Logo Below Image
Saturday, March 15, 2025
Logo Below Image
Homeകേരളംഓമല്ലൂർ 2025:നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം

ഓമല്ലൂർ 2025:നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം

പത്തനംതിട്ട : ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവം. പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭത്തിന് മാര്‍ച്ച് പതിനഞ്ച് മുതല്‍ തുടക്കം .ഒരു മാസം നീണ്ടു നില്‍ക്കുന്ന കാര്‍ഷിക ഉത്സവം. ഇനിയുള്ള ഒരു മാസക്കാലം ഓമല്ലൂരിന്റെ വീഥികൾക്ക് ഉത്സവമേളം. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാര്‍ഷിക വയൽവാണിഭത്തിന് തിരി തെളിയുകയായി.

കാച്ചിലും ചേനയും മുതൽ അടച്ചട്ടിയും മത്തും ഉലക്കയും തുടങ്ങി തഴ പായ വരെ ലഭിക്കുന്ന വലിയൊരു കാര്‍ഷിക സംസ്കൃതിയാണ് മനസ്സില്‍ പഴയ ഓര്‍മ്മകള്‍ നിറയുന്നതാണ് ഓമല്ലൂർ വയൽ വാണിഭ വിശേഷങ്ങൾ. കുട്ടയും വട്ടിയും മുറവും കൂന്താലിയും തൂമ്പയും കോടാലിയും ഉൾപ്പടെ ഗൃഹോപകരണങ്ങളുടെ വലിയ ശേഖരവും. വിവിധ ജില്ലകളില്‍ നിന്നും കര്‍ഷകര്‍ എത്തി കാര്‍ഷിക നടീല്‍ വിളകള്‍ വാങ്ങുന്ന വലിയ ഒരു വിപണി കൂടിയാണ് ഓമല്ലൂര്‍ വയല്‍ വാണിഭം .

കറിച്ചട്ടിയും മൺകലവും കൂജയും അരകല്ലും നാഴിയും ചങ്ങഴിയും നെൽപറയും എല്ലാം ലഭിക്കും . പഴയ തലമുറയ്‌ക്കൊപ്പം ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവം. ഓമല്ലൂർ വയൽ വാണിഭത്തിന്‍റെ ചരിത്രം ചോദിച്ചാൽ പഴമക്കാരുടെ മനസ്സില്‍ ഉള്ള ചരിത്രം പറയും . കൊല്ലം ജില്ലയിലെ വെളിയനല്ലൂർ പഞ്ചായത്തിലെ തെക്കേ പാടത്തുനിന്നും വിരണ്ടോടി ഓമല്ലൂർ വയലിൽ എത്തി നിന്ന കാളക്കൂറ്റനെ ഒരു കർഷകൻ വയലിലെ പാലമരത്തിൽ പിടിച്ചുകെട്ടി. സംഭവമറിഞ്ഞ് കാളക്കൂറ്റനെ കാണാൻ ജനം വയലിലേക്ക്‌ ഒഴുകിയെത്തി. ഇതിന്‍റെ ഓർമയ്ക്കായി എല്ലാ വർഷവും വയലിൽ വാണിഭം ആരംഭിച്ചു എന്നതാണ് ചരിത്രം.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും കച്ചവടക്കാരും കാർഷിക വിത്തിനങ്ങൾ ഉൾപ്പടെ വാങ്ങാൻ ആളുകളും ഓമല്ലൂരിലേക്ക് എത്തുന്നു. ഓമല്ലൂർ വയൽ വാണിഭത്തിന്‍റെ സാധ്യത തിരിച്ചറിഞ്ഞ് തമിഴ്‌നാട്ടിൽ നിന്നും കച്ചവടക്കാർ എത്തുന്നുണ്ട്. കൃഷി കുറഞ്ഞുവരുന്നത് കാരണം വയൽ വാണിഭത്തിലെ കാർഷിക വിഭവങ്ങളുടെ പ്രദർശനത്തിലും വിൽപ്പനയിലും ഇടിവ് വന്നതായി ഇവിടെ പതിറ്റാണ്ടുകളായി കച്ചവടതിനെത്തുന്ന കച്ചവടക്കാർ പറയുന്നു.പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത കാർഷികോപകരണങ്ങളും ഗൃഹോപകണങ്ങളും എല്ലാം പരിചയപ്പെടുത്താനുള്ള വേദികൂടിയാണ് ഓമല്ലൂരിൽ നടക്കുന്ന പ്രദർശന വിപണന മേള.

എല്ലാ വര്‍ഷവും പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂരില്‍ നടക്കുന്ന വിപണന മേളയാണ് ഓമല്ലൂര്‍ വയല്‍ വാണിഭം. മധ്യതിരുവിതാംകൂറിലെ ആയിരത്തിലധികം കര്‍ഷകര്‍ ഒരുമിക്കുന്ന വയല്‍വാണിഭത്തിന് നൂറ് വര്‍ഷത്തെ പഴക്കമാണുള്ളത്. മീനമാസത്തിലാണ് മേള നടത്തി വരുന്നത്. 1980 കാലം വരെ ഒരു മാസക്കാലത്തെ ആഘോഷമായിരുന്നു ഓമല്ലൂര്‍ വയല്‍ വാണിഭം.

മീനം ഒന്ന് മുതല്‍ ഒരാഴ്‌ചത്തേയ്‌ക്ക് കന്നുകാലി വ്യപാരമാണ് നടക്കുക. ഇതിനായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകര്‍ കന്നുകാലികളുമായി എത്തുന്നു. പിന്നീടുള്ള ആഴ്‌ചകളില്‍ കാര്‍ഷിക വിഭവങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, വിത്തിനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍ മുതലായവയുടെ വിപണനം നടക്കുന്നു.

ഓമല്ലൂര്‍ ചന്തയിലാണ് വാണിഭം നടക്കുക. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്താണ് വാണിഭം നടത്തുന്നതിനായി നേതൃത്വം നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments