൂണുകളിൽ ഉയർന്നുനിൽക്കുന്ന പവലിയനുകൾ ഹാളുകൾ. ഇതിൽ ഒരെണ്ണത്തിന്റെ പിന്നിൽ ഭൂമിക്കടിയിലേയ്ക്കൊരു നിർമ്മിതിയുണ്ട്. കൂറ്റാക്കൂറ്റിരുട്ടും തണുപ്പും നരിച്ചീറുകളുടെ വിസർജ്യത്തിന്റെ ദുർഗന്ധവുമാണ് ഇവിടെ. ഇതിലൂടെ മൊബൈൽ ഫോണിലെ ടോർച്ചു തെളിച്ചു സഞ്ചാരികൾ കയറുന്നതുകണ്ടു പിന്നാലെ പോയെങ്കിലും അസഹ്യമായ ഗന്ധം കാരണം തിരിച്ചുപോന്നു.
ആനകൾ വലിക്കുന്ന മാതൃകയിൽ അതിഗംഭീരമായ കല്ലുരഥം കണ്ടപ്പോൾ അത് കൊത്തിയുണ്ടാക്കിയ ശില്പിയെ മനസ്സുകൊണ്ട് നമിച്ചു. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനു സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് കല്ലുരഥം.
ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച രഥത്തിൽ പുരാണ യുദ്ധ രംഗങ്ങൾ ചിത്രീകരിക്കുന്ന കൊത്തുപണികളുണ്ട്. രണ്ട് ഭീമൻ ചക്രങ്ങളിൽ നിൽക്കുന്ന രഥം രണ്ട് ആനകൾ വലിക്കുന്നതുപോലെയാണ് നിർമ്മിതി.. പൂർണ്ണതയിലേക്ക് കൂട്ടിച്ചേർത്ത ഒന്നിലധികം ചെറിയ കല്ലുകൾ കൊണ്ടാണ് കല്ല് രഥം നിർമ്മിച്ചിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിൻ്റെ അവസാനത്തിനു കാരണമായ തളിക്കോട്ട യുദ്ധത്തിൽ സൈന്യം നടത്തിയ ആക്രമണത്തിൽ കല്ല് രഥം ഭാഗികമായി തകർന്നു .
പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായ രാജാവിൻ്റെ ഉത്തരവനുസരിച്ചാണ് കല്ല് രഥം നിർമ്മിച്ചത്. കലിംഗയുമായുള്ള യുദ്ധത്തിൽ ചക്രവർത്തി കൊണാർക്കിലെ സൂര്യക്ഷേത്രത്തിലെത്തുകയും അവിടുത്തെ രഥം അദ്ദേഹത്തിൽ മതിപ്പുളവാക്കുകയും ഹംപിയിൽ സമാനമായ ഒന്ന് പുനഃസൃഷ്ടിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടെയും രഥം നിർമ്മിക്കപ്പെട്ടത്. ഇതുപോലെ ഇവിടെയുള്ള ഓരോ ക്ഷേത്രങ്ങളും ശില്പകലയാൽ അതിസമ്പന്നം. ഓരോ കല്ലുകളും ഒന്നിന്മേൽ ഒന്നായി അടുക്കി വെച്ചിരിക്കുന്ന രീതിയിലാണ് നിർമ്മിതി. ഓരോ ശിലയിലും വ്യത്യസ്തമായ കൊത്തുപണികൾ. എത്ര സൂക്ഷ്മതയോടെയാവണം ഓരോന്നും സൃഷ്ടിച്ചിരിക്കുക.
വിത്താല ക്ഷത്രം നിർമ്മിതികളുടെ ഒരു സമുച്ചയമാണ്. നിരവധി മണ്ഡപങ്ങളും കല്ലുരഥവും ഹാളുകളും പവലിയനുകളുമുണ്ട്. ഇവിടെ കല്ലല്ലാതെ ആകെയുള്ളത് ഏകദേശം നൂറ്റമ്പത് വർഷം പ്രായമുള്ള ചമ്പകം പോലുള്ള ഒരു വൃക്ഷമാണ്. ഇത് രഥത്തിന്റെ ഒരു കോണിലുള്ള പവലിയനു സമീപം നിലകൊള്ളുന്നു.
വെയിലിന് അല്പം ചൂടുകൂടി. അവിടെനിന്നും ബഗ്ഗിയിലാണ് തിരിയെപ്പോന്നത്.
പിന്നീട് ഞങ്ങൾ പോയത് വിജയനഗരസാമ്രാജ്യത്തിന്റെ തന്ത്രപ്രധാനമായ തലസ്ഥാനനഗരി സ്ഥിതിചെയ്തിടത്തേയ്ക്കാണ്. അവിടെയും നിരവധി പുഷ്കർണ്ണികളും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും സ്തൂപങ്ങളും കൊട്ടാരങ്ങളുടെയും കുതിരമാളികകൾ ആനക്കൊട്ടിലുകൾ തുടങ്ങിയവയുടെയും ശേഷിപ്പുകൾ നോക്കത്താദൂരം പരന്നു കിടക്കുന്നു. അതിമനോഹരമായി കെട്ടിയിറക്കിയ പടികളോടുകൂടിയ ഒരു കുളവും മറ്റു നിരവധി കുളങ്ങളും അവിടെയുണ്ട്. ജലസേചന സൗകര്യത്തിനായുള്ള കൽപ്പാത്തികൾ തൂണുകളിൽ ഉയർത്തിനിർത്തിയ നിലയിൽ അവിടെക്കാണാം.
ഇവിടെയ്ക്ക് വരുന്ന വഴിയിൽ വിശാലമായ മൈതാനത്തിനു നടുവിൽ നിരവധി തൂണുകളോടുകൂടിയ മേൽക്കൂരയില്ലാത്ത രാജ്ഞിയുടെ സ്നാനപ്പുരയുണ്ട്. ക്യൂൻസ് ബാത് എന്നാണ് ഇതിന് പറയുക. ഇതിന്റെ മേൽക്കൂര ചന്ദനത്തടികൾ കൊണ്ടുണ്ടാക്കിയതായിരുന്നെന്നും അത് തീയിട്ടു നശിപ്പിക്കുകയായിരുന്നെന്നും ചരിത്രം പറയുന്നു. ഇതിനു നടുവിൽ കുളവും കുളത്തിനു ചുറ്റും കരിങ്കൽ തൂണുകളും അതിലേയ്ക്കിറങ്ങാൻ പടികളുമുണ്ട്. ഈ കുളത്തിൽ ജലം ശേഖരിക്കാനും അഴുക്കുജലം പുറത്തേയ്ക്ക് ഒഴുക്കിക്കളയാനുള്ള സംവിധാനവും കല്ലുകളിൽത്തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിന് ചുറ്റുമായുള്ള ചെറിയ കനാലിൽക്കൂടിയാണ് ജലശേഖരണവും ഒഴുക്കലും നടത്തുക.
എല്ലാം എത്ര കൃത്യതയോടെയും കലാപരമായുമാണ് ഒരുക്കിയിരുന്നത്.
ഇവിടെ നവരാത്രി മണ്ഡപത്തിനു സമീപത്തു ഒരിടത്ത് ഭൂഗർഭ അറയുണ്ട്. അതിലേയ്ക്കിറങ്ങാൻ വഴിതേടുന്നവർക്ക് പെട്ടന്നത് കാണാൻ സാധിക്കില്ല. ഉപരിതലത്തിൽ നിന്നും അല്പം മാറി ഒരു കവാടവും താഴേയ്ക്കിറങ്ങാൻ പടികളുമുണ്ട്. അതിൽക്കൂടി ഇറങ്ങിയാൽ ചുറ്റിവളഞ്ഞൊരു ടണലിലൂടെ ഈ ഭൂഗർഭ അറയിലേയ്ക്കെത്താം. ഇതാണ് രാജാവും മന്ത്രിമാരും കൂടി അതീവരഹസ്യമായി ചർച്ചകൾ നടത്തിയിരുന്ന തന്ത്രപ്രധാനമായ അറ. ഇതിനുള്ളിലിരുന്നു ചർച്ചചെയ്യുന്ന കാര്യങ്ങൾ ആരും അറിയുകയില്ല എന്നുമാത്രമല്ല ഇങ്ങനെയൊരു ചർച്ച അവിടെ നടക്കുന്നുണ്ടെന്നോ പോലും ആരും അറിയില്ല.
നവരാത്രിമണ്ഡപത്തിന്റെ തറ ഇന്നും വലിയ പരിക്കൊന്നുമേൽക്കാതെ നിലനിൽക്കുന്നു. രാജാവും കുടുംബാംഗങ്ങളും ഇവിടെയാണ് നവരാത്രിപൂജ ചെയ്തിരുന്നത്. ഇവിടെ ഏറെ ആകർഷകമായത് കല്ലിൽ കൊത്തിയെടുത്ത ശില്പചാതുരിയും ജലസേചന സൗകര്യത്തിനായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളുമാണ്. കരിങ്കല്ലിൽ തീർത്ത വലിയ പാത്തികൾ കരിങ്കൽത്തൂണുകളിൽ ഉയർത്തി നിർത്തിയിരിക്കുന്നതിലൂടെയാണ് തുംഗഭദ്രാ നദിയിൽ നിന്നും കൊട്ടാരങ്ങളിലേയ്ക്ക് ആവശ്യമായ ജലം കൊണ്ടുവന്നിരുന്നത്. അത് കുളങ്ങളിലും ടാങ്കുകളിലും ശേഖരിക്കുന്നു.
കല്ലിൽ തീർത്ത ഒരു കൂറ്റൻ വാതിൽപ്പാളി ഇവിടെയുണ്ട്. നവരാത്രി മണ്ഡപത്തിന്റെ പ്രധാന വാതിലാണത്. അതിഗംഭീരമായ ഒരു മ്യുസിയവുംസമീപത്തുണ്ട്. ആർക്കിയോളജി വകുപ്പ് ഖനനം ചെയ്തപ്പോൾ കിട്ടിയ അന്നത്തെ ശില്പങ്ങളും ശിലാഫലകങ്ങളുമാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. ഒരിടത്തു നീളത്തിൽ ദ്വാരങ്ങളിട്ട കൂറ്റൻ ഒരു കരിങ്കല്ല് കാണാം. കല്ല് ഖണ്ഡങ്ങളായി മുറിക്കാനിട്ട ദ്വാരമാണ് അത്. എത്ര വിദഗ്ധമായായിരുന്നു അവർ ശിലകളെ മുറിച്ചിരുന്നതെന്ന് ഇതിൽനിന്നും മനസ്സിലാകും.
നടന്നുനടന്നു മടുത്തു. വിശക്കാനും തുടങ്ങി. അതിനാൽ അടുത്ത സ്ഥലത്തേക്ക് പോകും മുന്നേ ഭക്ഷണം കഴിക്കാനായി ഡ്രൈവർ ഒരു റെസ്റ്റോറന്റിന് മുന്നിൽ ഇറക്കിവിട്ടു.
തുടരും..