Thursday, December 26, 2024
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: സുകുമാർ അഴീക്കോട്‌ ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: സുകുമാർ അഴീക്കോട്‌ ✍അവതരണം: അജി സുരേന്ദ്രൻ

✍അവതരണം: അജി സുരേന്ദ്രൻ

വില്യം ബ്രയാൻ അഭിപ്രായപ്പെട്ടതു പോലെ നല്ല പ്രഭാഷണങ്ങൾ അധരത്തിൽ നിന്ന് ചെവിയിലേക്കല്ല ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കാണ് സഞ്ചരിക്കുന്നത്….

ചിന്തിക്കാൻ, ചിന്തിപ്പിക്കാൻ, തീരുമാനങ്ങളെടുപ്പിക്കാൻ, കർമനിരതരാക്കാൻ നല്ല പ്രഭാഷണം പ്രേരണയാകുന്നു. തൻ്റെ പ്രസംഗം കൊണ്ട് ഒരു ജനതയെ കൈയിലെടുക്കാൻ കഴിഞ്ഞ ,മലയാളത്തിൻ്റെ മനസാക്ഷിയായിരുന്ന ഡോ.സുകുമാർ അഴീക്കോട് .എഴുത്തുകാരനും,വിദ്യാഭ്യാസചിന്തകനും സാഹിത്യവിമർശകനും. വർത്തമാനകാല കേരളം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകൾ കൊണ്ട് പോരാടുന്ന സുകുമാർ അഴീക്കോട് ഓരോ കേരളീയന്റേയും അഭിമാനമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ

ബഷീർ ശൈലിയിൽ പറഞ്ഞാൽ പ്രസംഗകലയൽ ഒരു “സാഗരഗർജജനം”  തന്നെയായിരുന്നു അദ്ദേഹം.. ഇന്നും സംസ്കരിക നായകന്മാർ എന്ന് കേൾക്കുമ്പോൾ കേരളീയരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം അഴീക്കോടൻ്റേതാണ്. പ്രസംഗകലയുടെ കുലപതിയായിരുന്നു അദ്ദേഹം. തൻ്റെ രചനകളിലൂടെ മുഖം നോക്കാതെ പലതും പറയുവാനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരേയും ആകർഷിക്കുന്ന ഭാഷാവൈഭവം എടുത്തു പറയേണ്ടതാണ്.

അദ്ധ്യാപകനായ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി 1926മെയ് 12ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിലായിരുന്നു സുകുമാർ അഴീക്കോടിൻ്റെ ജനനം.: മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റും പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാല ബിരുദതലം വരെ അദ്ധ്യാപകനായി.ആയുർവേദം, ബിസിനസ്, അധ്യാപന പരിശീലനം, സാഹിത്യ പഠനം എന്നീ മേഖലകളിലെല്ലാം പഠനം നടത്തിയിരുന്നു.

കോഴിക്കോട് സെന്റ്‌ ജോസഫ്സ് ദേവഗിരി കോളേജിലും, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്‌നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസർ, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനൽ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല.
സാഹിത്യ, രാഷ്ട്രീയ വിമർശനം., പ്രഭാഷണം സംസ്കരിക ഇടപെടൽ തുടങ്ങി അഴീക്കോടിൻ്റെ സംഭാവനകൾ എത്രയോ.

ഇരുപതാമത്തെ വയസ്സിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു വഴിതിരിവുണ്ടായതെന്ന് സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഓർമ്മിക്കുന്നു. പ്രസംഗകലയുടെ തുടക്കം ഒരുപക്ഷേ അഴീക്കോടിന് ലഭിച്ചത് ആ കണ്ടു മുട്ടലിലൂടെ തന്നെയാകും…. പ്രസംഗകലയുടെ കുലപതിയായിരുന്നു.വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്.

സാഹിത്യത്തെക്കുറിച്ചും വിമർശനത്തെക്കുറിച്ച്, സാംസ്കാരിക മുന്നേറ്റങ്ങളെ കുറിച്ച് എന്നു വേണ്ട ലോകത്ത് നടക്കുന്ന ഏതു വിഷയവും സംസാരിക്കും. അതിൽ യുക്തിവാദമുണ്ട്, ധർമ്മമുണ്ട്, നീതിബോധവും ഗാന്ധിയൻ ദർശനങ്ങളും ഉണ്ട്.

പതിനെട്ടാം വയസിലാണ് അഴീക്കോടിൻ്റെ ആദ്യ ലേഖനം പുറത്തു വന്നത്. 1954ൽ ആദ്യ കൃതിയായ “ആശാൻ്റെ സീതാകാവ്യം ” പ്രസിദ്ധീകരിച്ചു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ച ‘തത്വമസി’ അദ്ദേഹത്തിൻ്റെ മറ്റൊരു രചനയാണ്. ഉപനിഷത്തിനെ കുറിച്ചുള്ള ഗവേഷണവും, പഠനവും നിറഞ്ഞ പുസ്തകമാണിത്. ‘ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ’അനന്ത വാഖ്യാന സാധ്യതകൾ ബാക്കി വച്ച പുസ്തകമാണ്. ഹക്കിൾബറി ഫെന്നിൻ്റെ വിക്രമങ്ങൾ ,ഒരു കൂട്ടം പഴയ കത്തുകൾ എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധ നേടിയ വിമർശനങ്ങളാണ്.

ആശാന്റെ സീതാകാവ്യം,
രമണനും മലയാളകവിതയും,
മഹാത്മാവിന്റെ മാർഗ്ഗം,
ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, ഗുരുവിന്റെ ദുഃഖം, അഴീക്കോടിന്റെ ഫലിതങ്ങൾ, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, നട്ടെല്ല് എന്ന ഗുണം,
അഴീക്കോടിന്റെ ആത്മകഥ എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളിൽ ചിലത്…

കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾക്ക് അഴീക്കോട് അർഹനായിട്ടുണ്ട്.
2007 ൽ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിക്കുകയുണ്ടായി.
സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്.

1993 മുതൽ 1996 വരെ നാഷണണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപനായും, സമസ്ത കേരള സാഹിത്യപരിഷത്ത് അധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്.

അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് അന്തരിച്ചു.സാഹിത്യ ലോകത്തിലെ ഒരിക്കലും മരിക്കാത്ത ഒരായിരം ഓർമ്മകളുണർത്തുന്ന മഹാപ്രതിഭയുടെ ഓർമ്മകൾക്കു മുന്നിൽ ആദരവോടെ…

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments