ഇന്നലെ വൈകിയാണ് എല്ലാവരും കിടന്നത്. പിറ്റേന്ന് ഒഴിവു ദിവസമായതുകൊണ്ട് തന്നെ നേരത്തെ എണീക്കുകയും വേണ്ട.
നാലഞ്ച് ദിവസമായി എല്ലാവരും ഒരുമിച്ചാണ് കിടപ്പ്. ഹാളിൽ, നിലത്ത് രണ്ട് കിടക്കകൾ അടുത്തായി നിവർത്തിയിട്ട് ജോസ്മിയും, സാന്ദ്രയും , ജൂലിയും, ജാൻസിയും, എലിസബേത്തും ഒരുമിച്ച് കിടക്കും. രാത്രി വളരെ വൈകിയും അവരുടെ അഞ്ചു പേരുടെയും പതിഞ്ഞ സംസാരങ്ങളും അടക്കിപ്പിടിച്ച ചിരികളും സോഫിയ കേൾക്കും.
” അഞ്ചെണ്ണത്തിനെയും പിടിച്ച് വെളിയിലാക്കി ഞാൻ കതകടക്കും..”
ഉറങ്ങാൻ വൈകുന്ന ദിവസങ്ങളിൽ സോഫിയ ദ്വേഷ്യപ്പെടുമ്പോൾ സോളമൻ ചിരിക്കും.
” ഇപ്പോഴല്ലെ അവർക്ക് ഇതൊക്കെ പറ്റൂ..സോഫീ.”
” അങ്ങനെ പറഞ്ഞ് കൊടുക്ക് പപ്പാ..”
ശരിയാണ്. കുറച്ച് കഴിഞ്ഞാൽ കാലം അഞ്ചുപേരെയും അഞ്ച് വഴികളിലാക്കും. ഒരുമിച്ചിരുന്ന്, കൂട്ടുകൂടി, ഒരുമിച്ചുറങ്ങി, തമാശകൾ പറഞ്ഞ് ചിരിക്കാനുള്ള വാതിലുകളടയും. പകരം ഒറ്റപ്പെടലും, സങ്കടങ്ങളും, കണ്ണീരും നിറഞ്ഞ ഒരു തുരുത്തിലേക്ക് ഓരോരുത്തരും അഭയം തേടും.
പപ്പ പറഞ്ഞത് ശരിയാണെന്ന് ജോസ്മി ഓർത്തു. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ് ഇങ്ങിനി തിരിച്ചു കിട്ടാത്ത വണ്ണം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
രാജീവിന്റെ ഫോൺ റിങ്ങ് കേട്ടാണ് സാന്ദ്ര അന്ന് രാവിലെ ഉണർന്നത്. രാവിലെയുള്ള ഫോൺ വിളി തീരെ പതിവില്ലാത്തത്. തന്നെയുമല്ല, അത്യാവശ്യമെങ്കിൽ വിളിക്കുന്നതെല്ലാം സാന്ദ്ര അങ്ങോട്ടായിരുന്നു.
” നീ പത്രം കണ്ടോ ?”
അവന്റെ ശബ്ദത്തിൽ ഒരു ഭയം കലർന്നതു പോലെ സാന്ദ്രക്ക് തോന്നി. അവൾ ക്ഷീണം മാറാതെ കോട്ടുവായിട്ടു.
” ഇല്ല -”
അവൾ ശബ്ദം താഴ്ത്തി.
” മനാഫ് ഒരപകടത്തിൽ കൊല്ലപ്പെട്ടു..”
അവൾ എഴുന്നേറ്റിരുന്നു.
കണ്ണുകളിലെ ഉറക്കമെല്ലാം എങ്ങോ ഓടിയൊളിച്ചു.
അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി വെച്ച് അവൾ എല്ലാവരെയും നോക്കി. നാല് പേരും സുഖമായി കിടന്നുറങ്ങുകയാണ്. ആരെയും ഉണർത്താൻ നിന്നില്ല. ഉലഞ്ഞ വസ്ത്രങ്ങൾ നേരെയാക്കി പെട്ടെന്ന് തന്നെ സിറ്റൗട്ടിലേക്ക് ചെന്നു.
സോളമൻ ഒരു സിഗരറ്റിന്റെ പുകവലയിൽ കോടമഞ്ഞ് വീണ് കിടക്കുന്ന വയലിലേക്ക് നോക്കി നില്ക്കുകയാണ്. സൂര്യൻ മഞ്ഞിൻ മറക്കപ്പുറത്ത് തന്നെ.
ടീപോയിൽ നിന്നും പത്രമെടുത്ത് അവൾ പരിഭ്രമത്തോടെ നിവർത്തി. അവളുടെ ഹൃദയമിടിപ്പ് അവൾക്ക് തന്നെ കേൾക്കാൻ പറ്റാവുന്നത്ര നിശ്ശബ്ദതയിൽ നിന്നു കൊണ്ട് അവൾ ആദ്യ പേജിൽ കണ്ണോടിച്ചു.
” ഇതെന്താ പതിവില്ലാത്ത ഒരു പത്രവായന ?”
അയാൾ തിരിഞ്ഞ് നോക്കാതെ ചിരിച്ചു.
” ഏയ്..വെറുതെ -”
അക്ഷമ പുറത്തു കാട്ടാതെ അവൾ തോൾ വെട്ടിച്ച് പറഞ്ഞു.
ആദ്യ പേജിന്റെ രണ്ടാം പകുതിയിൽ മനാഫിന്റെ ചിരിക്കുന്ന ഫോട്ടോ അവൾ ഹൃദയമിടിപ്പോടെ കണ്ടു. അതിന് താഴെയായി വിശദമായ വാർത്തയുമുണ്ട്.
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം.
പ്രശസ്ത ഫാഷൻ ഡിസൈനർ അബ്ദുൾ മനാഫ് സഞ്ചരിച്ചിരുന്ന ജീപ്പ് പരുന്തുംപാറയിലെ ഒമ്പതാം നമ്പർ ചുരത്തിലെ ഇരുന്നൂറ്റി മുപ്പതോളം അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അദ്ദേഹവും കൂടെയുണ്ടായിരുന്ന മൂന്ന് പേരുമടക്കം നാലു പേർ അതിദാരുണമായി കൊല്ലപ്പെട്ടു. CFDA ഈ വർഷത്തെ ഐക്കോണിക്ക് ഡിസൈനറായി കഴിഞ്ഞ മാസം തിരഞ്ഞെടുത്ത ആദ്യത്തെ മലയാളിയായിരുന്നു അദ്ദേഹം. നൂറ്റമ്പതടിയിലധികം താഴെ ഒരു വൃക്ഷക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒരു ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടാണ് ജീപ്പ് മറിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തിൽപ്പെട്ട ട്രക്കിനെക്കുറിച്ച് വിവരമൊന്നുമില്ല.
സാന്ദ്ര ശ്വാസം പിടിച്ചാണ് ഇത്രയും ഒറ്റയടിക്ക് വായിച്ച് തീർത്തത്. സോളമന്റെ ശ്രദ്ധയിൽ പെടാതെ അവൾ പത്രമെടുത്ത് തിടുക്കത്തിൽ അകത്തേക്ക് നടന്നു.
സോഫിയ അടുക്കളയിലാണ്.
അവൾ എല്ലാവരെയും വിളിച്ചെഴുന്നേല്പിച്ച് തട്ടിൻ മുകളിലെ ജൂലിയുടെ മുറിയിലേക്ക് പോയി. വാർത്ത വായിച്ച് കഴിഞ്ഞ് എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു.
ആരും ഒന്നും മിണ്ടിയില്ല.
” ആരായിരുന്നു ഫോൺ വിളിച്ചത് ?”
എലിസബേത്ത് അവരുടെയിടയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.
” രാജീവ്..”
സാന്ദ്ര രണ്ട് കൈകളും കിടക്കയിൽ കുത്തി തല കുനിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് സിറ്റിയിൽ വെച്ച് അവനെ കണ്ടതോർത്തു. ഫാം ഹൗസിലേക്ക് പോകാനുള്ള അവന്റെ നിർബ്ബന്ധം കൂടി വന്നപ്പോൾ വായിൽ വന്ന ഒരു നുണ അവളപ്പോൾ പറഞ്ഞതും ഓർത്തു. പക്ഷെ, അവനത് വിശ്വസിച്ചില്ല.
” ചെക്ക് ചെയ്ത് നോക്കണോ ?”
അവൾ അമർത്തിപ്പിടിച്ച് ചിരിച്ചു.
” എങ്ങനെ ?”
” തൊട്ടു നോക്ക്..പാഡല്ല, തുണിയാണ്..”
അവൾ അല്പം കൂടി അവനടുത്തേക്ക് നീങ്ങിയിരുന്നു. മനക്കണക്കിൽ കൈയെത്തുന്നതിനപ്പുറത്തെ അകലം അവൾ ഉറപ്പ് വരുത്തിയിരുന്നു. അവൻ ചുറ്റും നോക്കി. കോഫി ക്ലബ്ബിലെ തൊട്ടപ്പുറത്തെ സീറ്റുകളിലൊക്കെ ആളുകളിരിപ്പുണ്ട്. അവനൊന്നും മിണ്ടാതെയിരുന്നു. വിശ്വസിച്ചെന്ന് തോന്നി.
” ഈ ചോരയൊന്ന് നില്ക്കെട്ടെ, ഞാൻ വരും. നീ വിളിക്കുന്നിടത്ത് -”
പിരിയാൻ നേരം, ആളൊഴിഞ്ഞ സ്ഥലത്ത് അവൾ അവന്റെ കൈകളിലമർത്തിപ്പിടിച്ച് കണ്ണുകളിലേക്ക് അഗ്നി പടർത്തി.
” എന്റെയീ..മുപ്പത്തിയെട്ട് സൈസ് നിനക്കുള്ളതാണ്. നിനക്ക് മാത്രം -”
അവന്റെ കൊതിക്കണ്ണുകൾ ഇറുകിയ ടോപ്പിന് മുകളിൽ അപ്പോൾ കഴുകൻ കണ്ണുകളായി പരതിയപ്പോൾ അവൾ മനസ്സിൽ ചിരിച്ചു.
താഴെ, അടുക്കളയിൽ നിന്നും സോഫിയുടെ ശബ്ദം കേട്ടു. ബ്രേക് ഫാസ്റ്റ് കഴിക്കാനാണ്.
സാന്ദ്ര എഴുന്നേറ്റു.
” ഈ വാർത്ത വായിക്കാൻ പാത്തുവില്ലാതെ പോയി..”
ജനൽക്കമ്പികളിൽ പിടിച്ച് ജോസ്മി പുറത്തേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു. കോടമഞ്ഞിനപ്പുറത്ത് സൂര്യന്റെ മഞ്ഞ വെയിൽ തെളിഞ്ഞു.
ജാസ്മിൻ നാലുപേരെയും മാറി മാറി നോക്കി. അവൾക്കൊന്നും മനസ്സിലായില്ല. കടന്നു വന്ന ഒരു വഴികളിലും അവൾ ഉണ്ടായിരുന്നില്ലല്ലൊ.! അതുകൊണ്ട് തന്നെ അവരുടെ അടക്കിപ്പിടിച്ച സംസാരങ്ങളെല്ലാം കേട്ട് അവൾ നിഷ്ക്കളങ്കയായ, ഒന്നും മനസ്സിലാവാത്ത ഒരു കുട്ടിയെപ്പോലെയിരുന്നു.
” ആരാ കുഞ്ഞേച്ചീ, ഇത് ?”
അവൾ മനാഫിന്റെ ഫോട്ടോ ചൂണ്ടിക്കാണിച്ച് ജൂലിയോട് ചോദിച്ചു.
” ഇതോ..ഒരു മുടിനാര് കൊണ്ട് ഒരു മലയെ കെട്ടിവലിക്കാൻ നോക്കി പരാജയപ്പെട്ടവൻ..”
ഇപ്പോഴും അവൾക്കൊന്നും മനസ്സിലായില്ല.
” എന്ന് വെച്ചാൽ ?”
” ചില കാർണിവോറൽ എനിമൽസ് നാട്ടിലേക്ക് വന്നാൽ നമ്മളെന്ത് ചെയ്യും ? രണ്ട് വഴികളേയുള്ളു. ഒന്ന്, വെടിവെച്ച് കൊല്ലും. രണ്ട്, കൊടും കാട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കും. രണ്ടായാലും ഫലത്തിൽ നമുക്ക് മനസ്സമാധാനം കിട്ടണം..”
സാന്ദ്രയാണ് മറുപടി പറഞ്ഞത്.
ജാസ്മിന് ഇതും മനസ്സിലാകാൻ വഴിയില്ലെന്ന് സാന്ദ്രക്കറിയാം. അവൾ ജാസ്മിന്റെ തോളിൽ കൈ ചുറ്റി ഗോവണിപ്പടികളിറങ്ങി.
ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പതിവിന് വിപരീതമായി എല്ലാവരും നിശ്ശബ്ദരായിരുന്നപ്പോൾ സോഫിയ എല്ലാവരേയും മാറി മാറി നോക്കി. സോളമനും നിശ്ശബ്ദനായിരുന്നു.
” എന്ത് പറ്റീ..എല്ലാർക്കും ?”
” നന്നായിട്ടുണ്ട്, ഇന്നത്തെ മസാലക്കറി..”
സോളമൻ അന്തരീക്ഷത്തിന് ഒരു ലാഘവം വരുത്തി ചിരിച്ചു.
” അതല്ല ഞാൻ ചോദിച്ചത് ?”
” പിന്നെ ?”
” വെളുപ്പിനേ..ഞാൻ ശ്രദ്ധിക്കുന്നതാ, അഞ്ചെണ്ണവും അടച്ചിരുന്ന് പിറുപിറുക്കുന്നത്..”
സോഫിയ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ച് സോളമൻ എഴുന്നേറ്റു. പിന്നെ പതുക്കെ ഓരോരുത്തരായി എഴുന്നേറ്റ് പോയി കൈകൾ കഴുകി.
എല്ലാവരും ഭക്ഷണം കഴിച്ച് പോയെന്നുറപ്പു വരുത്തി, ജാസ്മിൻ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരുന്ന സോഫിയുടെ അടുത്ത് ചെന്നു.
” പത്രത്തിൽ ഒരു ഫോട്ടോയുണ്ട് മമ്മാ.. ആരോ കൊക്കയിൽ വീണ് മരിച്ചത്. ”
ഒരു സ്വകാര്യം പോലെ അവൾ പറഞ്ഞു.
” അതിന് ?”
” അതിന് ശേഷമാണ് മമ്മാ..”
മുഴുവനാക്കുന്നതിന് മുമ്പ് ചുരുട്ടിപ്പിടിച്ച അന്നത്തെ പത്രം സോഫിയയുടെ നേർക്ക് നീട്ടിയപ്പോൾ അവിശ്വസനീയമായ മുഖത്തോടെ അവൾ ജാസ്മിനെ നോക്കി.
നനഞ്ഞ കൈകൾ അവൾ സാരിത്തലപ്പിൽ തുടച്ചു.
വിളവെടുപ്പ് കഴിഞ്ഞ വിശാലമായ പാടത്തേക്ക് നോക്കി ഒറ്റക്ക് നില്ക്കുന്ന സോളമന്റെ അടുത്തായി എലിസബേത്ത് വന്ന് നിന്നപ്പോൾ അയാൾ നിശ്ശബ്ദമായി ചിരിച്ചു. അവളെ കണ്ട് അയാൾ വാത്സല്യത്തോടെ അവളുടെ തോളിൽ കൈ ചുറ്റി പിടിച്ചു.
രണ്ട് പേരും അല്പ സമയം നിശ്ശബ്ദരായി പാടത്തേക്ക് നോക്കി നിന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് ദൂരെ, കുട്ടികൾ കാൽപ്പന്ത് കളിക്കുന്നത് കാണാം.
” പപ്പ നല്ല പന്ത് കളിക്കാരനായിരുന്നു, അല്ലെ ?”
” ഏയ്..എപ്പോഴും കളിക്കളത്തിന് പുറത്തായിരുന്നു പപ്പാ..വെറുമൊരു കാഴ്ച്ചക്കാരനായി..”
അയാൾ ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു.
” പക്ഷെ, ഗോളടിച്ചത് പപ്പയാണല്ലൊ ?”
അവൾ മന:പ്പൂർവ്വം പപ്പയെ നോക്കിയില്ല. അയാളും.
” ചിലപ്പോൾ പന്ത് കളിക്കളത്തിന് പുറത്ത് വരും. അപ്പോൾ ഒരാഗ്രഹം തോന്നും ഒരു ഷൂട്ടൗട്ടിന് -”
അയാൾ അവളുടെ മുഖത്ത് നോക്കാതെ തന്നെ ചിരിച്ചു. അവളും.
” ദേ..പപ്പാ, വാസു..”
തൊട്ടടുത്ത കണ്ടത്തിൽ മേയുന്ന വാസുവിനെ കണ്ട് സന്തോഷത്തോടെ അവളുറക്കെ വിളിച്ചു. ശബ്ദം കേട്ട ഭാഗത്തേക്ക് വാസു തലയുയർത്തി നോക്കി. അവനവളെ മനസ്സിലായി. ചെവികളിളക്കി, തലയാട്ടി അവൻ മതിലിനടുത്തേക്ക് വന്നു.
” വാ..കയറ്.”
അവന്റെ മഷിക്കറുപ്പുള്ള കണ്ണുകൾ അവളെ
വിളിച്ചോ ?
” നീ വലുതായി. ഞാനിപ്പോൾ പഴയ കുട്ടിയുമല്ല, ഞാനും വലുതായി. ”
അവന് മനസ്സിലായോ എന്തോ ?
” അവൻ വലിയ ചെക്കനായി പപ്പാ..”
അവളുടെ സന്തോഷം സോളമന്റെ മുഖത്തേക്കും പടർന്നു. അവൾക്ക് സന്തോഷത്തിന് വലിയ കാരണങ്ങളൊന്നും വേണ്ട. ഒരു പൂവ് വിടർന്നാൽ, ഒരു മഴ പെയ്താൽ, ഒരു കുയിലിന്റെ പാട്ട് കേട്ടാൽ, ഒരു ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടാൽ.. ഇത്രയും മതി.
സോളമൻ വെറുതെ ചിരിച്ചു.
ഇപ്പോൾ വരാമെന്ന് പറഞ്ഞ്, അവളെ അവിടെ തന്നെ നിർത്തി അയാൾ വീടിനകത്ത് പോയി ഒരു പൊതിയുമായി തിരിച്ചു വന്നു. അതയാൾ അവളുടെ കൈയിൽ വെച്ച് കൊടുത്തു.
” ഇതെന്താ പപ്പാ ?”
” നോക്ക് -”
തുറന്ന് നോക്കിയപ്പോൾ പുതിയൊരു ഫോൺ. അവളത് ഇഷ്ടത്തോടെ തിരിച്ചും മറിച്ചും നോക്കി.
” എനിക്കെന്തിനാണ് പപ്പാ ഫോൺ ?”
” പഴയ ഫോൺ അവന് തന്നെ തിരിച്ചു കൊടുക്കണം..എന്താ ആ കുട്ടിയുടെ പേര് ? ഓ.. ആഷിക്ക്..”
സോളമൻ അവളെ ഞെട്ടിച്ചു.
ഒരു കനലിൽ ചവിട്ടിയ പോലെ..
അയാൾ ഒരു സിഗരറ്റെടുത്ത് കത്തിച്ച് അല്പ സമയം ഒന്നും മിണ്ടാതെ അകലേക്ക് നോക്കി നിന്നു. അയാളുടെ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി നിന്നു.
” നല്ലൊരു കൂട്ട്. അതൊരു നിധിയാണ്. ആണിനായാലും പെണ്ണിനായാലും. ജാതിയോ മതമോ അതിലുണ്ടാവരുത്..”
അയാൾ അവളെ കുറെക്കൂടി ചേർത്ത് പിടിച്ച് നിറുകയിൽ തലോടി.
” അത് ജീവിതാവസാനം വരെയെങ്കിൽ..അങ്ങനെ. മനസ്സ് പറയട്ടെ. അതുവരെ ഒരു അൺകണ്ടീഷനൽ കൂട്ട്..”
അയാൾ ചിരിച്ചു.
പപ്പ എന്താണ് പറഞ്ഞ് വരുന്നത് ? അവൾ പിണങ്ങി.
” പോ..പപ്പാ.”
പോകാൻ നേരം എലിസബേത്ത് ആ ഫോൺ സോളമന് തിരിച്ചു കൊടുത്തു.
” എനിക്ക് ഫോൺ വേണ്ട പപ്പാ. ആവശ്യമുണ്ടായിരുന്നു. ഇനിയതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങളുടെ അടുത്തു നിന്നും മാറി നില്ക്കേണ്ട ഒരു സമയം വരുമ്പോൾ ഞാൻ ചോദിക്കും. ഇപ്പോൾ എനിക്കിത് അനാവശ്യമാണ്.”
സിറ്റൗട്ടിലേക്ക് കയറി അവൾ തിരിഞ്ഞ് നിന്നു.
” പഴയ ഫോൺ ഞാനവന് കൊടുക്കുന്നുണ്ട്. പിന്നെ കൂട്ട്.. ഇപ്പോഴത് കൂട്ട് മാത്രം -”
അവൾ നടന്ന് പോകുന്നതും നോക്കി അയാൾ നിന്നു. ഇവളെന്റെ മകൾ –
മുറിയിൽ കടന്ന് കതകടച്ച് അവൾ ആഷിക്കിന് ഫോൺ വിളിച്ചു.
” ഞാനറിഞ്ഞു.”
ഫോണെടുത്തപ്പോഴെക്കും അവൻ അത്ഭുതത്തോടെ പറഞ്ഞു. അവന്റെ വാക്കുകളിലെ സന്തോഷവും, ആശ്ചര്യവും അവളറിഞ്ഞു.
” ഇതെങ്ങനെ സംഭവിച്ചു ?”
” ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല, മോനേ..”
അവൾ ചിരിച്ചു.
അവൻ തമാശയോടെ ചോദിച്ചു:
” നീയായിരുന്നോ ആ ട്രക്ക് ?”
” പോടാ -”
” ഇനിയെന്റെ ആവശ്യം കഴിഞ്ഞില്ലേ?”
അവന്റെ ശബ്ദം ചെറുതായി.
” ഇല്ല – ”
” പിന്നെ ?”
” ഗോതമ്പ് വയലുകളും, പെരുമഴയുള്ള രാത്രികളും സ്വപ്നം കാണാൻ എനിക്ക് നീ വേണം. ഒരഞ്ച് പത്ത് വർഷങ്ങളൊക്കെ കഴിയുമ്പോൾ ഞാനെന്റെ മനസ്സിനോട് ചോദിക്കും..അന്ന് നീയെവിടെയായിരുന്നാലും നിന്നോട് ഞാൻ പറയും, എനിക്ക് മഹറ് തരാൻ -”
ഇനി രാത്രി വിളിക്കാമെന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തപ്പോൾ അവൻ ഓർമ്മിപ്പിച്ചു:
” എല്ലാം അറിയുന്നവൻ ഒരാളുണ്ട്, ആദീ. ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നമ്മൾ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം അറിയുന്ന ഒരാൾ..”
എലിസബേത്ത് മൂളി.
രാത്രിയിൽ, ജോസ്മി മുറിയിൽ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോൾ സോളമൻ അവളുടെ അടുത്ത് ചെന്ന് കട്ടിലിലിരുന്നു.
” ഒരിക്കൽ, പ്രവാചകനായ ഏശയ്യ ദൈവത്തിനെ കണ്ടപ്പോൾ ഭയന്ന് മാറി നിന്നു. കാരണം, അശുദ്ധമായ അധരങ്ങളുള്ളവനും, അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ് താനെന്ന് അയാൾക്കറിയാം..”
സോളമൻ ഒന്ന് നിർത്തി ജോസ്മിയുടെ മുഖത്തേക്ക് നോക്കി.
” അങ്ങനെയുള്ള ഏശയ്യയുടെ നാവിൽ തീക്കട്ടയുടെ അഗ്നിശുദ്ധി വരുത്താൻ അന്ന് ദൈവത്തിന് കഴിഞ്ഞു.”
പപ്പ പറഞ്ഞു വരുന്നത് എന്താണെന്ന് ജോസ്മിക്ക് മനസ്സിലായില്ല. അവൾ കേട്ടിരുന്നു.
അയാൾ ഒരു സിഗരെറ്റെടുത്ത് കത്തിച്ച് ജനലിനടുത്ത് പോയി നിന്നു. അവൾ ദ്വേഷ്യപ്പെട്ടു. കുറച്ച് ദിവസങ്ങളായി സിഗരറ്റ് വലി കൂടിയിട്ടുണ്ട്.
” ഇന്നിത് എത്രാമത്തെയാ ?”
” എട്ട്..ഇന്നത്തോടെ നിർത്തി – ”
അയാൾ ചിരിച്ചു.
” ഇതിപ്പോൾ ദൈവം പോലും പരാജയപ്പെട്ടാലോ, ജോസൂട്ടി.. തിരിച്ചു വിളിക്കുകയല്ലാതെ ദൈവത്തിന്റെ മുമ്പിൽ മറ്റെന്ത് വഴി ?”
എല്ലാം ദൈവത്തിന്റെ തിരുവെഴുത്തുകൾ.
ദൈവത്തിന്റെ വെളിപാടുകൾ.
ദൈവത്തിന്റെ നീതിബോധം.
ദൈവത്തിന്റെ ഇച്ഛ..
അത്ഭുതം തന്നെ –
സോളമൻ പുറത്തേക്കിറങ്ങി. പുറകിൽ അവളുടെ പതിഞ്ഞ ശബ്ദം കേട്ടു:
” പപ്പയായിരുന്നു ആ..ദൈവം, അല്ലെ ?”
മറുപടി പറയാതെ നടക്കുമ്പോൾ പപ്പയത് കേട്ടില്ലെന്ന് അവൾ വിചാരിച്ച് കാണണം.
കിടക്കാൻ നേരം സോഫിയ അന്നത്തെ പത്രമെടുത്ത് നിവർത്തി.
” ഇതെന്താ ?”
” നമ്മുടെ മനസ്സമാധാനം..”
അയാൾ ലൈറ്റ് കെടുത്തി.
കണ്ണടച്ച് ഉറങ്ങാൻ കിടന്നപ്പോൾ ആകാശച്ചെരുവുകളിൽ നിന്നും നക്ഷത്രങ്ങൾ അയാളുടെ മുറിയിലേക്ക് കടന്ന് വന്നു. കൂടെ നേർത്ത തണുത്ത കാറ്റും.
പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകാനായി ജോസ്മി മുറ്റത്തേക്കിറങ്ങി. സോഫിയും സോളമനും പുതിയൊരു പ്രഭാതം കാണുകയായിരുന്നു.
പും നാമ നരകാത്
ത്രായതേ: ഇതി പുത്ര:
പും എന്ന് പേരുള്ള നരകത്തിൽ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ..
” നരകത്തിൽ നിന്നും എന്നെ കൈപ്പിടിച്ചുയർത്താനായി നീയുണ്ടാകണം, എന്നും ഒരു പുത്രനായി..”
” ഉണ്ടാവും.. ഞാനുണ്ടാവും.”
തൊട്ടു പുറകിൽ വന്ന് നിന്ന ആദിയെ അയാൾ ആശ്ലേഷിച്ചു.
– ഇവളെന്റെ മകൻ.
◼️ അവസാനിച്ചു..