അവസാനത്തെ പിരീഡ് മൊരട്ട് തോമാസാറിന്റെ കണക്ക് പിരീഡ് ആയിരുന്നു. അങ്ങേര് ക്ലാസ്സിൽ കയറും മുൻപുതന്നെ എല്ലാരും ചോറ്റ് പാത്രം, കുട, വെള്ളക്കുപ്പി തുടങ്ങി സ്ഥാവരജംഗമ വസ്തുക്കൾ ഒക്കെ ബാഗിൽ വെച്ച് റെഡി ആയിരിക്കും. ദേശീയ ഗാനത്തിനായി ബെല്ലടിക്കുമ്പോൾ ബാഗിന്റെ വള്ളിയും കൈയിൽ ചുറ്റിയാണ് ജോണിക്കുട്ടിയുടെ നില്പ്. ‘ജയ ജയ ജയ ജയഹേ..’ കഴിഞ്ഞു ബെൽ കേട്ടാൽ പറന്നാണ് ക്ലാസിനു വെളിയിൽ എത്തുക.
ഒരേ വഴിയ്ക്ക് പോകേണ്ട കൂട്ടുകാർ എല്ലാവരും ഓരോ കൂട്ടമായിട്ടുണ്ടാകും. സ്കൂൾ കോമ്പൗണ്ട് കഴിയുന്നത് വരെയുള്ള ധൃതിയേ ഉള്ളൂ. പിന്നെ ആടിപ്പാടി തമാശകൾ പൊട്ടിച്ച് മെല്ലെ നടത്തമാണ്. തോട്ടിൽ മീൻ പിടിച്ചും വഴിയിൽ വീടുകളിൽ നിൽക്കുന്ന തെച്ചിപ്പഴം, ചാമ്പക്ക, പേരക്ക, ബദാം ഒക്കെ പറിച്ചു കഴിച്ചും, കളിച്ചും വീട്ടിൽ ചെല്ലുമ്പോഴേക്കും ഒരു സമയം ആയിട്ടുണ്ടാകും.
മിക്കവാറും വീടുകളുടെ മുറ്റത്ത് അമ്മമാർ പിന്നിൽ മറച്ചു പിടിച്ച വടിയുമായി കാത്തുനിൽപ്പുണ്ടാവും. അവരവരുടെ വീടാകുമ്പോൾ നല്ല കുട്ടികളായി മാറുന്ന പ്രതിഭാസമാണ് പിന്നെ. ചിലർക്കെങ്കിലും ചന്തിയ്ക്ക് നല്ല പെടയും കിട്ടും.
ചെന്നപാടേ പുസ്തകസഞ്ചി വലിച്ചെറിഞ്ഞുള്ള ഓട്ടമാ പറമ്പിലേക്ക്. അപ്പോഴേക്കും കളിയ്ക്കാൻ കൂട്ടുകാർ എല്ലാവരും എത്തിയിട്ടുണ്ടാകും. പിന്നെ സന്ധ്യവരെ തകർത്തു കളിയാണ്. വിളക്ക് വെയ്ക്കും മുൻപ് കുളിച്ചു വീട്ടിൽ കയറിയില്ലെങ്കിൽ അതിനും കിട്ടും ചൂരൽ കഷായം.
അങ്ങനെ ഒരു ഡിസംബർ വന്നെത്തി. ജോണിക്കുട്ടി അന്ന് സ്കൂൾ വിട്ട് കൂട്ടുകാരുടെ കൂടെ കളിയ്ക്കാൻ കൂടിയില്ല. അവന്റെ വീട്ടിൽ അന്ന് പള്ളിയിൽ നിന്നും കാരൾ സംഘം എത്തുന്നു..! അവരെ സ്വീകരിക്കാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യണം. കൂട്ടുകാരോട് കാര്യം പറഞ്ഞിട്ട് അവൻ വേഗം നടന്നു. റോസിക്കുട്ടിയും മിനിയും ഗ്രേസിയും വർക്കിയും രാജുമോനും എല്ലാം എല്ലാം ജോണിക്കുട്ടിയുടെ അയല്ക്കാരും ഒരേ പള്ളിക്കാരുമാണ്. അവരും അപ്പോഴാണ് അവരുടെ വീടുകളിലും കാരൾ എത്തുന്ന കാര്യം ഓർത്തത്. കൂടെ ഉള്ള ഗോപനും പ്രീതയും രമ്യയ്ക്കും സന്തോഷം ആയി. കാരൾ സംഘം വരുമ്പോൾ അവരുടെ വീടുകളിലും വരും. ക്രിസ്തുമസ് അപ്പൂപ്പൻ മിഠായിയോ കേക്കോ സമ്മാനമായി തരും. എല്ലാവരും അന്നത്തെ കളികൾ ഒഴിവാക്കി സന്തോഷത്തോടെ പിരിഞ്ഞു.
ജോണിക്കുട്ടി വീട്ടിൽ ചെന്നപ്പോൾ അമ്മ അടുക്കളയിൽ പാചകത്തിന്റെ തിരക്കിലാണ്. വരുന്നവർക്ക് ചായയും കഴിക്കാനും കൊടുക്കണം. ചായ കുടിച്ചു കൊണ്ട് അവൻ അമ്മയെ ചുറ്റിപ്പറ്റി നിന്നു. അപ്പവും മുട്ടക്കറിയുമാണ് കാരൾകാർക്കായി ഉണ്ടാക്കുന്നത്. അടുപ്പത്ത് ചൂടുള്ള അപ്പച്ചട്ടിയിൽ മാവ് കോരി ഒഴിക്കുമ്പോൾ കള്ളും തേങ്ങാപ്പാലും ചേർന്ന ഒരു പ്രത്യേക മണം അവിടെ ഒക്കെ തങ്ങി നിന്നു. ജോണി ചൂടോടെ രണ്ട് അപ്പവും കൂടെ മുട്ടക്കറിയും ചേർത്തു കഴിച്ചു. നല്ല സ്വാദ്.. അമ്മയുടെ പാചകം അവന് ഒരുപാട് ഇഷ്ടം ആണ്.
അപ്പോഴേക്കും അപ്പൻ സ്റ്റാർ ഇടാൻ വിളിച്ചു. ക്രിസ്തുമസ് ട്രീ തലേന്ന് തന്നെ ഒരുക്കിയിരുന്നു. ജോണിക്കുട്ടിയും അപ്പന്റെ സഹായിയായി കൂടി. ചീനിക്കമ്പ് ചെത്തി മിനുക്കി നക്ഷത്ര രൂപത്തിൽ കെട്ടിവെച്ച് അതിൽ വർണ്ണ കടലാസ് ഒട്ടിച്ച നക്ഷത്രമാണ്. അത് വീടിന്റെ ഉമ്മറപ്പടിയുടെ കഴുക്കോലിൽ തൂക്കിയിട്ടു. നക്ഷത്രത്തിനകത്തു ബൾബ് ഒക്കെ വെച്ചിട്ടുണ്ട്. തലേദിവസം പുൽക്കൂടുണ്ടാക്കിയതും ജോണിക്കുട്ടിയും അപ്പനും കൂടെയാണ്. പുൽക്കൂടിനുള്ള വൈക്കോൽ എടുക്കാൻ എരിത്തിലിൽ ചെന്നപ്പോൾ കറുമ്പി പശു ഇഷ്ടക്കേടോടെ തല കുലുക്കി അവനെ ഇടിക്കാൻ ചെന്നതാണ്. അവളുടെ ആഹാരം എടുക്കാൻ ചെന്നതിന്റെ ദേഷ്യം. ക്രിസ്തുമസ് കഴിഞ്ഞു വൈക്കോൽ തിരിച്ചു തരാമെന്നുള്ള ഉടമ്പടിയുടെമേൽ അവൾ ഒന്നടങ്ങിയെന്നു തോന്നുന്നു. പുൽക്കൂട്ടിലും ട്രീയിലും തൂക്കിയ ചെറിയ സ്റ്റാറുകൾ എല്ലാം ജോണിയാണ് ഉണ്ടാക്കിയത്. കൂട്ടുകാരോട് നല്ല ഗമയിൽ ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും ഉണ്ടാക്കിക്കൊടുക്കണം എന്നായി.
നല്ല തണുത്ത കാറ്റ്. ‘വൃശ്ചികമാസമല്ലേ തണുപ്പ് ആയെ’ ന്നു അമ്മ പറയുന്നത് കേട്ടു. അതുകൊണ്ട് മഞ്ഞു കൊള്ളാതെ തലയിൽ തോർത്ത് മടക്കി കെട്ടിയാണ് അമ്മ കാരൾ സംഘത്തിന്റെ കൂടെ വിട്ടത്.
അപ്പന്റെകൂടെ പള്ളിയിൽ ചെന്നപ്പോൾ ധാരാളം ആൾക്കാർ എത്തിയിട്ടുണ്ടായിരുന്നു. കൂട്ടുകാർ എല്ലാവരും ഉണ്ട്. കുറച്ചു നാളായി കരോളിന് പാടാനുള്ള പാട്ടുകൾ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു.
മരംകോച്ചുന്ന തണുപ്പ്. തണുപ്പ് കാരണം പല്ല് തമ്മിൽ കൂട്ടിയിടിക്കുന്നു. യേശുദേവൻ പുൽക്കൂട്ടിൽ ജനിച്ചതൊക്കെ വിറച്ചു കൊണ്ടാണ് പാടിയത്. പിന്നെയുള്ള സന്തോഷം ചെല്ലുന്ന വീടുകളിൽ നിന്നെല്ലാം ഇഷ്ടംപോലെ കഴിക്കാൻ കിട്ടുന്നുമുണ്ട്. കേക്ക്, കപ്പ മീൻകറി, പുഴുക്ക്, കാപ്പി, ചായ അങ്ങനെ ഇഷ്ടം പോലെ. പക്ഷെ രണ്ടുവീട്ടിൽ കയറി തീറ്റ കഴിഞ്ഞപ്പോഴേ വയറു നിറഞ്ഞത് കാരണം പിന്നീട് ഒന്നും കഴിക്കാൻ സാധിച്ചില്ല. അപ്പന്റെ കൂട്ടുകാരൻ വർക്കിച്ചൻ ആണ് ക്രിസ്തുമസ് അപ്പൂപ്പൻ ആയതു. വർക്കിച്ചന് ആവശ്യത്തിന് വണ്ണവും അതിനു തക്ക വയറും ഒക്കെ ഉണ്ട്. ഗ്രേസിയുടെ വീട്ടിൽ പാടി തിരിച്ചു ജോണിക്കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ ക്രിസ്തുമസ് അപ്പൂപ്പൻ കൂടെ ഇല്ല. ജോണിക്കുട്ടിയ്ക്ക് ആകെ സങ്കടം ആയി. അപ്പൂപ്പന്റെ കൈയിൽ ആണ് മിഠായി. അപ്പോൾ തനിയ്ക്കു മിഠായി കിട്ടില്ലെന്ന് ഓർത്തു ജോണിക്കുട്ടി ആകെ കരയാറായി. എല്ലാവരും ക്രിസ്തുമസ് അപ്പൂപ്പനെ തിരക്കി നടന്നു. അയല്പക്കത്തെ ഗ്രേസിയുടെ വീട്ടിൽ വരെ ഉണ്ടായിരുന്നു. അത് കഴിഞ്ഞു ഒരു റബ്ബർ തോട്ടത്തിൽ കൂടി ആണ് ജോണിക്കുട്ടിയുടെ വീട്ടിൽ എത്തിച്ചേർന്നത്.
വരുന്ന വഴി ഒരു പൊട്ടക്കിണർ ഉണ്ട്. എല്ലാവരും അങ്ങോട്ട് ഓടി. ഇനിയും വർക്കിച്ചൻ പൊട്ടക്കിണറ്റിൽ വീണു കാണുമോ എന്നായി. വർക്കിച്ചന്റെ മോൾ ലില്ലിക്കുട്ടി കാരൾ സംഘത്തിൽ ഉണ്ട്. അവൾ കരയാൻ തുടങ്ങി. അമ്മയും മറ്റ് സ്ത്രീകളും അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. പൊട്ടകിണറ്റിൽ ടോർച്ചടിച്ചു നോക്കി. കാട് പിടിച്ചു കിടക്കുന്നതു കൊണ്ട് ഒന്നും കാണാനും വയ്യാ. വർക്കിച്ചന്റെ ഭാര്യയും അപ്പോഴേക്കും നിലവിളിച്ചു കൊണ്ട് ഓടി എത്തി. അമ്മ അവരെ ആശ്വസിപ്പിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പഞ്ചായത്തു മെമ്പർ വിളിച്ചിട്ട് ഫയർ ഫോഴ്സും പോലീസും എത്തിച്ചേർന്നു ആരോ വിളിച്ചതനുസരിച്ചു ആംബുലൻസും എത്തി. അങ്ങനെ ആകെ ബഹളം. പൊട്ടക്കിണറ്റിന്റെ അരികിലെ കാട് ചെത്താനായി തൂമ്പ എടുക്കാനായി ഗ്രേസിയുടെ അപ്പൻ അവരുടെ വീട്ടിലേക്ക് പോയി. പുറകിൽ ചായ്‌പിൽ ആണ് തൂമ്പ വെയ്ക്കുന്നത്. ചായ്‌പിന്റെ അടുത്ത് എത്തിയപ്പോൾ ഒരു കൂർക്കം വലി കേൾക്കുന്നു. ടോർച്ചടിച്ചു നോക്കിയപ്പോൾ ദേ കിടക്കുന്നു ക്രിസ്തുമസ് അപ്പൂപ്പൻ. വേഷഭൂഷാദികളോടെ. ഗ്രേസിയുടെ അപ്പൻ ഉറക്കെ വിളിച്ചു പറഞ്ഞു.. വർക്കി ഇവിടെ ഉണ്ടേ.. ക്രിസ്തുമസ് അപ്പൂപ്പൻ ഇവിടെ ഉണ്ടേ.
പോലീസും ഫയർ ഫോഴ്സും നാട്ടുകാരും എല്ലാരും ഓടി എത്തി.
ഗ്രേസിയുടെ അപ്പൻ പട്ടാളത്തിലാണ്. ക്രിസ്തുമസ് പ്രമാണിച്ചു അവധിക്ക് എത്തി ചേർന്നതാണ്. തണുപ്പ് മാറാൻ അങ്ങേര് ക്രിസ്തുമസ് അപ്പൂപ്പന് ഇത്തിരി “വെള്ളം” കൊടുത്തു. അതാണ് സംഭവിച്ചത്. ഇപ്പോഴും അന്നാട്ടിലെ ക്രിസ്തുമസ് വർക്കിച്ചനായി നാട്ടുകാർ ഡെഡിക്കേറ്റ് ചെയ്തു ആഘോഷിച്ചു വരുന്നു.