ക്ഷേത്ര കുളത്തിൻ്റെ ശോചനീയാവസ്ഥ
ഇന്നത്തെ ക്ഷേത്രതീർത്ഥങ്ങളിൽ ഉണ്ടായിട്ടുള്ള മലിനീകരണം മൂലം ക്ഷേത്ര കുളത്തിലെ സ്നാനം ആരോഗ്യത്തിനു തന്നെ ഭീഷിണിയല്ലേ എന്ന് ചിന്തിക്കുന്ന ആധുനികന്മാരുണ്ടാകാം. കാര്യം ശരിയാണ്. പക്ഷെ പ്രകൃതിയല്ല ക്ഷേത്രകുളത്തെ മലിനമാക്കിയതെന്നും തലമുറകളായി ബോധം തെളിയാത്ത മനുഷ്യർ തന്നെയാണെന്നും നാം ഓർക്കേണ്ടതാണ്. ക്ഷേത്രകുളം മനുഷ്യർക്ക് കുളിക്കാനുള്ള താണെന്നും അതിൻ്റെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടത് ഒരു സാമൂഹ്യ ധർമ്മമാണെന്നുമുള്ള ബോധം അല്പമെങ്കിലും തീണ്ടിയിട്ടില്ലാത്ത ജനതയാണല്ലോ നമ്മുടേത്. പൊതു മലമൂത്ര വിസർജ്ജന സ്ഥലങ്ങൾ, ബസ്സ്റ്റാൻ്റ്, റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങൾ, എന്നീ പൊതു സ്ഥലങ്ങൾപോലും വൃത്തികേടാക്കി വെയ്ക്കുവാനുള്ള സാമൂഹ്യവിരുദ്ധപ്രവണതന്നെയാണ് ഈ ദു:സ്ഥിതിയ്ക്ക് പ്രധാന കാരണം. ക്ഷേത്ര വിശ്വാസത്തിൻ്റേയും സാമൂഹിക ബോധത്തിൻ്റേയും പ്രസരണത്താൽ മാത്രമേ ക്ഷേത്രക്കുളങ്ങളും നന്നക്കിനിർത്തുവാൻ കഴിയുകയുള്ളൂ. ഇന്ന് പതഞ്ഞുപൊങ്ങുന്ന രാഷ്ട്രീയ സാമൂഹിക പ്രബുദ്ധതയെ ഇത്തരം നിർമ്മാണപരമായ ചാലുകളിലൂടെ ഒഴുക്കിവിടുവാനുള്ള ആസൂത്രിത പദ്ധതികൾ എവിടേയും ആവിഷ്ക്കരിക്കാവുന്നതേയുള്ളൂ.അത് ക്ഷേത്രക്കുളത്തിനു മാത്രമല്ല നാടിനു തന്നെയും ഒരു ഉപകാരമാകും. ഗ്രാമീണതലത്തിൽ ഇത്തരം പ്രവണതകളിലേയ്ക്ക് ശ്രദ്ധ തിരിയ്ക്കേണ്ടതായിട്ടുണ്ട്. ഇത് ക്ഷേത്രവിശ്വാസികളുടെ അടിയന്തിരികകടമയാണെന്ന്കൂടി ഉദ്ബോധിപ്പിയ്ക്കുവാൻ ഞാൻ ഈ അവസരം വിനിയോഗിച്ചുകൊള്ളട്ടെ.
ഭസ്മധാരണം
സ്നാനാന്തരമുള്ള ഭസ്മധാരണം ഒരാഗ്നേയസ്നാനം കൂടിയാണെന്ന് പറഞ്ഞേതീരു. കത്തിത്തീർന്നശേഷമുള്ള ചാമ്പലാണല്ലൊ ഭസ്മം -പഞ്ചഭൂതങ്ങളിൽനിന്നും സൃഷ്ടിച്ചെടുത്ത ഒരു വസ്തു. ആ സ്യഷ്ടിയ്ക്കു വിപരീതമായ സംഹാര പ്രക്രിയയിലൂടെ പ്രകൃതിയിൽത്തന്നെ വിലയം പ്രാപിക്കുന്ന ക്രിയയാണ് ആഗ്നേയ മായ ദഹനകർമ്മം. അതു കഴിഞ്ഞാൽ അവശേഷിക്കുന്ന ഭസ്മം, പ്രബഞ്ചത്തിൻ്റെ വിലയപ്രക്രിയയാകുന്ന പ്രളയം കഴിഞ്ഞാൽ അവശേഷിക്കുന്ന ശുദ്ധമായ ഈശ്വരചൈതന്യത്തിൻ്റെ പ്രതീകത്വം അത് വഹിക്കുന്നു. മനുഷ്യശരീരം ചുട്ടുകരിച്ച ഭസ്മം തന്നെയാണല്ലോ ശ്മശാനവാസിയായ ശിവൻ സ്വദേഹത്തിൽ വിലേപനം ചെയ്യുന്നത്. ശിവൻ്റെ സംഹാരകത്വത്തേയും അതിൻ്റെ പ്രതീകത്വം വഹിയ്ക്കുന്ന ഭൗതികതലത്തിൽനിന്ന് ആത്മീയ തലത്തിലേയ്ക്കുള്ള ഉയർച്ചയെന്നും മേൽപറഞ്ഞ ഭസ്മം പ്രതിനിധാനം ചെയുന്നു. എല്ലാ പ്രാപഞ്ചികവസ്തുക്കളും ബോധവും വിലയം പ്രാപിയ്ക്കുന്ന സഹസ്രാരപത്മം (ശിരസ്സിൻ്റെ മേൽത്തട്ടിലുള്ള യോഗചക്ര) തന്നെയാണ് ശ്മശാനം പ്രതിനിധാനം ചെയ്യുന്നത്. ആശ്മശാനത്തിലാണല്ലോ യോഗശാസ്ത്രപ്രകാരം പരശിവൻ അഥവാ പരമാത്മചൈതന്യം സ്ഥിതിചെയ്യുന്നത്. സർവ്വശക്തിയുടേയും ഐശ്വര്യത്തിൻ്റേയും ഇരിപ്പടമായ ശ്രീകരമായ ആ സ്ഥാനത്തെ പ്രതിനിദാനം ചെയ്യുന്നതുകൊണ്ട് വിഭൂതി എന്ന പേരും ഭസ്മത്തിനുണ്ടെന്ന് മനസ്സിലാക്കുക. ഈശ്വരാഭിമുഖമായി ഉയരുന്നത് ആദ്ധ്യാത്മിക പ്രക്രിയയുടെ മർമ്മമായ ആഗ്നേയതത്ത്വം എന്ന ഭസ്മം കൊണ്ട് അംഗവിലേപനം ചെയ്യുന്നത് വാസ്തവത്തിൽ ആഗ്നേയമായൊരു സ്നാനം തന്നെയാണ്. ശൈവമന്ത്രങ്ങൾകൊണ്ടുവേണം ഭസ്മധാരണം നടത്താൻ എന്ന വിധിയും അർത്ഥവത്താണ്. ഏതായാലും കുളിച്ച് ഭസ്മംധരിച്ച് ശുഭ്രവസ്ത്രമോ മുക്കിയെടുത്ത് ശുദ്ധമാക്കിയ വസ്ത്രമോ ധരിച്ചാണ് കേരളീയർ പണ്ടുമുതലേ ക്ഷേ ത്രത്തിൽ പോകാറുള്ളത്. ഉത്തമമായ ഒരു ആചാരവിശേഷമായി മാത്രമേ നമുക്കിതിനെ കണക്കാക്കാൻ പറ്റുകയുള്ളൂ.
(തുടരും)
നല്ല അറിവ്
നല്ല അറിവ് തന്നെ ഗുരുജി.. സ്നാനാന്തരമുള്ള ഭസ്മധാരണം ഒരാഗ്നേയ സ്നാനം തന്നെ. ആ ഭസ്മധാരണം മനുഷ്യൻ്റെ ഭൗതിക തലത്തിൽ നിന്നും ആത്മീയ തലത്തിലേക്കുള്ള ഉയർച്ചയാണ്. നന്ദി ഗുരുജി നമസ്ക്കാരം ‘
നല്ലറിവിന് നന്ദി
അഭിപ്രായം പറഞ്ഞ Saji, Mary Josey,ritha,Jisha,sithara,Aravind, Sarojini,sheefa ക്കും എൻ്റെ സ്നേഹം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു.