Thursday, November 21, 2024
Homeയാത്രറിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം: മൈസൂർ - കൂർഗ് - കേരളം യാത്രാ...

റിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം: മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (31) – വാഗമൺ

റിറ്റ ഡൽഹി

വാഗമൺ Meadows 

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍…’

മഴ കാണുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന ഒരു പാട്ടാണിത്. പാട്ടുപോലെ ഇഷ്ടമാണ് സ്പിരിറ്റ് എന്ന സിനിമയിലെ ആ സീനുകളും. മഴ എന്നു പറയുമ്പോൾ പ്രണയവും വിരഹവും നിരാശയായുമൊക്കെയാണ്  സിനിമയിൽ. അത്തരം സീനുകൾ സിനിമയിൽ കാണുമ്പോൾ കുടയൊക്കെ പിടിച്ച് മഴയത്തു കൂടെ നടക്കണമെന്ന് തോന്നാറുണ്ടെങ്കിലും മഴ പെയ്യുമ്പോൾ മഴ നനയാതെ ബാൽക്കണിയിലിരുന്ന് ആ കാഴ്ച ആസ്വദിക്കാനാണ് എനിക്ക് ഇഷ്ടം. അത്തരമൊരു മഴക്കാലത്ത് ഒരു യാത്രയോ ?

മഴയെ കുറിച്ചൊന്നും ഓർക്കേണ്ട, ഇങ്ങു പോന്നേക്ക് എന്ന മട്ടിലാണ് കേരളത്തിൻ്റെ   ‘സ്വിറ്റ്സർലൻഡ്’ എന്ന്  അറിയപ്പെടുന്ന വാഗമൺ!

കേരളത്തിലെ കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു  ഹിൽ സ്റ്റേഷനാണ് വാഗമൺ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ഇത്. അങ്ങോട്ടേക്കുള്ള യാത്രയിലെ ആദ്യത്തെ വ്യൂ പോയിൻ്റായ ‘കരിക്കാട് വ്യൂപോയിൻ്റ് ‘ എത്തിയപ്പോൾ ഏതു മഴയേയും നമ്മുടെ വരുതിയിലാക്കാം എന്ന മട്ടിൽ കടകളിൽ റെയിൻകോട്ടുകൾ ,

പലതരം തൊപ്പികൾ, കണ്ണടകൾ …..സുലഭം.അവിടെ നിന്ന് 120 രൂപക്ക് പറഞ്ഞ റെയിൻകോട്ട് വില പേശി നൂറു രൂപക്ക് വാങ്ങിച്ചപ്പോൾ തന്നെ സന്തോഷം. മഴ മാത്രമല്ല അത്യാവശ്യം തണുപ്പിൽ നിന്നും രക്ഷയായി അത്. മലയോര ഭൂപ്രകൃതിയുടെ താഴ്‌വാര കാഴ്ചകളാണ് എവിടേയും. ‘പാവം ക്യാമറ’!😉

കീഴുക്കാംതൂക്കായ മലനിരകൾ വെട്ടി മാറ്റിയാണ് ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 1939-ലാണ് ആദ്യമായി ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് റോഡു വെട്ടിയത്. ഇന്നിത് സംസ്ഥാന ഹൈവേയാണ് .ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര വ്യത്യസ്തമാണ്.ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറയും, കോടമഞ്ഞു മൂടിയ മലനിരകളും എല്ലാം കൂടെ കാഴ്ചകൾ സൂപ്പർ!

 യാത്രയിൽ കൂടെയുണ്ടായിരുന്ന ചേട്ടനും ചേച്ചിയും പാലയിൽ താമസിക്കുന്നതു കൊണ്ടാകാം  വാഗമണിൽ കണ്ണടച്ചു പോയി വരും എന്ന മട്ടിലാണ്. അവർ ദേശി & വിദേശികളുമായി വാഗമണ്ണിലേക്ക്സ്ഥിരം യാത്രകൾ നടത്താറുള്ളവരാണ്. അതുകൊണ്ട് gps നും വിശ്രമം.

വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് മൊട്ടകുന്നുകള്‍. ഒന്നിനുപുറകെ ഒന്നായിട്ടുള്ള മൊട്ടകുന്നുകളിലേക്ക് എല്ലായിടത്തും ചുമ്മാ ഓടി കയറി ഇറങ്ങാനാണ് മനസ്സ് പറയുന്നതെങ്കിലും ഒന്നു – രണ്ടു മൊട്ടക്കുന്ന് കയറി ഇറങ്ങിയതോടെ കാലുകളൊക്കെ പരാതി പറയാൻ തുടങ്ങി.

ഏകദേശം ഇത്തരം 17 കുന്നുകൾ ഉണ്ടെന്നാണ് പറഞ്ഞത്. എന്നാലും ഞങ്ങൾക്കിതൊന്നും പ്രശ്നമേയല്ല എന്ന മട്ടിലാണ് അവിടെ മേയുന്ന കന്നുകാലി കൂട്ടർ. പണ്ടെല്ലാം അതിനടുത്തുള്ള പ്രദേശക്കാർ പശുക്കളുടെ കറവ വറ്റിയാൽ പശുവിനെ ഇവിടെ കൊണ്ടു വിടുമത്രേ! പശുവിനെ നോക്കാനായി അവിടെയുള്ളവർ ചെറിയ ഫീസും വാങ്ങിക്കും. പിന്നീട് പശുവിനെ വീട്ടിൽ കൊണ്ടു പോകാറാവുമ്പോൾ വീട്ടുകാരെ വിവരം അറിയിക്കും. കൂടെയുണ്ടായിരുന്ന ചേച്ചി പറഞ്ഞതാണിത്. ആ കാലങ്ങളിൽ വാഗമണ്ണിൽ ആകെ ഉണ്ടായിരുന്നത് ഇൻഡോ-സ്വിസ് പ്രോജക്ടിന്റെ കന്നുകാലി വളർത്തു കേന്ദ്രം മാത്രമായിരുന്നു.

മുപ്പതു വർഷത്തിലേറെയായി മലയാള സിനിമയുടെ  ഗാനരംഗങ്ങളിലെ സ്ഥിരം ലൊക്കേഷനാണത്രേഈ മൊട്ടക്കുന്നുകൾ !

Meadows എന്നെഴുതിയ തലയെടുപ്പോടെയുള്ള പ്രവേശനകവാടവും കല്ലുപാകി വശങ്ങളില്‍ ചെടി നട്ട് മനോഹരമാക്കിയ നടപ്പാതയും, ഇരിക്കാനുള്ള ബെഞ്ചുകളുമൊക്കെയായി ആദ്യ കാഴ്ചയിൽ തന്നെ മുഴുവൻ മാർക്കും കൊടുക്കാവുന്ന സ്ഥലമാണ്. പോരാത്തതിന് കുന്നുകളുടെ പച്ചപ്പും നീലാകാശത്തിൻ്റെ പശ്ചാത്തലവും കൂടുതൽ മനോഹാരിതയാക്കുന്നു. പ്രകൃതിയോട് ചേർന്നിണങ്ങിയ ഒരു സ്ഥലം എന്നു പറയാം.

Thanks

റിറ്റ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments